Asianet News MalayalamAsianet News Malayalam

ഭൂമിയെ കൊല്ലരുതെന്ന് ഇന്നല്ലെങ്കിൽ പിന്നെ എപ്പോൾ പഠിക്കും നമ്മൾ?

ഇടുക്കി ഡാമിന്‍റെ അഞ്ച് ഷട്ടറുകളും തുറന്ന് വലിയ തോതിൽ വെള്ളം ഒഴുക്കിവിടുമ്പോൾ നമ്മുടെ കണക്കുകൂട്ടലുകൾ എല്ലാം ഒരുപാട് തെറ്റിപ്പോയി. അല്ലെങ്കിലും മനുഷ്യന്‍റെ കണക്കുകൂട്ടലിന് പ്രകൃതി കാത്തുനിൽക്കാറില്ല.

cover story
Author
Thiruvananthapuram, First Published Aug 12, 2018, 4:29 PM IST

ഒരു ദുരന്തമുഖത്ത് അതിനേക്കാൾ വലിയ ദുരന്തമാകുന്ന കുറച്ച് മലയാളികളെപ്പറ്റി കൂടി പറയണം.  എത്ര പറഞ്ഞാലും മനസ്സിലാകാത്തവരുണ്ട്. സെൽഫിയെടുത്ത് ആഹ്ളാദിക്കുന്നവരെ ഇടുക്കി ഡാമിന് മുന്നിലും നിങ്ങൾക്ക് കാണാം. വിനോദസഞ്ചാരമായി മാത്രം കാണുന്നവർ. എത്രയോ ആളുകൾ ആശങ്കയോടെ എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കുന്ന വേളയിലാണ് ആഹ്ളാദപ്രകടനം എന്ന ഔചിത്യമില്ലായ്മ അരങ്ങേറുന്നത്.  അതിന് പുറമെയാണ് ഉപദേശങ്ങളും നിർദ്ദേശങ്ങളും വീട്ടിലിരുന്ന് സമൂഹമാധ്യമങ്ങളിലൂടെ വർഷിക്കുന്നവർ, ഒപ്പം പരിഹാസവും. ജോലി ചെയ്യുന്നവർക്ക് , കളത്തിലിറങ്ങി കളിക്കുന്നവർക്ക് അതിന്‍റെ ബുദ്ധിമുട്ട് അറിയാം. 

cover story

രാഷ്ട്രീയ ഭിന്നതകളൊക്കെ വിളിച്ചുപറയുന്നവരാണ് നമ്മൾ കേരളീയർ. എതിരാളികളെ ട്രോളി പരിഹസിച്ച് നിലംപരിശാക്കുന്നവർ. ഭിന്നതകളെല്ലാം തന്നെ ആരെയും ഭയപ്പെടാതെ പരസ്യമായി പറയാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. മതം പറയുന്നവരുണ്ട്, മതം പറയുന്നവരെ വിമർശിക്കുന്നവർ ഉണ്ട്. സർവതന്ത്ര സ്വതന്ത്രരായ ഒരു സമൂഹം. ഈ സമൂഹം ഇങ്ങനെ നിലനിൽക്കണമെങ്കിൽ ഈ നാട് നമുക്ക് വേണം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ. ഇപ്പോൾ നമ്മുടെ നാട് അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണ്. എട്ട് ജില്ലകളിൽ മഴദുരിതം നാശം വിതച്ചിരിക്കുന്നു. മലയാളികളെല്ലാം ഒരുമിച്ച് നിന്ന് എല്ലാവരെയും സഹായിക്കേണ്ട സന്ദർഭമാണിത്. ചെറുതാകട്ടെ, വലുതാകട്ടെ ആവുന്നത്ര എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണം. എല്ലാവരും ഒത്തുചേർന്ന് നിന്നാൽ മാത്രമെ കേരളത്തെ നമുക്ക് പഴയ കേരളമാക്കി മാറ്റാൻ കഴിയൂ. 

