Asianet News MalayalamAsianet News Malayalam

മമതയും മോദിയും ഇടഞ്ഞതിനു പിന്നില്‍, പ്ലാസ്റ്റിക് സര്‍ജറി നടത്തി തട്ടിപ്പുവീരനായി പുറത്തുവന്ന നക്‌സല്‍ നേതാവ്

ശങ്കരാദിത്യ സെന്‍ പിന്നീട് വെള്ളിവെളിച്ചത്തില്‍ പ്രത്യക്ഷപ്പെടുന്നത് 2004 -ലാണ്. പൂര്‍വാശ്രമത്തിലെ പേര് വെടിഞ്ഞ്, അദ്ദേഹം സുദീപ്‌തോ സെന്‍ എന്ന പേരിലാണ് അന്ന് പുനര്‍ജനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ഭൂതകാലത്തില്‍ നിന്നും പരിപൂര്‍ണമായ മോചനം ആഗ്രഹിച്ചിരുന്ന സുദീപ്‌തോ തൊണ്ണൂറുകളില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപഭേദം വരുത്തിയതായാണ് കഥകള്‍. എന്തായാലും സുദീപ്‌തോ 2004 -ല്‍ സമ്പാദിച്ച ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ കൊടുത്തിരിക്കുന്ന വിലാസം ശങ്കരാദിത്യ സെന്നിന്റെ തറവാടിന്റെതാണ്.  

sudipta sen person behind chit fund scam and conflict between mamtha and modi
Author
Thiruvananthapuram, First Published Feb 5, 2019, 2:21 PM IST

ബംഗാള്‍ വീണ്ടും വാര്‍ത്താകേന്ദ്രമായി മാറിയിരിക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള സംഘര്‍ഷത്തില്‍ സുപ്രീം കോടതി കൂടി കണ്ണി ചേര്‍ന്നതോടെ കഥ സങ്കീര്‍ണ്ണമാവുകയാണ്. എന്താണ് ഈ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം? ആ ചോദ്യത്തിലൂടെ ചെല്ലുമ്പോള്‍ നമ്മള്‍ ചെന്നെത്തുന്നത് ഒരു തട്ടിപ്പ് കേസിലാണ്. ശാരദാ ചിറ്റ് ഫണ്ട് കേസ്. ആ കേസിലെ സിബിഐ അന്വേഷണമാണ് പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുന്നത്.

40 പേരടങ്ങുന്ന വന്‍ സിബിഐ സംഘം കല്‍ക്കത്താ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ചെന്നതിനെത്തുടര്‍ന്നുണ്ടായ പുകിലുകളാണ് പുതിയ വാര്‍ത്തകള്‍ക്ക് പിറകില്‍. മുഖ്യമന്ത്രിയും കമ്മീഷണറുമെല്ലാം ചേര്‍ന്ന് സിബിഐക്കെതിരെ ധര്‍ണ്ണയിരിക്കുന്നതിലും സിബിഐ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിലും ഒക്കെ അത് ചെന്നുനില്‍ക്കുന്നു. ശാരദാ ചിറ്റ് ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട, നിരവധി തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കളെ കുടുക്കാന്‍ പോന്ന തെളിവുകള്‍ കമ്മീഷണര്‍ പൂഴ്ത്തിവെക്കുകയും നശിപ്പിക്കുകയും ചെയ്തു എന്നാണ് സിബിഐയുടെ ആരോപണം. 

അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരടക്കം പലരെയും കാശു കൊടുത്ത് വശത്താക്കി അയാള്‍

