പൊതുവായി നമ്മെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നതിനെ കുറിച്ച് ശാസ്ത്രജ്ഞർ പല പഠനങ്ങളും മുൻപ് നടത്തിയിട്ടുണ്ട്. ഉത്കണ്ഠ കുറയ്ക്കുന്നതിനും സന്തോഷം പ്രദാനം ചെയ്യുന്നതിനും വ്യായാമം നല്ലതാണ് എന്നവർ കണ്ടെത്തിയിരുന്നു. അതുപോലെ സോഷ്യൽ മീഡിയയുടെ ഉപയോഗം കുറയ്ക്കുന്നത് നമ്മുടെ മനസികാരോഗ്യത്തിന് നല്ലതാണെന്നും അവർ പറയുന്നു. പ്രകൃതിയിൽ സമയം ചിലവഴിക്കുമ്പോൾ നമുക്ക് മനസ്സമാധാനം ഉണ്ടാകുന്നുവെന്നും ഒരു പഠനം സൂചിപ്പിക്കുന്നു. അതുപോലെ ശാസ്ത്രജ്ഞർ ബുദ്ധിമാന്മാരായ ആളുകളെ കുറിച്ച് രസകരമായ ഒരു ഗവേഷണം നടത്തിയിരുന്നു. അതിൻപ്രകാരം ബുദ്ധിമാൻമാർക്ക് തനിച്ചിരിക്കാനാണ് കൂടുതൽ ഇഷ്‍ടമെന്ന് കണ്ടെത്തുകയുണ്ടായി.   

മിക്കവർക്കും സുഹൃത്തുക്കളുടെ കൂടെ ഇരിക്കുമ്പോഴാണ് സന്തോഷം തോന്നുന്നത്. എന്നാൽ, എല്ലാവരുടെയും കാര്യം അങ്ങനെയല്ലെന്ന് ആ പഠനം പറയുന്നു. നിങ്ങൾ ഒരു ബുദ്ധിജീവിയാണെങ്കിൽ മിക്കവാറും സൗഹൃദവും ബഹളങ്ങളും നിങ്ങൾക്ക് അരോചകമാകുമെന്നും ആ പഠനം സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്കോളജി -യിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ, വളരെ ബുദ്ധിമാന്മാരായ ആളുകൾക്ക്  സുഹൃത്തുക്കളുമായി ഇടപഴകുമ്പോൾ ജീവിത സംതൃപ്‍തി കുറയുന്നുവെന്നാണ് പറയുന്നത്. സിംഗപ്പൂർ മാനേജ്മെന്‍റ് യൂണിവേഴ്‍സിറ്റിയിലെ നോർമൻ പി. ലിയും, ലണ്ടൻ സ്‍കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലെ സതോഷി കനസാവയുമാണ് ഈ പഠനം നടത്തിയത്. 

ഒരു ഗ്രൂപ്പിലെ കൂടുതൽ ബുദ്ധിയുള്ള അംഗങ്ങൾക്ക് അവരുടെ സുഹൃത്തുക്കളുടെ സഹായംകൂടാതെ തന്നെ പ്രശ്‍നങ്ങൾ സ്വയം പരിഹരിക്കാൻ കഴിഞ്ഞു എന്നവർ കണ്ടെത്തി. എന്നാൽ, ബുദ്ധിശക്തി കുറവായ ആളുകൾക്ക് പ്രശ്‍നങ്ങൾ പരിഹരിക്കാൻ സുഹൃത്തുക്കളുടെ സഹായം ആവശ്യമാണെന്നും അവർ കണ്ടെത്തി. സ്വാഭാവികമായും അവർ സുഹൃത് ബന്ധങ്ങൾ കൂടുതൽ ഇഷ്‍ടപ്പെടുന്നവരായിത്തീരുന്നു. പക്ഷേ, കൂടുതൽ ബുദ്ധിയുള്ള ആളുകൾക്ക് സ്വന്തമായി വെല്ലുവിളികൾ പരിഹരിക്കാൻ കഴിയുമെന്നതിനാൽ തനിച്ചിരിക്കുന്നതാണ് സന്തോഷം.  അവർ കൂടുതലും സ്വന്തമായി സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. 

15,197 ആളുകളിൽ നിന്നുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. 18 -നും 28 -നും ഇടയിൽ പ്രായമുള്ളവരാണ് ഇതിൽ പങ്കെടുത്തത്. ജീവിത സംതൃപ്‍തി, ബുദ്ധി, ആരോഗ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സർവേയിലെ ചോദ്യങ്ങൾ. ജനസാന്ദ്രത, മനുഷ്യർ എത്ര തവണ സുഹൃത്തുക്കളുമായി ഇടപഴകുന്നു എന്നീ രണ്ട് ഘടകങ്ങളാണ് ഗവേഷകർ പ്രധാനമായും വിശകലനം ചെയ്‍തത്. ഗവേഷകർ പറയുന്നതനുസരിച്ച്, നമ്മുടെ പൂർവ്വികരെ അപേക്ഷിച്ച് ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിലാണ് നമ്മൾ ഇപ്പോൾ താമസിക്കുന്നത്. അതേസമയം പൂർവ്വികരെ അപേക്ഷിച്ച് വളരെ കുറവ് സമയം മാത്രമേ നമ്മൾ സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്നുള്ളൂ. "കൂടുതൽ ബുദ്ധിമാന്മാരായ വ്യക്തികൾക്ക് പൂർവ്വികരുടേതിന് വ്യത്യസ്‍തമായി മുൻഗണനകളും മൂല്യങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്” കനസാവ പറയുന്നു. 

ഇങ്ങനെയൊക്കെയാണെങ്കിലും, സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതു കൊണ്ട് നിങ്ങൾ ബുദ്ധിമാനല്ലെന്ന് അർത്ഥമില്ല. ആധുനിക യുഗത്തിൽ ഇത് തികച്ചും സാധാരണമാണ്.