നാളെയാണ് മുംബൈ നഗരത്തിലെ ആറ് പാര്‍ലമെന്‍റ് മണ്ഡലങ്ങളും പോളിംഗ് ബൂത്തിലെത്തുന്നത്

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്‌ച (മെയ് 20) നടക്കാനിരിക്കേ മുംബൈ മഹാനഗരത്തില്‍ കനത്ത സുരക്ഷ. മുംബൈയിലെ ലോക്‌സഭ മണ്ഡലങ്ങളില്‍ നാളെയാണ് പോളിംഗ്. ഇതിനാല്‍ നഗരത്തിലെ ഹൈവേകളിലും റോഡുകളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ച് കനത്ത വാഹനപരിശോധനയാണ് നടക്കുന്നത്. മൊബൈല്‍ സ്ക്വാഡുകളുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം നഗരമാകെ കനത്ത ജാഗ്രതയിലാണ് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. 

രാജ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെയാണ് മുംബൈ നഗരത്തിലെ ആറ് പാര്‍ലമെന്‍റ് മണ്ഡലങ്ങളും പോളിംഗ് ബൂത്തിലെത്തുന്നത്. മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത്-വെസ്റ്റ്, മുംബൈ നോര്‍ത്ത്-ഈസ്റ്റ്, മുംബൈ നോര്‍ത്ത്-സെന്‍ട്രല്‍, മുംബൈ സൗത്ത് സെന്‍ട്രല്‍, മുംബൈ സൗത്ത് എന്നിവയാണിവ. മുംബൈയിലെ ആറ് അടക്കം മഹാരാഷ്ട്രയിലെ 13 ലോക്‌സഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മെയ് 20നാണ്. മുംബൈ നഗരത്തിലെ ആറ് സീറ്റുകള്‍ക്ക് പുറമെ മഹാരാഷ്ട്രയിലെ താനെ, കല്യാണ്‍, പല്‍ഘാര്‍, ഥുലെ, മാഷിക്, ഭിവാണ്ടി, ദിണ്ടോരി എന്നീ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലെത്തും. 

48 ലോക്‌സഭ സീറ്റുകളുള്ള മഹാരാഷ്ട്രയിലെ ജനവിധി ദേശീയ രാഷ്ട്രീയത്തിന്‍റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ സംസ്ഥാനങ്ങളിലൊന്നാണ്. 80 സീറ്റുള്ള യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുകളുള്ളത് മഹാരാഷ്ട്രയിലാണ്. കനത്ത സുരക്ഷയ്ക്കും പരിശോധനകള്‍ക്കും പുറമെ മറ്റ് നിയന്ത്രണങ്ങളും മുംബൈ നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ മെയ് 18 വൈകിട്ട് അഞ്ച് മണി മുതല്‍ 20ന് വൈകിട്ട് അഞ്ച് മണി വരെ മദ്യശാലകള്‍ക്ക് നിരോധനമുണ്ട്. വോട്ടിംഗ് ദിനമായ 20-ാം തിയതി ബാങ്കുകള്‍ക്ക് അവധിയാണ്. ഈ നിയന്ത്രണങ്ങളെല്ലാം മുംബൈ നഗരത്തില്‍ ശക്തമായിരിക്കും. 

Read more: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഭിനയം വിടുമോ? മനസുതുറന്ന് കങ്കണ റൗണത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം