Asianet News MalayalamAsianet News Malayalam

രാത്രിയിൽ തെരുവിലെ മക്കള്‍ക്ക് അന്തിയുറങ്ങാൻ വാതില്‍ തുറക്കുന്ന പള്ളികൾ...

അദ്ദേഹം പറഞ്ഞു, 'നിങ്ങൾ എന്നെ സർ എന്ന് വിളിയ്ക്കുന്നു! എന്നാൽ വർഷങ്ങളായി എന്നെ ആരും സർ എന്ന് വിളിച്ചിട്ടില്ല!' 

Churches provide shelter to homeless
Author
San Francisco, First Published Mar 8, 2020, 11:09 AM IST

രാത്രിയിൽ നമ്മൾ ഫാനിന് താഴെ സുഖമായി കിടന്നുറഞ്ഞുപ്പോൾ തലചായ്ക്കാൻ ഒരിടമില്ലാതെ തെരുവിൽ കിടക്കുന്നവരെ കുറിച്ച് എത്രപേർ ഓർക്കാറുണ്ട്. നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകത്തെമ്പാടും ലക്ഷകണക്കിന് ആളുകളാണ് തെരുവിൽ അന്തിയുറങ്ങാൻ വിധിക്കപ്പെടുന്നത്. അമേരിക്കയിൽ മാത്രം രാത്രികാലങ്ങളിൽ തലചായ്ക്കാൻ ഇടമില്ലാതെ കഷ്ടപ്പെടുന്നവർ 55000 ആളുകളാണ്. അവരെ സഹായിക്കാൻ മുന്നോട്ട് വരുന്നവരിൽ ഭൂരിഭാഗവും മതസ്ഥാപനങ്ങളാണ്. ഇത്തരം സംഘടനകൾ നാൽപത്തിയൊന്ന് ശതമാനം ആളുകൾക്കും, 16 ശതമാനം കുടുംബങ്ങൾക്കും അഭയം നൽകുന്നു.  

കാലിഫോർണിയയിലെ സെന്റ് ബോണിഫേസ് കാത്തലിക് പള്ളിയും കഴിഞ്ഞ 15 വർഷമായി തെരുവിലെ മക്കൾക്ക് അഭയം നൽകി വരികയാണ്. ഗുബ്ബിയോ പ്രോജക്റ്റ് എന്ന ഒരു പദ്ധതിയുടെ ഭാഗമായാണ് പള്ളി ഇത്തരമൊരു സേവനം നൽകി വരുന്നത്. ബൈബിളിന്റെ വചനങ്ങളെ അന്വർത്ഥമാക്കി കൊണ്ട് പള്ളിയുടെ വാതിലുകൾ സഭ പാവങ്ങൾക്ക് തലചായ്ക്കാനായി തുറന്ന് കൊടുക്കുന്നു.  

തെരുവുവിലെ കഠിനമായ രാത്രികളെ അതിജീവിക്കാൻ 225 ഓളം ആളുകളാണ് സെന്റ് ബോണിഫേസിൽ ദിവസവും എത്തുന്നത്. തെരുവിൽ കഴിയുന്നവർക്ക് രാത്രി മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയില്ല. എപ്പോൾ വേണമെങ്കിലും അവരെ ആക്രമിക്കാനോ കൊള്ളയടിക്കാനോ സാധ്യതയുണ്ട് എന്നത് തന്നെ കാരണം. വീടില്ലാത്ത ആ പാവങ്ങൾ തെരുവിൽ രാത്രി മുഴുവൻ മിക്കപ്പോഴും ഉറക്കമുണർന്നിരിക്കുകയാണ് പതിവ്. ഇതൊന്നും പോരാതെ, കഠിനമായ കാലാവസ്ഥയും അവരെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ച്, തണുപ്പുകാലത്തും മറ്റും ശരീരം മൂടാൻ പോലും ആവശ്യത്തിന് വസ്ത്രമില്ലാത്തെ അവർ നരകിക്കുയാണ്. 

എന്നാൽ, അത്തരക്കാർക്ക് ഒരു അത്താണിയാവുകയാണ് ഈ പള്ളി. ഭവനരഹിതരെ രാത്രി പള്ളിയിൽ അന്തിയുറങ്ങാൻ അനുവദിക്കുക മാത്രമല്ല, പ്രതിമാസം 150 ഓളം പുതപ്പുകളും, ആഴ്ചയിൽ 100 ജോഡി സോക്സുകളും, സോപ്പുകളും, ഷാംപൂകളും, റേസറുകളും, ടൂത്ത് ബ്രഷുകളും അടങ്ങിയ ശുചിത്വകിറ്റുകളും സഭ സൗജന്യമായി വിതരണം ചെയ്യുന്നു. “75 ശതകോടീശ്വരന്മാരുള്ള, ലോകത്തിലെ ഏറ്റവും സമ്പന്നമായ ഒരു നഗരത്തിൽ, പലരും പാർപ്പിടമോ, പുതപ്പുകളോ ഇല്ലാതെ അലയുന്നു എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്” നോണ്‍ പ്രോഫിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർ ഷാനൻ ഐസെംഗ സാൻ ഫ്രാൻസിസ്കോ പറഞ്ഞു. "ആളുകളുടെ കഷ്ടപ്പാട് അമ്പരപ്പിക്കുന്നതാണ്. ഞങ്ങൾ ജീവിക്കുന്നത് ഒരു മാനുഷിക പ്രതിസന്ധിയുടെ നടുവിലാണ്. ധനികരും, പാവപ്പെട്ടവരും തമ്മിലുള്ള അന്തരം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഇവിടെ" അവർ തുടർന്നു.

ലഭിക്കുന്ന സംഭാവനകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി പ്രധാനമായും മുന്നോട്ട് പോകുന്നത്. സെന്റ് മേരി ദി വിർജിൻ എപ്പിസ്കോപ്പൽ പള്ളിയിലെ (ഈ പദ്ധതിയുടെ ഭാഗമായ മറ്റൊരു പള്ളി) റവ. ഡേവിഡ് എറിക്സൺ പറയുന്നത്, ഈ പദ്ധതി തന്റെ ആത്മീയ ദൗത്യത്തിന്റെ ഭാഗമാണ് എന്നാണ്. “ഞങ്ങൾക്ക് വെറുപ്പോ, മടുപ്പോ തോന്നുന്നില്ല” അദ്ദേഹം പറഞ്ഞു. "ദൈവകൃപ നിറഞ്ഞൊഴുകുന്ന ഒരു സ്ഥലമായാണ് ഇതിനെ ഞാൻ കാണുന്നത്. ഒരിക്കൽ തെരുവിലെ ഒരു മനുഷ്യനോട്, 'സർ, ഞാന്‍ നിങ്ങളെ സഹായിക്കട്ടേ?' എന്ന് ഞാൻ ചോദിച്ചു. എന്നാൽ ഇത് കേട്ട് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം പറഞ്ഞു, 'നിങ്ങൾ എന്നെ സർ എന്ന് വിളിയ്ക്കുന്നു! വർഷങ്ങളായി എന്നെ ആരും സർ എന്ന് വിളിച്ചിട്ടില്ല!' തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സന്ദർഭമായിരുന്നു അതെന്ന് ആ പുരോഹിതൻ പറഞ്ഞു. 

ഇന്ന് ഒരുപാട് ആളുകൾക്ക് ഒരു കൈത്താങ്ങാവുകയാണ് ഈ പദ്ധതിയും, പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പള്ളികളും. മതത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് കഷ്ടപ്പെടുന്നവർക്ക് ഒരു പ്രതീക്ഷയാവുകയാണ് ഗുബ്ബിയോ പ്രോജക്റ്റ്. 
 

Follow Us:
Download App:
  • android
  • ios