Asianet News MalayalamAsianet News Malayalam

സ്റ്റെഫനി,  വംശീയവെറിയുടെ  മറ്റൊരു ഇര!

ട്രീസ ജോസഫ് എഴുതുന്നു: ഒരു മനുഷ്യന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി വീര്യം തെളിയിക്കുന്നവന്‍ കാട്ടാളനല്ലാതെ മറ്റാരാണ്? 

George Floyd US racism  black lives column by Theresa joseph
Author
Thiruvananthapuram, First Published May 31, 2020, 4:34 PM IST

എന്ത് കുറ്റത്തിനായാലും ഒരു മനുഷ്യന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി നിന്ന് വീര്യം തെളിയിക്കുന്നവന്‍ കാട്ടാളനല്ലാതെ മറ്റാരാണ്? നായാടി ജീവിച്ചിരുന്ന ശിലായുഗ മനുഷ്യനില്‍ നിന്ന് റോക്കറ്റ് വിക്ഷേപണത്തിലേക്ക് വരുമ്പോള്‍, നമ്മള്‍ എത്ര വളര്‍ന്നുവെന്നാണ്? സംസ്‌കാരത്തിന്റെ ഉടയാടകള്‍ പുറമെ ചാര്‍ത്തി, ഉള്ളിലെ കാട്ടുമനുഷ്യനെ സമര്‍ത്ഥമായി മറക്കുകയല്ലാതെ മറ്റെന്താണ് നമ്മളെല്ലാവരും ചെയ്യുന്നത്?

 

George Floyd US racism  black lives column by Theresa joseph

 


അമേരിക്കയുടെ കാതുകളിലിപ്പോള്‍ ആ നിലവിളിയാണ്. കഴുത്തിലമര്‍ന്ന കാല്‍മുട്ടിന്റെ ഇടയിലൂടെ വിങ്ങിപ്പുറത്തുവന്ന  'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന നിലവിളി. വര്‍ണവെറിയനായ ഒരമേരിക്കന്‍ പൊലീസുകാരന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ  നിലവിളി തീ പോലെ അമേരിക്കന്‍ നഗരങ്ങളെ കത്തിക്കുകയാണ്.  Justice for George എന്നെഴുതിയ ബാനറുകള്‍ പിടിച്ച് ആളുകള്‍ തെരുവിലിറങ്ങി പ്രകടനം നടത്തുന്നു. മുദ്രാവാക്യങ്ങള്‍ ഉയരുന്നു. പോലീസ് സ്റ്റേഷനുകളും കടകളും കത്തിക്കുന്നു. മുപ്പതിലധികം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിരിക്കുന്നു. പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. ജനങ്ങള്‍ സംയമനം പാലിക്കണം അല്ലെങ്കില്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ പട്ടാളത്തെ ഇറക്കും എന്ന് പറയുന്ന പ്രസിഡന്റിന്റെ മുഖത്തു പോലും ഈ പ്രതിഷേധത്തെ നിയന്ത്രിക്കാമെന്ന ഉറപ്പ് കാണുന്നില്ല. 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന കരച്ചില്‍, അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ മുഴുവന്‍ വിലാപമായി മാറിയിരിക്കുകയാണ്. 

ഉള്ളിലിപ്പോള്‍ അവളാണ്, സ്റ്റെഫനി. നിയമം പോലും നിരോധിച്ചെങ്കിലും അമേരിക്കയുടെ ഉള്ളിലിപ്പോഴും നിക്ഷേപിക്കപ്പെട്ടിരിക്കുന്ന വര്‍ണ വെറിയുടെ, വംശീയ വിവേചനത്തിന്റെ ഇരയായിരുന്നു അവളും. എന്റെ സഹപ്രവര്‍ത്തക ആവേണ്ടിയിരുന്നവള്‍. കറുത്തവളായതിനാല്‍ മാത്രം, അതില്‍നിന്നും പുറത്തുപോയവള്‍. 

കാക്കക്കറുപ്പും മുല്ലപ്പൂ പോലെ വെളുത്ത പല്ലുകളുമുള്ള നൈജീരിയക്കാരിയായിരുന്നു സ്‌റ്റെഫനി. പുതിയതായി ജോലിയില്‍ പ്രവേശിച്ചതാണ്. ഇനി അടുത്ത മൂന്ന് മാസത്തേക്ക് ഞാനാണ് അവളുടെ mentor. ഹോസ്പിറ്റലിന്റെ ചിട്ടവട്ടങ്ങള്‍, രോഗികളെ പരിചരിക്കുന്ന വിധം എല്ലാം പഠിപ്പിച്ചു കൊടുക്കണം. 

അമേരിക്കയിലെ നഴ്‌സിംഗ് സ്‌കൂളുകള്‍, രോഗികളുടെ പരിചരണത്തേക്കാളേറെ റെക്കോര്‍ഡ് ചെയ്യാനാണോ പരിശീലനം കൊടുക്കുന്നതെന്ന് ഞാനാലോചിക്കാറുണ്ട് . നാട്ടിലെ നല്ലൊരു നഴ്‌സിംഗ് സ്‌കൂളില്‍ പഠിച്ചത് കൊണ്ടാവും എവിടെ ചെന്നാലും പൊരുത്തപ്പെട്ടു പോകാന്‍  ബുദ്ധിമുട്ടുണ്ടാകാറില്ല. ഗ്ലൗസ് പോലുമില്ലാതെ ബെഡ്പാനും യൂറിനലുമൊക്കെ കഴുകി , ജനലും തറയുമൊക്കെ തുടച്ചു വളര്‍ന്ന നമ്മള്‍ക്ക് ഒരുമാതിരി ഭീഷണിയൊന്നും ഏശില്ല. 

മെന്റര്‍ ആകുക എന്നത് അല്‍പം വെല്ലുവിളിയും അതിലേറെ സന്തോഷവും തരുന്ന കാര്യമാണ്. കാര്യങ്ങളൊക്കെ പഠിച്ചു നല്ല നേഴ്‌സ് ആകാന്‍ ഒരാളെ സഹായിക്കുക എന്നത് തീര്‍ച്ചയായും അഭിമാനമുള്ള കാര്യമാണ്. 

എന്തായാലും സ്റ്റെഫനിയുടെയും എന്റെയും ആദ്യത്തെ ഒരാഴ്ച്ച കുറച്ചു രോഗികളും കുറെയേറെ വര്‍ത്തമാനങ്ങളുമായി കടന്ന് പോയി. അവള്‍ അമേരിക്കയില്‍ വന്നിട്ട് കുറച്ചു വര്‍ഷങ്ങളെ ആയിട്ടുള്ളു. ഇവിടെ വന്ന് നഴ്‌സിംഗ് പഠിച്ചു. എങ്കിലും മനസ്സ് ഇപ്പോഴും നൈജീരിയയില്‍ വിട്ടു പോന്ന കുടുംബത്തോട് കൂടിയാണ്. അല്ലെങ്കിലും വേരുകള്‍ പറിച്ചു നടുന്നത് എപ്പോഴും നോവ് തന്നെയാണ്. 

'ഇവിടെ ജോലി ചെയ്തു കുറച്ചു പണം സമ്പാദിക്കണം, പിന്നെ സാവധാനത്തിലാണെങ്കിലും കുടുംബത്തെക്കൂടി കൊണ്ട് വരണം' -സ്റ്റെഫനി പറഞ്ഞു. 

ലഞ്ച് ബ്രേക്കില്‍ ആയിരുന്നു ഞങ്ങള്‍. സാലഡ് പ്ലേറ്റിലേക്ക് കുറച്ചു ഒലിവ് പെറുക്കിയിടുമ്പോള്‍ അവള്‍ പറഞ്ഞു എന്റെ കുഞ്ഞിന് അഞ്ചു വയസ്സായി. ഇന്ന് അവന്റെ ജന്മദിനമാണ് . ഒലിവിന്റെ നിറം കണ്ടപ്പോള്‍ അതേ നിറമുള്ള കുഞ്ഞിക്കണ്ണുകള്‍ അവള്‍ ഓര്‍ത്തു കാണണം. 

ഒരു നിമിഷം നിശ്ശബ്ദയായിരുന്നതിന് ശേഷം അവള്‍ പതിയെ കഴിച്ചു തുടങ്ങി . ആശ്വസിപ്പിക്കാനായി ഞാനെന്തോ പറഞ്ഞു. 

