Asianet News MalayalamAsianet News Malayalam

ആശുപത്രി പോലെ നമ്മെ ശുദ്ധീകരിക്കുന്ന മറ്റൊരിടമുണ്ടോ?

എന്നെ ഭയപ്പെടുത്തേണ്ടെന്ന് കരുതി അറിയിക്കാതിരുന്നതിനാൽ രാത്രിയിൽ നടന്ന ആക്സിഡന്റ് ഞാനറിയുന്നത് പുലർച്ചെ അഞ്ചര മണിക്കായിരുന്നു. ഞാനും ഭർത്താവും ആശുപത്രിയിലെത്തുമ്പോൾ അവിടെ കൂട്ടിനുള്ളവർ എല്ലാം കുടുംബത്തിലെ ആണുങ്ങൾ ആയിരുന്നു... സ്ത്രീകൾക്ക് താങ്ങാനായില്ലെങ്കിലോ എന്ന് കരുതിയിട്ടാവാം, ഒരു കുഴപ്പവുമില്ലെന്നും, അവിടെ രണ്ടു പേരിലധികം നിൽക്കാൻ പറ്റില്ലെന്നും പറഞ്ഞ്  ഉമ്മയെ വരെ വീട്ടിലിരുത്തുകയായിരുന്നു.

hospital days jasmin mukkam
Author
Thiruvananthapuram, First Published Feb 23, 2019, 6:38 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days jasmin mukkam

നമുക്ക് ദൈവം തന്ന  സൗഭാഗ്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും കണക്കെടുക്കണമെന്നുണ്ടെങ്കിൽ, മെഡിക്കൽ കോളേജുകളോ, കാൻസർ സെന്‍ററുകളോ, മറ്റേതെങ്കിലും തിരക്കുള്ള ആശുപത്രികളോ സന്ദർശിച്ചാൽ മതിയാവും.

കൈകൾ നഷ്ടമായവർ, കാലുകൾ നഷ്ടമായവർ, ദേഹം മുഴുവനും വ്രണപ്പെട്ടവർ,  ശരീരത്തിലെ ഓരോ അണുവിലും, അസഹ്യമായ വേദനയാൽ പുളയുമ്പോഴും പുഞ്ചിരിക്കാൻ ശ്രമിക്കുന്നവർ... സ്വന്തം മക്കളുടേയോ, ഭർത്താവിന്‍റേയോ, മാതാപിതാക്കളുടേയോ വേദനകളെ തുടച്ചു നീക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്ത്, നിസ്സഹായതയോടെ വിധിയുടെ വിളയാട്ടത്തിനു മുമ്പിൽ പകച്ചു നിൽക്കുന്നവർ... ഒന്നുമില്ലാത്തവർ... ആരുമില്ലാത്തവർ... അവർക്ക് മുമ്പിൽ ദൈവദൂതരെ പോലെ വർത്തിക്കുന്ന ഡോക്ടർമാരും, നഴ്സുമാരും...  ഇതിനെല്ലാം പുറമേ എല്ലാ പ്രതിസന്ധികളേയും സധൈര്യം നേരിടുന്ന, നിശ്ചയദാർഢ്യത്തിന്റെ ചില മുഖങ്ങളും അവിടെ കാണാം.

ഉടനെ തന്നെ എല്ലാവരും ചേർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ എത്തിച്ചു

പറഞ്ഞു വരുന്നത്, അങ്ങനെയെന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട്, അനിശ്ചിതത്വത്തിന്റെ ദിനങ്ങൾ.. 
രണ്ട് വർഷം മുമ്പത്തെ റമദാൻ മാസത്തിൽ, 28 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കൊടുവിൽ, പെരുന്നാളിന്റെ സുഗന്ധം പരക്കാനൊരുങ്ങവെയായിരുന്നു എന്റെ വാപ്പിച്ചിക്ക് ആക്സിഡന്റ് സംഭവിച്ചത്. രാത്രിയിൽ തറാവീഹ് നിസ്കരിക്കാൻ ബൈക്കുമെടുത്തു പോയ വാപ്പിച്ചിയെ, വീടിന്റെ തൊട്ടടുത്ത് വെച്ച് മറ്റൊരു ബൈക്ക് വന്ന് തട്ടി തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ എല്ലാവരും ചേർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ എത്തിച്ചു. 

