Asianet News MalayalamAsianet News Malayalam

നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ധൈര്യം താനേ വന്നോളും...

പക്ഷെ, എനിക്കതു ശ്രദ്ധിക്കാൻ ഉള്ള സമയമില്ല. (അവിടെ അയൽക്കാർ പെണ്ണുങ്ങൾ ഉണ്ട് അവർ നോക്കും എന്ന് അറിയാം ) ഞാന്‍ കാറിൽ കയറി. 'അങ്കിൾ വേഗം വണ്ടി എടുക്കൂ...' ഞാൻ അലറി. എന്‍റെ ഒപ്പം മൂന്ന് അയൽക്കാർ കൂടി കയറി. അതിൽ ഒരു അങ്കിൾ ഹോസ്പിറ്റൽ അറ്റൻഡർ ആയിരുന്നു.

hospital days arya ajith
Author
Thiruvananthapuram, First Published Jan 8, 2019, 1:54 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days arya ajith

കല്യാണം കഴിഞ്ഞ് സ്വന്തം വീട്ടിൽ എത്തിയാൽ പിന്നെ നമ്മൾ പരോളിന്‌ ഇറങ്ങിയ ആവേശത്തിലാകും... രാവിലെ ഒരു ഒമ്പതര പത്താകും പൊങ്ങി വരാൻ. വരുമ്പോഴേ 'അമ്മേ ചായ ഇല്ലേ' എന്ന് നീട്ടി വിളിച്ച് അടുക്കളയിലേക്ക്. പിന്നെ, അമ്മയുടെ വക ഉപദേശ ക്ലാസ്... 'നിന്നെ കെട്ടിച്ചു വിട്ടപ്പോൾ ഏങ്കിലും കുറച്ചു ഉത്തരവാദിത്വം ജീവിതത്തിൽ കാണിക്കും എന്ന് വിചാരിച്ചു... എന്നും അച്ഛനും അമ്മയും കാണില്ല' അങ്ങനെ പരാതിയും ഉപദേശവും നീണ്ടു പോകും. ആ സമയം അച്ഛൻ രാവിലത്തെ നടത്തവും, അതിനുശേഷം ഗണപതി ക്ഷേത്ര ദർശനവും, പിന്നെ ഗണപതി മുക്കിനിരുന്നുള്ള സൊറ പറച്ചിലും കഴിഞ്ഞു വന്നിട്ടുണ്ടാകും... അച്ഛന്‍ എന്തിനും ഏതിനും കട്ടക്ക് നില്‍ക്കും അതാണ്‌ നമ്മുടെ ബലം. ഞാനും കൂടി എഴുന്നേറ്റു  വന്നാലേ രാവിലത്തെ കാപ്പി കുടി ഉള്ളൂ. അത് പത്തു മണി ആയാലും. പണ്ടേ അച്ഛന് നിർബന്ധം ആണ് എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം എന്നത്. 

എനിക്ക് ഒരു ചേട്ടൻ ആണുള്ളത്. പുള്ളിയുടെ  കല്യാണം കഴിഞ്ഞ് ഒരു മോനും ഉണ്ട്. സൗദിയിൽ ജോലി ചെയ്യുന്നു. ഭാര്യയും മകനും നാട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം. ഞാൻ അങ്ങോട്ട്‌ ചെല്ലുമ്പോൾ അവളും കുഞ്ഞും പരോൾ കിട്ടിയപോലെ സ്വന്തം വീട്ടിലേക്കു പോകും. ( നാത്തൂന്‍റെ ശല്യം സഹിക്കാൻ മേലാഞ്ഞിട്ടാണ് എന്ന് നിങ്ങൾ പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരില്ല). അങ്ങനെ പതിവുപോലെ രാത്രിയിൽ ഭക്ഷണം ഒക്കെ കഴിഞ്ഞു. എല്ലാവരും കൂടി സംസാരിച്ചിരുന്നു. പകുതി കഥ കേട്ടപ്പോഴേക്കും അമ്മ ഉറക്കം പിടിച്ചു. പക്ഷെ, അച്ഛൻ കേട്ടു കൊണ്ടിരിക്കും. ഭർത്താവിന്‍റെ ഗൾഫിൽ നിന്നുള്ള വിളി വരുന്നിടം വരെ അച്ഛനോട് സംസാരിച്ചോണ്ടിരിക്കും. അജിത്തിന്‍റെ കാൾ വന്നാൽ അച്ഛന് ഗുഡ്‌നൈറ്റ് പറഞ്ഞു നേരെ റൂമിലേക്ക്‌. 

അച്ഛൻ അടുക്കളയിലെ ഡോറിൽ പിടിച്ചു പുറത്തോട്ടു നോക്കി നില്‍ക്കുന്നു

അങ്ങനെ ഒരു ദിവസം പതിവ് പോലെ കിടന്നു. രാവിലെ ആറു മണി ആയിക്കാണും. അമ്മ വന്നു വിളിക്കുന്നു 'പാറു ഒന്നു വേഗം വന്നേ അച്ഛന് എന്തോ ഒരു മാറ്റം. ചായ കൊടുത്തിട്ടു കുടിക്കുന്നില്ല. എന്തൊക്കെയോ പറയുന്നു...' ഞാൻ വേഗം ചെന്നു. അച്ഛൻ അടുക്കളയിലെ ഡോറിൽ പിടിച്ചു പുറത്തോട്ടു നോക്കി നില്‍ക്കുന്നു. 'അച്ഛാ എന്താണ് എന്തു പറ്റി? ഏയ് എനിക്കൊന്നുമില്ല.' 'പിന്നെ, ചായ കുടിക്കാത്തതെന്താണ്.' 'അത് എന്‍റെ ചായ  അല്ല...' എനിക്കെന്തോ പന്തികേട് തോന്നി. ഞാൻ അച്ഛനെ വിളിച്ചു, വർക്ക്‌ ഏരിയയിൽ കസേരയിൽ ഇരുത്തി ചായേം കൊണ്ട് വച്ചു. 'അച്ഛൻ ചായ കുടിക്കൂ, ഞാൻ ബാത്‌റൂമിൽ പോയി വരാം.' ഞാൻ പെട്ടെന്ന് ബാത്‌റൂമിൽ പോയി വന്നു. അപ്പോഴും അച്ഛൻ പുറത്തേക്കു നോക്കി ഇരിക്കുന്നു... 'അച്ഛൻ ചായ ഇതുവരെ കുടിച്ചില്ലേ? എന്താ പറ്റിയത് വയ്യയോ...' 'എയ് എനിക്ക് ഒരു കുഴപ്പോമില്ല... ഇത് എന്‍റെ ചായ' അല്ല അച്ഛൻ ആവർത്തിച്ചു...

അച്ഛന് നല്ല കുടവയർ ആണ് ഞാൻ എപ്പോളും തോണ്ടി ശല്യം ചെയ്യും... അന്നും ഞാൻ വയറ്റത്ത് തോണ്ടി എന്താ എന്ന് ചോദിച്ചതും അച്ഛൻ എഴുന്നേറ്റു  എന്നെ കെട്ടിപ്പിടിച്ചു ഒന്നുമില്ലാന്നു കരഞ്ഞു പറയാൻ തുടങ്ങി. മുഴുമിപ്പിക്കുന്നതിന് മുമ്പേ വലതു സൈഡിലേക്ക് വീഴാൻ ആയുന്നു. ( അച്ഛൻ നടന്നിട്ട് വന്നപ്പോഴേ  അസ്വസ്ഥത തോന്നിയിട്ടുണ്ടാവണം ഞങ്ങളെ അറിയിക്കാതെ പിടിച്ചുനിന്നതാണ്. ഞാൻ അമ്മയെ ഉറക്കെ വിളിച്ചു. അമ്മ ഓടിവന്നു. ഞാനും അമ്മയും കൂടി പിടിച്ചു നിലത്തു പതുക്കെ കിടത്തി. അമ്മയും ഞാനും അലറി വിളിച്ചിട്ടും അച്ഛന് അനക്കമില്ല... നിലവിളി കേട്ട് അയൽക്കാർ എല്ലാം ഓടി എത്തി. ഞാൻ ഓടിപ്പോയി ഡ്രൈവർ അങ്കിളിനെ വിളിച്ചു. എടിഎം, മൊബൈൽ, കയ്യിൽ അപ്പോൾ ആകെ ആയിരമോ രണ്ടായിരമോ ഉള്ളായിരുന്നു അതും എടുത്തു. ഇട്ടിരുന്ന ഡ്രസ്സോടെ ഇറങ്ങി. അവിടെ നിന്നിരുന്നവർ സാഹായിച്ചു. അച്ഛനെ കാറിൽ കയറ്റി. അപ്പോഴേക്കും അമ്മ ബോധം കെട്ടു വീണിരുന്നു. 

