Asianet News MalayalamAsianet News Malayalam

പുരുഷന്മാർ സൈന്യത്തിൽ ചേരാൻ വീടുവിട്ടു, എഞ്ചിനീയറിംഗ് പരിശീലനവും ജോലിയുമായി സ്ത്രീകള്‍; ചരിത്രം

പതുക്കെ പതുക്കെ കൂടുതൽ സ്ത്രീകൾ ഇതിലേക്ക് കടന്നുവരാൻ തുടങ്ങി. പുരുഷമാർക്ക് വേണ്ടി മാത്രം തൊഴിലവസരങ്ങൾ സൃഷ്‍ടിച്ച ആ സമൂഹത്തിൽ സ്ത്രീകൾ സ്വന്തമായി ഫാക്ടറികളും, കമ്പനികളും സ്ഥാപിക്കാൻ ആരംഭിച്ചു.

formation of WES by women
Author
United Kingdom, First Published Jun 18, 2020, 12:55 PM IST
  • Facebook
  • Twitter
  • Whatsapp

ഒന്നാം ലോകമഹായുദ്ധസമയത്ത്, മിക്ക സ്ത്രീകൾക്കും വോട്ടുചെയ്യുന്നതിനോ സൈന്യത്തിൽ ചേരുന്നതിനോ അവകാശമുണ്ടായിരുന്നില്ല. പക്ഷേ, രാജ്യത്തെ സേവിക്കാൻ അവർക്ക് അത്യപൂർവമായ ഒരവസരം ലഭിക്കുകയുണ്ടായി. അതുവരെ വീടുകളിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകൾക്ക് സമൂഹത്തിന്‍റെ മുൻനിരയിൽ ഇറങ്ങി സ്വന്തമായി ജോലിചെയ്‍തു സമ്പാദിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ആ യുദ്ധകാലം സമ്മാനിച്ചു. ദശലക്ഷക്കണക്കിന് പുരുഷന്മാർ സൈന്യത്തിൽ ചേരാൻ വീടുവിട്ടു പോയതോടെ സ്ത്രീകൾ ഉൽപ്പാദന, കാർഷിക മേഖലകൾ പിടിച്ചെടുത്തു. പ്രത്യേകിച്ച് യുദ്ധ മേഖലകളിൽ സ്ത്രീകൾ പുതിയ പങ്ക് വഹിച്ചു. ദശലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതം ഒന്നാം ലോകമഹായുദ്ധത്തിൽ മാറിമറിഞ്ഞു.  

ഇപ്പോൾ പോലും സ്ത്രീകൾ കടന്നു വരൻ മടിക്കുന്ന എഞ്ചിനീയർ മേഖലകളിൽ പോലും അന്ന് അവർ സാന്നിധ്യം ഉറപ്പിച്ചു. ആയിരക്കണക്കിന് സ്ത്രീകൾ ഫാക്ടറികളിൽ ജോലിചെയ്യുകയും പ്രായോഗിക എഞ്ചിനീയറിംഗ് പരിശീലനം നേടുകയും ചെയ്‍തു. രാജ്യത്തെ സേവിക്കുന്നതിനും ഉയർന്ന വേതനം നേടുന്നതിനും സ്ത്രീകൾ യുദ്ധോപകരണ ഫാക്ടറികളിൽ സ്ഫോടന വിഷ വസ്‍തുക്കൾ നിർമ്മിക്കാൻ ആരംഭിച്ചു. പക്ഷേ, ആ സ്വാതന്ത്ര്യത്തിന്‍റെ മധുരം അധികകാലം അനുഭവിക്കാൻ അവർക്ക് അവസരം ലഭിച്ചില്ല. യുദ്ധം അവസാനിച്ച് പുരുഷന്മാർ തിരികെ വന്നപ്പോൾ, സ്ത്രീകളുടെ സ്ഥാനം വീണ്ടും വീടുകൾക്കകത്തതായി. എന്നാൽ, ലണ്ടനിൽ ഏഴ് സ്ത്രീകൾ ചേർന്ന് അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ തന്നെ തീരുമാനിച്ചു. ഇതിനായി 1919 ജൂണിൽ അവർ ലോകത്തിലെ ആദ്യത്തെ വനിതാ എഞ്ചിനീയറിംഗ് സൊസൈറ്റി (WES) സ്ഥാപിച്ചു. സ്ത്രീകളുടെ എഞ്ചിനീയറിംഗ് തൊഴിലവസരങ്ങൾ സംരക്ഷിക്കുക, ഇതിന് വേണ്ട പരിശീലനവും വിദ്യാഭ്യാസ സാധ്യതകളും ലഭ്യമാക്കുക എന്നിവയായിരുന്നു സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ. 

പതുക്കെ പതുക്കെ കൂടുതൽ സ്ത്രീകൾ ഇതിലേക്ക് കടന്നുവരാൻ തുടങ്ങി. പുരുഷമാർക്ക് വേണ്ടി മാത്രം തൊഴിലവസരങ്ങൾ സൃഷ്‍ടിച്ച ആ സമൂഹത്തിൽ സ്ത്രീകൾ സ്വന്തമായി ഫാക്ടറികളും, കമ്പനികളും സ്ഥാപിക്കാൻ ആരംഭിച്ചു. ആ സ്ഥാപനങ്ങളിൽ സ്ത്രീകൾ മാത്രം ജോലി ചെയ്‍തു. WES -ന്‍റെ സ്ഥാപക അംഗമായിരുന്ന മാർഗരറ്റ് പാർ‌ട്രിഡ്‍ജ് സ്വന്തമായി ഒരു വൈദ്യുതി വിതരണ കമ്പനി സ്ഥാപിക്കുകയും അവിടെ സ്ത്രീകളായ എഞ്ചിനീയർമാർക്ക് തൊഴിലവസരങ്ങൾ നൽകുകയും ചെയ്‍തു. അവരുടെ കീഴിൽ ജോലി ചെയ്‍തിരുന്ന ബിയാട്രീസ് ഷില്ലിംഗ് യുദ്ധവിമാനങ്ങൾ തകരുന്നത് തടയുന്നതിനായൊരു സംവിധാനം രൂപകൽപ്പന ചെയ്യുകയുണ്ടായി. അപ്പോൾ മാത്രമല്ല, രണ്ടാം ലോകമഹായുദ്ധത്തിലും നിർണായകമായ പങ്കുവഹിക്കാൻ അവർക്കായി.   

WES പ്രൊഫഷണൽ എഞ്ചിനീയർമാരിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, 1924 -ൽ സ്ഥാപിതമായ ഇലക്ട്രിക്കൽ അസോസിയേഷൻ ഫോർ വിമൻ  വൈദ്യുതിയെക്കുറിച്ച് പഠിക്കാൻ സ്ത്രീകൾക്ക് അവസരം നൽകി. അങ്ങനെ അവർക്ക് വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കേടായാൽ സ്വയം നന്നാക്കാനുള്ള അറിവ് ലഭിച്ചു.  1970 -കളോടെ സ്ത്രീകൾ അവിടെ വയറിംഗും ഫ്യൂസ് ശരിയായി എങ്ങനെ ഉപയോഗിക്കാമെന്നും വിവിധ വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം കണക്കാക്കാനും പഠിച്ചു.    

WES സ്ഥാപിക്കപ്പെടുന്നതിന് വളരെ മുമ്പുതന്നെ സ്ത്രീകൾ സ്വന്തമായി എന്തെങ്കിലും ചെയ്യാനും, കണ്ടുപിടുത്തങ്ങൾ നടത്താനും ആഗ്രഹിച്ചിരുന്നു. എണ്ണത്തിൽ കുറവാണ് എങ്കിലും, പല സ്ത്രീകളും സ്വന്തമായി ഒരു സ്ഥാനം സമൂഹത്തിൽ നേടിയെടുത്തിരുന്നു അന്ന്. പത്തൊൻപതാം നൂറ്റാണ്ടിൽ, സാറാ ഗുപ്പി ബ്രിഡ്‍ജ് നിർമ്മാണ രീതിക്ക് പേറ്റന്‍റ് ലഭിച്ച ആദ്യത്തെ വനിതയായി. അവർ മകൻ കിംഗ്‍ഡം ബ്രൂണലിനൊപ്പമാണ് ജോലിക്ക് പോയിരുന്നത്. സ്വയം പഠിച്ച് എഞ്ചിനീയറായ ഹെൻറിയേറ്റ വാൻസിറ്റാർട്ട് ബ്രിട്ടീഷ് നാവിക കപ്പലുകളിൽ ഉപയോഗിക്കുന്ന ഒരു സ്ക്രീൻ പ്രൊപ്പല്ലർ രൂപകൽപ്പന ചെയ്‍ത് പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. 1899 -ൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയേഴ്‍സിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാണ് ഹെർത അയർട്ടൺ. റോയൽ സൊസൈറ്റി ഹ്യൂസ് മെഡൽ നേടുന്ന ആദ്യ വനിതയും അവർ തന്നെയാണ്.  

സ്ത്രീകൾ ഇത്തരം മുന്നേറ്റങ്ങൾ നടത്തുന്ന സമയത്താണ് WES സ്ഥാപിതമായത്. പ്രഭുക്കരായ സ്ത്രീകളായിരുന്നു അതിലെ മിക്ക അംഗങ്ങളും. എഞ്ചിനീയർമാരായ ഭർത്താക്കന്മാർ വഴി തൊഴിൽ രംഗത്തെത്തിയവരാണ് ഏറെയും. തങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യവും അവകാശങ്ങളും നേടിയെടുക്കുന്നതിനെ കുറിച്ച് അവർ ആവേശപൂർവം സംസാരിച്ചു.  മറ്റൊരു സ്ഥാപകയായ ലോറ ആനി വിൽസൺ കൗമാരപ്രായത്തിൽ തന്നെ ടെക്സ്റ്റൈൽ ഫാക്ടറിയിൽ ജോലിക്ക് കയറിയ വ്യക്തിയാണ്. എന്നാൽ WES -ന്റെ സ്ഥാപകരിലൊരാളാകുന്നതിന് മുമ്പ് അവർ രണ്ടുതവണ അറസ്റ്റിലായി. അക്രമാസക്തവും പ്രകോപനപരവുമായ പ്രസംഗം നടത്തിയതിന്റെ പേരിലായിരുന്നു അറസ്റ്റ്. തുടർന്ന്, 14 ദിവസം അവർ ജയിലിൽ അടയ്ക്കപ്പെട്ടു.  രണ്ടുവർഷക്കാലം അവർ WES -ന്റെ പ്രസിഡന്റായിരുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് യുദ്ധോപകരണങ്ങൾ നിർമ്മിച്ചതിന് 1917 -ൽ ഒരു MBE അവാർഡ് അവർക്ക് ലഭിക്കുകയുണ്ടായി.  

എഞ്ചിനീയറിംഗ് രംഗത്ത് സ്ത്രീകൾ വഹിച്ച ദീർഘവും വ്യത്യസ്‍തവുമായ പങ്കിനെക്കുറിച്ച് പിന്നീട് വന്ന ആളുകൾ ഒരുപാട് പഠനങ്ങൾ നടത്തുകയുണ്ടായി. എന്നിരുന്നാലും ഈ മേഖലയുടെ ചരിത്രം ഇപ്പോഴും പുരുഷ എഞ്ചിനീയർമാരുടേത് മാത്രമാണ്. ഒരുപക്ഷേ, ഭാവിയിലെങ്കിലും, സ്ത്രീകൾ ഈ മേഖലയിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുക്കുമെന്നും, ചാരത്തിൽ മൂടിക്കിടക്കുന്ന ആ പെൺപോരാട്ടങ്ങളുടെ ചരിത്രം അംഗീകരിക്കപ്പെടുമെന്നും പ്രതീക്ഷിക്കാം. 

Follow Us:
Download App:
  • android
  • ios