എന്നെ ഭയപ്പെടുത്തേണ്ടെന്ന് കരുതി അറിയിക്കാതിരുന്നതിനാൽ രാത്രിയിൽ നടന്ന ആക്സിഡന്റ് ഞാനറിയുന്നത് പുലർച്ചെ അഞ്ചര മണിക്കായിരുന്നു. ഞാനും ഭർത്താവും ആശുപത്രിയിലെത്തുമ്പോൾ അവിടെ കൂട്ടിനുള്ളവർ എല്ലാം കുടുംബത്തിലെ ആണുങ്ങൾ ആയിരുന്നു... സ്ത്രീകൾക്ക് താങ്ങാനായില്ലെങ്കിലോ എന്ന് കരുതിയിട്ടാവാം, ഒരു കുഴപ്പവുമില്ലെന്നും, അവിടെ രണ്ടു പേരിലധികം നിൽക്കാൻ പറ്റില്ലെന്നും പറഞ്ഞ്  ഉമ്മയെ വരെ വീട്ടിലിരുത്തുകയായിരുന്നു.

ആ നെഞ്ചിലെ എന്നോടുള്ള സ്നേഹവും കുറച്ചധികമുണ്ടെന്ന്  എനിക്കറിയാമായിരുന്നു.

അവിടെയെത്തിയപ്പോഴാണ്, വാപ്പിച്ചി വെന്‍റിലേറ്ററിലാണെന്ന് ഞാനറിയുന്നത്! ഐസിയുവിന്റെ പുറത്തുള്ള ഒരു ഭിത്തിയുടെ മറവിൽ നിന്ന്, ശബ്ദം പുറത്തു വരാതിരിക്കാൻ കൈകൾ കൊണ്ട് മുഖമമർത്തിപ്പിടിച്ച് ഞാൻ ഏങ്ങിയേങ്ങിക്കരഞ്ഞു... എനിക്കെന്റെ വാപ്പച്ചിയെ ഒന്നു കാണാൻ പോലും കഴിയുന്നില്ലല്ലോ. പുറമേ സ്ട്രോങ്ങെന്ന് കരുതിയിരുന്ന എന്റെ കുഞ്ഞനിയനും ആരും കാണാത്തിടത്ത് പോയി നിറകണ്ണുകൾ തുടക്കുന്നത്  ഞാൻ കണ്ടു. മാതാപിതാക്കള്‍ക്ക് വല്ലതും സംഭവിച്ചാൽ തളർന്നു പോകുക മക്കൾ തന്നെയാണ്. 

സംഭവം കുറച്ച് ക്രിട്ടിക്കലാണെന്ന് പലരുടേയും സംഭാഷണത്തിൽ നിന്നു ഞാൻ തിരിച്ചറിഞ്ഞു... അതുവരെ ബോധം വന്നിട്ടില്ലെന്നും ബ്രെയിനിലും, കിഡ്നിയിലും ബ്ലീഡിംഗുണ്ടെന്നും... ഏതെങ്കിലും ഒന്നിലെ ബ്ലീഡിംഗ് നിൽക്കാതെ സർജറി ചെയ്യുന്നതു റിസ്ക്കാണെന്നും ഒടുവിൽ അപ്പാപ്പ എന്നോട് പറഞ്ഞു. ഞാനാകെ തകർന്നു പോയി. കുരുത്തക്കേട് കൂടപ്പിറപ്പായ എനിക്കായിരുന്നു വാപ്പിച്ചിയുടെ കയ്യിൽ നിന്നും ഏറ്റവും കൂടുതൽ വഴക്കു കേട്ടതും അടി കിട്ടിയതുമെല്ലാം. പക്ഷേ, ആ നെഞ്ചിലെ എന്നോടുള്ള സ്നേഹവും കുറച്ചധികമുണ്ടെന്ന്  എനിക്കറിയാമായിരുന്നു.

വാപ്പിച്ചിക്ക് രക്തം നൽകാൻ ജാതി മത ഭേദമന്യേ ഒരുപാട് പേർ വന്നു. സമൂഹത്തിൽ നൻമയുള്ളവരും തിരിച്ചറിവുള്ളവരും ഒരുപാടുള്ളതു കൊണ്ട്, റെയർ ഗ്രൂപ്പിനൊഴികെ  രക്തം ലഭിക്കുവാൻ ഇന്നൊരു പ്രയാസവുമില്ലെന്ന് ഞാനറിഞ്ഞു. കാലിൽ ചെറിയൊരു സർജറി ചെയ്തതൊഴിച്ചാൽ, ദൈവത്തിന്റെ അദ്ഭുതകരമായ ജാലവിദ്യ കൊണ്ടും, സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകൾ കൊണ്ടും, സർജറിയൊന്നും ചെയ്യാതെ തന്നെ മാറ്റങ്ങൾ സംഭവിച്ചു. ബ്ലീഡിംഗ്  നിലച്ചു. വെന്‍റിലേറ്ററിൽ നിന്ന് ഐസിയുവിലേക്കും, അവിടെ നിന്ന് സെമി ഐസിയുവിലേക്കും, അവിടെ നിന്ന് റൂമിലേക്കും മാറ്റപ്പെട്ടു... ഡിസ്ചാർജ്ജ്  വാങ്ങി വീട്ടിലേക്കു  വരുമ്പോൾ പക്ഷേ, അദ്ദേഹത്തിന്റെ ഓർമ്മകൾ തിരിച്ചു ലഭിച്ചിരുന്നില്ല... രണ്ട് വർഷങ്ങൾക്കുള്ളിൽ എഴുന്നേറ്റു നടക്കുകയും, ഓർമ്മകൾ തിരിച്ചു കിട്ടുകയും ചെയ്തേക്കാം എന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം.

രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും എണീറ്റു നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി

ഒരു പരിധി വരെ മാത്രമേ ശാസ്ത്രത്തിനും മരുന്നുകൾക്കും,  രോഗത്തിലും മരണത്തിലുമെല്ലാം വിധി നിർണ്ണയിക്കാൻ പറ്റൂ എന്ന് വ്യക്തമാക്കി തരുന്ന രീതിയിലായിരു ന്നു പിന്നീട് വാപ്പിച്ചിയിൽ വന്ന മാറ്റം. വീട്ടിലെത്തി രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും എണീറ്റു നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി... പതിയെ പതിയെ ഓർമ്മകളും തിരികെയെത്തിത്തുടങ്ങി.. വീട്ടിലെ സന്തോഷവും..
   
എനിക്കെന്‍റെ വാപ്പിച്ചിയെ തിരിച്ചു കിട്ടിയെങ്കിലും, ആ ദിനങ്ങൾ തന്ന വേദനയും സങ്കടങ്ങളും ഒരിക്കലും മായില്ല, മനസിൽ നിന്നും, ഒപ്പം ആ അനുഭവങ്ങളിൽ നിന്നു പഠിച്ച പാഠങ്ങളും.. അതെ, ആശുപത്രികൾ നമ്മുടെ മനസ്സിനെ  ചിന്തിപ്പിക്കാനും, ശുദ്ധീകരിക്കാനും, ശുദ്ധീകരിപ്പിക്കാനും  കഴിയുന്ന ഇടം തന്നെയാണ്. നശ്വരമായ നമ്മുടെ ജീവിതം എത്ര നിസ്സാരമെന്ന് തിരിച്ചറിയാനും, ജീവിതത്തെ നൻമകൾ കൊണ്ട് നയിക്കാനും പ്രേരകമാവുന്ന ഇതുപോലെ മറ്റൊരിടമില്ലെന്ന് തീർച്ച.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios