ലോകത്തെ പിടിച്ചുകുലുക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരി പോലെ അഫ്ഗാനിസ്ഥാനെ കാലങ്ങളായി പിന്തുടരുന്ന ഒരു വിപത്താണ് മയക്കുമരുന്നും അതിന്റെ ഉൽപാദനവും. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഒരു പുതിയ റിപ്പോർട്ട് പ്രകാരം, മയക്കുമരുന്നിന് പുറമെ അഫ്ഗാനിസ്ഥാൻ ഇപ്പോൾ മാരകമായ മെത്താംഫെറ്റാമൈനും ഉൽ‌പാദിപ്പിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. മുൻപ് തന്നെ ഭൂരിഭാഗം ഹെറോയിനും ഉല്പാദിപ്പിക്കപ്പെടുന്നത് ഇവിടത്തെ വയലുകളിൽ നിന്നാണ്. എന്നാൽ, ഇപ്പോൾ അതിന് പുറമെയാണ് മെത്തിന്റെ വൻതോതിലുള്ള ഉത്പാദനം ഇവിടെ വേരുപിടിക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. യൂറോപ്യൻ മോണിറ്ററിംഗ് സെന്റർ ഫോർ ഡ്രഗ്സ് ആൻഡ് ഡ്രഗ് ആഡിക്ഷൻ (ഇഎംസിഡിഡിഎ) ആണ് ഈ വിവരം പുറത്ത് വിട്ടത്.      

കാബൂളിലെ തിരക്കേറിയ ഒരു പാലത്തിനടിയിൽ, ഉപേക്ഷിക്കപ്പെട്ട മാലിന്യക്കൂമ്പാരങ്ങൾക്കും അഴുക്കുചാലിനുമിടയിൽ ജീവിക്കുന്ന 48 വയസുള്ള ഖുദാദാദ് പറയുന്നത്, ഇവിടം ഒരു മനുഷ്യന് ജീവിക്കാൻ അനുയോജ്യമല്ല എന്നാണ്. ഖുദാദാദ് കഴിഞ്ഞ അഞ്ച് വർഷമായി ഹെറോയിൻ, മെത്ത് എന്നിവയ്ക്ക് അടിമയാണ്. ഇയാൾ മാത്രമല്ല ഇയാളെപ്പോലുള്ള ആയിരങ്ങളാണ് ഇതുപോലെ മയക്കുമരുന്നിന്റെ അടിമകളായി ജീവിതം നശിപ്പിക്കുന്നത്. ഹെറോയിൻ വളരെക്കാലമായി കാബൂളിൽ നിലനിൽക്കുന്ന ഒരു പ്രശ്നമാണ്. എന്നാൽ, ഇപ്പോൾ പലരും വിലകുറഞ്ഞതും കൂടുതൽ അപകടകരവുമായ മെത്തിലേക്ക് തിരിയുകയാണ്. “ഞാൻ ആദ്യമായി മെത്ത് ഉപയോഗിച്ച് തുടങ്ങിയപ്പോൾ അധികമാർക്കും അതിനെ കുറിച്ച് അറിയുമായിരുന്നില്ല. എന്നാൽ, ഇപ്പോൾ കൂടുതൽ ആളുകൾ ഇത് എടുക്കാൻ തുടങ്ങിയിരിക്കുന്നു" ഖുദാദാദ് പറഞ്ഞു.  

 

അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങളിൽ സാധാരണയായി കണ്ടുവരുന്ന എഫെഡ്ര എന്ന ചെടിയിൽ നിന്ന് മെത്തിന്റെ പ്രധാന ഘടകമായ എഫെഡ്രിൻ ഉണ്ടാക്കാമെന്ന തിരിച്ചറിവാണ് മെത്തിന്റെ ഈ വൻതോതിലുള്ള ഉല്പാദനത്തിന് കാരണം. “പർവതങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു കാട്ടുചെടിയിൽ നിന്ന് ഇത് ഉത്പാദിപ്പിക്കാമെന്ന തിരിച്ചറിവ് ഒരു വലിയ മാറ്റത്തിന് കളമൊരുക്കി” അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് വ്യവസായത്തെ കുറിച്ചുള്ള ഈ റിപ്പോർട്ടിന്റെ പ്രധാന രചയിതാവായ ഡോ. ഡേവിഡ് മാൻസ്ഫീൽഡ് പറഞ്ഞു. മയക്കുമരുന്ന് കച്ചവടക്കാർ മുമ്പ് വിലകൂടിയ, ഇറക്കുമതി ചെയ്ത മരുന്നുകളിൽ നിന്നാണ് എഫെഡ്രിൻ വേർതിരിച്ചെടുതിരുന്നത്. ഇപ്പോൾ തീർത്തും സുലഭമായി അത് ലഭിക്കുമെന്നായപ്പോൾ ഒരു വലിയ വ്യവസായമായി അത് വളർന്നുവെന്ന് ഡോ. മാൻസ്‌ഫീൽഡ് പറയുന്നു.  

ഡോ. മാൻസ്‌ഫീൽഡും ഒരു സംഘം ഗവേഷകരും നടത്തിയ അന്വേഷണത്തിൽ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ബക്വയിലെ ഒരു ജില്ലയിൽ മുന്നൂറോളം എഫെഡ്രിൻ ലാബുകളുണ്ടെന്ന് കണ്ടെത്തി. ഈ പ്രദേശം രാജ്യത്തെ മെത്ത് വ്യാപാരത്തിന്റെ കേന്ദ്രമായി മാറിയെങ്കിലും ഡോ. മാൻസ്ഫീൽഡ് മറ്റിടങ്ങളിലും ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. മുൻപ് അഫ്ഗാനിസ്ഥാന്റെ മയക്കുമരുന്ന് വ്യാപാരത്തെ ഇല്ലാതാക്കാനായി യുഎസ് അവിടത്തെ മയക്കുമരുന്ന് ലാബുകൾക്ക് നേരെ വ്യോമാക്രമണം നടത്തുകയുണ്ടായി. 2019 മെയ് മാസത്തിൽ ഒരു ദിവസം 68 ബോംബാക്രമണങ്ങളാണ് അവർ നടത്തിയത്. എന്നാൽ, അതുകൊണ്ടൊന്നും ഇത് തടയാൻ സാധിച്ചില്ല. 

താലിബാന്റെ ഒത്താശയോടെയാണ് അവിടെ മയക്ക്മരുന്ന് വ്യാപാരം നടക്കുന്നതെന്നും പറയുന്നു. താലിബാൻ ഭീകരവാദികൾ മയക്കുമരുന്ന് കടത്തുകാരിൽ നിന്ന് നികുതി ഈടാക്കുന്നുണ്ട്. എഫെഡ്രിൻ, മെത്താംഫെറ്റാമൈൻ എന്നിവയുടെ അളവ് അനുസരിച്ച് ബക്വ ജില്ലയിൽ നിന്ന് മാത്രം പ്രതിവർഷം 4 മില്യൺ ഡോളറിൽ കൂടുതൽ വരുമാനമാണ് താലിബാന് ലഭിക്കുന്നതെന്നാണ് ഇഎംസിഡിഡിഎ റിപ്പോർട്ട് കണക്കാക്കുന്നത്. മയക്കുമരുന്ന് വ്യാപാരവുമായി അവർക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും ഗ്രൂപ്പ് അതിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് നികുതി പിരിക്കുന്നുണ്ട്. താലിബാൻ മയക്കുമരുന്ന് വിൽപ്പനയെ എതിർക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, "ഞങ്ങൾ ഒരു യുദ്ധത്തിലാണ്. ശരിയായ സമയം വരുമ്പോൾ, ഞങ്ങൾ അത് നിരോധിക്കും" എന്നാണ് തന്നോട് അവർ മറുപടി പറഞ്ഞതെന്ന് ഒരു മയക്കുമരുന്ന് കച്ചവടക്കാരൻ ബിബിസി യോട് പറഞ്ഞു.

അഫ്ഗാൻ മെത്ത് ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുന്നുണ്ടെങ്കിലും, കാബൂളിലെ തെരുവുകളിലാണ് ഇതിന്റെ ആഘാതം ആദ്യം അനുഭവപ്പെടുന്നത്. മയക്കുമരുന്നിന് അടിമകളായ നിരവധി പേരെ തെരുവോരങ്ങളിൽ നമുക്ക് കാണാം. ഒരാൾ മെത്തിന് അടിമയായ തന്റെ ഇളയ സഹോദരനെ തിരഞ്ഞ് മാസങ്ങൾ നടന്നതായി ബിബിസിയോട് പറഞ്ഞു. "ഒടുവിൽ ഞങ്ങളുടെ അമ്മ ഇത് താങ്ങാൻ കഴിയാതെ മരിച്ചു" അദ്ദേഹം പറഞ്ഞു. എന്നിട്ടും ഇപ്പോഴും അനേകായിരങ്ങളുടെ ജീവിതത്തെ പന്താടിക്കൊണ്ട് മെത്താംഫെറ്റാമൈന്റെ വൻതോതിലുള്ള ഉല്പാദനവും വില്പനയും രാജ്യത്ത് തുടരുകയാണ്.  

(വിവരങ്ങൾക്ക് കടപ്പാട്: ബിബിസി)