ഇടുക്കി ഡാമിന്‍റെ അഞ്ച് ഷട്ടറുകളും തുറന്ന് വലിയ തോതിൽ വെള്ളം ഒഴുക്കിവിടുമ്പോൾ നമ്മുടെ കണക്കുകൂട്ടലുകൾ എല്ലാം ഒരുപാട് തെറ്റിപ്പോയി. അല്ലെങ്കിലും മനുഷ്യന്‍റെ കണക്കുകൂട്ടലിന് പ്രകൃതി കാത്തുനിൽക്കാറില്ല. മഴ കനത്തു, നീരൊഴുക്ക് പ്രതീക്ഷിച്ചതിലുമധികമായി.  നിറഞ്ഞുനിൽക്കുന്ന റിസർവോയറിലേക്ക് കണക്കില്ലാത്ത വെള്ളം ഒഴുകിവന്നു.  അഞ്ച് ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കിവിട്ട് പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുകയായിരുന്നു കേരളം.  

നിറയുന്ന അവസ്ഥ ഒരാഴ്ച മുമ്പുണ്ടായപ്പോൾ കുറച്ച് തുറന്നിരുന്നുവെങ്കിൽ ഇപ്പോഴിത്രയും വേണ്ടിവരില്ലായിരുന്നു എന്നത് സത്യമാണ്.  അന്ന് ആ തീരുമാനമെടുക്കുന്ന കാര്യത്തിൽ  വൈദ്യുതി വകുപ്പും ജലവിഭവ വകുപ്പും തമ്മിൽ ധാരണയുണ്ടായില്ല. തുറക്കുക എന്നത് കെഎസ്ഇബിയുടെ തീരുമാനം, തുറന്നാൽ ജലവിഭവവകുപ്പും , റവന്യൂ വകുപ്പും നോക്കണം  അതാണ് സ്ഥിതി.  'പണ്ട് കനത്ത മഴ വന്നല്ലോ, പണ്ട് ഷട്ടർ തുറന്നല്ലോ, പണ്ട് കൂടുതൽ വെള്ളമൊഴുകിയല്ലോ' എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്, വർഷം ഇരുപത്തിരണ്ട് കഴിഞ്ഞു, പുഴയും വഴിയും മാറി.  ഡാം തുറന്നാൽ വെള്ളം ഒഴുകിപ്പോകേണ്ടിടത്ത് നമ്മളുണ്ടാക്കിയത് കെഎസ്ആർടിസി സ്റ്റാന്‍റും കച്ചവട സ്ഥാപനങ്ങളുമാണ്. എല്ലാം വെള്ളമെടുത്തു. വെള്ളം ഇറങ്ങിക്കഴിഞ്ഞ്  ഈ സ്ഥലങ്ങൾ നാം സ്വന്തമാക്കുമോ?  അതോ പ്രകൃതിക്ക് വിട്ടുകൊടുക്കുമോ? ഈ അനുഭവത്തിൽ നിന്ന്  നാം എന്ത് പാഠം പഠിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

