Asianet News MalayalamAsianet News Malayalam

കാട് പോലെ നിഗൂഢമായിരുന്നു, ഒരിക്കല്‍ നേര്യമംഗലത്തെ മഴ!

പച്ച. ഭൂമിയെയും പരിസ്ഥിതിയെയും കുറിച്ച് ചില വിചാരങ്ങള്‍. കവി അക്ബര്‍ എഴുതുന്ന പരിസ്ഥിതി കുറിപ്പുകള്‍

pacha ecological notes by Akbar part 7
Author
Thiruvananthapuram, First Published Jul 14, 2021, 6:23 PM IST

മഴയിപ്പോള്‍ പഴയതുപോലെ സ്നേഹത്തോടെയല്ല പെയ്യുക. മലകള്‍ക്ക് മുകളില്‍ നിന്നല്ല മഴവരുന്നത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് മഴ തുടങ്ങുമ്പോള്‍, ആര്‍ത്തലച്ച് വലിയ ശബ്ദത്തോടെ ഇരച്ചു വരുന്ന മഴയെ ഇപ്പോള്‍ ഭയമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലമായിരുന്നു നേര്യമംഗലം. എന്നാല്‍ ഇപ്പോള്‍ അത് മാറി. ചുറ്റുമുള്ള മലകളില്‍ നിന്ന് മരങ്ങള്‍ ഇല്ലാതായതോടെയാവാം മഴ കുറഞ്ഞത്. അറിയില്ല. അല്ലെങ്കിലും കാടും നാടും മാറുന്നത്, മഴയിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടാവാം.. കാറ്റും മഴയും ഇപ്പോള്‍ പേടിപ്പെടുത്തുന്ന ഒന്നായി മാറിക്കഴിഞ്ഞു.

 

pacha ecological notes by Akbar part 7

 

മഴയുടെ നാടാണ് നേര്യമംഗലം. മലകളില്‍ നിന്നാണ് മഴയുണ്ടാവുന്നതെന്ന് കുഞ്ഞുകാലത്തേ അറിഞ്ഞിട്ടുണ്ട്. മലകള്‍ക്കിടയില്‍ മേഘങ്ങളില്‍ നിന്ന് മുളയ്ക്കുന്ന മഴ മലയിറങ്ങി വരുന്നത് കണ്ട് നിന്നിട്ടുണ്ട്. മലയിറങ്ങി പുഴയ്ക്ക് മുകളിലൂടെ താളമിട്ട് ഇക്കരെയെത്തും. 

പുഴയ്ക്കു മുകളിലൂടെ മഴ നടന്നു തുടങ്ങുമ്പോള്‍ തബലയിലെ അനക്കങ്ങളായാണ് തോന്നുക. പതുക്കെ തുടങ്ങി, അതി വേഗതയില്‍ ചലിക്കുന്ന മഴ വിരലുകള്‍ പുഴപ്പരപ്പിനെ ഡക്കയാക്കി മാറ്റുന്നു.  ചാറ്റല്‍ കാറ്റിനോടൊപ്പം ചെരിഞ്ഞു പെയ്യുന്ന മഴയുടെയൊപ്പമാണ് കാറ്റില്‍ അക്കരെയുള്ള കാട്ടില്‍ നിന്ന് പമ്പരങ്ങള്‍ (കാട്ടിലെ മരത്തിലുണ്ടാവുന്ന ഒരു കായ്) കറങ്ങി ഇക്കരെ എത്തുക.

മഴ പെയ്തു തുടങ്ങിയാല്‍ മഴ മാത്രമായിരിക്കും. മറ്റിടങ്ങളില്‍ മഴ തോര്‍ന്നാലും നേര്യമംഗലം അങ്ങനെ പെയ്തു കൊണ്ടിരിക്കും. നേര്യമംഗലം കാടും സമീപത്തെ ഉള്‍ക്കാടുകളുമാണ് മലകള്‍ക്കിടയിലെ താഴ്വരയായ നേര്യമംഗലത്തെ മഴയുടെ മംഗലമാക്കിയത്. പലതരം മഴകളുണ്ടെന്ന് കേട്ടിട്ടുണ്ട്. നാല്‍പ്പതാം നമ്പര്‍ മഴ അത്തരമൊന്നാണ്. പഴയ നൂലിന്റെ കനമാണ് നാല്‍പ്പത്. ആ കനത്തില്‍ മഴ പെയ്തുകൊണ്ടിരിക്കും. ആകാശത്തു നിന്നും നൂലിഴകള്‍ താഴോട്ട് വീഴുന്ന പോലെ തോന്നും. ഒപ്പം മലകളെ പൊതിയുന്ന കോടമഞ്ഞിന്റെ വെള്ളത്തുണികള്‍ പാറിക്കളിക്കും. മൂന്നാറിലൊക്കെ നാല്‍പ്പതാം നമ്പര്‍ മഴ ഇപ്പോഴുമുണ്ട്. സൗമ്യമായ ഈ മഴയിലാണ് ഇടുക്കി ഹൈറേഞ്ചിലെ കൃഷിയിടങ്ങള്‍ സമൃദ്ധമായത്.

