Asianet News MalayalamAsianet News Malayalam

ജലം: നമ്മുടെ അഹങ്കാരം ഇനിയെത്ര നാള്‍?

Dr Shimna Azeez column on World Water Day
Author
Thiruvananthapuram, First Published Mar 22, 2017, 6:56 AM IST

Dr Shimna Azeez column on World Water Day

ഇന്ന് വരെ ഞാന്‍ വരച്ച എല്ലാ ചിത്രത്തിലും ഒരു പുഴയും തോണിയും തോണിക്കാരനും സൂര്യനും കാണും. തോണിയുടെ ആകൃതി കുറച്ച് മെച്ചപ്പെട്ടതൊഴിച്ചാല്‍ എന്റെ ചിത്രരചനാപാടവം അന്നും ഇന്നും പരിതാപകരമാണ്.പുഴയിലെ വെള്ളം ആവിയായി മേലോട്ട് പോകുന്നതും അവിടുന്ന് മേഘം ഉണ്ടായി അപ്പുറത്ത് പോയി മഴ പെയ്യുന്നതും (വാട്ടര്‍ സൈക്കിള്‍) അത് തിരിച്ചൊഴുകി പുഴയില്‍ എത്തുന്നതും സയന്‍സ് നോട്ടില്‍ വരച്ചപ്പോഴും ഇതേ തോണിയും തോണിക്കാരനും അവിടെത്തന്നെ ഉണ്ടായിരുന്നു.

രണ്ടു പുഴയ്ക്കു കുറുകെ എന്നും യാത്ര ചെയ്യുന്ന ആളാണ് ഞാന്‍, ഇരുവഴിഞ്ഞിപ്പുഴയും ചാലിയാറും. പാലത്തിനു മീതെ നിന്ന് നോക്കുമ്പോള്‍ എന്റെ ചിത്രത്തിലെന്ന പോലെ തോണിയും തോണിക്കാരനും ചിലപ്പോഴൊക്കെ അവരുടെ നെഞ്ചില്‍ ഉണ്ടാകും. രാത്രിയില്‍ പുഴയുടെ നെഞ്ചിലെ രക്തമൂറ്റാന്‍ വരുന്ന  രക്ഷസ്സാവുന്നതും ഇതേ തോണിക്കാരന്‍ തന്നെയാവണം. മണല്‍ കടത്തിയും മാറ് പിളര്‍ത്തിയും പുഴ ശുഷ്‌കിക്കുകയാണ്. ഇടി വെട്ടി പെയ്യുന്ന തുലാവര്‍ഷവും തുള്ളി മുറിയാത്ത കര്‍ക്കിടകവും അടുത്ത തലമുറക്ക്, പുസ്തകങ്ങളിലെ സങ്കല്‍പ ലോകത്തില്‍ കാണേണ്ടി വരുമെന്ന് പറഞ്ഞാല്‍ പോലും അതിശയോക്തി തീരെയില്ല. വെള്ളം വറ്റി തുടങ്ങിയിരിക്കുന്നു, വേനലാണ്. ഇനി വേനലുകള്‍ക്ക് നീളമേറാന്‍ പോവുകയുമാണ്.

വെള്ളം വറ്റി തുടങ്ങിയിരിക്കുന്നു, വേനലാണ്.

ജലം പാഴാക്കുമ്പോള്‍
ഇന്ന് മാര്‍ച്ച് 22. അന്താരാഷ്ട്ര ജലദിനം. നഷ്ടപ്പെടുന്ന ജലത്തെക്കുറിച്ചും ജലസ്രോതസ്സുകളെക്കുറിച്ചും നെടുവീര്‍പ്പിടാനുള്ള ദിവസം. കൊടികുത്തിയ സെമിനാറുകളും പോസ്റ്റിടലും നടത്തുന്നതല്ലാതെ നാളെ മുതല്‍ നമ്മള്‍ വീണ്ടും യാതൊരു മുന്‍കരുതലുമില്ലാതെ വെള്ളം ഒഴുക്കാന്‍ തുടങ്ങും. ഉപയോഗിച്ച വെള്ളം, നമ്മള്‍ ഉപയോഗശൂന്യമാക്കിയ വെള്ളം. അന്താരാഷ്ട്ര ജലദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയവും ഇത് തന്നെ  'വേസ്റ്റ് വാട്ടര്‍'. കൂടെ, വളരെ വിലയേറിയൊരു ചോദ്യമാണ് അവരുടെ ക്യാംപെയിന്‍ 'Why waste water?'