പക്ഷെ, എനിക്കതു ശ്രദ്ധിക്കാൻ ഉള്ള സമയമില്ല. (അവിടെ അയൽക്കാർ പെണ്ണുങ്ങൾ ഉണ്ട് അവർ നോക്കും എന്ന് അറിയാം ) ഞാന്‍ കാറിൽ കയറി. 'അങ്കിൾ വേഗം വണ്ടി എടുക്കൂ...' ഞാൻ അലറി. എന്‍റെ ഒപ്പം മൂന്ന് അയൽക്കാർ കൂടി കയറി. അതിൽ ഒരു അങ്കിൾ ഹോസ്പിറ്റൽ അറ്റൻഡർ ആയിരുന്നു. അദ്ദേഹം അച്ഛന്‍റെ നെഞ്ചത്ത് ആഞ്ഞു പ്രസ്സ് ചെയ്തു. എന്നിട്ട് എന്നോട് തുണി ചോദിച്ചു. കാറിൽ വിരിച്ച ടർക്കി കൊടുക്കാൻ ഞാൻ പുറകിലോട്ടു നോക്കുമ്പോൾ അച്ഛന്‍റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നു. ശ്വാസം ഒട്ടും പോകുന്നില്ലാന്ന് എനിക്കു തോന്നി. സകല ദൈവങ്ങളെയും വിളിച്ചു. ഹോസ്പിറ്റലിൽ എത്തി. അവർ ഓക്സിജൻ കൊടുത്തു. 'ഇവിടെ പറ്റില്ല. ഞങ്ങൾ ആംബുലൻസ് തരാം നിങ്ങൾ വേറെ എവിടെയെങ്കിലും കൊണ്ട് പോകൂ...' അവർ പെട്ടെന്ന് ആംബുലൻസ് റെഡി ആക്കി. അച്ഛനെ അതിൽ കയറ്റി, കൂടെ ഓക്സിജൻ മാസ്കും. ജീവിതത്തിൽ ആദ്യമായി അങ്ങനെ ആംബുലൻസിൽ കയറി. നേരെ മറ്റൊരു ഹോസ്പിറ്റലിലേക്ക്. 

അവിടെ അവർ പെട്ടെന്ന് ഐ സി യൂ  -വിൽ കയറ്റി. സി റ്റി സ്കാൻ എടുത്ത ശേഷം ഡോക്ടർ എന്നെ വിളിച്ചു. 'വേറെ ആരുമില്ലേ ബന്ധുക്കൾ കൂടേ?' ഞാൻ പറഞ്ഞു ഇല്ല ഡോക്ടർ എന്താന്നു വച്ചാൽ പറഞ്ഞോളൂ... 'അത് പുള്ളിയുടെ വെയിൻ പൊട്ടി. ബ്ലീഡിങ് ഉണ്ട്. വേറെ മക്കൾ ഉണ്ടോ?' ഞാൻ പറഞ്ഞു, 'ഉണ്ട് നാട്ടിൽ ഇല്ല'. 'ഓക്കേ നിങ്ങൾ അറിയിച്ചോളൂ. നാട്ടിൽ വരാൻ പറയൂ' എന്‍റെ പകുതി ജീവൻ പോയി. 

