Asianet News MalayalamAsianet News Malayalam

മെന്‍സ്ട്രല്‍ പാഡും, ഭാഷയറിയാതെ പറ്റിയ അമളിയും..

ഉപ്പാപ്പക് എന്താണ് എന്ന് ചോദിക്കേണ്ടി വന്നില്ല. ഉപ്പാക്ക് അറബിയിൽ 'ബാബാ' എന്നായത് കൊണ്ട് വലിയുപ്പാപ്പക്ക്  'ബബ്ബ ബബ്ബ ബബ്ബ' ആവാനേ തരമുള്ളു... അവിടെ നിന്ന് കിട്ടിയ അമൂല്യമായ അറിവിന്റെ ആത്മവിശ്വാസത്തിൽ ആദ്യത്തെ ജോലിക്ക് കേറി. ഒരു കമ്പ്യൂട്ടർ ഷോപ്പിൽ ടെക്നിഷ്യനായിട്ട്. 
 

deshantharam sabith pallipram
Author
Thiruvananthapuram, First Published Apr 14, 2019, 5:54 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam sabith pallipram

ഈ അറബി വാക്ക് കളരിയിൽ പറഞ്ഞാൽ സൗദിയിലെ പ്രവാസികൾക്ക് പത്തൊമ്പതാമത്തെ അടവാണ്... അല്ലെങ്കിൽ കൂടോത്രത്തിൽ പെട്ട അത്യുഗ്രൻ മന്ത്രം. പരീക്ഷിച്ച് നോക്കിയവർക്കറിയാം.. ഏത് ഭാഷ പറയാനാരംഭിക്കുമ്പോഴും ആദ്യം പഠിക്കുന്ന രണ്ട് വാക്കുകളാണ് ഉണ്ട് എന്നും ഇല്ല എന്നും. അറബിയിൽ അതിന് ഫീ എന്നും മാഫി എന്നും പറയും.

അറബി പഠിക്കുന്ന കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്. സൗദിയിൽ എത്തിയ ഉടനെ ഒരു ചെറിയ കടലാസ്സിൽ അത്യാവശ്യം വേണ്ട അറബി പാദങ്ങളും അതിന്റെ അർത്ഥവും മലയാളത്തിൽ എഴുതി തന്ന് എന്നെയൊരാൾ സഹായിച്ചു. അറബി ഭാഷയുടെ എല്ലാം ഉൾക്കൊള്ളുന്ന സംക്ഷിപ്ത രൂപമാണ് ആ കടലാസ്. ഞാൻ, നീ, ഉണ്ട്, ഇല്ല, വേണ്ട, വേണം, ഉമ്മ, ഉപ്പ തുടങ്ങിയ സകലമാന അറബി അത്യാവശ്യ പദങ്ങളും ഉൾക്കൊള്ളുന്ന കടലാസ് കഷ്ണം.

ഇത്രയും പഠിപ്പിച്ച സ്ഥിതിക്ക് ശിഷ്യൻ മണ്ടനാണെന്ന് കരുതേണ്ട എന്ന് കരുതി ഒരു സംശയം മുൻഷിയോട് ചോദിച്ചു. "ഉമ്മാക്ക് 'മാമ' എന്നാണെങ്കിൽ ഉമ്മാമ്മക്ക് എന്താണ് അറബിയിൽ പറയ്യ" മുൻഷി ഓർത്തെടുക്കുന്ന പോലെ ഇത്തിരിയൊന്ന് ആലോചിച്ച് ഉത്തരം നൽകി. "ഉമ്മാക്ക് 'മാമ' എന്നല്ലെ,  ഉമ്മാമക്ക് 'മാമ മാമ' എന്നാണ്"
"ഓഹോ, അപ്പൊ വലിയുമ്മാമ്മക്ക് ?" "മാമ മാമ മാമ.." അസന്നിഗ്ദ്ധമായ പ്രഖ്യാപനം. അറബിയിൽ എഴുത്തച്ഛനോ മറ്റോ ആവേണ്ട പ്രതിഭ..

ഉപ്പാപ്പക് എന്താണ് എന്ന് ചോദിക്കേണ്ടി വന്നില്ല. ഉപ്പാക്ക് അറബിയിൽ 'ബാബാ' എന്നായത് കൊണ്ട് വലിയുപ്പാപ്പക്ക്  'ബബ്ബ ബബ്ബ ബബ്ബ' ആവാനെ തരമുള്ളു... അവിടെ നിന്ന് കിട്ടിയ അമൂല്യമായ അറിവിന്റെ ആത്മവിശ്വാസത്തിൽ ആദ്യത്തെ ജോലിക്ക് കേറി. ഒരു കമ്പ്യൂട്ടർ ഷോപ്പിൽ ടെക്നിഷ്യനായിട്ട്. 

അറബികൾ 'കമ്പിത്തിരി' എന്ന് പറഞ്ഞാൽ കമ്പ്യൂട്ടർ എന്ന് മനസ്സിലാക്കാനുള്ള വിവരവും വിദ്യാഭ്യാസവും നമുക്ക് വേണം. കമ്പിത്തിരി എന്ന വാക്ക് അറബിയിലും ഇംഗ്ലീഷിലും ഇല്ലെങ്കിലും അവര് അങ്ങിനെയെ പറയൂ.. കഷ്ടകാലത്തിന് ഈ 'കമ്പിത്തിരി' യെന്ന് കേൾക്കുമ്പോൾ എനിക്ക് ചിരി വരും. കളിയാക്കി ചിരിക്കുന്നതാണെന്ന് കരുതി അറബികൾക്ക് കലി വരും... കലി വന്ന് തല്ലാൻ വരുമ്പോഴാണ് മുൻഷി പറഞ്ഞു തന്ന കൂടോത്ര മന്ത്രം പുറത്തെടുക്കുന്നത്..

"അന ജദീദ്! അന മാഫി മഅലൂം..." അങ്ങനെ നീട്ടിയൊരു പറച്ചിലാണ്. 'ഞാൻ പുതിയാളാണെ, എനിക്കൊന്നും അറിഞ്ഞു കൂടായെ!' എന്നുള്ള നിലവിളിയാണ് ഈ മന്ത്രത്തിന്റെ അർത്ഥം. ഈ മന്ത്രമുപയോഗിച്ച് ഒരുപാട് പേര് ഒരുപാട് കുരുക്കിൽ നിന്ന് രക്ഷപെട്ടിട്ടുണ്ട്.. ഇതുപയോഗിച്ച് ഞാൻ അവസാനമായി രക്ഷപെട്ട സംഭവം പറയാം...

ഇടക്കാലത്ത്  ഒരു ബഖാലയിൽ (grocery store) നിക്കേണ്ടി വന്നിരുന്നു. ആളുകൾ വന്ന് സാധനമെടുത്ത് പൈസയും തന്ന്  പോവുന്നത് നല്ല പരിപാടിയാണ്. പക്ഷെ ഫോണിൽ വിളിച്ച് പറഞ്ഞ് സാധനം വീട്ടിലെത്തിച്ച് കൊടുക്കുന്ന ഏർപ്പാടുണ്ട്.. അത് ഇത്തിരി കഷ്ടം തന്നെയാണ്.. കമ്പ്യൂട്ടറിന് കമ്പിത്തിരി എന്ന് പറയുന്നപോലെയാണ് ഉച്ചാരണം. എനിക്ക് മനസ്സിലാവാത്ത സാധനത്തിനൊക്കെ 'മാഫി മാഫി' പറഞ്ഞു സുന്ദരമായി ഒഴിവാക്കി കൊണ്ടിരിക്കുന്ന സമയം.

ഒരു ദിനം പെട്ടു. ഒരു വിളി വന്നു... "ഫീ ബ്രാഫ്ത്ത് ഫൂത്ത്?" ഏതാണ്ട് ഇങ്ങനെ ഒരു ചോദ്യം!! ഫീ മാത്രം മനസ്സിലായി.. ഉണ്ടോ എന്നാണ്. മറ്റെ സാധനത്തെ കുറിച്ച് ഒരു പിടുത്തവും ഇല്ല. "എന്നതാ.."എന്ന് വളരെ സൗമ്യ സുന്ദരമായി ഞാൻ ചോദിച്ചു... "ഫൂത് ഫൂത്..." അപ്പുറത്ത് നല്ല പോലെ ശബ്ദമുയർന്നിട്ടുണ്ട്. പൊട്ടറ്റോ ചിപ്സിനാണോ എന്തോ? അങ്ങനെ തന്നെയെന്ന് ഉറപ്പിച്ച്. "ഏത് ബ്രാൻഡ്?" എന്ന് ചോദിച്ചതെ ഓര്‍മ്മയുള്ളൂ... മൊബൈൽ കിടുകിടാ വിറച്ചു... എന്റെ കൈയും കാലും അതിനെക്കാൾ മുമ്പെ വിറപ്പിച്ച് ആ സ്ത്രീശബ്ദം അലറി, "ബ്രാഫ്ത്ത് ഫൂത്ത്..."

ഇതെന്ത് കോടാലിയാണ്? അപസ്മാരത്തിനുള്ള മരുന്നോ മറ്റോ ആണോ? മെഡിക്കൽ ഷോപ്പിലേക്ക് വിളിക്കേണ്ടത് മാറിപ്പോയതാണോ. ഒരു ചോദ്യം കൂടി ചോദിക്കാം... മനസ്സിലായില്ലെങ്കിൽ 'മാഫി' പറയാം. "ഇത് എന്തിനുപയോഗിക്കുന്ന സാധനമാണ്?", "ഹയാവാൻ അന്ത" (നീ ജന്തുവാണോ?) എന്നാണ് കടിച്ച് കീറുന്ന പോലെ തള്ള ചോദിക്കുന്നത്. ഇത് പൊട്ടറ്റോസ് തന്നെ! എന്നാലും ഒന്നുറപ്പിക്കുന്നത് നല്ലതല്ലെ? "തിന്നുന്ന സാധനമാണോ?" അത് ചോദിച്ചതോടെ സ്ത്രീയുടെ സകല കണ്ട്രോളും പോയി...

"ഹിമാർ, കൽബ്...'' നീയെന്നെ മക്കാറാക്കുകയാണോ? ഞാൻ അങ്ങോട്ട് വരുന്നുണ്ടെഡാ.."  എന്ന ഭീഷണിയോടെ കാൾ കട്ടായി. ഞാൻ ബഖാലയുടെ പുറത്തേക്ക് നോക്കി. ഇടിയും മിന്നലും കൊടുങ്കാറ്റും പേമാരിയൊന്നുമില്ല... പിന്നെ എനിക്കെന്തിനാ ബേജാറ്...അഞ്ച് മിനിറ്റ് കഴിഞ്ഞില്ല... റാവുത്തർ അണ്ണൻ സ്റ്റൈലിൽ ഭൂമി കുലുക്കി വരുന്നു ഒരു തടിച്ച സ്ത്രീ.. "ഫൂത് മാഫി?" മറുപടിയായി "മാഫി" പറഞ്ഞു. തൊണ്ടയിൽ കുരുങ്ങി "മാഫി" പുറത്ത് വന്നില്ല..

റാവുത്തർ സ്ത്രീ എന്നെ ചവച്ച് തിന്നാനുള്ള ദേഷ്യത്തോടെ തുറിച്ച് നോക്കി. ബഖാല ചവിട്ട് പൊട്ടിക്കാനുള്ള  അരിശത്തോടെ കടയുടെ അകത്ത് കേറി. മൂലയിൽ നിന്നും ഒരു പാക്കറ്റെടുത്ത് വന്ന് കൗണ്ടറിലേക്ക് വലിച്ചെറിഞ്ഞു! "ഇതെന്താ?" നിന്ന നിൽപ്പിൽ ഞാൻ മൗത്തായോ? എനിക്ക് മിണ്ടാട്ടമില്ല. ഇതാണോ ഞാൻ എന്തിന് ഉപയോഗിക്കുന്ന സാധനമെന്ന്  ചോദിച്ചത്? ഇതാണോ തിന്നുന്നതാണോ ചോദിച്ചത്. മെൻസ്ട്രൽ പാഡ്!! പ്രൈവറ്റ് എന്ന് പേരുള്ള പാഡ്.  P എന്നതിന് കണക്കായ പദമോ ഉച്ചാരണമോ അറബിയിലില്ല. അതിനാൽ P 'ബ' ആവും. V എന്നതിന് മിക്കപ്പോഴും 'ഫ' എന്ന് ഉച്ചരിക്കാറുണ്ട്. D യും T യുമൊക്കെ 'ത, ദ' എന്നായി മാറും. അങ്ങിനെയാണ് പ്രൈവറ്റ് 'ബ്രാഫത്ത്' ആയി മാറിയത്. ഇനി പാഡ് 'ഫൂത്' ആയത് പറയേണ്ടല്ലോ? തലയിലൂടെ ഇതൊക്കെ ഒരു നിമിഷം കൊണ്ട് മിന്നി മറഞ്ഞു. 

ഇന്നത്തോടെ എന്‍റെ മൊത്തം പണിയും തീരും! സ്ത്രീ കരുതിയിരിക്കുന്നത് ഞാനവളോട് വെറുതെ സംസാരിക്കാനാണ് ഇതൊക്കെ ചോദിച്ചതെന്ന്. അവളെ മസ്‌കറ ആക്കിയതാണെന്ന് അറബിയിൽ പറയുന്നുണ്ട്. ഇനി ഒരൊറ്റ വഴിയേയുള്ളു. മുൻഷിയെ മനസ്സിൽ ധ്യാനിച്ച് കമ്പിത്തിരിയെ ഓർത്ത് തള്ളയുടെ മുന്നിൽ താണ് വണങ്ങി നിന്ന് മന്ത്രം ചൊല്ലി.. "അന ജദീദ്! അന മാഫി മഅലൂം" അവര്‍ 16 റിയാലിന്റെ സാധനത്തിന് 20 തന്നിട്ട് ബാക്കി വാങ്ങിയില്ല... മാത്രമല്ല ഒരു ചിരിയും!!

Follow Us:
Download App:
  • android
  • ios