മഴക്കാലം, കവിതകളില്‍ ഉള്ളതുപോലെ അത്ര കാല്‍പ്പനികമല്ലായിരുന്നു. ഓരോ മഴക്കാലവും ദുരിതത്തെ കൂടുതല്‍ അസഹ്യമാക്കി മാറ്റിക്കൊണ്ടിരിക്കും. എന്നാല്‍ മഴയുടെ ജൈവികത എന്നും ഇഷ്ടമാണുതാനും. മലകള്‍ക്കിടയില്‍ നിന്ന് മരങ്ങളെയും പാറകളെയും അവിടുള്ള ജീവികളെയെല്ലാം കുളിപ്പിച്ച് പുഴ കടന്ന് വരുന്ന മഴ, അതിന്റെ തണുപ്പില്‍ മരങ്ങള്‍ ഭൂമിയോളം കുനിഞ്ഞ് പോവുന്ന കാലം. 

കാട്ടിലെ മഴ, കാട് പോലെ തന്നെ നിഗൂഢത നിറഞ്ഞതാണ്. മഴ തുടങ്ങിയാല്‍ മരങ്ങളെല്ലാം കമ്പുകള്‍ താഴ്ത്തി മഴയെ  അനുഭവിക്കാനൊരുങ്ങും. കുഞ്ഞു ജീവികള്‍ പോലും മഴ നനയാതെ എവിടെയൊക്കെയോ പോവും. മലകളില്‍ നിന്ന് വെള്ളമൊഴുകി തോടുകള്‍ ഉണ്ടാവുന്നത് പെട്ടെന്നായിരിക്കും. അതുവരെ ജലമൊഴുകിയിട്ടില്ലാത്ത ഇടങ്ങളിലൂടെ താല്‍ക്കാലിക അരുവികള്‍ ഒഴുകി തുടങ്ങും. സാധാരണ വെള്ളമൊഴുക്ക് പോലെ സൗമ്യമാവില്ല അത്. കലങ്ങി മറിഞ്ഞ് കാട്ടുകല്ലുകളെ ഒഴുക്കിയിറക്കി ആര്‍ത്തലച്ചു വരുന്നത് കണ്ടാല്‍ പേടിയാവും. കുഞ്ഞുനാളില്‍ ഉമ്മയോടൊപ്പം തോട്ടില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഇരച്ചുവന്ന വെള്ളത്തിന്റെ തണുപ്പ് ഇന്നും ഉള്ളിലുണ്ട്. ഉമ്മ എടുത്തുകൊണ്ട് ഓടിയപ്പോള്‍, ഇരച്ചെത്തുന്ന മണ്‍നിറമുള്ള വെള്ളത്തെ തൊടാന്‍ കുഞ്ഞു കൈകള്‍ നീട്ടി ചിരിച്ചത് ഉമ്മ പിന്നീട് പറഞ്ഞു തന്നിട്ടുണ്ട്.

 

pacha ecological notes by Akbar part 7

 

മീന്‍വരവുകള്‍
മഴക്കാലത്ത് പുഴയിലേക്കൊഴുകുന്ന കുഞ്ഞുതോടുകളിലേക്ക് പുഴയില്‍ നിന്ന് പലതരം മീനുകള്‍ കയറിവരും. ഊത്ത കേറുക എന്നാണ് പറയുക. ഓരോ ഊത്തയിലും തീരെ ചെറുതും വലുതുമായ മീനുകള്‍ തോട്ടിലൂടെ കയറി വരും. അവ കൈകൊണ്ട് തപ്പിയോ, കൂടകള്‍ ഉപയോഗിച്ചോ ആണ് പിടിക്കുക. കൂരി, മുഴി വര്‍ഗ്ഗത്തില്‍പ്പെട്ട മീനുകളാണ് ഇങ്ങനെ കയറി വരിക. പ്രജനനത്തിനായാണ് ഇവയെത്തുക. ചില്ലാംകൂരി, കല്ലിടാംമുട്ടി,തളമ്പന്‍, മുഴി, പലതരം കൂരികള്‍,പരലുകള്‍.. ഇവയെല്ലാം മഴയെ ആഘോഷിക്കുകയാണെന്ന് തോന്നും. 

തോടുകളിലെ വെള്ളത്തിന്റെ തെളിച്ചത്തില്‍ ഒഴുക്കിനെതിരെ നീങ്ങുന്ന മീനുകളെ നോക്കി നിന്നാല്‍ കാണാം. ഇന്ന് ആ തോടുകളെല്ലാം ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യം പുഴയിലേക്കൊഴുക്കുന്ന ഓടകളായി മാറി. ഊത്ത പിടിക്കാന്‍ പോയി മറിഞ്ഞു കളിച്ച സ്‌കൂള്‍ കാലത്തെ തോട്ടനുഭവങ്ങള്‍ ഇന്നത്തെ കുട്ടികള്‍ക്ക് അന്യമാണല്ലോ. അവര്‍ക്കുള്ള അനുഭവങ്ങള്‍ നമുക്കുമില്ലല്ലോ! അല്ലെങ്കിലും അങ്ങനെയുള്ള തെളിഞ്ഞ് ഒഴുക്കിന്റെ കാലം ഇനിയുണ്ടാവുമോ?

സ്‌കൂളിനടുത്തുള്ള തോട്ടില്‍ നിന്ന് പിടിച്ച മീനൊക്കെ വെള്ളത്തില്‍ ഒഴുക്കിവിടുമ്പോള്‍ കൂട്ടുകാര്‍ കളിയാക്കിയിട്ടുണ്ട്. മഴ നനഞ്ഞുള്ള മീന്‍ പിടുത്തങ്ങള്‍ക്കൊടുവില്‍ പനിയാവും ഫലം. പനിപിടിച്ച് മൂടിപ്പുതച്ചു കിടക്കുമ്പോള്‍ കീറിപ്പറിഞ്ഞ പുതപ്പിനിടയിലൂടെ ഈറ്റ മേല്‍ക്കൂരയ്ക്ക് ഇടയിലൂടെ മഴ വന്ന് തൊടും. പനമ്പ് മറയ്ക്കിടയിലൂടെ കാറ്റും മഴയും അടുത്തു വന്നിരിക്കും. കിടക്കുന്ന പായ നനച്ചുകൊണ്ട് മഴ അതിന്റെ പെയ്ത്ത് തുടരും. പനിവിറയ്ക്കൊപ്പം മഴ തുടരും.

സ്‌കൂളിനടുത്തുള്ള പാടവരമ്പിലൂടെ വളഞ്ഞു ചുറ്റി വീട്ടിലേക്ക് പോകുമ്പോള്‍,പാടങ്ങള്‍ക്കിടയിലെ തോട്ടില്‍ പല തരം മീനുകള്‍ മഴയത്ത് ആര്‍ത്തലയ്ക്കുന്നത് കാണാം. പാടവരമ്പിലെ മഴയില്‍ പറന്നുപൊങ്ങുന്ന പലതരം പ്രാണികളെ കണ്ടിട്ടുണ്ട്. കിളികളെയും. ഇന്ന് ആ പാടങ്ങളില്ല. അവിടങ്ങളില്‍ വലിയ കെട്ടിടങ്ങള്‍ക്കടുത്ത് തോടുണ്ടെങ്കിലും, അവിടൊന്നും മീനുകള്‍ ഉണ്ടാവാറില്ല. മഴയെത്തുമ്പോള്‍ അവിടങ്ങളില്‍ വെള്ളം കയറും. നേരത്തേയൊക്കെ എത്ര വലിയ മഴയും ഒഴുകിപോകാന്‍, മണ്ണിലേക്കിറങ്ങാന്‍ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. ഇന്ന് അതില്ലാതായപ്പോള്‍ മഴ, പേടിപ്പിക്കുന്ന കെട്ടിക്കിടക്കുന്ന ഒന്നായി മാറി.