സംസ്ഥാന സർക്കാർ ആവുന്ന വിധത്തിലെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. എല്ലാ സഹായവും നൽകിക്കൊണ്ട് കേന്ദ്രസർക്കാരുണ്ട്.  സേനാ വിഭാഗങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്.  ദുരന്തമുഖത്ത് നിൽക്കുമ്പോൾ തർക്കങ്ങൾക്ക് പ്രസക്തിയില്ല. പക്ഷെ, ഇടുക്കി റിസർവോയറിൽ നിന്ന് അഞ്ച് ഷട്ടറുകൾ വഴി സെക്കന്‍റിൽ 750 ക്യുമെക്സ് വെള്ളം വീതം 24 മണിക്കൂറിലേറെ ഒഴുക്കിവിടുമ്പോൾ ചില കാര്യങ്ങൾ പറയാതിരിക്കാനാകില്ല.  കെഎസ്ഇബിയുടെ, വൈദ്യുത വകുപ്പിന്‍റെ കാഴ്ചപ്പാടില്ലായ്മ, കണക്കെടുപ്പില്ലായ്മ അത് ഗൗരവമായി കാണേണ്ടതാണ്.   2403 അടിയിലേക്ക് വെള്ളം എത്തുന്നതിന് മുമ്പ് തന്നെ  ഒരു തരത്തിലും പ്രശ്നമില്ലാത്ത തരത്തിൽ വെള്ളം ഒഴുക്കി കളയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നേരത്തെ പറഞ്ഞത്. എന്നാൽ ഡാം തുറക്കണോയെന്ന് തീരുമാനിക്കേണ്ടത് കെഎസ്ഇബിയാണെന്ന അധികാരമുയർത്തിയ ഇടുക്കിക്കാരൻ മന്ത്രി എം.എം. മണിക്ക് അഭിപ്രായം വേറെയായിരുന്നു.   മഴ കനക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കെഎസ്ഇബിക്ക് കൊടുത്തിരുന്നുവെന്ന് റവന്യൂ അധികൃതരും  കാലാവസ്ഥ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും പറയുന്നു. അവസാന തരി കറന്‍റും ഒരോ തുള്ളിയിൽ നിന്നും  ഊറ്റിയെടുക്കാനിരിക്കുകയായിരുന്നോ കെഎസ്ഇബി?  24 മണിക്കൂർ മുന്നറിയിപ്പെന്ന വാഗ്ദാനം മന്ത്രി എം.എം. മണിയും കെഎസ്ഇബിയും പാലിച്ചില്ല. ട്രയൽ റൺ എന്ന് പറഞ്ഞവർ പെട്ടെന്ന് പെട്ടെന്ന് അഞ്ച് ഷട്ടറുകളും ഉയർത്തി. ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവും കുത്തനെ കൂട്ടി. കെഎസ്ഇബിയുടെ കയ്യിൽ നിന്ന് കാര്യം പിടിവിട്ടുപോയതുകൊണ്ടായിരുന്നു ഇത്. 24 മണിക്കൂറൊന്നും കാത്തുനിൽക്കാൻ കഴിയാത്ത വെള്ളം കുത്തിയൊലിച്ച് റിസർവോയറിലെത്തിയാൽ ഒഴുക്കിവിടാതെ എന്ത് ചെയ്യാൻ?  ഇതുവരെ തുലാവർഷ കാലത്ത് തുറന്നിട്ടുള്ള ഡാം കാലവർഷക്കാലത്തുതന്നെ തുറന്നു.

എം.എം. മണിക്ക് ആശങ്കയൊന്നുമുണ്ടാകില്ല. പെരിയാറിന്‍റെ കരകളിൽ താമസിക്കുന്നവർക്കും അവരുടെ ഉറ്റവർക്കും ആശങ്കയുണ്ടായിരുന്നു. ജീവൻ നഷ്ടപ്പെടുമെന്നതിൽ മാത്രമല്ല മന്ത്രീ ആശങ്ക. വീട്ടിൽ വെള്ളം കയറുന്നതും കൃഷിനാശവുമെല്ലാം ആശങ്കയാണ്. ഇടമലയാറിലെ വെള്ളം, ഇടുക്കിയിലെ വെള്ളം എല്ലാമൊന്നിച്ചൊഴുകിയെത്തുമ്പോൾ ആലുവാപ്പുഴയുടെ കരയിലുള്ളവർ ആശങ്കപ്പെടാതിരിക്കാൻ ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലല്ലോ?  അതുകൊണ്ട് മന്ത്രി മണിയും സംഘവും സർക്കാരും പറ്റിയ വീഴ്ചകൾ ഗൗരവപൂർവം പരിശോധിക്കണം. പിടിപ്പുകേട് അലങ്കാരമായി കൊണ്ടുനടക്കരുത്. 'മഴ കനത്തതിന് മണിയാശാൻ എന്ത് പിഴച്ചു' എന്ന് ചോദിക്കുന്നവർ വിവരദോഷികളാണ്.

ആളുകൾക്ക് ഒരുപാട് പരാതികളുണ്ടാകും. എല്ലാം നഷ്ടപ്പെടുന്നവർ ഔചിത്യം നോക്കിയല്ല പരാതി പറയുക. കേരളത്തിന്‍റെ സാമ്പത്തികനിലയനുസരിച്ച് കേരളം മാത്രം വിചാരിച്ചാൽ നികത്താവുന്ന നഷ്ടമല്ല ഇപ്പോഴത്തേത്. പിടിപ്പുകേടും, കരുതലില്ലായ്മയുമൊക്കെ ഒരുഭാഗത്ത് നമുക്ക് ചർച്ചയാക്കാം. മറുഭാഗം സഹായമെത്തിക്കലിന്‍റേതാവട്ടെ.

മഹാദുരിതത്തിന് മുന്നിൽ നിന്നുകൊണ്ട് തർക്കങ്ങളെപ്പറ്റിയും, പോരായ്മകളെപ്പറ്റിയും  പറയുന്നതിൽ ചെറിയൊരപാകതയുണ്ട്. പക്ഷെ, അത് സഹിച്ചേപറ്റൂ.  നാം തന്നെ ക്ഷണിച്ച് വരുത്തിയ ദുരിതമാണ് ഇതിൽ അധികവും എന്ന് കൂടി പറയുമ്പോൾ, ഇത് ഇപ്പോഴാണോ പറയേണ്ടത് എന്ന് ചോദിക്കുന്നവരുണ്ടാകാം. അങ്ങനെയൊരു സംശയം ന്യായമാണ്.  പക്ഷെ, ഇതിപ്പോഴെങ്കിലും ചോദിച്ചേ പറ്റൂ എന്ന അവസ്ഥ കൂടി നമ്മുടെ മുന്നിലുണ്ട്. നമ്മളുണ്ടാക്കിയ ദുരന്തം, നമ്മൾ ക്ഷണിച്ച് വരുത്തുന്ന ദുരിതങ്ങൾ  അതെല്ലാം നമുക്ക് ഒഴിവാക്കാവുന്നതേയുള്ളു. ഓരോ ദുരിതസമയവും നമ്മളെ എന്തെങ്കിലും പഠിപ്പിക്കണം. അല്ലെങ്കിൽ ഇതിനൊന്നിനും ഒരു അർത്ഥവുമുണ്ടാകില്ല.

ആലുവ വ്യവസായ മേഖലയിലെ പെരിയാറിലുള്ളത് മലിനജലമായിരുന്നു. വെള്ളം കയറിയാൽ രാസമാലിന്യമടക്കം വിട്ടിലെത്തി വിചാരിക്കാത്ത സ്ഥിതിയുണ്ടാകും എന്നാണ് വികസനവാദികൾ പോലും പേടിച്ചത്.  ഒരപകടത്തിന്‍റെ തീവ്രത നമ്മൾ മനസ്സിലാക്കണമെങ്കിൽ അപകടം നമ്മുടെ വീട്ടിലെത്തണം എന്ന സ്ഥിതി എത്ര ആപത്കരമാണെന്ന് നമ്മളെല്ലാം തിരിച്ചറിയേണ്ട സമയമാണിത്.  വയലും നീർത്തടവും നിയന്ത്രണമില്ലാതെ നികത്തുമ്പോൾ , മണ്ണിട്ടുനിറയ്ക്കുമ്പോൾ ഈ മുന്നറിയിപ്പുകൾ നമ്മൾ കേട്ടിരുന്നു.  അന്ന് അതൊന്നും വേണ്ടവിധം കണക്കിലെടുത്തില്ല.  ഇപ്പോൾ ഉരുൾപൊട്ടുന്നത് എവിടെവേണമെങ്കിലുമാകാമെന്ന് തിരിച്ചറിയുമ്പോഴെങ്കിലും നമ്മൾ  ഞെട്ടണം.  

ഒരു പുതപ്പിന് കീഴിൽ കെട്ടിപ്പിടിച്ചുറങ്ങുന്ന ഒരു കുടുംബം മരണത്തിലേക്കെടുത്തെറിയപ്പെടുന്ന സ്ഥിതി ഇനി ഏതൊക്കെ  കുന്നിൻചരിവുകളിൽ ഉണ്ടാകുമ്പോഴാണ് നാം പഠിക്കുക? പരിസ്ഥിതി അനുമതിയില്ലാതെ ക്വാറികൾ പ്രവർത്തിക്കരുതെന്ന് നിർദ്ദേശം വന്നാൽ നമ്മളാലോചിക്കുക നമ്മുടെ വീട് കെട്ടാൻ കല്ലെവിടുന്ന് കിട്ടും, നിർമ്മാണം നിലയ്ക്കില്ലേ എന്നാണ്.  നോക്കിനിൽക്കെ ഒന്നുമില്ലാതായവരുടെ വിഷമം എങ്ങനെ പരിഹരിക്കും.

പതിനായിരങ്ങളാണ് ഇനി എന്തെന്ന് അറിയാതെ നിൽക്കുന്നത്. ജലവൈദ്യുത പദ്ധതികൾ കൂടുതലുള്ള, നിയമവിരുദ്ധ ക്വാറികൾ നൂറുകണക്കിനുള്ള, ക്രമവിരുദ്ധമായി കുന്നിടിക്കുന്ന കേരളത്തിൽ ഇതുപോലുള്ള ദുരന്തങ്ങൾ ഇനി ആവർത്തിക്കില്ലേ? തടയാൻ നാമെന്ത് ചെയ്യും? അപ്പോഴപ്പോഴുണ്ടാകുന്നതിന് രാഷ്ട്രീയനേട്ടമുണ്ടാക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള മിക്കവാറും നേതാക്കൾ.  2011 നവംബർ 25ന് പി.ജെ. ജോസഫ് പറ‍ഞ്ഞത്  ഈ സമയത്ത് ഓർക്കണം.

"മുല്ലപ്പെരിയാറിന്‍റെ തകർച്ചയെത്തുടർന്ന് ഇടുക്കിയും ചെറുതോണിയും കുളമാവും തകർന്നാൽ, എറണാകുളം ജില്ല, ആലപ്പുഴ ജില്ല, കുട്ടനാടിലൊന്നും ഒരു മനുഷ്യൻ ബാക്കിയുണ്ടാകില്ല. ഉറങ്ങാൻ കഴിയുന്നില്ല, ഏത് സമയത്തും ഭൂചലനം ഉണ്ടാകാം. 30 ലക്ഷം ജനങ്ങളുടെ ജീവൻ പന്താടുന്നൊരു വിഷയത്തിൽ കേന്ദ്രസർക്കാർ ഇങ്ങനെ നോക്കിയിരിക്കാമോ?"

ആ ഒരൊറ്റ ദിവസമൊഴിച്ച് ഇന്നുവരെ പി.ജെ. ജോസഫ് നന്നായുറങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്ന വഴി തമിഴ് നാട് അതിർത്തിക്കകത്ത് വൻതോതിൽ ഭൂമിയുള്ളവരുടെ പേര് വെളിപ്പെടുത്തുമെന്ന് ജയലളിത പറഞ്ഞപ്പോൾ തീർന്നതാണ് മുല്ലപ്പെരിയാർ പൊട്ടുമെന്ന പേടി.  ഇത്തവണത്തേത് റെക്കോർഡ് മഴ. ഇത് ഇനിയും മറികടന്നേക്കാം വരുംകൊല്ലങ്ങളിൽ. ആശങ്കപ്പെട്ടേ പറ്റൂ. ഉറക്കം പോയെന്ന അടവ് നയമൊന്നും ഇനി വേണ്ട. ചിന്തിച്ചുറപ്പിച്ച നടപടികൾ മതി.  

ഒരു ദുരന്തമുഖത്ത് അതിനേക്കാൾ വലിയ ദുരന്തമാകുന്ന കുറച്ച് മലയാളികളെപ്പറ്റി കൂടി പറയണം.  എത്ര പറഞ്ഞാലും മനസ്സിലാകാത്തവരുണ്ട്. സെൽഫിയെടുത്ത് ആഹ്ളാദിക്കുന്നവരെ ഇടുക്കി ഡാമിന് മുന്നിലും നിങ്ങൾക്ക് കാണാം. വിനോദസഞ്ചാരമായി മാത്രം കാണുന്നവർ. എത്രയോ ആളുകൾ ആശങ്കയോടെ എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കുന്ന വേളയിലാണ് ആഹ്ളാദപ്രകടനം എന്ന ഔചിത്യമില്ലായ്മ അരങ്ങേറുന്നത്.  അതിന് പുറമെയാണ് ഉപദേശങ്ങളും നിർദ്ദേശങ്ങളും വീട്ടിലിരുന്ന് സമൂഹമാധ്യമങ്ങളിലൂടെ വർഷിക്കുന്നവർ, ഒപ്പം പരിഹാസവും. ജോലി ചെയ്യുന്നവർക്ക് , കളത്തിലിറങ്ങി കളിക്കുന്നവർക്ക് അതിന്‍റെ ബുദ്ധിമുട്ട് അറിയാം. കരയ്ക്കിരുന്ന് കല്ലെറിയാനും ഉപദേശിക്കാനും പരിഹസിക്കാനും എളുപ്പമാണ്, അവനവന്‍റെ വീട്ടിലേക്ക് വെള്ളം കയറുന്നത് വരെ.  അവനവന്‍റെ വീട്ടിൽ വെള്ളം കയറിയോ ദുരിതമെത്തിയോ എന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുകൊണ്ട് മറ്റുള്ളവരെ കല്ലെറിയാൻ കാത്തിരിക്കാം.

മൂന്നാഴ്ച മുമ്പാണ് കുട്ടനാട് മഴയിലും മലവെള്ളത്തിലും മുങ്ങിയത്. അന്നാദ്യം  കേരളം പകച്ചുനിന്നു. മുന്നൊരുക്കങ്ങളില്ലാത്തത് മാത്രമല്ല, ദുരന്തനിവാരണ സഹായത്തിലും പോരായ്മകളുണ്ടായിരുന്നു, ധാരാളം. വീഴ്ചകളും പോരായ്മകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ സർക്കാർ അതെല്ലാം പരിഹരിക്കാൻ ശ്രമിച്ചു, ദുരിതാശ്വാസപ്രവർത്തനങ്ങൾ കുറേക്കൂടി കാര്യക്ഷമമായി, ഒറ്റപ്പെട്ടുപോയ ഇടങ്ങളിലും സഹായമെത്തി.  സർക്കാരിന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങളും നഷ്ടപരിഹാര പ്രവർത്തനങ്ങളും തുടരുന്നു. ആ സമയത്ത് ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നുണ്ടായിരുന്നു. ഡാമിന്‍റെ ഷട്ടറുകൾ തുറന്നേക്കുമെന്ന സ്ഥിതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പിഴവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ തോൽപ്പിക്കാനുള്ള മാധ്യമ അജണ്ടയാണെന്ന് പരിഹസിച്ച ഒരു പറ്റം ഭക്തജനങ്ങൾ 'മാധ്യമപ്രവർത്തകർ ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ തള്ളിത്തുറക്കു'മെന്ന് വരെ പരിഹസിച്ചു. ഡാമിന്‍റെ പരിസരങ്ങളിലോ വൃഷ്ടിപ്രദേശങ്ങളിലോ പോകാതെ സ്വന്തം വീടിന്‍റെയും ഓഫീസിന്‍റെയും സുരക്ഷിതത്വത്തിൽ ഇരുന്ന് സമൂഹമാധ്യമങ്ങളിലൂടെ എളുപ്പത്തിൽ നടത്താവുന്ന പണിയാണ് പരിഹാസം.  

ഇടയ്ക്കിടെ ഏതെങ്കിലും മാധ്യമങ്ങൾ നോക്കി വിവരങ്ങളിറഞ്ഞശേഷം അധ്വാനികൾ വീണ്ടും പരിഹാസത്തിനിറങ്ങി. കുറേപ്പേർ ഉപദേശത്തിനും. ഒടുവിൽ യഥാർത്ഥത്തിൽ പുലിവന്നു. മാധ്യമങ്ങൾ തള്ളാതെ ഇടുക്കി ഡാമിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നുവിട്ടു. ഇങ്ങ് ആലുവായിലും കൊച്ചിയിലും കരയ്ക്കിരുന്ന് കളികണ്ട് പരിഹസിച്ചവരുടെ മുറ്റത്ത് വെള്ളമെത്തി. 'ഈ വെള്ളം എവിടെയെത്തുമെന്ന് പറയൂ' എന്നാവശ്യപ്പെട്ടവർ സുരക്ഷിതസ്ഥാനങ്ങൾ തേടിയോടി. അപ്പോൾ പക്ഷെ, മാധ്യമങ്ങൾ പിണറായിയെ തോൽപ്പിക്കുകയാണെന്നവർക്ക് തോന്നിയിരുന്നില്ല.

Follow Us:
Download App:
  • android
  • ios