ഇന്ന് ബംഗാളിനെ ഇളക്കിമറിക്കുന്ന ഈ കുംഭകോണത്തിനു പിന്നിലെ സൂത്രധാരന്‍ ഒരു ഗംഭീര കഥാപാത്രമാണ്. സുദീപ്‌തോ സെന്‍ എന്ന ബിസിനസുകാരന്‍. അയാള്‍ക്കൊരു ഞെട്ടിക്കുന്ന ഭൂതകാലമുണ്ട്. ബംഗാളിനെ വിറപ്പിച്ച നക്‌സല്‍ ബാരി കലാപകാലത്തെ വിപ്ലവ നേതാവ്. അന്നയാളുടെ പേര് ശങ്കരാദിത്യ സെന്‍ എന്നായിരുന്നു. അയാള്‍ ഇന്നില്ല. പകരം ഇന്നുള്ളത് സുദിപ്‌തോ സെന്‍ എന്ന ബിസിനസുകാരന്‍ മാത്രം. ശാരദ തട്ടിപ്പ് കേസിലെ മുഖ്യകണ്ണി. ശങ്കരാദിത്യ സെന്നില്‍നിന്നും സുദിപ്‌തോയിലേക്കുള്ള ദൂരം ഒരു പ്ലാസ്റ്റിക് സര്‍ജറിയുടേതാണ് എന്നാണ് കഥ.

നക്‌സല്‍ബാരി കാലത്തിനു ശേഷം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മറ്റൊരാളായി പുറത്തുവരികയായിരുന്നുവത്രേ സുദിപ്‌തോ സെന്‍. ബംഗാളില്‍ പ്രചാരത്തിലുള്ള ഈ കഥയ്ക്ക് എന്നാല്‍, ആധികാരിക രേഖകളുടെ പിന്‍ബലമില്ല. കെട്ടുകഥയെന്നു പറഞ്ഞ് പലരും തള്ളിക്കളയുന്നുവെങ്കിലും ഈ കഥയുടെ ചുവടുപിടിച്ചാണ് സുദിപ്‌തോയെ ഇന്ന് ബംഗാള്‍ അറിയുന്നത്. 

1950 -ലായിരുന്നു ശങ്കരാദിത്യ സെന്നിന്റെ ജനനം. ബംഗാള്‍ വിഭജനത്തിന്റെ സമയത്ത് ധാക്കയില്‍ നിന്നും പലായനം ചെയ്ത് കല്‍ക്കത്തയില്‍ വന്നു താമസമാക്കിയ നൃപേന്ദ്രനാരായണ്‍ സെന്നിന്റെയും രേണുകാനാ സെന്നിന്റെയും നാലുമക്കളില്‍ മൂന്നാമന്‍. നക്‌സല്‍ബാരി സമരം കൊടുങ്കാറ്റു പോലെ  നാടെങ്ങും പടരുന്ന കാലമായിരുന്നു അത്.  ഇവര്‍ താമസിച്ചിരുന്ന ഹസ്രബഗാന്‍ ലൈന്‍, എന്റലി തുടങ്ങിയവ നക്‌സല്‍ മേഖലകളായിരുന്നു. ഹസ്രബഗാന്‍ ലൈനിൽ തന്റെ അയൽവാസിയായിരുന്ന ശങ്കരാദിത്യ സെൻ എന്ന തീപ്പൊരി പ്രാസംഗികനെ, ഇന്നും അവിടെ താമസമുള്ള ഓംകാർ നാഥ് സിങ്ങ് ഓർത്തെടുക്കുന്നുണ്ട് 

അന്ന് അവിടം  സന്ദര്‍ശിച്ച നക്‌സലൈറ്റ് സൈദ്ധാന്തികന്‍ ചാരു മജുംദാറാണ്  ശങ്കരാദിത്യ സെന്നിനെ തീവ്രരാഷ്ട്രീയ ലൈനിലേക്ക് ജ്ഞാനസ്‌നാനം ചെയ്യുന്നത്. അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കും ജയില്‍വാസത്തിലേക്കും ശങ്കരാദിത്യ സെന്നിനെ എത്തിച്ചു. ജയിലില്‍ വെച്ച് പരിചയപ്പെട്ട ക്രിമിനല്‍ ബന്ധങ്ങളുള്ള ചില രാഷ്ട്രീയ നേതാക്കളാണ് ശങ്കറിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്.  അത്രനാളും താലോലിച്ച തീവ്ര ഇടതുപ്രത്യയശാസ്ത്രത്തെ തന്റെ ഹൃദയത്തില്‍ നിന്നും തുടച്ചുനീക്കിയ ശങ്കര്‍, മുതലാളിത്തത്തിന്റെ, പണത്തിന്റെ പാതയിലേക്ക് നീങ്ങാനുറച്ചു. 

ജയിലിനുള്ളില്‍നിന്നുണ്ടായ  ബന്ധങ്ങളുപയോഗിച്ച്, മോചിതനായി അധികം താമസിയാതെ, ശങ്കരാദിത്യ സെന്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റായി മാറി. ചെറിയ ചെറിയ കച്ചവടങ്ങള്‍ നടത്തുമ്പോഴും അയാളുടെ കണ്ണ് വലിയ ഇടപാടുകളിലായിരുന്നു എന്ന് അക്കാലത്ത് അദ്ദേഹത്തിന്റെ അനുയായികളായിരുന്ന പലരും  ഓര്‍ക്കുന്നുണ്ട്. 

സന്തോഷ് പൂരിലുള്ള ഒരു സര്‍വേ പാര്‍ക്കിനുവേണ്ടി  നിലം നികത്താനുള്ള കോണ്‍ട്രാക്ട് നേടിയെടുക്കുന്നതോടെയാണ് അയാളുടെ  റിയല്‍ എസ്റ്റേറ്റ്  ബിസിനസ് തഴയ്ക്കുന്നത്. അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരടക്കം പലരെയും കാശു കൊടുത്ത് വശത്താക്കി അയാള്‍ പതുക്കെ ശക്തമായ ഒരു ബിസിനസ് ശൃംഖല കെട്ടിപ്പടുത്തു. ബിസിനസ്സില്‍ ചുരുങ്ങിയ കാലം കൊണ്ട് വളരെ വലിയ നേട്ടങ്ങള്‍ കൊയ്തു. ശങ്കര്‍ പിന്നീട് പതിയെ കുടുംബവുമായി അകന്നു. ഏറെക്കാലത്തേക്ക് അവര്‍ ശങ്കറിനെ കാണുകപോലുമുണ്ടായില്ല. 

ശങ്കരാദിത്യ സെന്‍ പിന്നീട് വെള്ളിവെളിച്ചത്തില്‍ പ്രത്യക്ഷപ്പെടുന്നത് 2004 -ലാണ്. പൂര്‍വാശ്രമത്തിലെ പേര് വെടിഞ്ഞ്,  സുദീപ്‌തോ സെന്‍ എന്ന പേരിലാണ് അന്നയാൾ  പുനര്‍ജനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ഭൂതകാലത്തില്‍ നിന്നും പരിപൂര്‍ണമായ മോചനം ആഗ്രഹിച്ചിരുന്ന സുദീപ്‌തോ തൊണ്ണൂറുകളില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപഭേദം വരുത്തിയതായാണ് കഥകള്‍. എന്തായാലും സുദീപ്‌തോ 2004 -ല്‍ സമ്പാദിച്ച ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ കൊടുത്തിരിക്കുന്ന വിലാസം ശങ്കരാദിത്യ സെന്നിന്റെ തറവാടിന്റെതാണ്.  

അതോടെ ശാരദാ ഗ്രൂപ്പ് വീണ്ടും കളം മാറ്റിച്ചവിട്ടി        

ശ്രീരാമകൃഷ്ണ പരമഹംസരുടെ പത്‌നിയായിരുന്ന ശാരദാ ദേവിയുടെ പേര് കടംകൊണ്ട്  2006 -ല്‍ സുദീപ്‌തോ സെന്‍ തുടങ്ങിയ ധനകാര്യ സ്ഥാപനമാണ്  'ശാരദാ ഗ്രൂപ്പ്'. പേരിലുള്ള ഈ 'ശാരദാ'  ബന്ധം ബംഗാളില്‍ ചിട്ടിക്കമ്പനിക്ക്  ഒരു കുലീന പരിവേഷം നല്‍കി. അവര്‍ ജനങ്ങളില്‍ നിന്നും വ്യാപകമായ തോതില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച്, 25  മുതല്‍ 40  ശതമാനം വരെ ലാഭം നല്‍കിത്തുടങ്ങി. സുരക്ഷിത ഡിബഞ്ചറുകളും റിഡീമബിള്‍ പ്രിഫറന്‍ഷ്യല്‍ ബോണ്ടുകളുമായിരുന്നു ആദ്യമൊക്കെ കമ്പനി നിക്ഷേപങ്ങള്‍ക്ക് ബദലായി നല്‍കിയിരുന്നത്. ഇന്ത്യന്‍ കമ്പനീസ് ആക്റ്റ് (1956) പ്രകാരം 50 -ല്‍ കൂടുതല്‍ നിക്ഷേപകരില്‍ നിന്നും ഇപ്രകാരം പാലം സ്വരൂപിക്കാന്‍ അനുവാദമില്ലായിരുന്നു. ഈ നിയമം ലംഘിച്ചതിന്റെ പേരില്‍ 2009 -ലായിരുന്നു ആദ്യമായി SEBI ശാരദാ ഗ്രൂപ്പിനെ പിടികൂടുന്നത്. സെബിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനായി ശാരദാ ഗ്രൂപ്പ് അന്ന് 200 -ല്‍ പരം കമ്പനികള്‍ ഉണ്ടാക്കി ക്രോസ്സ് ഹോള്‍ഡിങ്ങിനുള്ള ശ്രമം നടത്തി.

