Asianet News MalayalamAsianet News Malayalam

കൊവിഡ് 19: വാഹനങ്ങളില്ല, വ്യവസായ ശാലകളില്ല, മലിനീകരണമില്ല, പരിസ്ഥിതിയില്‍ സംഭവിക്കുന്നത് ഇതാണ്

റോഡിൽ വാഹനങ്ങൾ കുറഞ്ഞതും, പല വ്യവസായശാലകളും അടച്ചതും, ബീച്ചുകളിൽ ആളുകൾ കുറഞ്ഞതും പ്രകൃതിയിൽ മാലിന്യം അടിഞ്ഞുകൂടുന്നതിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിച്ചു.

Pollution during pandemic
Author
India, First Published Mar 24, 2020, 11:31 AM IST

കൊറോണ വൈറസ്, ലോക സമ്പദ്‌വ്യവസ്ഥയെ മന്ദീഭവിപ്പിക്കുകയും രാജ്യങ്ങളെ മുഴുവൻ നിശ്ചലമാക്കുകയും ചെയ്യുന്നു എന്നത് ഒരു സത്യമാണ്. ഇതുമൂലം ജനങ്ങളുടെ ദൈനംദിന ജീവിതം തന്നെ തകിടം മറിഞ്ഞ അവസ്ഥയിലാണ്. എവിടെ നോക്കിയാലും അതുണ്ടാക്കുന്ന പ്രശ്നങ്ങൾ മാത്രമാണ് നമ്മൾ കേൾക്കുന്നത്. എന്നാൽ, ഈ വൈറസ് മൂലം മലിനീകരണം കുറയുകയാണത്രെ. നമ്മൾ വർഷങ്ങളായി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്, മലിനീകരണം കുറയ്ക്കുക എന്നത്. ലോകരാജ്യങ്ങളടക്കം പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യമായിരുന്നു അത്. ഈ മഹാമാരി ലോകം മുഴുവൻ നാശം വിതച്ചു കൊണ്ടിരിക്കുമ്പോൾ, പ്രകൃതിയ്ക്ക് മാത്രം അതൊരു ഗുണമായി ഭവിച്ചു എന്നു വേണമെങ്കിൽ പറയാം. പലരാജ്യങ്ങളും പൂർണ്ണമായ അടച്ചിടലിന് തുനിഞ്ഞപ്പോൾ ആഗോള മലിനീകരണത്തിന്റെ തോത് വലിയ രീതിയിൽ കുറഞ്ഞു എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. 

റോഡിൽ വാഹനങ്ങൾ കുറഞ്ഞതും, പല വ്യവസായശാലകളും അടച്ചതും, ബീച്ചുകളിൽ ആളുകൾ കുറഞ്ഞതും പ്രകൃതിയിൽ മാലിന്യം അടിഞ്ഞുകൂടുന്നതിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിച്ചു. അതുകൊണ്ട് തന്നെ സ്വാഭാവികമായും മലിനീകരണവും കുറഞ്ഞു. ഈ മഹാമാരി ഏറ്റവും അധികം ബാധിച്ച ചൈന, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ അത്ഭുതാവഹമായ രീതിയിലാണ് മലിനീകരണം കുറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ആറാഴ്ചയായി, ഏഷ്യയിലെയും യൂറോപ്പിലെയും നഗരങ്ങളിൽ നൈട്രജൻ ഡൈ ഓക്സൈഡിന്റെ അളവ് (NO2) കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ വളരെ കുറവാണെന്ന് അത് കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ വായുവിനെ മലിനമാക്കുന്ന ഒരു വിഷവാതകമാണ് NO2 . 

കൊറോണ വൈറസിന്റെ വ്യാപനത്തെ നിയന്ത്രിക്കാനായി ചൈനയിലെ ഫാക്ടറികളുടെ പ്രവർത്തനങ്ങൾ ഗണ്യമായ കുറച്ചു. അതുകൊണ്ട് തന്നെ ചൈനയുടെ മലിനീകരണത്തിന്റെ തോത് വലിയ രീതിയിൽ കുറഞ്ഞു. ഒരിക്കൽ, ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട രാജ്യങ്ങളിലൊന്നായിരുന്ന ചൈനയ്ക്ക് പക്ഷെ ഇനി ശുദ്ധവായു ശ്വസിക്കാം. കിഴക്കൻ, മധ്യ ചൈനയിലുടനീളമുള്ള നൈട്രജൻ ഡൈ ഓക്സൈഡിന്റെ അളവ് സാധാരണയേക്കാൾ 10-30% കുറവാണ് എന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഈ മാറ്റം ഏറ്റവും കൂടുതലായി കാണാൻ കഴിയുന്നത് വുഹാൻ നഗരത്തിലാണ്. 11 ദശലക്ഷം ജനസംഖ്യയുള്ള ഒരു നഗരമായിരുന്നു അത്. ഒരു പ്രധാന ഗതാഗത കേന്ദ്രമായി വർത്തിക്കുന്ന വുഹാനിൽ, നൂറുകണക്കിന് ഫാക്ടറികളുമുണ്ട്. ജനുവരി അവസാനത്തോടെ ഈ നഗരം പൂർണമായും അടച്ചു പൂട്ടിയിരുന്നു. 

"അന്തരീക്ഷ മലിനീകരണം മൂലം മരിക്കുന്നവരുടെ എണ്ണം നോക്കിയാൽ, കൊറോണ വൈറസിന്റെ മരണസംഖ്യ കുറവാണ് എന്നുവേണമെങ്കിൽ പറയാം" ഹ്യൂഗോ ഒബ്സർവേറ്ററി ഡയറക്ടർ ഫ്രാങ്കോയിസ് ജെമെനെ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഏഴ് ദശലക്ഷം ആളുകളാണ് മലിനീകരണം മൂലം മരിക്കുന്നത്. ഈ മഹാമാരി മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ ഇന്ത്യയുടെ പരിസ്ഥിതിക്കും ഇതുമൂലം ഗുണമുണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈറസ് കാരണം സിനിമാശാലകൾ, സ്കൂളുകൾ, റെസ്റ്റോറന്റുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവ മാർച്ച് 31 വരെ അടച്ചുപൂട്ടുകയും ധാരാളം ആളുകൾ വീട്ടിൽ ഇരുന്ന് ജോലിചെയ്യുകയും ചെയ്യുന്നതിനാൽ, എല്ലായ്പ്പോഴും നിറഞ്ഞിരിക്കുന്ന ദില്ലി റോഡുകൾ ഇപ്പോൾ ശൂന്യമാണ്. ഇതുമൂലം മലിനീകരണം കുറഞ്ഞതായും ദില്ലിയുടെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.  മുംബൈയിലെ ഏറ്റവും ജനപ്രിയവും തിരക്കേറിയതുമായ സ്ഥലങ്ങളിലൊന്നായ ജുഹു ബീച്ചും അടച്ചുപൂട്ടലിനെ തുടർന്ന് മനോഹരമായ ഒരു സ്ഥലമായി തീർന്നു.  

എന്നാൽ, ഇത് താത്കാലികമായ ഒരവസ്ഥയാണെന്നാണ് കാലാവസ്ഥ ഗവേഷകർ പറയുന്നത്. വൈറസ് മൂലം ആഗോള സാമ്പത്തിക സ്ഥിതി മോശമാവുകയാണ്. ഇത് ഭാവിയിൽ കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാൻ കൈക്കൊള്ളുന്ന പദ്ധതികളെ പ്രതികൂലമായി ബാധിക്കാം എന്ന് കാലാവസ്ഥാ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. മഹാമാരി ശമിച്ചതിനുശേഷം വിമാന യാത്ര കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 2050 ഓടെ വ്യവസായത്തിന്റെ ഉദ്‌വമനം മലിനീകരണം മൂന്നിരട്ടിയാക്കുമെന്നും കരുതുന്നു.  

Follow Us:
Download App:
  • android
  • ios