Asianet News MalayalamAsianet News Malayalam

ഒരുവീട്ടില്‍ ഒരാളെങ്കിലും കാന്‍സര്‍ വന്നു മരിക്കുന്ന സ്ഥലം, കൊവിഡ് ദുരിതം കൂടി പേറി കാന്‍സര്‍ ആലിയിലെ ജനങ്ങള്‍

ഇങ്ങനെയൊക്കെയാണെങ്കിലും, അവരുടെ പ്രശ്‌നങ്ങൾ കാണാൻ ഇപ്പോഴും അധികൃതർ തയ്യാറായിട്ടില്ല. അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ നിന്ന്, വ്യവസായമേഖലയിൽ നിന്ന്, ദേശീയ മാധ്യമങ്ങളിൽ നിന്ന് എല്ലാം അവഗണന മാത്രമാണ് അവർക്ക് ലഭിക്കുന്നത്. 

Americas cancer alley struggles with Covid 19
Author
Louisiana, First Published Nov 3, 2020, 2:53 PM IST

പുകക്കുഴലുകളാൽ ചുറ്റപ്പെട്ട അമേരിക്കയിലെ ഏറ്റവും മലിനമായ സ്ഥലങ്ങളിൽ ഒന്നാണ് 'കാൻസർ ആലി'. ബാറ്റൺ റൂജിനും ന്യൂ ഓർലിയാൻസിനുമിടയിൽ മിസിസിപ്പി നദിയുടെ തീരത്ത് 85 മൈൽ ദൂരെയുള്ള ഈ സ്ഥലം പേരുപോലെതന്നെ കാൻസറിന്റെ കേന്ദ്രമാണ്. നൂറ്റിയമ്പതോളം എണ്ണ ശുദ്ധീകരണശാലകളും, പെട്രോകെമിക്കൽ പ്ലാന്റുകളുമാണ് അവിടെ പ്രവർത്തിക്കുന്നത്. കറുത്ത വർഗ്ഗക്കാർ തിങ്ങിപ്പാർക്കുന്ന ഒരിടമാണ് അത്. അവിടെ ഓരോ വീട്ടിൽ നിന്നും ചുരുങ്ങിയത് ഒരാളെങ്കിലും കാൻസർ ബാധിച്ചു മരിക്കുന്നു. 

രാജ്യത്ത് നടന്ന 10 സർവേകളിൽ ഏഴെണ്ണവും ഏറ്റവുമധികം കാൻസർ സാധ്യതയുള്ള മേഖലയായി അതിനെ രേഖപ്പെടുത്തിയിരിക്കുന്നു. കാൻസർ മുതൽ ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യുൽപാദനത്തിലും മറ്റുമുണ്ടാകുന്ന പ്രശ്‍നങ്ങള്‍ എന്നിവയെല്ലാം ഇവിടെയുള്ളവരിലുണ്ടാകുന്നുണ്ട്. കറുത്തവരും ദരിദ്രരുമായ ആളുകൾ കൂടുതലായി താമസിക്കുന്ന ഇവിടം കാലങ്ങളായി പാരിസ്ഥിതികമായി ചൂഷണം ചെയ്യപ്പെടുകയും ആളുകളെ അസുഖബാധിരാവാന്‍ വിടുകയുമാണ് എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ വെള്ളത്തിന് എണ്ണമയമുള്ള രുചിയാണ്, മരത്തിലെ ഇലകള്‍ കറുത്തതാണ്, വായുവിന് ദുർഗന്ധമാണ്. പട്ടണങ്ങളിലൊന്നായ സെന്റ് ഗബ്രിയലിലെ ആളുകൾ ഇപ്പോൾ വീടിന് പുറത്തൊന്നിരിക്കാൻ പോലും ഭയക്കുന്നു. ഈ വ്യാവസായികകേന്ദ്രങ്ങള്‍ പുറത്തുവിടുന്ന രാസവസ്‍തുക്കൾ സന്ധ്യയായാൽ മഞ്ഞ നിറത്തിലുള്ള മഴത്തുള്ളികൾ പോലെ വീണുകൊണ്ടിരിക്കുന്നു.   