2011 -ല്‍ ശാരദാ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്കുള്ള അസംതൃപ്തി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുന്നത്. അതോടെ ശാരദാ ഗ്രൂപ്പ് വീണ്ടും കളം മാറ്റിച്ചവിട്ടി. തങ്ങളുടെ പക്കലുള്ള നിക്ഷേപത്തുക കൊണ്ട് അവര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വിവിധകമ്പനികളുടെ ഷെയറുകളിന്മേല്‍ വ്യാപാരം തുടങ്ങി. പക്ഷേ, അവിടേയും ബാലന്‍സ് ഷീറ്റുകളില്‍ സത്യസന്ധത പുലര്‍ത്താന്‍ അവര്‍ക്കായില്ല. തങ്ങളുടെ നിക്ഷേപങ്ങളില്‍ പലതും അവര്‍ രഹസ്യമായി ദുബായിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും സിംഗപ്പൂരിലേക്കും മറ്റും കടത്തി. 2012 -ല്‍ സെബി ശാരദാ ഗ്രൂപ്പിന് അടിയന്തരമായി പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയെങ്കിലും, അതെല്ലാം അവര്‍ അവഗണിക്കുകയും ഒടിവില്‍  2013 -ല്‍ ചിട്ടിക്കമ്പനി പൊട്ടും വരെ അവര്‍ തങ്ങളുടെ തട്ടിപ്പുകള്‍ നിര്‍ബ്ബാധം തുടര്‍ന്നു പോന്നിരുന്നു. 

മുന്‍കാലങ്ങളിലെ നിക്ഷേപ തട്ടിപ്പുകളായ അനുഭവ് ടീക്ക് പ്ലാന്റേഷന്‍സ്, QNET, സ്പീക്ക് ഏഷ്യ, ജപ്പാന്‍ ലൈഫ് തുടങ്ങിയവയെപ്പോലെ തങ്ങളുടെ ബ്രാന്‍ഡ് ബില്‍ഡിങ്ങിനായി ശാരദയും വന്‍തുക മുടക്കി പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ശതാബ്ദി റോയ്, മിഥുന്‍ ചക്രവര്‍ത്തി എന്നീ താരങ്ങളെ അവര്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ആയിരുന്ന കുനാല്‍ ഘോഷിനെ സിഇഒ ആക്കിക്കൊണ്ട് ആയിരം കോടി മുതല്‍മുടക്കില്‍ അവര്‍ ശാരദാ മീഡിയാ ഗ്രൂപ്പ് എന്നൊരു മാധ്യമ സ്ഥാപനം തുടങ്ങി അതിന്റെ ബാനറില്‍ നിരവധി പത്രങ്ങളും മാസികകളും ചാനലുകളും മറ്റും ആരംഭിച്ചിരുന്നു.

2011 -ല്‍ തങ്ങളുടെ തട്ടിപ്പുകള്‍ക്ക് മറയാക്കാനായി അവര്‍ നഷ്ടത്തിന്റെ പടുകുഴിയില്‍ കിടന്നിരുന്ന 'ഗ്ലോബല്‍ ഓട്ടോമൊബൈല്‍സ്'എന്ന ഒരു ഇരുചക്രവാഹനനിര്‍മ്മാണ കമ്പനിയെ ഏറ്റെടുത്തു. പ്രൊഡക്ഷന്‍ ഒന്നും ഇല്ലായിരുന്നെങ്കിലും നൂറ്റമ്പതോളം ജീവനക്കാരെ അവര്‍ ആ സ്ഥാപനത്തില്‍ നിലനിര്‍ത്തിയിരുന്നു. പുറമേക്ക് എല്ലാം സുരക്ഷിതമാണ് എന്ന തോന്നലുണ്ടാക്കാന്‍ അവര്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി കല്‍ക്കത്താ പൊലീസിന് മോട്ടോര്‍ സൈക്കിളുകള്‍ സൗജന്യമായി നല്‍കി. മാധ്യമ ശ്രദ്ധ നിലനിര്‍ത്തുന്നതിന് ഭാഗമായി അവര്‍ കല്‍ക്കത്താ ലീഗിലെ എതിര്‍ ടീമുകളായ മോഹന്‍ ബഗാനിലും ഈസ്റ്റ് ബംഗാളിലും ഒരേസമയം നിക്ഷേപങ്ങള്‍ നടത്തി. ഒപ്പം പലയിടത്തുമുള്ള ദുര്‍ഗാ പൂജ ആഘോഷങ്ങളും സ്‌പോണ്‍സര്‍ ചെയ്തു. 

തൃണമൂല്‍ കോണ്‍ഗ്രസ്സുമായി അടുത്ത ബന്ധമാണ് ശാരദാ ഗ്രൂപ്പിനുണ്ടായിരുന്നത്

പല തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കളും ശാരദാ ഗ്രൂപ്പില്‍ നിന്നും വന്‍ തുകകള്‍ ശമ്പളമായി കൈപ്പറ്റി. എംപി കുനാല്‍ ഘോഷിന്റെ ശമ്പളം മാസം 16  ലക്ഷം രൂപയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സുമായി അടുത്ത ബന്ധമാണ് ശാരദാ ഗ്രൂപ്പിനുണ്ടായിരുന്നത്. മമതാ ബാനര്‍ജി വരച്ച ചിത്രങ്ങള്‍ വാങ്ങാനായി സുദിപ്‌തോ സെന്‍ ചെലവിട്ടത് ഒന്നരക്കോടിയിലധികം രൂപയാണ്. അന്നത്തെ ടെക്സ്റ്റൈല്‍സ് മന്ത്രിയായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള നഷ്ടത്തിലോടിക്കൊണ്ടിരുന്ന ലാന്‍ഡ്മാര്‍ക്ക് സിമന്റ്‌സ് എന്ന സ്ഥാപനം ശാരദാ ഗ്രൂപ്പ് വന്‍വിലയ്ക്കാണ് സ്വന്തമാക്കിയത്. 2012 ഡിസംബര്‍ 7 -നാണ് അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ദുവ്വുരി സുബ്ബറാവു ശാരദാ ഗ്രൂപ്പിനെതിരെ സുവോ മോട്ടോ കേസെടുക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്.

2013 ജനുവരിയില്‍ നടത്തിപ്പു ചെലവ് വരവിനേക്കാൾ കൂടുതലായതോടെ ശാരദാ ഗ്രൂപ്പ് ഔദ്യോഗികമായി പൊട്ടി. 2013  ഏപ്രില്‍ 6 -ന് സിബിഐക്ക് എഴുതിയ ഒരു കുറ്റസമ്മതമൊഴിയില്‍ സുദിപ്‌തോ സെന്‍ താന്‍ പല തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും കൈക്കൂലി കൊടുത്തതായി സമ്മതിച്ചു.  അതോടെ രാജ്യം കണ്ട ഏറ്റവും വലിയ 'പോണ്‍സി' സ്‌കീമുകളില്‍ ഒന്നായി ശാരദാ ചിറ്റ് ഫണ്ട് കുംഭകോണവും മാറി. 

Follow Us:
Download App:
  • android
  • ios