ഞാൻ പറഞ്ഞു എനിക്കു ഡിസ്ചാർജ് വേണം

എന്നാലും, ധൈര്യം സംഭരിച്ചു ഞാൻ ഞാൻ ചോദിച്ചു, നിങ്ങൾക്കിവിടെ ന്യൂറോ ഉണ്ടോ? ഉണ്ട് ഇന്ന്  ഞായർ ആയതിനാൽ ഇല്ല. നാളെ വരികയുള്ളൂ. നിങ്ങൾ എവിടെ കൊണ്ട് പോയാലും ഇതൊക്കെയേ ട്രീറ്റ്മെന്‍റ് ഉള്ളൂ. ഡോക്ടർ കൂട്ടി ചേർത്തു. എന്‍റെ കൂടെ വന്നവർ എന്നാൽ പിന്നെ ഇവിടെ കിടത്താം എന്ന രീതിയിൽ എന്നോട് സംസാരിച്ചു. അവർക്കറിയാം അച്ഛൻ ഇനീം തിരികെ വരില്ല എന്ന്. ഇല്ല ഒരു മരണത്തിനും അച്ഛനെ ഞാൻ വിട്ടു കൊടുക്കില്ല. എങ്ങനെ എനിക്ക് കരുത്തു വന്നു എന്നറിയില്ല. ഞാൻ പറഞ്ഞു എനിക്കു ഡിസ്ചാർജ് വേണം. ഞാൻ അച്ഛനെ കൊണ്ടുപോകുകയാണ്. അവിടെ നിന്നും ആംബുലൻസിൽ കയറ്റി. അപ്പോഴേക്കും കുറച്ചു ബന്ധുക്കൾ ഹോസ്പിറ്റലിൽ എത്തി. അവർ പറഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോകാം. എനിക്കറിയാം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയാൽ എന്‍റെ അച്ഛൻ രക്ഷപ്പെടില്ല.

ആരുടെയും അഭിപ്രായം കേൾക്കാൻ നിന്നില്ല. ആംബുലൻസിൽ കയറ്റി കേട്ടറിവ് മാത്രം ഉള്ള  ഒരു പ്രൈവറ്റ് സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളേജിൽ എത്തിക്കാൻ ഡ്രൈവറോട് പറഞ്ഞു. റോഡിലൂടെ നിലവിളി ശബ്ദം ഇട്ടു പോകുന്ന ആംബുലൻസ് മാത്രം കണ്ടു പരിചയമേ ഉള്ളൂ. അതിലെ യാത്ര വളരെ കഷ്ടത നിറഞ്ഞതാണെന്ന് അന്ന് മനസിലായി. ഹോസ്പിറ്റലിൽ എത്തി, അവിടെ എമർജൻസിയിൽ കയറ്റി. ഞാൻ ചോദിച്ചു നിങ്ങൾക്കു ന്യൂറോ ഉണ്ടോ... അവിടെ നിന്ന പയ്യൻ  പറഞ്ഞു ഉണ്ട് മാഡം.. എന്നാൽ എന്താന്നു വച്ചാൽ പെട്ടെന്ന് ചെയ്യണം ഞാൻ അച്ഛന് മുമ്പ് ഉണ്ടായിരുന്ന അസുഖങ്ങളും ഇപ്പോൾ ഉണ്ടായതും വിശദീകരിച്ചു. എല്ലാം കേട്ടിട്ട് ഡ്യൂട്ടി ഡോക്ടർ അച്ഛനെ നോക്കാൻ പോയി. അപ്പോൾ അവിടെ ഉള്ള പയ്യൻ വന്നു പറഞ്ഞു, ' മാഡം എമർജൻസി ക്യാഷ് കൗണ്ടറിൽ രജിസ്റ്റർ ചെയ്തു പതിനായിരം രൂപ അഡ്വാൻസ് അടക്കണം. എന്നാലേ ട്രീറ്റ്മെന്‍റ് സ്റ്റാർട്ട്‌ ചെയ്യാൻ പറ്റൂ. ഞാൻ പറഞ്ഞു, നിങ്ങൾ വേഗം ന്യൂറോ ഡോക്ടർ വരുത്തി എന്‍റെ അച്ഛനെ എങ്ങനെ എങ്കിലും രക്ഷിക്കാൻ നോക്കൂ. ക്യാഷ് ഞാൻ അടച്ചോളാം. മനുഷ്യന്‍റെ ജീവന് വിലയിടുന്ന പ്രൈവറ്റ് ഹോസ്പിറ്റലിന്‍റെ എമർജൻസി വാർഡ്... എന്ത് ലോകം ആണിത്...

ശരിയാണ് എനിക്കല്ലേ അച്ഛൻ വലുത്. അവർക്ക് ഡെയിലി വരുന്ന ആയിരകണക്കിന് രോഗികളിൽ ഒരാൾ. എന്തായാലും  കൂടെ വന്ന അങ്കിളിനെ എടിഎമ്മില്‍ വിട്ടു ക്യാഷ് എടുപ്പിച്ചു അടച്ചു. അപ്പോഴേക്കും വീട്ടിൽ നിന്ന് വിളി വന്നു. അമ്മയാണ്... ഞാൻ പറഞ്ഞു അച്ഛന് ഒന്നുമില്ല അമ്മ. ഞങ്ങൾ  വൈകുന്നേരത്തേക്ക് എത്തും. പേടിക്കണ്ട. അമ്മയെ ആശ്വസിപ്പിച്ചു. അപ്പോഴും എന്‍റെ കണ്ണിൽ നിന്നും വെള്ളം ഒഴുകി കൊണ്ടിരുന്നു. ആൾക്കാർ എന്നെ നോക്കുന്നുണ്ട്. അച്ഛന്‍റെ രക്തം തുടച്ച ടർക്കിയും, വീട്ടിൽ ഇട്ടിരുന്ന ഒരു പഴഞ്ചൻ ഡ്രസ്സും കാലിൽ ചെരുപ്പുമില്ല. ഒരു പ്രാന്തിയെ പോലെ ഞാൻ വാതിലിൽ നിന്നു... എന്‍റെ മനസ്സിൽ അച്ഛൻ ഒന്നു കണ്ണ് തുറന്നെങ്കിൽ, ഇല്ല അച്ഛന്‍റെ ലക്ഷണങ്ങൾ ഒന്നും ഒരു പോസിറ്റീവ് സിഗ്നൽ തരുന്നതല്ല.ഞാൻ കുറച്ചു ബന്ധുക്കളെ വിളിച്ച് അറിയിച്ചു. അപ്പോഴും ചേട്ടനോട് പറഞ്ഞില്ല. അച്ഛനെ അവർ സ്കാൻ ചെയ്തു. ന്യൂറോ ഐ സി യു-വിലേക്കു മാറ്റി. അപ്പോഴും അച്ഛൻ അനക്കമില്ലാതെ കൊണ്ടുവന്നപോലെ തന്നെ കിടക്കുന്നു. 

