സാഹിത്യലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് നവനാഥ് സോപാൻ ഗോറെ. എഴുത്ത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ജീവിതത്തിലെ ദുരിതങ്ങളിൽ നിന്നൊരു വിടുതലായിരുന്നു. 2018 -ലാണ് തന്‍റെ ആദ്യ നോവലായ ‘ഫെസതി’ -ന് സാഹിത്യ അക്കാദമി യുവപുരസ്കാരം അദ്ദേഹത്തിന് ലഭിക്കുന്നത്. ഒറ്റദിവസം കൊണ്ട് പ്രശസ്തിയിലെത്തിയെങ്കിലും, ദാരിദ്ര്യം അപ്പോഴും അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയില്‍ മറാത്തി അധ്യാപനായി ജോലി ചെയ്യുമ്പോഴും രണ്ടറ്റം കൂട്ടിമുട്ടാൻ അദ്ദേഹം പണിപ്പെട്ടിരുന്നു. എന്നാൽ, ലോക്ക് ഡൗൺ സമയത്ത്, ആകെയുള്ള പ്രതീക്ഷയായ അധ്യാപകജോലിയും നഷ്ടമായപ്പോൾ, അദ്ദേഹം ആകെ തളർന്നു. നവനാഥ് ഗോറിന്റെ ജീവിതം മഹാമാരിയിൽ അതിവേഗം മാറിമറിഞ്ഞു. ജീവിക്കാനായി അദ്ദേഹത്തിന് പേന മാറ്റിവെച്ച് കൈയിൽ തൂമ്പയെടുക്കേണ്ടി വന്നു. 32 -കാരനായ അവാർഡ് ജേതാവ് ഇന്ന് സ്വന്തം കുടുംബത്തെ പട്ടിണിയിൽ നിന്ന് കരകയറ്റാൻ ഒരു ദിവസം 400 രൂപയ്ക്ക് കൂലിവേല ചെയ്യുന്നു.  

സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് അഹമ്മദ്‌നഗർ ജില്ലയിലെ കോളേജിൽ താൽക്കാലിക ലക്ചററായി ജോലി ലഭിക്കുകയുണ്ടായി. കോളേജിൽ പഠിപ്പിച്ച സമയത്ത്, മണിക്കൂറുകൾക്ക് അദ്ദേഹത്തിന് പ്രതിമാസം 10,000 രൂപ വരെ ലഭിച്ചിരുന്നു. എന്നാൽ, ലോക്ക് ഡൗൺ ആരംഭിച്ചതോടെ അദ്ദേഹത്തിന്റെ ജോലി നഷ്ടമായി. പതുക്കെ കൈയിലുള്ള സമ്പാദ്യമെല്ലാം തീര്‍ന്നു തുടങ്ങി. തുടർന്ന്, പ്രായമായ അമ്മയ്ക്കും, ഭിന്നശേഷിക്കാരനായ സഹോദരനും വേണ്ടി തന്റെ ജന്മഗ്രാമമായ നിഗ്ഡിയിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് അദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. ഒടുവിൽ കുടുംബത്തെ പോറ്റാനായി സ്വന്തം ജില്ലയിൽ ഒരു കർഷക തൊഴിലാളിയായി ജോലി നോക്കാൻ അദ്ദേഹം നിർബന്ധിതനായി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യമാണ് അദ്ദേഹത്തിനുമുള്ളത്.

കോലാപ്പൂർ ജില്ലയിലെ ശിവാജി സർവകലാശാലയിൽ നിന്ന് മറാത്തിയിൽ ബിരുദാനന്തര ബിരുദം നേടിയ ഗോർ തന്റെ ബിരുദാനന്തര ദിവസങ്ങളിലാണ് ആദ്യ നോവലായ ഫെസതി എഴുതാൻ തുടങ്ങിയത്. 2017 -ൽ പുസ്തകം പ്രസിദ്ധീകരിക്കുകയും അടുത്ത വർഷം തന്നെ അതിന് അവാർഡ് ലഭിക്കുകയും ചെയ്തു. “എനിക്ക് അവാർഡ് കിട്ടയശേഷം, അഹമ്മദ്‌നഗർ ജില്ലയിലെ ഒരു കോളേജിൽ നിന്ന് എനിക്ക് ഒരു ഓഫർ ലഭിച്ചു. അതനുസരിച്ച് ഒരു ലക്ചററായി ഞാൻ അവിടെ ജോലിചെയ്യാൻ തുടങ്ങി, പ്രതിമാസം 10,000 രൂപ വരെ ഞാൻ സമ്പാദിക്കുമായിരുന്നു. എന്നാൽ, ഈ വർഷം ഫെബ്രുവരിയിൽ, എന്റെ അച്ഛൻ മരിച്ചു. എന്റെ അമ്മയുടെയും 50 വയസ്സുള്ള സഹോദരന്റെയും ഉത്തരവാദിത്തം എന്റെ ചുമലിൽ വന്നു. മാർച്ചായതോടെ, കോളേജിൽ നിന്നുള്ള വരുമാനവും നിലച്ചു. വരുമാനമില്ലാതായതോടെ വീട്ടിലെ കാര്യങ്ങൾ പരുങ്ങലിലായി. അങ്ങനെയാണ് ഈ ജോലി ഏറ്റെടുക്കുന്നത്” ഗോർ പറഞ്ഞു. ജോലിക്കായി അദ്ദേഹത്തിന് 25 കിലോമീറ്റർ സഞ്ചരിക്കണം. ഒരുദിവസം മുഴുവൻ പണിയെടുത്താൽ 400 രൂപയും പകുതി ദിവസത്തെ പണിയ്ക്ക് 200 രൂപയുമാണ് കൂലി. മഴക്കാലം തീർന്നാൽ കാർഷിക പ്രവർത്തനങ്ങൾ കുറയും. അതിനുശേഷം ഈ ജോലിയും നഷ്ടമാകുമോ എന്ന ഭീതിയിലാണ് അദ്ദേഹം.  

അതേസമയം, ഗോറിന്റെ ദുരവസ്ഥയെ കുറിച്ചറിഞ്ഞ, മഹാരാഷ്ട്ര കൃഷി മന്ത്രി വിശ്വജിത് കദം ഭാരതി സർവകലാശാലയിൽ ഒരു ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. താൻ ഗോറുമായി സംസാരിച്ചെന്നും, അദ്ദേഹത്തിന്റെ കഴിവുകളെ വളർത്താൻ അനുയോജ്യമായ അന്തരീക്ഷം നൽകുമെന്ന് താൻ ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു.