Asianet News MalayalamAsianet News Malayalam

Iftar Meet : ഇഫ്താര്‍ ടെന്റില്‍ മണിയുടെ നോമ്പുതുറ

അസാധാരണമായ ഒരു നോമ്പുതുറയുടെ കഥ. ദേശാന്തരത്തില്‍ റഫീസ് മാറഞ്ചേരിയുടെ കുറിപ്പ്

deshantharam tale of an unusual iftar meet by rafees maranchery
Author
Thiruvananthapuram, First Published Apr 9, 2022, 3:15 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

deshantharam tale of an unusual iftar meet by rafees maranchery

 

ഇസ്ലാം മത വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയമായി വളരെ ഗുണപരവും സത്കര്‍മ്മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലവുമുള്ള  മാസമാണ് റമദാന്‍. രണ്ടായിരത്തി ഏഴാമാണ്ടിലെ  അങ്ങനെയൊരു പുണ്യ  മാസത്തിലെ ആദ്യ ദിവസം. അതുവരെ മണല്‍ത്തരികളും വഹിച്ച് കൊണ്ട് മലനിരകളിലേക്ക് പാഞ്ഞുപോയിരുന്ന കാറ്റ് പതിയെ നിലച്ചു. ആകാശം പതിയെ സൂര്യവെളിച്ചം അണച്ചു കൊണ്ടിരിക്കുന്നു. പാല്‍ നിറത്തില്‍ നിന്നും വെളിച്ചം അണയും മുമ്പുള്ള പീത വര്‍ണ്ണത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.

തമിഴ് നാട്ടുകാരനായ മണിയോടൊപ്പം ഇഫ്താര്‍ ടെന്റിലേക്ക് നടന്നു. പൊരിക്കടികളുമായി വഴിയരികിലെ കഫ്ത്തീരിയ തുറന്നിരിപ്പുണ്ട്. മെസ്സിന്റെ രണ്ടുമൂന്നു മാസത്തെ കാശ് കൊടുക്കാനുള്ളതിനാല്‍ അങ്ങോട്ടേക്ക് വലിയ നോട്ടം കൊടുത്തില്ല. ഇനിയും കടം പറയാന്‍ വയ്യ എന്ന അവസ്ഥയിലാണ് മൂന്ന് നേരത്തെ ഭക്ഷണം നല്‍കിയിരുന്ന  മെസ്സിനോട്  വിട പറഞ്ഞതും നാണയങ്ങള്‍ കൊണ്ട് നിവൃത്തിക്കാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തിയതും.

പഠാണി റൊട്ടിയും സുലൈമാനിയും ഖുബ്ബൂസും തൈരും കൂടെ ആര്‍ഭാടത്തിനു സവാള അരിഞ്ഞതും പച്ചമുളകും, പെയിന്റടിക്കുക എന്ന ഓമനപ്പേരില്‍ ഓര്‍ഡര്‍ ചെയ്യുന്ന പൊറോട്ടയും ഗ്രേവിയും അങ്ങിനെ ഒട്ടേറെ മാര്‍ഗങ്ങള്‍. നിര്‍ബന്ധമായും വേണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന പലതും ആര്‍ഭാടമായിരുന്നെന്ന് അറിയുന്നത് അവ ലഭിക്കാതിരിക്കുമ്പോഴാണല്ലോ..

'അണ്ണാ, പ്രച്ച്‌നം ഒന്നും വരില്ലല്ലേ..' ടെന്റിലേക്ക് കയറും മുമ്പ് മാണി ചോദിച്ചു. ഒരു കുഴപ്പവുമില്ലെന്ന്  കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു അവന്റെ കൈപിടിച്ച് അകത്തേക്ക് കയറി. കുറേ നാളുകള്‍ക്ക് മുമ്പ് തന്നെ ഈ ടെന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. അന്ന് തന്നെ കണ്ടു വെച്ചതാണ് നോമ്പുതുറ ഇവിടെ തന്നെ ആയിരിക്കണമെന്ന്. താമസ സ്ഥലത്ത് നിന്ന് അധിക ദൂരവുമില്ല, ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ അധികം തിരക്കുമുണ്ടാവില്ല, ശമ്പളം കിട്ടാത്ത അധികം ആളുകളില്ലല്ലോ, എന്നൊക്കെയായിരുന്നു അന്നേരം ചിന്തകള്‍. ടെന്റില്‍ കയറിയപ്പോള്‍ തന്നെ ആ ചിന്തകളൊക്കെ തെറ്റായിരുന്നെന്ന് തിരിച്ചറിഞ്ഞു.

സുപ്രയെന്നു വിളിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിന് ഇരു വശത്തായി ആളുകള്‍ ഇരിക്കുന്നു. മുന്നിലായി ചെറിയ കുപ്പി വെള്ളവും ഈത്തപ്പഴത്തിന്റെ കുഞ്ഞു പാക്കറ്റും ലബന്‍ എന്ന് അറബിയില്‍ പറയുന്ന മോരും. ബംഗ്‌ളാദേശ്, മിസിരികള്‍, സുഡാനികള്‍, ഇന്ത്യക്കാര്‍, പാക്കിസ്ഥാനികള്‍ അങ്ങിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കുടുംബം പോറ്റാന്‍ കടല്‍ കടന്നു വന്നവര്‍ വിശപ്പെന്ന ഒരൊറ്റ വികാരത്തിന്റെ മുമ്പില്‍ ഉള്ളിലെ സ്വപ്നങ്ങളെന്നോണം നിശബ്ദരായി ഇരിക്കുന്നു. അവര്‍ക്കിടയില്‍ ഞാനും മണിയും.

ദൈവ കൃപയും പ്രതീക്ഷിച്ച് പലരും പല സൂക്തങ്ങളും ചൊല്ലുന്നുണ്ട്. നോമ്പ് ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് നോമ്പ് തുറക്ക് തൊട്ട് മുമ്പുള്ള നിമിഷങ്ങള്‍. പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടുന്ന മര്‍മ്മ സമയം. ഞാനും മണിയും ഇടക്ക് മുഖത്തോട് മുഖം നോക്കി തലയും താഴ്ത്തിയിരുന്നു. അതിനിടയില്‍ വലിയ തളികയില്‍ പ്രധാന ഭക്ഷണം വന്നു. അന്തരീക്ഷത്തില്‍ ബിരിയാണിയുടെ ത്രസിപ്പിക്കുന്ന ഗന്ധം പടര്‍ന്നു. സൂക്തങ്ങള്‍ ചൊല്ലിയിരുന്നവരുടെ നോട്ടം മുന്നില്‍ കൊണ്ടുവന്നു വെച്ച അലുമിനിയം ഫോയില്‍ കൊണ്ട് പൊതിഞ്ഞ തളികയിലേക്കായി. ഇനി ബാങ്ക് വിളിക്കായുള്ള കാത്തിരിപ്പാണ്.

നാലുപേര്‍ക്ക് ഒരു തളിക എന്ന രീതിയിലാണ് ക്രമീകരണം. എനിക്കും മണിക്കും മുമ്പിലായി രണ്ടു പാകിസ്ഥാന്‍ സ്വദേശികള്‍. പരസ്പരം ചിരികള്‍ കൈമാറി. ഒരുക്കമെന്നോണം വെള്ളവും മറ്റും ഓരോരുത്തര്‍ അരികിലേക്ക് അടുപ്പിച്ചു വെച്ചു. എല്ലാവരും ചെയ്യുന്നത് പോലെ മണിയും അനുകരിച്ചു. 'ആദ്യം ഈത്തപ്പഴം, പിന്നെ വെള്ളം..' ഞാന്‍ പതിഞ്ഞ ശബ്ദത്തില്‍ മണിയോട് പറഞ്ഞു.

കാത്തിരിപ്പിനൊടുവില്‍ ബാങ്ക് വിളി മുഴങ്ങി. ഈത്തപ്പഴത്തിന്റെ മധുരവും ചുമന്ന് നേര്‍ത്ത തണുപ്പുള്ള വെള്ളം തൊണ്ടയില്‍ നിന്നും ഒഴുകിയിറങ്ങുന്നത് ശരീരവും മനസ്സുമറിഞ്ഞു. പാകിസ്ഥാനികള്‍ തളികയെ പൊതിഞ്ഞിരുന്ന ഫോയില്‍ അഴിച്ചു ബിരിയാണിയില്‍ വിരലമര്‍ത്തി. 'ചാമ്പിക്കോ.. ഒരു മടിയും വേണ്ട..' മണിയുടെ കാതില്‍ മന്ത്രിച്ചു. വറുതിയുടെ നാളുകള്‍ക്കൊടുവില്‍ സമൃദ്ധിയുടെ ഭോജനവുമായി പ്രവാസ ലോകത്തെ ആദ്യ നോമ്പുതുറ. പിന്നീടുള്ള നോമ്പ് കാലം ആഘോഷമായിരുന്നു. പകലിലെ ദാഹവും വിശപ്പുമെല്ലാം കെടുത്താന്‍ വൈകീട്ട് വിഭവ സമൃദ്ധമായൊരു ഭക്ഷണം കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷ മാത്രം മതിയായിരുന്നു. നോമ്പ് കാലം അങ്ങിനെയാണ്, ഏത് ഇല്ലായ്മയെയും അത് മായ്ക്കും. പാമരനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ വിശപ്പിനെ അറിയുന്ന കാലം. ദാനം കൊണ്ടും സഹാനുഭൂതി കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും മനസ്സിനെ ശുദ്ധീകരിക്കുന്ന കാലം.

വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളും കുടുംബങ്ങളും വ്യക്തികളുമൊക്കെയായി സമൃദ്ധമായ വിഭവങ്ങളുമായി കൂടാരങ്ങളൊരുക്കിയും പാഴ്സല്‍ വിതരണം ചെയ്തും നടക്കുന്ന ഇഫ്താറുകള്‍ റംസാന്‍ കാലത്തെ നിത്യക്കാഴ്ച്ചയാണ്. ചരിത്രത്തിലാദ്യമായി അതിന് മുടക്കം വന്നത് കോവിഡ് കാലഘട്ടത്തിലായിരിക്കും. വിഭവങ്ങള്‍ പലതും സ്വന്തമായി പാചകം ചെയ്യാനും വാങ്ങിക്കാനും സൗകര്യങ്ങളുണ്ടായെങ്കിലും പ്രതീക്ഷയോടെ ടെന്റിലേക്ക് നടന്ന്, മിച്ചം വരുന്നത് അത്താഴത്തിന് പൊതിഞ്ഞെടുത്ത് ആഘോഷമാക്കിയ നോമ്പ് കാലം ഇന്നും തരുന്നത് വലിയൊരു ഊര്‍ജ്ജമാണ്. അഹങ്കാരത്തിന്റെ നാമ്പുകള്‍  മുളക്കാതിരിക്കാനും തളര്‍ച്ചയുടെ വേനലില്‍ വീഴാതിരിക്കാനും എല്ലാവര്‍ക്കുമുണ്ടായിരിക്കും അങ്ങിനെ ഒരു ഭൂതകാലം. മുന്നോട്ട് വഴികളില്‍ വെളിച്ചമായി പോയ നാളുകള്‍ വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും. അതിനുള്ള സാഹചര്യങ്ങള്‍ കാലം ഒരുക്കിക്കൊണ്ടിരിക്കും.

Follow Us:
Download App:
  • android
  • ios