വളരെ സാവധാനം കാര്യങ്ങള്‍ പഠിക്കുന്ന ഒരാളായിരുന്നു സ്റ്റെഫനി . പല കാര്യങ്ങളും പിന്നെയും പിന്നെയും പറഞ്ഞു കൊടുക്കണം. കാര്യങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ അവള്‍ക്കിഷ്ടം കഥകള്‍ പറയുവാനായിരുന്നു. അവളുടെ നാടിന്റെ കഥകള്‍ അവള്‍ പറയും എന്നിട്ട് ചോദിക്കും 'നിങ്ങളുടെ ഇന്ത്യയില്‍ എങ്ങനെയാണ്?'

രോഗികളെ തൊടുന്നതിന് മുന്‍പും അതിന് ശേഷവും കൈ വൃത്തിയാക്കണമെന്ന്  അവള്‍ പലപ്പോഴും മറക്കും. ഒരിക്കല്‍ ഞാനവളോട് ഒരു കഥ പറഞ്ഞു,നഴ്‌സിംഗ് പഠന കാലത്തെ ഒരു കഥ. ഞങ്ങള്‍ക്ക് ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. രോഗികളെ തൊട്ട ശേഷം കൈ കഴുകാനുള്ള ചൂട് വെള്ളം നഴ്‌സിംഗ് സ്റ്റുഡന്റസ് അദ്ദേഹത്തിന്റെ മുന്‍പില്‍ പിടിക്കണം, അതും പാകത്തിന് ചൂടില്‍. ചൂട് കൂടിപ്പോയതിന് ഒരിക്കല്‍ അദ്ദേഹം വെള്ളം പിടിച്ചു കൊണ്ട് നിന്നയാളെ ഇഡിയറ്റ് എന്ന് വിളിച്ചത് ഞാന്‍ സ്റ്റെഫനിയോട് പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ചിരിച്ചു. 

എന്തായാലും അതിനു ശേഷം അവള്‍ കൈ വൃത്തിയാക്കാന്‍ ഓര്‍മ്മിച്ചിരുന്നു. 

എന്ത് കാര്യവും ചെയ്യുമ്പോള്‍ അവള്‍ ചോദിക്കും 'നിങ്ങളുടെ നാട്ടില്‍ ഇതെങ്ങനെയാണ് ചെയ്യുന്നത് ?'ഞാനവളോട് പഴയ കഥകള്‍ പറയും. സ്റ്റെഫനിയുടെ വാക്കുകളിലൂടെയാണ് നൈജീരിയയിലെ ആഭ്യന്തര കലാപങ്ങളെക്കുറിച്ചു ഞാനറിഞ്ഞത്. പല ബന്ധുക്കളും കലാപങ്ങളില്‍ കൊല്ലപ്പെട്ടത് ഒരുതരം നിസ്സംഗതയോടെയാണ് അവള്‍ പറഞ്ഞത്. 

 

.............................................................

Read more:
.............................................................

 

ഞങ്ങളുടെ ലഞ്ച് സമയങ്ങള്‍ കഥാ കൈമാറ്റങ്ങളുടേതായിരുന്നു. സ്റ്റെഫനി എന്നെ നിഗെര്‍ നദിയുടെ തീരത്തു കൊണ്ടുപോയി. പകരം ഞാനവളോട് തൊടുപുഴയാറില്‍ അക്കരെയിക്കരെ നീന്തിയ കഥ പറഞ്ഞു. ഒരുതരം കൊടുക്കല്‍ വാങ്ങല്‍. ഇടയ്ക്കു ഞാനവളെ ഓര്‍മ്മിപ്പിക്കും, 'നിന്റെ പ്രോഗ്രസ്സ് വളരെ പതുക്കെയാണ്. മൂന്ന് മാസത്തിനുള്ളില്‍ ഇതെല്ലാം പഠിച്ചെടുത്താലേ നിനക്കിവിടെ തുടര്‍ന്ന് പോകാനാവൂ.'

അവള്‍ നന്നായി ബുദ്ധിമുട്ടുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു.

'വിഷമിക്കേണ്ട , ഞാന്‍ അതൊക്കെ പഠിക്കും'എന്ന്  പറഞ്ഞു അവള്‍ എന്നെ ആശ്വസിപ്പിക്കും. 

