കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ചരിത്രം ഒറ്റ ക്യാൻവാസിൽ വരച്ചെടുത്ത് ഏവരുടേയും പ്രശംസനേടിയിരിക്കുകയാണ് ഒരു യുവകലാകാരൻ. മേലൂർ സ്വദേശി അലക്സ് വർഗീസാണ് പള്ളിയുടെ ചരിത്രം ഒറ്റ കാൻവാസിൽ ചുവർ ചിത്രമാക്കി ഒരുക്കിയത്.

ടിപ്പു സുൽത്താൻ പള്ളി ആക്രമിക്കാൻ വരുന്നതും ശക്തൻ തമ്പുരാൻ പള്ളിയിലേക്ക് ആനവിളക്ക് സമർപ്പിക്കുന്നതും കാഞ്ഞൂരിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും ഉൾപ്പടെ ഒരൊറ്റ ക്യാൻവാസിലെ ചുമർ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുകയാണ് അലക്സ്. പത്തടി നീളവും പത്തടി വീതിയും ഉള്ള കാൻവാസിൽ അക്രിലിക്കിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മൂന്നുമാസത്തെ പരിശ്രമത്തിനൊടുവിലാണ് ചിത്രം പൂർത്തിയായത്.

കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും നാല് വർഷത്തെ ചുമർ ചിത്ര പഠനം പൂർത്തിയാക്കിയ അലക്സ് ഇതുവരെ അഞ്ഞൂറോളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. മലയാറ്റൂർ പള്ളിയിലേക്കും എരുമേലി ക്ഷേത്രത്തിലേക്കും അലക്സ് ചുവർ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.