മാന്നാർ: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍  വീടുകളിൽ വെള്ളം കയറി കിടക്കാനൊരിടമില്ലാതെ പെരുവഴിയിലായ ഏഴ് കുടുംബങ്ങൾക്ക് താമസിക്കാൻ കുടുംബ വീട് വിട്ടു നൽകി മാതൃകയായി അഷ്റഫും കുടുംബവും. മാന്നാർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ ചിറക്കൽ പുത്തൻ പറമ്പിൽ അഷ്റഫ്, സജിത ദമ്പതികളാണ്  വെള്ളം കയറിയ വീടുകളിലെ കുടുംബങ്ങള്‍ക്കായി വീട് നല്‍കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും വെള്ളക്കെത്തിലും മാന്നാർ പഞ്ചായത്തിലെ ഒൻപത്, പത്ത് വാർഡുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ച കരിയിൽ കളം, മൂന്നു പുരക്കൽ താഴ്ചയിൽ എന്നിവടങ്ങളിലെ ഏഴ് കുടുംബങ്ങളിൽ നിന്നുള്ള 29 പേർക്കാണ് അഷറഫ് താമസം ഒരുക്കി നൽകിയത്. ഇതിൽ മൂന്ന് കിടപ്പ് രോഗികളും ഉൾപ്പെടുന്നു. കൊവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ടാണ്  കുടുംബങ്ങൾക്ക് താമസിക്കാൻ ഉള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.  

വെള്ളം കയറിയ വീടുകളിലെ ആളുകളുടെ വിഷമം കണ്ടിട്ടാണ് ഇങ്ങനെ ഒരു സൗകര്യം അഷ്റഫ് ഏർപ്പാടാക്കി കൊടുത്തത്. അഷ്റഫും കുടുംബവും തന്നെയാണ്  ഇവിടെ താമസിക്കുന്നവർക്ക് ഭക്ഷണം ഉൾപ്പടെയുള്ള കാര്യങ്ങൾ ഏർപ്പാടാക്കിയിരിക്കുന്നത്. മാന്നാർ വില്ലേജിലെ ഉദ്യോഗസ്ഥരായ അജയകുമാറും നൗഫലും ഇവരെ സഹായിക്കാൻ ഒപ്പമുണ്ട്.