നിമിഷനേരം കൊണ്ട് ആളുയരത്തില്‍ വെള്ളമുയര്‍ന്നപ്പോള്‍ ജനങ്ങള്‍ ജീവനും കൊണ്ട് ഓടുകയായിരുന്നു. ഇത്തരമൊരവസ്ഥയെ ഏങ്ങനെ മറികടക്കാം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരാശയം ഉണ്ടായതെന്ന് ഇരുവരും പറഞ്ഞു.

കാസര്‍കോട് : മഹാപ്രളയം മലയാളിയെ സ്വയം പുതുക്കിപ്പണിയാന്‍ പ്രാപ്തനാക്കിയിരിക്കുന്നു. ഇതുവരെയ്ക്കും കുട്ടനാട്ടുകാര്‍ക്കൊഴികേയുള്ള മലയാളിക്ക് അപരിചതമായ വെള്ളപ്പൊക്കം ജീവിതത്തിന്‍റെ സമസ്ത മേഖലയേയും പ്രളയവുമായി ബന്ധപ്പെടുത്തി ആലോചിക്കാനുള്ള ശ്രമങ്ങളിലേക്ക് വഴിമാറിത്തുടങ്ങി. മഹാപ്രളയത്തില്‍ ഒന്നാംനില മുങ്ങിയപ്പോള്‍ രണ്ടാം നിലയിലായിരുന്നു മൂന്നാല് ദിവസം നമ്മുടെ പ്രീയപ്പെട്ടവര്‍ കഴിഞ്ഞിരുന്നത്. അതിന് പറ്റാത്തിരുന്നവരെ രായ്ക്കരാമാനം മത്സ്യത്തൊഴിലാളികള്‍ വള്ളത്തിലും മാറ്റുമായി കരയ്ക്കെത്തിച്ചു. 

അപ്രതീക്ഷിതമായിയെത്തിയ വെള്ളപ്പൊക്കത്തില്‍ സര്‍വ്വം നഷ്ടപ്പെട്ടവരായിരുന്നു മിക്കവരും. ഇതിന് ഒരു പരിഹാരം നിര്‍ദ്ദേശിച്ചിരിക്കുന്നത് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള രണ്ട് യുവാക്കളാണ്. അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായാല്‍ വീട് മുങ്ങില്ല, പകരം വെള്ളമുയരുന്നതിനനുസൃതമായി വീടും ഉയരും. കഴിഞ്ഞ ഒന്നര വർഷമായി കാഞ്ഞങ്ങാട് എലൈന്‍ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്ന സച്ചിന്‍ രാജും ആനന്ദുമാണ് പുതിയ കണ്ട് പിടിത്തത്തിന് പിന്നില്‍. ഇരുവരും മൈസൂരിലെ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്റ്റില്‍ നിന്നുമാണ് പഠിച്ചിറങ്ങിയത്.

നിമിഷനേരം കൊണ്ട് ആളുയരത്തില്‍ വെള്ളമുയര്‍ന്നപ്പോള്‍ ജനങ്ങള്‍ ജീവനും കൊണ്ട് ഓടുകയായിരുന്നു. ഇത്തരമൊരവസ്ഥയെ ഏങ്ങനെ മറികടക്കാം എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരാശയം ഉണ്ടായതെന്ന് ഇരുവരും പറഞ്ഞു. മെക്‌സിക്കോയിൽ റിച്ചാർഡ് സോവ എന്ന ആർട്ടിസ്റ്റ് ഒരു ദ്വീപിൽ പണിത വീടും ലണ്ടനിൽ തെംസ് നദീതീരത്ത് നിർമിച്ച മറ്റൊരു വീടും പുതിയ ആശയത്തിന് പ്രചോദനമായെന്നും സച്ചിൻരാജും ആനന്ദും പറഞ്ഞു. 

ഈ വീടിന്‍റെ നിര്‍മ്മാണം വളരെ ലളിതമാണ്. കല്ലും മണ്ണും വേണ്ട. മരം വളരെ കുറവ് മതി. സിമിന്റാണെങ്കിൽ നാമ മാത്രം. 2000 -ത്തിലേറെ സ്‌ക്വയർ ഫീറ്റിൽ രണ്ടു നിലകളിലായി വീടെടുക്കാം. വെള്ളപ്പൊക്കം വന്നാൽ ഒന്നും സംഭവിക്കില്ല. പൊങ്ങിവരുന്ന വെള്ളത്തിനനുസൃതമായി വീടും ഉയരും. സോളാർ പാനൽ കൊണ്ടുള്ള സീലിംഗ് ഉള്ളതിനാൽ വൈദ്യുതിയും മുടങ്ങില്ലെന്ന പ്രത്യേകതയും ഉണ്ട്. 