അവർ എന്തൊക്കെയോ മരുന്നുകൾ, സർജിക്കൽ ഐറ്റംസ് അങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നു. എല്ലാം നമ്മൾ തന്നെ ഫാർമസിയിൽ നിന്നും വാങ്ങി കൊടുക്കണം. ഞാൻ ഓടി നടന്നു എല്ലാം വാങ്ങി കൊടുത്തു. ശേഷം അമ്മയെ അറിയിച്ചു. അച്ഛനെ അഡ്മിറ്റ്‌ ആക്കി. കുറച്ചു ദിവസം കിടക്കണം. അത് കേട്ട അമ്മക്ക് അച്ഛനെ കാണണം. ഞാൻ ഡ്രൈവർ അങ്കിളിനെ വിട്ടു, അമ്മയുമായി വരാൻ പറഞ്ഞു. അമ്മ വന്നു... അച്ഛൻ ഐ സി യൂ  -വിൽ ആണെന്ന് അറിഞ്ഞപ്പോഴേ അമ്മ നിലവിളിക്കാൻ  തുടങ്ങി. നാല് മണി ആയപ്പോൾ അവർ അച്ഛനെ കാണിക്കാൻ വിളിച്ചു. പുറത്ത് നിന്ന് ഗ്ളാസ്സിലൂടെ കണ്ടു. ഒരായിരം വയറുകളോ ട്യൂബുകളോ ഒക്കെ ഘടിപ്പിച്ചു ശ്വാസം കിട്ടാൻ വെപ്രാളം കാണിക്കുന്ന അച്ഛനെ കണ്ട് അമ്മ വീണ്ടും ബോധം കെട്ടു വീണു... അമ്മയെ താങ്ങി റൂമിൽ കൊണ്ട് പോയി കിടത്തി. സങ്കടം സഹിക്കാനാവാതെ ഒന്നു പൊട്ടിക്കരയണം എന്നുണ്ട് എനിക്ക്. പക്ഷെ, ഞാൻ കൂടി തളർന്നാൽ അമ്മയുടെ അവസ്ഥ എന്താകും. എല്ലാം ഉള്ളിൽ അടക്കി പിടിച്ചു. 

രണ്ടാമത്തെ ദിവസം രാവിലെ ഡോക്ടർ എന്നെ വിളിച്ചു. മറ്റാരുമില്ലേ കൂടെ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, അമ്മ ഉണ്ട് ഡോക്ടർ. പക്ഷെ  അമ്മയോട് ഒന്നും പറയണ്ട. ഡോക്ടർ എന്നോട് പറഞ്ഞോളൂ ഞാൻ എന്തും കേൾക്കാൻ തയ്യാറാണ്. ഡോക്ടർ പറഞ്ഞു തുടങ്ങി, അച്ഛന്‍റെ കിഡ്നി രണ്ടും ഫെയിലിയർ ആണ്. യൂറിൻ പോകുന്നില്ല. ബ്ലഡ്‌ ബ്രയിനിൽ ക്ലോട്ട് ആണ്. കൂടാതെ അച്ഛന് ഹാർട്ടിൽ ബ്ലോക്കും ഉണ്ട്. അച്ഛൻ ഒരു ഡയബറ്റിക് പേഷ്യന്‍റ് ആണ്. ക്രീയാറ്റിൻ കൂടുന്നതിന് കുറച്ചു നാളായി  മരുന്ന് എടുക്കുന്നുണ്ടായിരുന്നു. ഡോക്ടർ പറഞ്ഞു വന്നത് വെന്‍റിലേറ്ററിൽ കിടത്തികൊണ്ടു തന്നെ അച്ഛന് ഡയാലിസിസ് ചെയ്യണം. പക്ഷേ, അത് ഹൈ റിസ്ക് ആണ്. രക്ഷപ്പെടും എന്ന് പറയാൻ കഴിയില്ല. ഇങ്ങനെ കിടന്നാലും കണ്ടീഷൻ കൂടുതൽ വഷളാകും. നിങ്ങൾ ആലോചിച്ചു പറയൂ. സമ്മതം ആണെങ്കിൽ എഴുതി സൈൻ ചെയ്തു കൊടുക്കണം. ഞാൻ ആലോചിച്ചു പറയാം, എന്ന് പറഞ്ഞു പുറത്തിറങ്ങി. കൂടെ അപ്പച്ചി ഉണ്ട്. പുള്ളിക്കാരി നഴ്സ് ആയിരുന്നു. എല്ലാവരും എന്നോട് പറഞ്ഞു സൈൻ ചെയ്തു കൊടുക്ക്‌ സമയം കഴിയുന്തോറും റിസ്ക് കൂടി വരുകയാണ്. അപ്പോൾ എന്‍റെ മനസ്സിൽ ചേട്ടനെ അറിയിച്ചിട്ടുണ്ട്, വന്നു ഒന്നു കണ്ടിട്ട് പോരെ, അവർ തമ്മിൽ കണ്ടിട്ട് രണ്ടു വർഷം ആകുന്നു. അച്ഛനും ചേട്ടനും കൂട്ടുകാരെ പോലാണ്. ഞാൻ സൈൻ ചെയ്തു കൊടുത്ത് എന്തെങ്കിലും സംഭവിച്ചാൽ ചേട്ടന് അച്ഛനെ ഒന്നു കാണാൻ പോലും പറ്റില്ലല്ലോ. പിന്നീട് അതെനിക്ക് ജീവിതാവസാനം വരെ കുറ്റബോധം ആയി തോന്നും.

ഞാൻ അച്ഛനെ കാണിച്ചു കൊണ്ടിരുന്ന ഡോക്ടറെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പുള്ളിയും വേറെ മാർഗം ഇല്ലെന്ന് തന്നെ പറഞ്ഞു. അങ്ങനെ ഞാൻ രണ്ടും കല്‍പിച്ച് സമ്മതം മൂളി. അപ്പോൾ, അവർ അടുത്ത സ്കാനിങ്ങിനായി അച്ഛനെ പുറത്തേക്കു കൊണ്ടുവന്നു. അപ്പോൾ കൊണ്ടുവന്നതിനേക്കാളും  കുറച്ചു കൂടി നീര് വച്ചു വികൃതമായിരുന്നു. അച്ഛനെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അതുവരെ പിടിച്ചു നിന്നതെല്ലാം പോയി. ഇവർ ഒരു ഫോര്‍മാലിറ്റിക് വേണ്ടി സ്കാനിങ്ങ് നടത്തുകയാണ് ഞാൻ വിളിച്ചു കൂവി കരഞ്ഞു. അപ്പച്ചി എന്നെ ആശ്വസിപ്പിച്ചു. ഇടക്കിടക്ക് അജിത്തും വിളിച്ചു ധൈര്യം തന്നു...

അങ്ങനെ ഡയാലിസിസ്, ബ്ലഡ്‌ കുത്തിവക്കൽ, സ്കാനിംഗ് അവരുടെ പ്രോസസ്സ് ദിവസങ്ങൾ നീണ്ടു... ചേട്ടൻ മൂന്നാം ദിവസം തന്നെ എത്തി... അങ്ങനെ 14 ദിവസം വെന്‍റിലേറ്ററിൽ കിടന്നു കഴിഞ്ഞു. അച്ഛൻ പ്രതികരിക്കാൻ തുടങ്ങി എന്ന് ഡോക്ടർ പറഞ്ഞു. സംസാരിച്ചു തുടങ്ങിയപ്പോൾ അമ്മ കാണാൻ കയറി. പക്ഷെ, അച്ഛൻ ആരെയും തിരിച്ചറിയുന്നില്ല വേറെ എന്തൊക്കെയോ ആണ് പറയുന്നത്. 

'ഇനി തിരിച്ചു വരില്ല' എന്ന് പറഞ്ഞ ആളാണ്

ഡോക്ടർ പറഞ്ഞു നിങ്ങൾ ഏതേലും ഒന്ന് സ്വീകരിക്കാൻ മനസ്സിനെ  പാകപെടുത്തണം. കാരണം വെയിൻ പൊട്ടിയതാണ്. ഒന്നുകിൽ നടക്കാൻ ഉള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ ഓർമക്കുറവ് പിന്നെ സ്വയം ശ്വസിക്കാനും കഴിഞ്ഞിട്ടില്ല... ഇതൊക്കെ കേട്ടു പുറത്തിറങ്ങുമ്പോൾ മനസ്സും ശരീരവും തളരുകയാണ്. ഒരു മരവിപ്പ്. പിറ്റേ ദിവസം ചേട്ടൻ കയറി കണ്ടു. അപ്പോളും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നു. ഡോക്ടർ എന്നോടും പറഞ്ഞു കയറി കണ്ടോളാൻ. പക്ഷെ, എന്നയും അച്ഛൻ തിരിച്ചറിഞ്ഞില്ലെങ്കിൽ അതെനിക്കു താങ്ങാവുന്നതിലും അപ്പുറം ആണ്... വേണ്ട എനിക്ക് കാണണ്ട.... അങ്ങനെ ദിവസങ്ങൾ പിന്നിട്ടു ഇരുപത്തിയെട്ടാം ദിവസം അച്ഛനെ റൂമിലേക്ക്‌ മാറ്റി. സ്വയം ശ്വാസം എടുക്കുന്നുണ്ട്. സംസാരിക്കുന്നുണ്ട്. പക്ഷെ, പലപ്പോഴും  മറ്റെന്തൊക്കെയോ ആണ് പറയുന്നത്. നടക്കാൻ സഹായം വേണം.