വെള്ളം ഉപയോഗിക്കുന്നതിലും ക്രൂരമായിരിക്കും നമ്മള്‍ ഉപയോഗിച്ച് തള്ളുന്ന വെള്ളത്തിന്റെ കണക്ക്. വലിയ നിര്‍മാണശാലകളെയും കച്ചവടസമുച്ചയങ്ങളെയും കുറിച്ച് വാചാലരാകും മുന്‍പ്, ഇന്ന് രാവിലെ പല്ല് തേച്ചപ്പോള്‍ വാഷ് ബേസിന്‍ തുറന്നിട്ടിരുന്നോ എന്ന് ചോദിക്കുന്നതാകും അല്‍പം കൂടി പ്രസക്തം. വ്യക്തിയില്‍ നിന്നും തുടങ്ങേണ്ടതാണല്ലോ കുടുംബവും സമൂഹവും. രാവിലെ ഉണരുന്നത് മുതല്‍ നമ്മള്‍ കളയുന്ന വെള്ളത്തിന് കൈയും കണക്കുമില്ല എന്നത് പകല്‍ പോലൊരു സത്യമാണ്. വെയില്‍ കനക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ ഓടുന്ന, അങ്ങനെ ഓടിചെല്ലുമ്പോള്‍ എടുത്തു കുടിക്കാന്‍ വെള്ളമുള്ളവരാണ് നമ്മള്‍. നമുക്ക് സൗകര്യപൂര്‍വ്വം കൈയിലൂടെ വെള്ളമൊഴുക്കി കളയാം, ദേഹത്ത് വെള്ളം കോരിയൊഴിച്ച് തണുപ്പ് നേടാം, സന്തോഷാരവങ്ങളോടെ സ്വന്തം വീട്ടിലെ വറ്റാത്ത കിണറിനെ കുറിച്ച് ഊറ്റം കൊള്ളാം. എത്ര നാള്‍?

സ്വന്തം വീട്ടിലെ വറ്റാത്ത കിണറിനെ കുറിച്ച് ഊറ്റം കൊള്ളാം. എത്ര നാള്‍?

ഇനി എത്ര കാലം? 
ലോകത്ത് 663 മില്യണ്‍ ആളുകള്‍ക്ക് ഇന്നും വിശ്വാസയോഗ്യമായ കുടിവെള്ള സ്രോതസ്സ് അടുത്തില്ല. വേറൊരു 1.8 ബില്യന്‍ ആളുകള്‍ക്ക് കിട്ടുന്നതാകട്ടെ മലവും മറ്റു അശുദ്ധികളും കൊണ്ട് വൃത്തിഹീനമായ കുടിവെള്ളവും. കൈയെത്തുന്നിടത്ത് മുഴുവന്‍ കുടിവെള്ളം കിട്ടാനുള്ള ഞാനും നിങ്ങളും ഉള്‍പ്പെടെയുള്ള മലയാളികള്‍ ഈ കണക്കു കണ്ടാല്‍ 'ഓ, അതൊക്കെ വല്ല സഹാറ മരുഭൂമിയിലും ആകും' എന്ന് പറയും. നിറഞ്ഞൊഴുകിയിരുന്ന നിളക്ക് മണല്‍പ്പാതയായി വെയിലേറ്റു വെന്തു കിടക്കാമെങ്കില്‍, നമ്മുടെ ശുദ്ധജല സ്രോതസ്സുകളുടെ ആയുസ്സ് ഇനി എത്ര കാലം കൂടിയായിരിക്കും !

അന്താരാഷ്ര ജലദിനത്തിന്റെ  പ്രമേയം എന്ത് കൊണ്ടും പ്രസക്തമാണ്. നമ്മള്‍ ഉപയോഗിച്ച് ഒഴുക്കി വിടുന്ന വെള്ളം മാത്രം മതി വീട്ടിലെ ചെടി നനക്കാനും മറ്റും. തുണിയലക്കുന്ന വെള്ളവും കുളിക്കുന്ന വെള്ളവുമൊക്കെ സൗകര്യത്തിന്റെറ പേരില്‍ തെങ്ങിന്‍കുഴിയിലേക്ക് തിരിച്ചു വിടുന്നത് കാലാകാലങ്ങളായി നമ്മുടെ രീതിയാണ്. അത് തെങ്ങിനോടും പ്രകൃതിയോടും ഉള്ള സ്‌നേഹം കൊണ്ടല്ല, നമുക്ക് അഴുക്കുവെള്ളം ഒഴിവാക്കാനാണ് എന്ന് വ്യക്തം.

അഴുക്കുവെള്ളം റീസൈക്കിള്‍ ചെയ്തു പുനരുപയോഗിക്കുന്നതിന്റെ പ്രസക്തി ഐക്യരാഷ്ട്ര സഭയുടെ  കീഴിലുള്ള വെബ്‌സൈറ്റ് ഊന്നിപ്പറയുന്നുണ്ട്. നമ്മുടെ മണ്ണില്‍ കൊതുകിനെ വളര്‍ത്താന്‍ പാകത്തില്‍ അഴുക്കുവെള്ളം കെട്ടിക്കിടന്നാലും നമ്മള്‍ ആ വെള്ളം രണ്ടാമതൊന്ന് ഉപയോഗിക്കുന്നത് ചിന്തിക്കുക പോലുമില്ല. വെള്ളം ധാരാളം കണ്ടു വളര്‍ന്നവരാണ് നമ്മില്‍ മിക്കവരും. അത് തന്നെയാണ് നമ്മളെ ഇത്രയേറെ ധാരാളികള്‍ ആക്കുന്നതും.

ശുദ്ധജല സ്രോതസ്സുകളുടെ ആയുസ്സ് ഇനി എത്ര കാലം കൂടിയായിരിക്കും !

ആരോഗ്യപ്രശ്‌നങ്ങള്‍
'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം' എന്ന് പറയുന്നത് പോലെ, പ്രകൃതിസംരക്ഷണത്തെ കുറിച്ച് പറയുമ്പോഴും അഴുക്കുവെള്ളം ഉണ്ടാക്കാന്‍ സാധ്യതയുള്ള രോഗങ്ങളെ കുറിച്ചും, ജലദൗര്‍ലഭ്യം കൊണ്ട് ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളുമാണ് മനസ്സിലേക്ക് ആദ്യം വരുന്നത്. നമ്മുടെ നഗരങ്ങളില്‍ തന്നെ ഇപ്പോള്‍ ജലസംസ്‌കരണ പ്ലാന്റ് വഴി കയറിയിറങ്ങിയ പുഴവെള്ളമാണ് ദാഹമകറ്റുന്നത്. പൂര്‍ണമായി അണുവിമുക്തമെന്നു അവകാശപ്പെടാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത വെള്ളം. അത്ര വലുതല്ലാത്ത നഗരങ്ങളിലും ചില ഗ്രാമപ്രദേശങ്ങളിലും വരെ 'ലൈന്‍ വെള്ളം' എന്ന ചെല്ലപ്പേരുള്ള ഈ വെള്ളം പണമടച്ചു നേടുന്നുണ്ട് നമ്മള്‍.

ക്ലോറിനേറ്റ് ചെയ്തു വരുന്ന ഈ വെള്ളത്തില്‍ വലിയൊരു അളവ് വരെ അണുക്കള്‍ നശിച്ചിട്ടുണ്ടാകാം. അണുവിമുക്തമാക്കാതെ കുടിക്കാന്‍ പാടില്ലാത്ത വെള്ളമാണ് ഇത് എന്നതിനും മറിച്ചൊരു ചിന്ത വരാന്‍ പാടില്ല. എന്നിട്ടും വേനലാകുമ്പോള്‍, അല്ലെങ്കില്‍ വെള്ളം കിട്ടുന്നത് കുറയുമ്പോഴേക്ക് വയറിളക്കവും വയറുവേദനയും കൊണ്ട് ആശുപത്രി കയറിയിറങ്ങുന്നു നമ്മള്‍. ആകെ കിട്ടുന്ന വെള്ളത്തിന്റെ അളവ് കുറയുമ്പോള്‍ പിന്നീട് കിട്ടുന്ന വെള്ളത്തില്‍ വൃത്തികേടുകള്‍ ഉണ്ടാകാനുള്ള  അപകടസാധ്യത കൂടുന്നതാണ് കാരണം. വെള്ളം കിട്ടാതാകുമ്പോള്‍ കിട്ടുന്ന വെള്ളത്തിന്റെ സ്രോതസ്സുകള്‍ വിശ്വസ്തമാണോ എന്ന് നോക്കാനൊന്നും ആരും മെനക്കെടുന്നില്ല. അസുഖം വരുമ്പോള്‍ നോക്കാമല്ലോ എന്നൊരു അയഞ്ഞ സമീപനം നമുക്കുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

നാരങ്ങസോഡ കുടിക്കാനും പുറത്തെ ഭക്ഷണശാലകളില്‍ കഴിക്കാന്‍ ഇരിക്കാനും നൂറു വട്ടം ചിന്തിക്കുന്നുണ്ടാകാം നമ്മള്‍. അവര്‍ ഗ്ലാസ്സുകളും പാത്രങ്ങളും കഴുകുന്നത് നല്ല വെള്ളത്തില്‍ ആണോ എന്ന് നമുക്കറിയില്ല.  ഇനി അഥവാ വൃത്തിയുണ്ട് എങ്കില്‍ തന്നെ, അവരുപയോഗിച്ച വെള്ളം ഒഴുക്കി കളയുന്നത് എങ്ങോട്ട് എന്നും നമ്മളാരും നോക്കില്ല. ഭക്ഷണശാലകള്‍, ആശുപത്രി, നിര്‍മാണശാലകള്‍ തുടങ്ങിയവയില്‍ നിന്നുമുള്ള അഴുക്കുവെള്ളം 'ഉപയോഗശൂന്യം' എന്ന പദത്തില്‍ ലഘൂകരിച്ചു കാണാവുന്ന ഒന്നല്ല. മറിച്ച്, അവയെല്ലാം തന്നെ അപകടകരമായ വസ്തുക്കളാണ്. മെഡിക്കല്‍ ഭാഷയില്‍ പറഞ്ഞാല്‍ excellent bacterial culture medium ബാക്ടീരിയകള്‍ക്ക് പെറ്റ് പെരുകാനുള്ള സുഖവാസകേന്ദ്രങ്ങള്‍. സൗകര്യത്തിനു വേണ്ടി പുഴയിലേക്കും പരിസ്ഥിതിയിലേക്കും ഒഴുക്കി വിടുന്ന ഈ ജലം ഉണ്ടാക്കുന്ന ഭീഷണികള്‍ ചില്ലറയല്ല.

അസുഖം വരുമ്പോള്‍ നോക്കാമല്ലോ എന്നൊരു അയഞ്ഞ സമീപനം നമുക്കുണ്ടോ?

റീസൈക്കിള്‍  ചെയ്യാം 
വ്യാവസായികാടിസ്ഥാനത്തില്‍ വലിയ തോതില്‍ ഉപയോഗിക്കപ്പെടുന്ന വെള്ളം മിക്ക വികസിത രാജ്യങ്ങളും റീസൈക്കിള്‍ ചെയ്യുന്നുണ്ട്. രണ്ടു കാര്യങ്ങളാണ് ഉള്ളത് അഴുക്കുവെള്ളമെന്ന ആരോഗ്യഭീഷണി ഒഴിവാകുന്നു, ഒപ്പം, ജലക്ഷാമത്തിന് ഭാഗികമായ പരിഹാരവും. കൂടാതെ, പ്രകൃതിയില്‍ നിന്നും കവര്‍ന്നെടുക്കുന്ന ജലത്തിന്റെ അളവ് കുറയുകയും ചെയ്യും. ചുരുക്കത്തില്‍ ജീവിച്ചിരിക്കുന്ന തലമുറക്കും ഭാവി തലമുറക്കും വേണ്ടി ചെയ്യാവുന്ന വലിയൊരു കാര്യമാണ് വെള്ളം റീസൈക്കിള്‍ ചെയ്യുന്നത്.

വീട്ടുവളപ്പില്‍ റീസൈക്കിള്‍ പ്ലാന്റ് ഉണ്ടാക്കല്‍ ഒന്നും പ്രയോഗികമല്ലായിരിക്കാം. പക്ഷെ, വീട്ടിലും നേരത്തെ സൂചിപ്പിച്ചത് പോലെ ജലം പുനരുപയോഗിക്കാം. പിന്നെ, വെള്ളം അനാവശ്യമായി കളയുന്നത് തടയുന്നതും അഴുക്കുവെള്ളത്തിന്റെ അളവ് കുറയ്ക്കാനും അത് വഴി ജലമെന്ന ജീവന്റെ ദ്രാവകത്തെ സംരക്ഷിക്കാനും സാധിക്കും.

അഴുക്കുവെള്ളം എന്ന് പറയുമ്പോള്‍ ഉപയോഗിച്ച് കളയുന്ന വെള്ളം എന്നൊരു സൂചനയില്‍ നിര്‍ത്താം എന്ന് തോന്നുന്നില്ല. അശുദ്ധമായ ജലമേതും അഴുക്കുവെള്ളം തന്നെയാണ്. കിണറ് കുഴിക്കുമ്പോള്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് കൃത്യമായ അകലം പാലിക്കാത്തതും കിണറിനടുത്ത് നിന്ന് കുളിക്കുന്നതും, കൃത്യമായ ഇടവേളകളില്‍ കിണറ് അണുവിമുക്തമാക്കാത്തതും എല്ലാം തന്നെ ഒരു പോലെ അപകടകരം എന്ന് പറയാതെ വയ്യ. കുടിവെള്ളസ്രോതസ്സ് ഏത് തന്നെയായാലും, അതിന്റെ ശുദ്ധിയെ ബാധിക്കുന്ന യാതൊന്നും ആ പരിസരത്ത് ഉണ്ടായിക്കൂടാ. ഇനി എത്ര തന്നെ ശുദ്ധമായ അവസ്ഥയില്‍ നിന്നുമെടുത്ത വെള്ളമാണ് എങ്കിലും, ഇരുപതു മിനിറ്റ് വെട്ടിതിളച്ച വെള്ളം (rolling boil) ചൂടാറ്റിയതാണ്  കുടിക്കാന്‍ അനുയോജ്യം. ഹോട്ടലുകാര്‍ ചെയ്യുന്നത് പോലെ, തിളച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിച്ചാല്‍ അതിനു യാതൊരു ഫലവുമില്ല. ആ ഇളംചൂട് ബാക്റ്റീരിയയുടെ വളര്‍ച്ചക്ക് പ്രിയപ്പെട്ടതുമാണ്.

വെള്ളത്തിന് പകരം വെള്ളം മാത്രമാണ്. 

നിര്‍ജലീകരണം
മനുഷ്യ ശരീരത്തിലെ ജലത്തിന്റെ അളവ് പ്രായത്തിനു അനുസരിച്ച് ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ കൂടി, ഏകദേശം 60% എന്ന് അനുമാനിക്കാം. പ്രായപൂര്‍ത്തിയായ മനുഷ്യന്റെ ശരീരത്തില്‍ ഇത്രയും ഭാഗം വെള്ളമാണ് എങ്കില്‍, വെള്ളമില്ലാത്ത അവസ്ഥ അത്ര സുഖകരമായിരിക്കില്ല എന്നും അറിയാമായിരിക്കുമല്ലോ. അത് കൊണ്ട് തന്നെ, ശരീരത്തിലെ ജലാംശം ശുദ്ധമായ ജലം കൊണ്ട് നില നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. സാധാരണ ഗതിയില്‍ എട്ടു മുതല്‍ പന്ത്രണ്ട് ഗ്ലാസ് വരെ വെള്ളം ഒരു മുതിര്‍ന്ന വ്യക്തി കുടിച്ചിരിക്കണം. ജോലിയുടെ സ്വഭാവം അനുസരിച്ച് കായികാധ്വാനം കൂടുതലുള്ള ജോലി ചെയ്യുന്നവര്‍ക്ക് ഇതിലധികവും വേണ്ടി വന്നേക്കാം. വെള്ളം കൂടുതല്‍ കുടിച്ചാല്‍ വൃക്കയ്ക്ക് അധികഭാരമാണ് എന്നൊക്കെ പ്രചാരണങ്ങള്‍ ഉണ്ട്. വെള്ളംകുടി നിയന്ത്രിക്കേണ്ടത് വൃക്കയുടെ രോഗാവസ്ഥകളില്‍ മാത്രമാണ്. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുന്നത് ആണ് കൂടുതല്‍ അപകടകരമാകുക. മൂത്രത്തില്‍ അണുബാധക്കുള്ള സാധ്യത മുതല്‍ സാരമായ രോഗങ്ങള്‍ വരെ ആവശ്യത്തിനു വെള്ളം നിഷേധിക്കുന്നത് വഴി ഉണ്ടാകാം.നിര്‍ജലീകരണം അത്ര നിസ്സാരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അല്ല ഉണ്ടാക്കുക. വിഷയം അതല്ലാത്തത് കൊണ്ട് വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

തലക്ക് മീതെ സൂര്യന്‍ കത്തി നില്‍ക്കുന്ന ഈ വേനലില്‍ പോലും ദാഹിക്കുമ്പോള്‍ കുടിക്കാന്‍ ഇറ്റ് വെള്ളം ഇല്ലാത്തവരെ കുറിച്ച് നെടുവീര്‍പ്പിടാനുള്ള മനോവിശാലത പോലും പലര്‍ക്കുമില്ല. നമുക്ക് ചുറ്റുമുള്ള ജലസമൃദ്ധിയാണ് നമ്മുടെ അഹങ്കാരം.നമ്മുടെ ദുര്‍വ്യയം ഇനിയുമേറെ കാലമുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. വീട്ടില്‍ അരിയില്ല എന്ന് പറയുമ്പോള്‍ 'എന്നാല്‍ പത്തിരി ആയിക്കോട്ടേ' എന്ന് പറയുന്നത് പോലെയുള്ള അവസ്ഥയാവും അധികം താമസിയാതെ തന്നെ. വെള്ളത്തിന് പകരം വെള്ളം മാത്രമാണ്. 

ഇനിയുമേറെ തലമുറകള്‍ വരാനിരിക്കുന്നു...

ഇനിയും വെള്ളം പാഴാക്കിക്കൂടാ
'എന്തിന് ജലം പാഴാക്കുന്നു' എന്ന ചോദ്യം തന്നെയാണ് നാം നമ്മളോട് ചോദിക്കേണ്ടത്. അഴുക്കുവെള്ളം എങ്ങനെ ആരോഗ്യകരമായി ഒഴിവാക്കാമെന്നും, അതിലെത്ര ഭാഗം നമുക്കിനിയും ഉപയോഗിക്കാമെന്നും കൂടി പരിഗണിക്കാം. അങ്ങനെ ജലസമൃദ്ധമായൊരു 2018ലെ ഇതേ ദിവസത്തില്‍ ഇതിലും പ്രസക്തമായ പ്രമേയത്തിലേക്ക് നടന്നു കയറാം...'ജലദൗര്‍ലഭ്യത്തിന് പ്രകൃതിദത്തമായ പരിഹാരങ്ങള്‍' എന്നതാണ് അടുത്ത വര്‍ഷത്തെ അന്താരാഷ്ട്ര ജലദിനത്തിന്റെ പ്രമേയം. അത്യന്തം വിലയേറിയ, മുന്നോട്ടുള്ള കാലത്ത് അതിപ്രധാനമായ വിഷയം. പതിവ് പോലെ, ഇതും നമ്മള്‍ ചിന്തിച്ചു കാണില്ല.

അല്ലെങ്കിലും, വെള്ളം കിട്ടാതെ മരിക്കുന്നവരുടെ നിഴല്‍ വീഴാത്തിടത്തോളം നമ്മള്‍ സുരക്ഷിതരാണ്...വെള്ളമില്ലെങ്കില്‍ പഴച്ചാറ്,അത്രേ ഉള്ളൂ...പ്രകൃതിയെ ചൂഷണം ചെയ്യാന്‍ അല്ലെങ്കിലും നമുക്കൊരു തരി കുറ്റബോധമില്ലല്ലോ. ഇതെഴുതുന്ന ആളുള്‍പ്പെടെ സകലരും അതില്‍ തുല്യ ഉത്തരവാദികളുമാണ്.

എന്തിന് പറയുന്നു, ഈ വീട് ഇരുന്നയിടവും പണ്ട് മരങ്ങളുണ്ടായിരുന്നിരിക്കണം...മരംകൊത്തികളും മഞ്ഞക്കിളികളും ഉണ്ടായിരുന്നിരിക്കണം..കിണറ്റില്‍ നിറയെ വെള്ളമുണ്ടായിരുന്നിരിക്കണം...

വീടിന് മുന്നിലെ മരം വെട്ടേണ്ട, 'അത് പച്ചപ്പാണ്' എന്ന് പിതാവ്‌ പറഞ്ഞതിന് 'ഉപ്പയുടെ ഒരു ഹരിതാഭയും പച്ചപ്പും' എന്ന് പറഞ്ഞ് ചിരിച്ചവളാണ് ഞാനും...ഞാന്‍ കണ്ടത്ര മഴ എന്റെ കുട്ടികള്‍ കാണുന്നില്ലല്ലോ എന്ന് ഞെട്ടലോടെ ഞാനിന്നോര്‍ക്കുന്നു...അനുദിനം ചൂടേറുകയാണ്.കിണറിന്റെ അടി കണ്ട് തുടങ്ങിയത് ഭീതിയേറ്റുന്നു...അഹങ്കാരത്തിന്റെ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു...


മരങ്ങളും മലയും പുഴയുമെല്ലാം ഇനി ചിത്രങ്ങളായി, ഓർമ്മകളായി ഒതുങ്ങുന്ന കാലം വിദൂരമല്ല.പ്രകൃതിയുടെ ജീവനെടുക്കുന്നത്‌ നമ്മളാണ്‌, കൂടെ വെള്ളമില്ലാതെയാകുമെന്നത്‌ തീർച്ച...

ഇനിയും വെള്ളം പാഴാക്കിക്കൂടാ... തലമുറകള്‍ വരാനിരിക്കുന്നു...

 

ഡോ. ഷിംന എഴുതിയ മറ്റ് കുറിപ്പുകള്‍:

കഥയേക്കാള്‍ ആഴമുള്ള ജീവിതങ്ങള്‍!

വരുന്നു, മുറിവൈദ്യന്‍മാരുടെ കാലം!

​മഴയും നിലാവുമറിയട്ടെ, ഈ കുഞ്ഞുങ്ങള്‍!

കൂട്ടിരിപ്പുകാരുടെ ആശുപത്രി ജീവിതം!

മറയിട്ട വാക്‌സിന്‍ ക്ലാസ്; ഡോക്ടര്‍ ചെയ്തതാണ് ശരി!

പിറവിയുടെ പുസ്തകത്തിലെ ആ അധ്യായം

മരുന്ന് കുറിപ്പടി മലയാളത്തില്‍  വേണോ?

മെഡിക്കല്‍ കെട്ടുകഥകള്‍ പാകം ചെയ്യുന്ന വിധം

ആര്‍ത്തവം അപമാനമല്ല; ആര്‍ത്തവകാരിയും!

ഞാന്‍ പെണ്ണ്

മനസ്സറിഞ്ഞ് വേണം ചികില്‍സ!

Follow Us:
Download App:
  • android
  • ios