ഇവരുവരും തങ്ങളുടെ കണ്ടുപിടിത്തം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ പരിചയപ്പെടുത്തി. പദ്ധതി കൊള്ളാമെന്നും മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും ശ്രദ്ധയിൽപ്പെടുത്തുമെന്നും പ്രായോഗിക വശങ്ങൾ കൂടുതലായി പഠിച്ച് നടപ്പിലാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപൊക്കം ഉണ്ടായാൽ തനിയെ പൊങ്ങുന്ന വീടിന്റെ നിർമാണം ഇങ്ങനെ:

ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികളാണ് വീടുണ്ടാക്കാൻ ആദ്യം വേണ്ടത്. നാലു ഇരുമ്പ് തൂണുകൾ നിലത്ത് ഘടിപ്പിക്കും. നാല് തൂണുകൾക്കുമിടയിൽ ഇരുമ്പ് കമ്പികൾ കോർത്തുകെട്ടി ഉറപ്പുള്ള പ്രതലം ഉണ്ടാക്കും. ഇതാണ് വീടിന്റെ തറ. ഈ പ്രതലത്തിനുള്ളിൽ ആറു തട്ടുകളിലായി ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ അടുക്കിവയ്ക്കും. മൂന്നിഞ്ച് കനത്തിലുള്ള സിമിന്റ് ഫൈബർ പാനൽ കൊണ്ടുള്ളതാണ് മുറികളുടെ ഭിത്തികൾ. വാതിലും ജനാലയും മരത്തിലോ സ്റ്റീലിലോ നിർമിക്കാം. കക്കൂസ് ടാങ്കും മഴവെള്ള സംഭരണിയുമെല്ലാം ഈ പ്രതലത്തിനകത്ത് തന്നെയാകും. 

ഒന്നാം നിലയിൽ നിന്നു പുറത്തേക്കും വരാന്ത നിർമിക്കും. മേൽക്കുരയ്ക്ക് വിവിധ തരം റൂഫിങ് ടൈൽസ് ഉപയോഗിക്കും. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ മാത്രമാണ് പ്ലാസ്റ്റ്ക്ക് കുപ്പികളുടെ പ്രവർത്തനം നടക്കുക. മണ്ണിൽ കെട്ടുറപ്പുള്ളതായി നിലകൊള്ളുന്ന വീട് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ പതിയെ ഉയരാൻ തുടങ്ങും. പ്ലാസ്റ്റിക്ക് കുപ്പികൾ അടിഭാഗത്ത് നിൽക്കുന്നതിനാൽ, ദ്രാവകത്തിൽ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത് ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്ല്യമാണെന്ന ആർക്കമെഡീസ് തത്വം നടപ്പിലാകും. ഇരുമ്പു തൂണുകളിൽ ഓരോ ഉയരത്തിലും മുന്നറയിപ്പ് മാർക്കുകൾ ഉണ്ടാകും. അക്ഷാംശവും രേഖാംശവും കണക്കാക്കി വീടിനെ സർക്കാരിന്റെ ദുരന്തനിവാരണ അതോറിറ്റിക്ക് എവിടെയാണെന്ന് മനസിലാക്കുകയും ചെയ്യാം. ഒരു ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഒരു പ്ലാസ്റ്റിക്ക് കുപ്പി ഒരു കിലോ ഭാരംതാങ്ങി നിർത്തുമെന്ന് ഇവർ കാണിച്ചുതരുന്നു. 35 മുതൽ 50 ടണ്‍വരെയാണ് ഈപ്പറയുന്ന വീടുകളുടെ ഭാരം. മേൽപ്പറഞ്ഞ കുപ്പികളാണെങ്കിൽ 50,000 എണ്ണം ഒരു വീടിന് വേണ്ടിവരും. ഇത്രയും കുപ്പികളുടെ ഭാരം അര ടൺ മാത്രമേ ഉണ്ടാകൂ.

സർക്കാർ പുറത്തു വിട്ട കണക്കനുസരിച്ച് പ്രതിദിനം 480 ടൺ പ്ലാസ്റ്റിക്ക് മാലിന്യം കേരളം ഒരു ദിവസം പുറംതളളുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും പ്ലാസ്റ്റിക്ക് കുപ്പികളാണ്. ഒരു വീട്ടിൽ ഭൂമിയുമായി ബന്ധിപ്പിക്കുന്നത് അതിന്റെ തറ, കക്കൂസ് ടാങ്ക്, കിണർ, തൂണിൽ നിന്നുള്ള വൈദ്യുതി വയർ എന്നിവയാണ്. നേരത്തെ പറഞ്ഞ തറയായി ഉപയോഗിക്കുന്ന പ്രതലത്തിൽ എടുത്തുമാറ്റാൻ പറ്റുന്ന രീതിയിലാണ് കക്കൂസ് ടാങ്ക് നിർമിക്കുക. ഈ തറ ഉയരുമ്പോൾ കക്കൂസ്ടാങ്കും അതിനൊപ്പം ഉയരും. വൈദ്യുതി വയർ കൂടുതലായി ചുറ്റിയിടണം. അതായത് വീടുയരുമ്പോൾ എത്രവേണേലും ഉയരാൻ വേണ്ടത്ര വയർ ഉണ്ടാകണമെന്നർഥം.വെള്ളം കയറുമ്പോൾ കിണറിൽ നിന്നുള്ള മോട്ടോർ പമ്പ് വിച്ഛേദിക്കണം. 15 മുതൽ 20 ലക്ഷം രൂപയാണ് നിർമാണ ചിലവ് വരികയെന്ന് സച്ചിനും ആനന്ദും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകൻ കെ.രാജീവന്റെയും ജൂലിയത്തിന്റെയും മകനാണ് സച്ചിൻ രാജ്. സുരേഷ് പൂജാരിയുടെയും ലതയുടെയും മകനാണ് ആനന്ദ്.