Asianet News MalayalamAsianet News Malayalam

അന്ന് ഞാൻ കരുതിയത് എന്നേപ്പോലെ ഞാൻ മാത്രമേയുള്ളൂ എന്നാണ്

''വിദൂര ഭാവിയിൽ പോലും അസംഭവ്യം എന്ന് കരുതിയതാണ് ഇന്ന് ഞാനടക്കം അനേകായിരങ്ങൾ അനുഭവിക്കുന്ന സന്തോഷം. മുഖങ്ങളിൽ വിരിയുന്ന ചിരിയിലും കരഞ്ഞ കണ്ണുകളിലും നാളെയുടെ പ്രത്യാശ കാണാം. ഇത് ഇന്ത്യയുടെ ചരിത്രമാണ്‌. മനുഷ്യർ എങ്ങനെ 'മനുഷ്യർ ' ആകണമെന്ന് ചൂണ്ടിക്കാണിക്കുന്ന ചരിത്രവിധിയാണ്.'' - നിയോണ്‍ റേയുടെ വാക്കുകള്‍ 

facebook post of neon ray based on supreme court decriminalised article 377
Author
Trivandrum, First Published Sep 7, 2018, 4:29 PM IST

ചരിത്രമായിരുന്നു ആ വിധി. സ്വവർ​ഗലൈം​ഗികത ക്രിമിനൽ കുറ്റമല്ലെന്ന് രാജ്യത്തെ പരമോന്നത കോടതി പ്രഖ്യാപിച്ചത്. ഇന്ത്യൻ ഭരണഘടനയിൽ നിന്നും ആർട്ടിക്കിള്‍ 377 എടുത്തുമാറ്റിയപ്പോൾ ചിലർക്ക് തിരികെ ലഭിച്ചത് അവരുടെ ജീവിതങ്ങളായിരുന്നു. സ്വത്വം തുറന്ന് പറയാൻ ധൈര്യം കാണിച്ചു എന്നൊരു തെറ്റ് മാത്രമേ അവരുടെ ഭാ​ഗത്ത് നിന്നുണ്ടായുള്ളൂ. അതിന്‍റെ പേരില്‍ സമൂഹത്തിൽ നിന്നും വീട്ടിൽ നിന്നും ഒറ്റപ്പെട്ട് ഓടിപ്പോയവരായിരുന്നു അധികവും. ആത്മഹത്യ ചെയ്തവരുടെ എണ്ണവും കുറവല്ല. അതിലുമേറെപ്പേർ ഇപ്പോഴും തങ്ങൾ ആരാണെന്ന്, തങ്ങളുടെ ലൈം​ഗിക സ്വത്വം എന്താണെന്ന് വെളിപ്പെടുത്താൻ ധൈര്യമില്ലാതെ ഇരുട്ടിൽ കഴിയുന്നുണ്ട്.

ആർട്ടിക്കിൾ 377 എന്താണെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത കാലത്ത്, ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് താൻ തന്റെ സ്വത്വം വെളിപ്പെടുത്തിയതെന്ന് പറയുകയാണ് നിയോൺ റായ് ഫേസ്ബുക്ക് പോസ്റ്റിലൂടെ. നിയോൺ റായ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു

സുപ്രീം കോടതിയുടേത് ചരിത്രവിധി

എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത ഒരു വിധിയായിരുന്നു ഇത്. ഒരുപക്ഷേ അഞ്ച് വർഷം മുമ്പ് ഈ വിഷയത്തിൽ സുപ്രീം കോടതി ഒരു അന്തിമവിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആ വിധിക്ക് മാറ്റം വരുമെന്നോ ഇത്തരത്തിൽ ആർട്ടിക്കിൽ 377 എടുത്തുമാറ്റുമെന്നോ പ്രതീക്ഷിച്ചതേയില്ല. ഇന്നത്തെക്കാലത്ത് എൽജിബിറ്റി കമ്യൂണിറ്റിയ്ക്ക് വേണ്ടി ഒരു നിയമനിർമ്മാണം നടക്കുമെന്ന് ചിന്തിക്കാൻ കഴിയില്ല. കോടതി വിധി മാത്രമായിരുന്നു നമ്മുടെ മുന്നിലുണ്ടായിരുന്ന ലക്ഷ്യവും പ്രതീക്ഷയും. എന്നാൽ ഇനിയെന്ത് എന്ന ഭയത്തിലാണ് ജീവിച്ചത്. മനുഷ്യാവകാശത്തെക്കുറിച്ചുള്ള കോടതി വിധിയാണ് പിന്നെയുണ്ടായിരുന്ന പ്രത്യാശ. ഇന്ത്യയെപ്പോലെയുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു വിധി വന്നില്ലായിരുന്നെങ്കിൽ എൽജിബിറ്റി കമ്യൂണിറ്റിയുടെ അവകാശങ്ങൾ എങ്ങനെയാണ് സംരക്ഷിക്കപ്പെടുക എന്നതൊരു ചോദ്യമായിരുന്നു. 

പൊതുസമൂഹത്തിന്റെ മനോനില മാറണം

ക്രിമിനലുകളാണെന്ന് നിയമം പറയുമ്പോൾ ഉൾവലിയാനാണ് നമുക്ക് തോന്നുക. നാം സമൂഹത്തിന്റെ ഭാ​ഗമല്ല എന്ന് നിയമം പറയുകയാണ്. സമൂഹത്തിലേക്ക് വന്നാൽ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല. ഈ സാഹചര്യം നിലനിൽക്കുമ്പോൾ ഒരാൾ തങ്ങളുടെ ഐഡന്റിറ്റി തുറന്നു പറയുമ്പോൾ‌ പൊലീസിനും അധികാരികൾക്കും അവരെ വേണമെങ്കിൽ കുറ്റവാളികളാക്കി ക്രൂശിക്കാം. നിയമം മാറിയാൽ സ്വീകാര്യത വരാം. വീട്ടിനുള്ളിൽ ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതിൽ ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ ഈ വിഷയത്തിലെ ചർച്ചകൾ കേൾക്കാൻ ആളുകൾ തയ്യാറാകുന്നുണ്ട്. പക്ഷേ സമൂഹത്തിന്റെ പൊതുബോധം മാറാൻ ഇനിയും സമയമെടുക്കും.

മതം ഒരു ഘടകമാകുമ്പോൾ

സ്വവർ​ഗലൈം​ഗികതയിൽ മതം സ്വീകരിച്ചിരിക്കുന്ന നിലപാട് അതിഭയാനകമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈം​ഗികതയാണ് സ്വാഭാവികമെന്നാണ് മതം പഠിപ്പിക്കുന്നത്. എല്ലാ മതങ്ങളുടെയും നിലപാട് ഇത് തന്നെയാണ്. ആയിരം വർഷങ്ങൾക്ക് മുമ്പ് റെഡ് ഇന്ത്യൻസിന്റെ ഇടയിൽ നാലു വിഭാ​ഗങ്ങളുള്ളതായി പറയപ്പെടുന്നുണ്ട്. അതൊന്നും ആര്‍ക്കുമറിയില്ല. കൊളോണിയലിസത്തിന്റെ ഭാ​ഗമായി മതങ്ങള്‍ സൃഷ്ടിക്കുന്ന കാര്യങ്ങളാണിവയൊക്കെ. അവർ‌ക്കെപ്പോഴും മനുഷ്യരെ അടിച്ചമർത്തി വക്കേണ്ടത് ആവശ്യമാണ്. ലൈം​ഗികതയെ അടിച്ചേൽപ്പിക്കുക എന്ന കാര്യമാണ് അതിന് വേണ്ടി അവർ ചെയ്യുന്നത്.

വിക്ടോറിയൻ കാലഘട്ടത്തിൽ‌ മേശയുടെ കാലു കാണുന്നത് അശ്ലീലമാണെന്ന് കരുതിയിരുന്ന ഒരു സമയമുണ്ടായിരുന്നു. അന്നൊക്കെ മേശയുടെ കാലുകൾ തുണി ഉപയോ​ഗിച്ച് പൊതിഞ്ഞു വച്ചിരുന്നു. ഈ സംസ്കാരത്തിന്റെ ഭാ​ഗമായുണ്ടാകുന്നതാണ് പല നിയമങ്ങളും. മറ്റൊന്ന് പാപം എന്ന ചിന്തയാണ്. ലൈം​ഗികത പാപമാണെന്ന ചിന്തയാണ് പള്ളികളിൽ നിന്ന് ലഭിക്കുന്നത്. സെമിറ്റിക് എന്ന് പറയുന്ന ഹിന്ദുമതം പോലും ഇത്തരം ചിന്തകളെ മുറുകെപിടിച്ചാണ് മുന്നോട്ട് പോകുന്നത്. എഴുപതുകളിൽ പുരോ​ഗമനപരമായി ചിന്തിച്ചിരുന്ന രാജ്യമാണ് അഫ്​ഗാനിസ്ഥാൻ‌. എത്ര പെട്ടെന്നാണ് അവർ പർദ്ദയിലേക്ക് മാറിയത്? മനുഷ്യന്റെ പുരോ​ഗതി എന്ന് പറയുന്നത് മതങ്ങളിൽ നിന്ന് വിട്ടുമാറി ചിന്തിക്കുക എന്നുള്ളതാണ്. ഹോമോഫോബിയ എന്ന് അവസ്ഥയ്ക്ക് കാരണവും ഏറെക്കുറം മതങ്ങളുടെ സ്വാധീനമാണ്. 

സുപ്രീം കോടതി വിധി ആയത് കൊണ്ട് മതമേലധ്യക്ഷൻമാർക്ക് ഇത് തളളിക്കളയാൻ കഴിയില്ല. ലൈം​ഗിക ന്യൂനപക്ഷങ്ങളോട് സഹാനുഭൂതി കാണിക്കണമെന്ന് പറയുമ്പോഴും സ്വവർ​ഗലൈം​ഗികത പാപമാണന്ന് മതം പഠിപ്പിക്കുന്നുണ്ട്. മതം അനുകൂലമായ യാതൊരു നിലപാടും സ്വീകരിക്കുമെന്ന പ്രതീക്ഷ വേണ്ട. ചിലപ്പോൾ കാലം പോകുമ്പോൾ മാറ്റം വന്നേക്കാം. ഇന്ത്യൻ ഭരണഘടനയെ മാത്രമേ നമുക്ക് വിശ്വസിക്കാൻ പറ്റൂ. ഇത്തരം സ്വത്വ പ്രതിസന്ധി നേരിടുന്ന പുതിയ കുട്ടികൾക്ക് അത് തുറന്നു പറയാൻ അവസരമൊരുക്കുന്ന ഒരു നാഴികക്കല്ലായിരിക്കും സുപ്രീം കോടതി വിധി.

ഇരുപത് വർഷം മുമ്പാണ് ഞാൻ എന്നെ വെളിപ്പെടുത്തിയത്

അന്ന് എന്താണ് ആർട്ടിക്കിൾ 377 എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഞാൻ കരുതിയത് ഞാൻ മാത്രമാണ് ഇങ്ങനെ എന്നായിരുന്നു. ഈ ലോകത്തിൽ സ്വവർ​ഗാനുരാ​ഗം തോന്നിയ ഒരേയൊരാൾ ഞാനാണെന്നായിരുന്നു എന്റെ തോന്നൽ. അത് തുറന്നു പറയുമ്പോൾ നമ്മൾ നേരിടുന്ന പ്രതിസന്ധികളുണ്ട്. വീട്ടിലായാലും സമൂഹത്തിലായാ‌ലും നമ്മൾ ഒറ്റയ്ക്കായി പോകുന്ന ഒരവസ്ഥ വരും. ന്യൂനപക്ഷം എന്ന വാക്ക് തന്നെ തെറ്റാണെന്ന് എനിക്ക് തോന്നുന്നു. കാരണം പുറത്തു വന്നവരെക്കുറിച്ചാണ് നാം ന്യൂനപക്ഷം എന്ന് പറയുന്നത്. പറയാതെ ജീവിക്കുന്നവർ എത്രയോ പേരുണ്ടാകും? അങ്ങനെ നോക്കുമ്പോൾ ന്യൂനപക്ഷം എന്ന് പറയാൻ സാധിക്കില്ല. എന്നെ സംബന്ധിച്ച് ഞാൻ സെക്ഷ്ലി ആക്റ്റീവ് ആണ്. എന്നെ വെളിപ്പെടുത്തി ജീവിക്കാൻ തീരുമാനിച്ചിട്ട് ഇരുപത് വർഷമായി. മറ്റുള്ളവരെപ്പോലെ തന്നെ അത്ര സുഖകരമല്ലാത്ത ഒരു നീണ്ട യാത്രയാണ് ഞാനും നടത്തിയത്. 

ഈ വിധി നൽകുന്നത് ചെറുതല്ലാത്ത ആത്മവിശ്വാസമാണ്. ഒറ്റയ്ക്കിരുന്ന് കരഞ്ഞ് തീർത്ത ഒരുപാട് മനുഷ്യർക്കിത് നൽകുന്ന സന്തോഷം ചെറുതല്ല. വിദൂര ഭാവിയിൽ പോലും അസംഭവ്യം എന്ന് കരുതിയതാണ് ഇന്ന് ഞാനടക്കം അനേകായിരങ്ങൾ അനുഭവിക്കുന്ന സന്തോഷം. ഇത് ഇന്ത്യയുടെ ചരിത്രമാണ്‌. മനുഷ്യർ എങ്ങനെ 'മനുഷ്യർ ' ആകണമെന്ന് ചൂണ്ടിക്കാണിക്കുന്ന ചരിത്രവിധി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇരുപത് വർഷങ്ങൾക്ക് മുമ്പ് എന്റെ sexuality തുറന്ന് പറഞ്ഞ് ഞാൻ ഞാനായിത്തന്നെ ജീവിക്കാൻ തീരുമാനിച്ചപ്പോൾ എനിക്ക് IPC-377 എന്താണെന്നോ എന്റെ സ്വത്വം ഇവിടുത്തെ നിയമപ്രകാരം ഒരു ക്രിമിനലിന്റെതാണ് എന്നൊന്നും അറിഞ്ഞിരുന്നില്ല. മറ്റനേകം ആളുകളെ പോലെ തികച്ചും സുഖകരമല്ലാതിരുന്ന ഒരു നീണ്ട യാത്രയ്ക്ക് ഒടുവിൽ ഇന്നത്തെ ഈ ദിവസം സത്യത്തിൽ എന്റെ ദിവാസ്വപ്നങ്ങളിൽ പോലും കടന്ന് വന്നിരുന്നില്ല. വിദൂര ഭാവിയിൽ പോലും അസംഭവ്യം എന്ന് കരുതിയതാണ് ഇന്ന് ഞാനടക്കം അനേകായിരങ്ങൾ അനുഭവിക്കുന്ന സന്തോഷം. മുഖങ്ങളിൽ വിരിയുന്ന ചിരിയിലും കരഞ്ഞ കണ്ണുകളിലും നാളെയുടെ പ്രത്യാശ കാണാം. ഇത് ഇന്ത്യയുടെ ചരിത്രമാണ്‌. മനുഷ്യർ എങ്ങനെ 'മനുഷ്യർ ' ആകണമെന്ന് ചൂണ്ടിക്കാണിക്കുന്ന ചരിത്രവിധിയാണ് സുപ്രീം കോടതിയിൽ നിന്ന് ഇന്ന് ഉണ്ടായത്. ഇന്നലെകളിൽ പൊലിച്ച് കളഞ്ഞ എത്രയധികം ജീവനുകൾ, അന്ധകാരങ്ങളിൽ ജീവിച്ച് തീർത്ത ജീവനുകൾ, പേടിപ്പെടുത്തുന്ന ഓർമ്മകൾ എല്ലാം നമ്മുടെ മുന്നിൽ നിൽക്കുമ്പോഴും ഇന്നത്തെ ഈ മാനവികതയുടെ വിജയം ചെറുതല്ലാത്ത ആത്മവിശ്വാസവും പ്രതീക്ഷയുമാണ് അനേകായിരങ്ങൾക്ക് നേടിക്കൊടുത്തത്.

തുടർച്ചകൾ ഉണ്ടാവുക തന്നെ ചെയ്യും. പള്ളീലച്ചൻമാർ അടക്കമുള്ള മത നേതാക്കളുടെ അണ്ണാക്കിലേക്ക് അടിച്ച് കയറ്റിയ വിധി കൂടിയാണിത്. ഇനി സ്വന്തം ശർദ്ദികൾ വിഴുങ്ങുകയേ നിവർത്തിയുള്ളൂ. പിന്നെ സഹാനുഭൂതിയുടെ പുതിയ തുറുപ്പുചീട്ടുമായി ഇറങ്ങാതിരുന്നാൽ കൂടുതൽ സ്വയം നാറാതെ സ്വവർഗ്ഗ ലൈംഗികതയെ എതിർക്കുന്ന മത സംഹിതകൾക്കും വെള്ള തേച്ച് വെളുപ്പിച്ചെടുത്ത സദാചാര പൊതുബോധത്തിനും കൊള്ളാം. ഇന്നലെ വരെ ഞങ്ങൾക്ക് നേരെ ചൂണ്ടിയ ചൂണ്ടുവിരലുകൾ സ്വന്തം ആസനത്തിൽ തന്നെയാണ് അഭികാമ്യം. എന്നിരുന്നാലും ആരോടും ഒന്നിനോടും വ്യക്തിപരമായി വൈരാഗ്യമില്ല തന്നെ. മറിച്ച് മതിലുകൾ പൊളിക്കുവാനും ഇനിയും മുന്നോട്ട് പോകുവാനുമുള്ള ഊർജ്ജവും തന്നത് നിങ്ങളൊക്കെ കൂടി തന്നെയാണ്. മറക്കില്ല ,ഒരു ചെറിയ നന്ദിയും ഉണ്ട്. ഈ മൈൽ സ്റ്റോണിൽ നിന്ന് വേണം ഇനി ലൈംഗിക 'ന്യൂന' പക്ഷങ്ങളുടെ സ്വത്വബോധവും ജീവിക്കുവാനുമുള്ള അവകാശത്തിന് മേലുള്ള മുന്നോട്ടുള്ള യാത്ര. 
Miles to go before I sleep......

Follow Us:
Download App:
  • android
  • ios