വേനല്‍ കനക്കുമ്പോള്‍ കാടാകെ ഉണങ്ങി കരിയും. കാട്ടുതീ നിറയും. അപ്പോള്‍, പെട്ടെന്ന് ഒരു മഴ പെയ്യും. ആ മഴയില്‍ മലകളിലെ പാറപ്പുറങ്ങള്‍ പച്ചയുടുക്കും. മഴയുടെ താളത്തില്‍ പുതുചെടികള്‍ മുളയ്ക്കും. പക്ഷികളും ജന്തുക്കളും സ്നേഹത്തോടെ നോക്കി നില്‍ക്കും. ആ മഴയുടെ താളം തെറ്റിച്ചതാരാണ്? മരങ്ങളില്ലാത്ത മലകളില്‍ നിന്ന് മഴ നഗരങ്ങളിലേക്ക് പോയിട്ടുണ്ടാവും! 

ഭയപ്പെയ്ത്തുകള്‍

മഴയിപ്പോള്‍ പഴയതുപോലെ സ്നേഹത്തോടെയല്ല പെയ്യുക. മലകള്‍ക്ക് മുകളില്‍ നിന്നല്ല മഴവരുന്നത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് മഴ തുടങ്ങുമ്പോള്‍, ആര്‍ത്തലച്ച് വലിയ ശബ്ദത്തോടെ ഇരച്ചു വരുന്ന മഴയെ ഇപ്പോള്‍ ഭയമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലമായിരുന്നു നേര്യമംഗലം. എന്നാല്‍ ഇപ്പോള്‍ അത് മാറി. ചുറ്റുമുള്ള മലകളില്‍ നിന്ന് മരങ്ങള്‍ ഇല്ലാതായതോടെയാവാം മഴ കുറഞ്ഞത്. അറിയില്ല. അല്ലെങ്കിലും കാടും നാടും മാറുന്നത്, മഴയിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടാവാം.. കാറ്റും മഴയും ഇപ്പോള്‍ പേടിപ്പെടുത്തുന്ന ഒന്നായി മാറിക്കഴിഞ്ഞു.

മഴയെന്ന പേരിന്റെ മറ്റൊരു പേരായി പ്രളയം മാറിക്കഴിഞ്ഞു. തോടുകളും പാടങ്ങളും ചതുപ്പുകളും ഇല്ലതായതോടെ മഴക്ക് ഊര്‍ന്നിറങ്ങാന്‍ ഇടമില്ലാതായി. കാടുകളില്‍ പോലും മഴയ്ക്ക് ഊര്‍ന്നിറങ്ങാന്‍ ആവുന്നില്ല. ഒഴുകി പരന്ന് നിറയുന്ന മഴ ഇപ്പോള്‍ ആശങ്ക പെയ്യുന്ന കാലമായി. ഒഴുകി മണ്ണിലേക്ക് ആഴ്ന്നിറങ്ങാന്‍ പറ്റാതായതോടെ, ഓരോ കാലവര്‍ഷക്കാലവും വീടുകളെ മുക്കിയൊഴുക്കുന്ന കാലമായി കഴിഞ്ഞു.

ഇത് എഴുതികഴിഞ്ഞപ്പോള്‍ പുഴയ്ക്ക് അക്കരെ നിന്ന് , മലകള്‍ക്ക് അപ്പുറത്ത് നിന്ന് മഴ പെയ്തു തുടങ്ങുന്നു. മേഘങ്ങള്‍ മലകളെ പൊതിഞ്ഞു തുടങ്ങി. മലകള്‍ കടന്ന്, പുഴ നീന്തി വരുന്ന മഴയെ കാണാനാവാതെ ജനലുകള്‍ അടച്ചുവയ്ക്കുന്നു. സുരക്ഷിതമായ മുറികള്‍ അന്വേഷിച്ച് ഓടി നടക്കുന്നു. വലിയ ഹുങ്കാരത്തോടെ മഴ മേല്‍ക്കൂരയ്ക്ക് മുകളില്‍ പെയ്തു തുടങ്ങുമ്പോള്‍ നെഞ്ചിടിപ്പ് കൂടുകയാണ്.

സത്യമാണ്, മഴയെ ഇപ്പോള്‍ പേടിയാണ്!

Follow Us:
Download App:
  • android
  • ios