ഇതിനിടയില്‍ മാനേജറില്‍ നിന്ന് നല്ല സമ്മര്‍ദ്ദം ഉണ്ടയിരുന്നു. ഓരോ ദിവസവും സ്റ്റെഫനിയുടെ പ്രോഗ്രസ് അവര്‍ക്ക് മെയില്‍ ചെയ്യണം. ഏതൊക്കെ കാര്യങ്ങളിലാണ് അവള്‍ പുറകിലെന്ന് പ്രത്യേകം കുറിക്കണം. ചിലപ്പോള്‍ ഞാനോര്‍ക്കും , ഇനി ഇവളെ പറഞ്ഞു വിടാനാണോ ഇവര്‍ ആലോചിക്കുന്നത്? സംശയം നീറിപ്പുകഞ്ഞു, ഒരിക്കല്‍ മനസ്സ് പിടി വിട്ടു പോയ ഒരു നിമിഷത്തില്‍ മാനേജ്‌മെന്റില്‍ അടുപ്പമുള്ള ഒരാളോട് എന്റെ സംശയം പങ്കുവച്ചു . ഞാനെന്തോ ചാരപ്രവര്‍ത്തനം നടത്തിയത് പോലെ അവര്‍ എന്നെ സൂക്ഷിച്ചു നോക്കി. പിന്നെ ചോദിച്ചു, 'നീയിതെങ്ങനെ അറിഞ്ഞു?'

എന്തറിഞ്ഞു? എനിക്കൊന്നും പിടി കിട്ടിയില്ല. കണ്ണ് മിഴിച്ചു നിന്ന എന്റെ ചെവിയിലേക്ക് വര്‍ണ്ണ വിവേചനത്തിന്റെ കാണാപ്പുറങ്ങള്‍ കടന്ന് വന്നു. 

ഇവിടെ കറുത്ത വര്‍ഗക്കാരന് നിയമപരമായ എല്ലാ അവകാശങ്ങളും മറ്റാരെയും പോലെയുണ്ട്. വിവേചനം അവസാനിപ്പിക്കുന്ന നിയമം പാസാക്കിയെങ്കിലും അത് കടലാസില്‍ മാത്രമേയുള്ളൂ. സമൂഹത്തില്‍ ഇവര്‍ പല തരത്തിലുള്ള വേര്‍തിരിവുകള്‍ അനുഭവിക്കുന്നു. എല്ലാ സ്ഥാപനങ്ങളുടെയും വെബ് സൈറ്റില്‍ ഉണ്ട് 'ഈ സ്ഥാപനം വര്‍ണ്ണത്തിനും വര്‍ഗത്തിനും അതീതമായി എല്ലാവര്‍ക്കും തുല്യമായ അവസരം നല്‍കുന്നു' എന്ന്.

ആ വാക്കുകളിലെ പൊള്ളത്തരം ഓര്‍ത്ത് എന്റെ ഉള്ളു പൊള്ളി. നിയമപരമായി സ്റ്റെഫനിയെ അവര്‍ക്ക് മൂന്ന് മാസം നിര്‍ത്തിയേ പറ്റൂ . അത് കഴിയുമ്പോള്‍ അവളെ എന്തെങ്കിലും കാരണം പറഞ്ഞു പിരിച്ചു വിടും. എന്റെ ഡെയിലി റിപ്പോര്‍ട്ടുകള്‍ അവള്‍ക്കെതിരെയുള്ള തെളിവുകളാണ്. അറിഞ്ഞോ അറിയാതെയോ ഞാനും ഈ കൃത്യത്തില്‍ പങ്കാളിയായിരുന്നു. 

അകെ മന്ദത ബാധിച്ചത് പോലെയാണ് അടുത്ത ദിവസങ്ങള്‍ ഞാന്‍ ചിലവഴിച്ചത് . ഓരോന്നും പറഞ്ഞു കൊടുക്കുമ്പോള്‍ എന്നോട് തന്നെ വെറുപ്പ് തോന്നി. കുറേ സ്വപ്നങ്ങളുമായി ഒരു ജോലി തേടിയിറങ്ങിയ ഒരാള്‍. സ്വന്തം വേരുകള്‍ പറിച്ചെറിഞ്ഞാണ് കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിതത്തിനായി അവള്‍ ഇവിടെയെത്തിയത്. തനിക്ക് ഇവിടെ ജോലി ചെയ്യാനാവശ്യമായ യോഗ്യതയില്ല എന്ന് കേട്ട്, നെഞ്ച് തകര്‍ന്ന് ഇറങ്ങിപ്പോകുന്ന അവളുടെ അവസ്ഥ ഞാന്‍ സങ്കല്‍പ്പിച്ചു. അങ്ങനെയുള്ള ഒരുപാട് സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. 

ഡല്‍ഹിയില്‍ ജോലി ചെയ്യുമ്പോള്‍ മദ്രാസി എന്ന വേര്‍തിരിവ്, ഇന്ത്യന്‍ നഴ്‌സിന് ഇതൊക്കെ അറിയാമോ എന്ന സംശയങ്ങള്‍, പതുക്കെ ആ സംശയം ആദരവിന് വഴി മാറുന്നത് ഒക്കെ മനസ്സിലേക്ക് കടന്ന് വന്നു. 

എത്രയൊക്കെ ശ്രമിച്ചിട്ടും ഞാന്‍ എത്രയൊക്കെ സഹായിച്ചിട്ടും പരിശീലന കാലഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സ്റ്റെഫനിക്ക് കഴിഞ്ഞില്ല. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അവളെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. അവസാന ദിവസം അവള്‍ പറഞ്ഞു- 'ഇന്ന് ഞാനാണ് നിനക്ക് ലഞ്ച് വാങ്ങിത്തരുന്നത്'

വേണ്ടെന്ന് എത്ര പറഞ്ഞിട്ടും അതൊന്നും വക വയ്ക്കാതെ അവള്‍ എന്നെ കൂട്ടി കഫെറ്റീരിയില്‍ പോയി. അന്നും എന്തൊക്കെയോ കഥകള്‍ പറഞ്ഞു. പിന്നെ മുല്ലപ്പൂ നിറമുള്ള പല്ലുകള്‍ കാട്ടി ചിരിച്ചു. 

'നീയെന്താ കഴിക്കാത്തത് , നോക്ക് ഈ സാല്‍മണ്‍ വളരെ നല്ലതാണ്. ഞങ്ങളുടെ നാട്ടിലും കിട്ടും ഇത് , പക്ഷെ വലിയ വിലയാണ്'.

എനിക്ക് പിന്നെ പിടിച്ചു നില്‍ക്കാനായില്ല . മുന്നിലിരുന്ന ഭക്ഷണം തള്ളിമാറ്റി ഞാന്‍ ടേബിളിലേക്ക് കമിഴ്ന്നു കിടന്നു. അവിടെ അധികം ആരും ഉണ്ടായിരുന്നില്ല. സ്റ്റെഫനി പതിയെ എന്റെ തോളില്‍ തൊട്ടു, പിന്നെ പറഞ്ഞു. 

'നീ വിഷമിക്കരുത്. എനിക്കറിയാം, നീ നന്നായി ശ്രമിച്ചു, എന്നെ പഠിപ്പിച്ചെടുക്കാന്‍. എന്ത് ചെയ്യാം എന്റെ തലച്ചോറ് വളരെ പതുക്കെയാണ് എല്ലാം പഠിക്കുന്നത്. 

''നിന്റെ ടൈം മാനേജ്‌മെന്റ് എന്നെ പഠിപ്പിക്കാത്തതെന്താ? അത് പഠിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ വിജയിച്ചേനെ അല്ലേ?'

കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. 'ഇല്ല നീ എത്ര നന്നായി ചെയ്താലും നിന്നെ പിരിച്ചയക്കാന്‍ അവര്‍ ഒരു കാരണം കണ്ടുപിടിക്കും. പോകുന്നത് തന്നെയാണ് നിനക്ക് നല്ലത്.' പിന്നെ ഞാനവള്‍ക്ക് കുറച്ചു ക്ലിനിക്കുകളുടെയും നഴ്‌സിംഗ് ഹോമുകളുടെയുമൊക്കെ ഡീറ്റെയില്‍സ് കൊടുത്തു. വിവേചനം അധികം കാട്ടാത്ത എവിടെയെങ്കിലും ജോലി കിട്ടട്ടെ എന്നാശംസിച്ചു. 

തിരിച്ചു പോരും വഴി അവള്‍ എന്നെയും കൊണ്ട് ഗിഫറ്റ് ഷോപ്പില്‍ കയറി. എന്റെ ഒരു പ്രതിഷേധവും കൂട്ടാക്കാതെ ഒരു ചെറിയ ക്രിസ്റ്റല്‍ രൂപം വാങ്ങി. ചിറകുകള്‍ വിടര്‍ത്തി നില്‍ക്കുന്ന ഒരു കുഞ്ഞു മാലാഖയുടെ രൂപം. അത് എന്റെ കൈയില്‍ വച്ചിട്ട് അവള്‍ പറഞ്ഞു: 'നീ ഇത് സൂക്ഷിച്ചു വയ്ക്കണം. കാരണം ഒരു മാലാഖയെപ്പോലെയാണ് നീ എന്നെ ഗൈഡ് ചെയ്തത്.' 

അനുസരണയില്ലാത്ത എന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. 

 

......................................................

ഒരു കറുത്ത വര്‍ഗക്കാരി കുഞ്ഞാണ് ഇപ്പോള്‍ ക്യാമറയ്ക്കു മുന്നിലിരുന്ന് കരയുന്നത്. കരച്ചില്‍ കാരണം അവള്‍ക്ക് ഒന്നും പറയാനേ ആവുന്നില്ല. 

George Floyd US racism  black lives column by Theresa joseph

 

ഞാനിതെഴുതുമ്പോള്‍ എന്റെ മുന്നിലെ ടിവി ചാനലില്‍ വാര്‍ത്തയാണ്. അമേരിക്കയിലെ പ്രതിഷേധാഗ്‌നിയുടെ റിപ്പോര്‍ട്ടുകള്‍. 

ഒരു കറുത്ത വര്‍ഗക്കാരി കുഞ്ഞാണ് ഇപ്പോള്‍ ക്യാമറയ്ക്കു മുന്നിലിരുന്ന് കരയുന്നത്. കരച്ചില്‍ കാരണം അവള്‍ക്ക് ഒന്നും പറയാനേ ആവുന്നില്ല. 

വാര്‍ത്ത മാറുന്നു, പരസ്യം വരുന്നു. വീണ്ടും വാര്‍ത്ത. നാസയുടെ ഇന്നത്തെ റോക്കറ്റ് വിക്ഷേപണം വിജയം. മനുഷ്യന്റെ വിജയാഘോഷങ്ങള്‍ എത്ര വിചിത്രം!

എന്ത് കുറ്റത്തിനായാലും ഒരു മനുഷ്യന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി നിന്ന് വീര്യം തെളിയിക്കുന്നവന്‍ കാട്ടാളനല്ലാതെ മറ്റാരാണ്? നായാടി ജീവിച്ചിരുന്ന ശിലായുഗ മനുഷ്യനില്‍ നിന്ന് റോക്കറ്റ് വിക്ഷേപണത്തിലേക്ക് വരുമ്പോള്‍, നമ്മള്‍ എത്ര വളര്‍ന്നുവെന്നാണ്? സംസ്‌കാരത്തിന്റെ ഉടയാടകള്‍ പുറമെ ചാര്‍ത്തി, ഉള്ളിലെ കാട്ടുമനുഷ്യനെ സമര്‍ത്ഥമായി മറക്കുകയല്ലാതെ മറ്റെന്താണ് നമ്മളെല്ലാവരും ചെയ്യുന്നത്?

ദളിതന്‍, പുതുക്രിസ്ത്യാനി, മാര്‍ഗം കൂടിയവര്‍, റോഹിന്‍ഗ്യകള്‍, കുര്‍ദുകള്‍. ഇവരുടെയൊക്കെ നിരയിലേക്ക് ഇരിക്കട്ടെ ഒരു ജോര്‍ജ് ഫ്‌ലോയ്ഡ് കൂടി. 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന് വിങ്ങുമ്പോഴും കഴുത്തില്‍, വര്‍ണവെറി മൂത്ത ഒരു വെള്ളക്കാരന്‍ പൊലീസിന്റെ കാല്‍മുട്ട് മുറുകി മരിച്ചുപോയവന്‍. വംശീയത ഉറകുത്തിയ ഒരു വ്യവസ്ഥ കൊന്നുകളഞ്ഞവന്‍.  

ആ വിങ്ങലും വിലാപവും നമ്മില്‍ ഒരു ചലനവും ഉണ്ടാക്കുന്നില്ലെങ്കില്‍, ഇട്ടിരിക്കുന്ന 'സംസ്‌കാര' കവചങ്ങള്‍ അഴിച്ചു വച്ചിട്ട് ഒരു കുന്തവുമെടുത്തു നായാടാന്‍ പോവുകയായിരിക്കും നല്ലത്.'

Follow Us:
Download App:
  • android
  • ios