പ്രശസ്‍ത അമേരിക്കൻ ഹെർപ്പറ്റോളജിസ്റ്റായിരുന്നു കാൾ പാറ്റേഴ്‌സൺ ഷിമിറ്റ്. ഉഭയജീവികളെയും ഉരഗങ്ങളെയും കുറിച്ച് പഠിക്കുന്ന വിഭാഗമാണ് ഹെർപ്പറ്റോളജി. ഷിമിറ്റിന് ഇത്തരം ജീവികളെ കുറിച്ച് അറിയാത്തതായി ഒന്നുമില്ലായിരുന്നു. അവയുമായി ബന്ധപ്പെട്ട വിവരങ്ങളിലെല്ലാം അഗ്രഗണ്യന്‍ തന്നെയായിരുന്നു ഷിമിറ്റ്. 

ന്യൂയോർക്കിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലും തുടർന്ന് ചിക്കാഗോയിലെ ഫീൽഡ് മ്യൂസിയത്തിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. നിരവധി പദവികളും വഹിച്ചിരുന്നു. ഇതിനെല്ലാം പുറമെ, അതിപ്രശസ്‍തനായ ഒരു പാമ്പ് വിദഗ്ദ്ധൻ കൂടിയായിരുന്നു ഷിമിറ്റ്. തൻ്റെ നീണ്ട ശാസ്ത്രജീവിതത്തിൽ, ഷിമിറ്റ് എണ്ണമറ്റ മാരകമായ പാമ്പുകളെ കൈകാര്യം ചെയ്‍തിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തെ പ്രശസ്‍തനാക്കിയത് ഇതൊന്നുമല്ല. പാമ്പിൻവിഷം ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് സ്വന്തം മരണംകൊണ്ട് തെളിയിച്ചയാളാണ് ഷിമിറ്റ്. അതിനുവേണ്ടി പാമ്പിന്‍വിഷം ശരീരത്തില്‍ കയറിയിട്ടും ചികിത്സപോലും തേടാന്‍ തയ്യാറാവാതെ ആ വിഷം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് രേഖപ്പെടുത്തിവെക്കുകയായിരുന്നു അദ്ദേഹം.

പാമ്പിന്‍വിഷവും പരീക്ഷണവും   

ഷിമിറ്റ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ജോലി ചെയ്യുന്ന സമയമാണ്... പാമ്പുകളെ തിരിച്ചറിയുന്നതിൽ പ്രഗത്ഭനായിരുന്നു അദ്ദേഹം. 1957 സപ്‍തംബറില്‍ ലിങ്കൺ പാർക്ക് മൃഗശാലയിൽ നിന്നുള്ള ഒരാൾ ചിക്കാഗോ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്ക് 30 ഇഞ്ച് വലിപ്പമുള്ള ഒരു പാമ്പിനെ കൊണ്ടുവന്നു. പാമ്പിനെ തിരിച്ചറിയാൻ അവർ തേടിയത് ഷിമിറ്റിന്‍റെ സഹായമാണ്. 

പാമ്പ് ആഫ്രിക്കയിലുള്ളതാണെന്നും, കടുംനിറമുള്ള അടയാളങ്ങളാൽ പൊതിഞ്ഞതാണെന്നും ബൂംസ്‌ലാംഗ് പാമ്പിന് സമാനമായ തലയുടെ ആകൃതി ഉണ്ടെന്നും ഷിമിറ്റ് മനസ്സിലാക്കി. കൂടിയ വിഷമുള്ള  ജുവനൈൽ ബൂംസ്‌ലാംഗ് എന്ന  ഇനത്തിൽ പെട്ടതായിരുന്നു കൊണ്ടുവന്ന പാമ്പ്. ബൂംസ്‌ലാംഗ് പാമ്പിൻ്റെ വിഷത്തിൻ്റെ വീര്യം എത്രത്തോളമുണ്ടെന്ന് അന്നുള്ളവർക്ക് വ്യക്തമായി അറിയുമായിരുന്നില്ല.   

ഏതായാലും സൂക്ഷ്‍മപരിശോധനയ്ക്കായി കൊണ്ടുവന്ന പാമ്പിനെ ഷിമിറ്റ് അടുത്തേക്ക് പിടിച്ചു. അതിൻ്റെ അസാധാരണ സ്വഭാവസവിശേഷതകളെക്കുറിച്ച് അയാൾ അത്ഭുതപ്പെട്ട് നിൽക്കുമ്പോഴാണ് അത് സംഭവിച്ചത്. പാമ്പ് പെട്ടെന്ന് അദ്ദേഹത്തിൻ്റെ ഇടത് തള്ളവിരലിൽ കടിച്ചു. മൂന്ന് മില്ലിമീറ്റർ ആഴത്തിലുള്ള മുറിവുകളാണ് അതുണ്ടാക്കിയത്. ഷിമിറ്റ് മുറിവുകളിൽ നിന്ന് രക്തം വലിച്ചെടുത്തു. തുടര്‍ന്ന് ചെയ്‍തത് ആരും ചെയ്യാന്‍ തയ്യാറാവാത്ത കാര്യങ്ങളാണ്. കൂടുതൽ വൈദ്യസഹായം തേടാതെ, അദ്ദേഹം തൻ്റെ ഡയറിയിൽ, വിഷം ശരീരത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ രേഖപ്പെടുത്താൻ തുടങ്ങി. പക്ഷേ, 24 മണിക്കൂറിനുള്ളിൽ അദ്ദേഹം മരിച്ചു. 
 

അന്ന് കുറിച്ചുവച്ചത്

അക്കാലത്തെ പല ഹെർപ്പറ്റോളജിസ്റ്റുകളേയുംപോലെ ഷിമിറ്റും മനുഷ്യരെ കൊല്ലാൻ കെല്‍പ്പുള്ള വിഷം ഈ ബൂംസ്‍ലാംഗ് പാമ്പുകള്‍ക്കുണ്ടെന്ന് വിശ്വസിച്ചിരുന്നില്ല. മുറിവിനെ ചികിത്സിക്കുന്നതിനുപകരം, ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് ട്രെയിൻ കയറിയ ഷിമിറ്റ് തൻ്റെ ജേണലിൽ വിഷത്തിൻ്റെ ശക്തി എത്രത്തോളമുണ്ടെന്ന് രേഖപ്പെടുത്താൻ തുടങ്ങി. അത് മാത്രവുമല്ല, ചികിത്സ ലഭിച്ചാൽ അതിൻ്റെ യഥാര്‍ത്ഥ ലക്ഷണങ്ങളെ ബാധിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.

സ്വന്തം ജീവൻ പണയം വച്ച് അദ്ദേഹം വൈദ്യശാസ്ത്രത്തിന് നൽകിയത് അമൂല്യമായ അറിവാണ്. അദ്ദേഹത്തിൻ്റെ ജേണലിൽ അദ്ദേഹം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:

4:30 - 5:30 PM ശക്തമായി ഓക്കാനിക്കാൻ വന്നു. എന്നാൽ ഛർദ്ദിച്ചില്ല.  

5:30 - 6:30 PM ശക്തമായ തണുപ്പും വിറയലും അനുഭവപ്പെട്ടു. തുടർന്ന് 101.7 ടെംപറേച്ചറിൽ പനി ആരംഭിച്ചു. വായിൽ മ്യൂക്കസ് മെംബറേൻ രക്തസ്രാവം ആരംഭിച്ചത് 5:30 ഓടെയാണ്, കൂടുതലും മോണയിൽ നിന്നാണ് രക്തസ്രാവമുണ്ടാകുന്നത്.

8:30 PM രണ്ട് കഷണം പാൽ ടോസ്റ്റ് കഴിച്ചു.

9:00 മുതൽ 12:20 AM വരെ നന്നായി ഉറങ്ങി. 12:20 AM  -ന് മൂത്രമൊഴിക്കുന്നത് മിക്കവാറും രക്തമാണെങ്കിലും ചെറിയ അളവിൽ മാത്രമാണ് അത്. പുലർച്ചെ 4: 30 -ന് ഒരു ഗ്ലാസ് വെള്ളം കുടിച്ചു. തുടർന്ന് ഓക്കാനം, ഛർദ്ദി എന്നിവ ആരംഭിച്ചു. ആമാശയത്തിൽ ദഹിക്കാത്ത അത്താഴമുണ്ട്. കൂടുതൽ നന്നായി അനുഭവപ്പെട്ടെങ്കിലും രാവിലെ 6:30 വരെ ഉറങ്ങി. 

ഉറക്കമുണർന്ന ഷിമിറ്റ് തീരെ അവശനായിരുന്നു. എന്നിട്ടും അദ്ദേഹം തൻ്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തുന്നത് തുടർന്നു. 

സെപ്റ്റംബർ 26.

6:30 AM താപനില 98.2.

ടോസ്റ്റും ആപ്പിൾ സോസും കാപ്പിയും വേവിച്ച മുട്ടയും പ്രഭാതഭക്ഷണമായി കഴിച്ചു. ഓരോ മൂന്ന് മണിക്കൂറിലും ഒരു ഔൺസോ അതിൽ കൂടുതലോ രക്തം ഉള്ള മൂത്രം പോകുന്നു. വായയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവം തുടരുന്നു, അമിതമായി ഇല്ല.  

ഇതാണ് അദ്ദേഹം അവസാനമായി എഴുതിയത്. 

ഉച്ചഭക്ഷണത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ അദ്ദേഹം ഛർദ്ദിക്കുകയും ഭാര്യയെ വിളിക്കുകയും ചെയ്‍തു. സഹായം എത്തുമ്പോഴേക്കും, ഷിമിറ്റ് പ്രതികരിക്കാതെ, വിയർപ്പിൽ മുങ്ങി, സംസാരിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരുന്നു. ഷിമിറ്റ് ആശുപത്രിയിൽ എത്തുന്നതുവരെ ഡോക്ടർമാർ ജീവൻ നിലനിർത്താൻ പരിശ്രമിച്ചു കൊണ്ടിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഷിമിറ്റ് മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

ബൂംസ്‍ലാംഗ് 

 

വേഗത്തിൽ പ്രവർത്തിക്കുന്നതാണ് ബൂംസ്‍ലാംഗ് വിഷം. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഒരു പക്ഷിയെ കൊല്ലാൻ വെറും .0006 മില്ലിഗ്രാം വിഷം മാത്രം മതി. വിഷം വ്യാപിക്കുമ്പോൾ വ്യക്തികളിൽ രക്തസ്രാവമുണ്ടാകുന്നു. ഷിമിറ്റിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച്, അദ്ദേഹത്തിൻ്റെ ശ്വാസകോശം, കണ്ണുകൾ, ഹൃദയം, വൃക്ക, തലച്ചോറ് എന്നിവയിൽനിന്ന് രക്തസ്രാവമുണ്ടായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഷിമിറ്റിനോട് വൈദ്യസഹായം തേടാൻ നിർദ്ദേശിച്ചതായി ചിക്കാഗോ ഡെയ്‌ലി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. “ഇല്ല, അത് രോഗലക്ഷണങ്ങളെ അസ്വസ്ഥമാക്കും” എന്നായിരുന്നു ഷിമിറ്റിന്‍റെ മറുപടി. 

വിദഗ്ദ്ധനായ ഒരു ഹെർപറ്റോളജിസ്റ്റ് ആയതിനാൽ, ബൂംസ്‍ലാംഗ് ആന്റിവെനം ആഫ്രിക്കയിൽ മാത്രമേ ലഭ്യമാകൂ എന്ന് ഷിമിറ്റിന് അറിയാമായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അദ്ദേഹത്തിൻ്റെ മരണം അദ്ദേഹം സ്വയം സ്വീകരിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ പ്രവൃത്തി മണ്ടത്തരമായും, എടുത്ത് ചാട്ടമായും കണക്കാക്കുന്നവരുമുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിൻ്റെ മരണത്തിലൂടെ ബൂംസ്‌ലാംഗിനെ കുറിച്ചുള്ള അക്കാലത്തെ ശാസ്ത്ര സമൂഹത്തിൽ നിലവിലുണ്ടായിരുന്ന തെറ്റായ വിശ്വാസത്തെ കടപുഴക്കാൻ സാധിച്ചു. ബൂംസ്‌ലാംഗുകൾ നിരുപദ്രവകരമായ പാമ്പുകളാണെന്നും, അവയുടെ വിഷത്തിന് ആളുകളെ കൊല്ലാനുള്ള കഴിവില്ലെന്നുമുള്ള ധാരണ അദ്ദേഹം തൻ്റെ മരണത്തിലൂടെ തെറ്റാണ് എന്ന് തെളിയിച്ചു.