അങ്ങനെ  ഫിസിയോതെറാപ്പി തുടങ്ങി പിടിച്ചാൽ അത്യാവശ്യം നടക്കും എന്നായി. അങ്ങനെ അച്ഛനെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ടുവന്നു. ഞങ്ങൾ നിരന്തരം സംസാരിപ്പിച്ചും നടത്തിച്ചും അച്ഛൻ നോർമൽ ലെവലിലേക്കു വന്നു. എന്നാലും കാറും സ്കൂട്ടറും ഒന്നും പഴയപോലെ ഡ്രൈവ് ചെയ്യാൻ കഴിയില്ല. ഇപ്പോൾ ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യുന്നു. എന്നാലും, ഞങ്ങൾക്കൊപ്പമിരിക്കാൻ പഴയപോലെ തമാശ പറയാൻ അച്ഛൻ തിരിച്ചെത്തിയപ്പോൾ അതിന്‍റെ ഒരു സന്തോഷം വേറെ തന്നെ. ഡോക്ടർമാരും നാട്ടുകാരും ബന്ധുക്കളും ഒക്കെ 'ഇനി തിരിച്ചു വരില്ല' എന്ന് പറഞ്ഞ ആളാണ്. ഹോസ്പിറ്റലിൽ നിന്നിറങ്ങാൻ നേരം ഡോക്ടർ പറഞ്ഞു, 'ഇതു പോലെ ഒരു മകൾ ഭാഗ്യം ആണ്. ഒരു പെൺകുട്ടി ധൈര്യത്തോടെ ഈ അവസ്ഥയെ അഭിമുഖീകരിക്കുന്നത് അപൂർവ്വം ആണ്...' പക്ഷെ, എനിക്കു പറയാൻ ഉള്ളത് സ്നേഹ സമ്പന്നരായ ഞങ്ങളുടെ മാതാപിതാക്കൾ ആണ് ഞങ്ങളുടെ ഭാഗ്യം എന്നാണ്. നമ്മൾ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നവർക്ക് ആപത്തു വന്നാൽ പിന്നെ തിരിഞ്ഞു നോക്കാതെ ധൈര്യത്തോടെ നേരിടാൻ കഴിയും. അകലെ നിന്നാണെങ്കിലും എല്ലാം നേരിടാൻ എന്റെ മനസിന്‌ കരുത്തു പകർന്നു തന്ന എന്‍റെ ഭർത്താവ്, അതും അച്ഛൻ കണ്ടെത്തി തന്ന ഒരു ഭാഗ്യം ആണ്. 

നന്ദി... റിസ്ക് എടുത്തായാലും അച്ചനെ രക്ഷിക്കാൻ ശ്രമിച്ച ദൈവകരങ്ങളുള്ള ആ ഒരു കൂട്ടം ഡോക്ടര്‍മാരോട്, ഹോസ്പിറ്റലിൽ എത്തിക്കാൻ സഹായിച്ച എന്‍റെ  അയൽക്കാരോട്, ബന്ധുക്കളോട്, അതിലുപരി എന്‍റെ പള്ളിക്കൽ പൊന്നു ഗണപതി ഭഗവാനോടും...

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios