കായംകുളം: ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ കൂട്ടംവാതുക്കല്‍ കടവിലെ മാലിന്യക്കൂമ്പാരം  വന്‍പാരിസ്ഥിതിക പ്രശ്‌നത്തിന് ഇടയാക്കുന്നു. കായല്‍ത്തീരത്ത് കടവിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലെല്ലാം വന്‍തോതില്‍  പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് അടിഞ്ഞുകിടക്കുന്നത്. 

കൂട്ടം വാതുക്കല്‍ കടവ് കേന്ദ്രീകരിച്ച് സംഘടിക്കുന്ന മദ്യപര്‍ ഉപേക്ഷിക്കുന്ന മദ്യക്കുപ്പികളും, പ്ലാസ്റ്റിക്ക് കുപ്പികളും, ഭക്ഷണാവശിഷ്ടങ്ങളും കായലിലേക്കാണ് തള്ളുന്നത്. കായലിലെ മത്സ്യസമ്പത്തിന് തന്നെ ഇത് ഭീഷണി സൃഷ്ടിക്കുന്നു. ഉള്‍നാടന്‍ മത്സൃ മേഖലക്ക് ഈ പ്രശ്‌നം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

നിരവധി ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് കായലിനെ ആശ്രയിച്ച് കഴിയുന്നത്. വലിയ ചാക്കുകെട്ടുകളില്‍ വീടുകളിലെയും, ഇറച്ചിക്കോഴിക്കടകളിലെയും അവശിഷ്ടങ്ങള്‍ ഇവിടെ തള്ളുന്നത് പതിവാണ്. അധികാരികൾ ഈ വിഷയങ്ങളില്‍ ഗൗരവമായി ഇടപെടണമെന്ന് പ്രദേശവാസികളുടെ ആവശ്യപ്പെട്ടു.