ഇപ്പോഴിതാ അപ്രതീക്ഷിതമായി വന്ന ഈ മഹാമാരിയും അവരെ തളർത്തുകയാണ്. കൊറോണ വൈറസ് മൂലമുള്ള മരണനിരക്ക് ലൂസിയാനയിൽ വളരെ കൂടുതലാണ്. യുഎസ്സിലാകെയുള്ളതിനേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ് ഇവിടെ മരണങ്ങള്‍. കാൻസർ ആലിയിലെ ആഫ്രിക്കൻ അമേരിക്കക്കാർ മലിനീകരണവുമായി ബന്ധപ്പെട്ട കാൻസറിന്‍റെ ദുരിതങ്ങൾ മാത്രമല്ല ഇപ്പോൾ നേരിടുന്നത്, മറിച്ച് കൊവിഡ് 19 -നുണ്ടാക്കുന്ന ആരോഗ്യപരവും സാമ്പത്തികപരവുമായ പ്രശ്‍നങ്ങളും ഇവിടെ വളരെ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലൂസിയാനയിലെ കൊറോണ വൈറസ് മൂലം മരിക്കുന്നവരിൽ 56 ശതമാനം ആളുകളും ആഫ്രിക്കൻ അമേരിക്കക്കാരായിരുന്നു. ഏപ്രിൽ 26 -ലെ കണക്കനുസരിച്ച്, ഏറ്റവും ഉയർന്ന കൊവിഡ്-19 മരണനിരക്ക് ഉള്ള ലൂസിയാനയിലെ 10 ഇടവകകളിൽ എട്ട് എണ്ണം തെക്ക് കിഴക്കൻ വ്യവസായ മേഖലകളിലാണ്, അതിൽ കാൻസർ ആലിയും ഉൾപ്പെടുന്നു. ഈ വ്യവസായ വാതകങ്ങളും കൊവിഡും തമ്മിൽ ബന്ധമില്ലെന്ന് അധികൃതർ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, അവരുടെ വാദത്തെ തള്ളിക്കളയുന്ന ഒരു റിപ്പോർട്ടാണ് ഹാർവാർഡ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ പുറത്തുവിട്ടത്. 

Americas cancer alley struggles with Covid 19


അതിൻപ്രകാരം മലിനീകരണത്തോതും കൊവിഡ് 19 മൂലമുള്ള മരണനിരക്കും തമ്മിൽ ബന്ധമുണ്ടെന്ന് വെളിപ്പെടുന്നു. ഇതോടെ ലൂസിയാനയിലെ വിദഗ്‍ദരും അഭിഭാഷകരും കൂടുതൽ ഇതിനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ലൂസിയാനയുടെ തെക്കുകിഴക്കൻ വ്യാവസായിക ഇടനാഴിയിൽ കേന്ദ്രീകരിച്ചിരിക്കുന്ന പിഎം 2.5 -ന്റെ ഉയർന്ന അളവ് കൊവിഡ് 19 കൂടുന്നതില്‍ പങ്ക് വഹിക്കുന്നു എന്ന് പഠനത്തിൽ ഗവേഷകർ സൂചിപ്പിക്കുന്നു. ലൂസിയാനയിൽ, വായുവിന്റെ ഗുണനിലവാരം 2000 മുതൽ 2015 വരെയുള്ള കാലത്ത് അല്‍പം മെച്ചപ്പെട്ടുവെങ്കിലും, 2016 മുതൽ സംസ്ഥാനം വീണ്ടും പഴയപടിയാകാൻ തുടങ്ങി. 

ആളുകളെ മലിനീകരണത്തിനെതിരെ പോരാടാൻ സഹായിക്കുന്ന ഒരാളാണ് ഡോ. വില്യം ജെ. ബാർബർ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഒരിക്കൽ ആളുകളെ അടിമകളാക്കി പാർപ്പിച്ചിരുന്ന ഈ മണ്ണ് ഇന്ന് മലിനീകരണത്തിലൂടെ അവരെ ബന്ദികളാക്കുന്നു. 1989 -ൽ മൂന്ന് വർഷത്തിനിടയിൽ ഇവിടെ 75 ഗർഭങ്ങൾ അലസിപ്പോയി എന്നായിരുന്നു ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്‍തത്. 2015 ഡിസംബറിൽ EPA (United States Environmental Protection Agency) പുറത്തിറക്കിയ വിഷവാതകത്തെക്കുറിച്ചുള്ള റിപ്പോർട്ട് പ്രകാരം പതിനായിരത്തോളം പ്രദേശവാസികളിലെങ്കിലും അപകട സാധ്യത വളരെ കൂടുതലാണ് എന്ന് പറഞ്ഞിരുന്നു. അതുംപോരാതെ 2017 നവംബറിൽ 400 കുട്ടികളുള്ള അഞ്ചാം വാർഡ് പ്രാഥമിക വിദ്യാലയത്തിൽ നടത്തിയ പരിശോധനയിൽ ക്ലോറോപ്രീൻ വാതകത്തിന്റെ അളവ് അനുവദിച്ചിരിക്കുന്നതിനേക്കാളും വളരെ മടങ്ങ് കൂടുതലായിരുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. ഈ അദൃശ്യവാതകം തലവേദന, തിണർപ്പ്, ഹൃദയമിടിപ്പ് വര്‍ധന എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ രോഗപ്രതിരോധശേഷി ദുർബലപ്പെടുത്തുകയും വയറിനും വൃക്കയ്ക്കും പ്രശ്‍നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതേസമയം ക്ലോറോപ്രീൻ എത്ര അപകടകരമാണെന്ന് ആർക്കും കൃത്യമായി പറയാൻ കഴിയില്ല. 

Americas cancer alley struggles with Covid 19

ഇങ്ങനെയൊക്കെയാണെങ്കിലും, അവരുടെ പ്രശ്‌നങ്ങൾ കാണാൻ ഇപ്പോഴും അധികൃതർ തയ്യാറായിട്ടില്ല. അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ നിന്ന്, വ്യവസായമേഖലയിൽ നിന്ന്, ദേശീയ മാധ്യമങ്ങളിൽ നിന്ന് എല്ലാം അവഗണന മാത്രമാണ് അവർക്ക് ലഭിക്കുന്നത്. കാൻസറും, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മൂലം തന്റെ പ്രിയപ്പെട്ടവർ ഓരോരുത്തരായി മരിക്കുന്നത് കണ്ടവളാണ് മർട്ടിൽ ഫെൽട്ടൺ. “ഇവിടെ ധാരാളം ആളുകൾ കാൻസർ ബാധിച്ച് മരിക്കുന്നു. 2014 എന്നെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചറിവിന്റെ സമയമായിരുന്നു. കാരണം എന്നോട് വളരെ അടുപ്പമുള്ള അഞ്ച് പേരെ എനിക്ക് നഷ്ടപ്പെട്ടു. എന്റെ സഹോദരി ഫെബ്രുവരിയിൽ കാൻസർ ബാധിച്ച് മരിച്ചു, പിന്നത്തെ മാസം എന്റെ ഭർത്താവും ഒരു അടുത്ത ബന്ധുവും ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് മരിച്ചു" ഫെൽട്ടൺ പറഞ്ഞു. ആരെങ്കിലും വന്ന് എന്തെങ്കിലും ഒന്ന് ചെയ്യൂ എന്നവർ വേദനയോടെ പറയുന്നു. ഇപ്പോൾ, ഇവിടെ കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. പക്ഷേ, സംസ്ഥാനത്തിന്റെ അനുമതിയോടെ പുതിയ പ്ലാന്റുകൾ തടസ്സമില്ലാതെ  പ്രവർത്തനം ആരംഭിക്കുന്നു. "ഞങ്ങൾ ആകെ തളർന്നിരിക്കുന്നു" അവർ പറയുന്നു. 

Follow Us:
Download App:
  • android
  • ios