Asianet News MalayalamAsianet News Malayalam

വിവാഹേതരബന്ധങ്ങള്‍ ഉണ്ടാവുന്നത്

Szai Kiran on extramarital affairs
Author
Thiruvananthapuram, First Published Sep 14, 2017, 6:27 PM IST

Szai Kiran on extramarital affairs

ചുറ്റുവട്ടത്ത് കണ്ണോടിച്ചാല്‍ രഹസ്യമായും പരസ്യമായും കാണുന്ന ഒരു 'പ്രതിഭാസത്തിന്' പിന്നിലെ ശാസ്ത്രരഹസ്യത്തെ കുറിച്ചാണ് ഈ കുറിപ്പ്. 'അയ്യോ..ചെയ്യുന്നത് തെറ്റാണല്ലോ...'എന്ന ആത്മസംഘര്‍ഷത്തില്‍ പെട്ടുഴറുന്ന ജനകോടികളെ കുറിച്ചും, 'വേലിചാടല്‍' എന്ന് ആക്ഷേപിക്കപ്പെടുന്ന വിവാഹേതരബന്ധങ്ങളെ കുറിച്ചുമാണ് ഇത്. സ്ത്രീക്കോ പുരുഷനോ തന്റെ രജിസേ്‌റ്റേഡ് ഇണയോടല്ലാതെ മറ്റൊരാളോട് രഹസ്യമായോ പരസ്യമായോ തോന്നുന്ന അടുപ്പത്തിന് പിന്നിലെ ശാസ്ത്രരഹസ്യങ്ങളെ കുറിച്ചുള്ള അന്വേഷണം. 

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ശാസ്ത്രീയമായി അന്വേഷിക്കാനാണ് ശ്രമിക്കുന്നത്. പ്രണയത്തിലേയും ദാമ്പത്യത്തിലേയും അസ്വസ്ഥതകളാണ് ഇതിനൊക്കെ കാരണമായി വനിതാമാസികകളും ചാനലുകളും 'മനോവിദഗ്ധ'രുമൊക്കെ പറയുന്നുണ്ടെങ്കിലും അവ പൂര്‍ണ്ണമായി ശരിയല്ല. 

ഈ ആറു കാര്യങ്ങള്‍ നോക്കൂ. 

ബഹുലൈംഗികത്വത്തിന്റെ അടയാളങ്ങള്‍ നമ്മുടെ ജനിതക കോഡില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

1. സ്വാഭാവിക ചോദന
മനുഷ്യര്‍ പരിണമിക്കപ്പെട്ടത് ഒന്നിലധികം ഇണകളെ സ്വീകരിക്കുമെന്ന നിലയിലാണെന്ന് നരവംശശാസ്ത്രം മുതല്‍ ആധുനിക ജനിതക പഠനങ്ങളില്‍ വരെ കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്‌കത്തിലെ ന്യൂറോകെമിക്കലുകളുടെ സ്വാധീനത്താലാണ് ചിലര്‍ ഒരൊറ്റ ഇണയിലേക്ക് മാത്രമായി ഒതുങ്ങുന്നതും ചിലര്‍ ഒന്നിലധികം പേരിലേക്ക് പോവുന്നതും. (ഇത് അവസാന പോയിന്റില്‍ വിശദീകരിച്ചിട്ടുണ്ട്). 

പതിനായിരക്കണക്കിന് വര്‍ഷങ്ങളായി പുലര്‍ത്തി പോന്ന ബഹുലൈംഗികത്വത്തിന്റെ അടയാളങ്ങള്‍ നമ്മുടെ ജനിതക കോഡില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജനിതക പഠനങ്ങളില്‍ നിന്ന് വരുന്ന തെളിവുകളനുസരിച്ച് കുറച്ച് പുരുഷന്മാര്‍ കൂടുതല്‍ സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയാണ് ഇന്നത്തെ മനുഷ്യവംശത്തിലേക്ക് എത്തിയത് അതായത് നിശ്ചിത പങ്കാളിക്ക് പകരം കൂടുതല്‍ പങ്കാളികളുമായിട്ടായിരുന്നു ബന്ധങ്ങള്‍ മുഴുവനും.

കൂടുതല്‍ പങ്കാളിയുമായുള്ള ബന്ധങ്ങളിലൂടെയായിരുന്നു മനുഷ്യചരിതം കടന്നുപോയത്

2. ജനിതക ചരിത്രം 
ഓരോ കോശത്തിലും ഓരോ ജോഡി ക്രോമസോകളുണ്ടാവുമല്ലോ. സ്ത്രീകള്‍ക്ക് രണ്ട് X ക്രോമസോമുകളും പുരുഷന് ഒരു X ക്രോമസോമും ഒരു Y ക്രോമസോമുമായിരിക്കും. സ്ത്രീകള്‍ക്ക് X ക്രോമസോമുകളുടെ രണ്ട് കോപ്പികളും പുരുഷന് ഒന്നുമായതിനാല്‍ മുകളില്‍ പറഞ്ഞ സ്ത്രീപുരുഷ അനുപാതത്തിലെ കുറവ് X ക്രോമസോമില്‍ കൂടുതല്‍ ജനിതകമാറ്റങ്ങള്‍ വരുത്തുകയായിരുന്നു. നമ്മുടെ പരിണാമപ്രക്രിയയില്‍ നാനാത്വം സംഭവിക്കാനുള്ള കാരണങ്ങളിലൊന്ന് പുരുഷന്, സ്ത്രീകളെ പോലെ നല്ല തോതില്‍ ജീന്‍ കൈമാറ്റം നടത്താന്‍ സാധിക്കാത്തത് കൊണ്ടുകൂടിയായിരുന്നു. 

അജ്ഞാതമായ നമ്മുടെ ജനിതകചരിത്രത്തെ മനസ്സിലാക്കാന്‍ വ്യത്യസ്ത ഭാഗങ്ങളിലെ ജനങ്ങളുടെ ഡി.എന്‍.എ പഠനവിധേയമാക്കി Population Geneticsല്‍ നടത്തിയ അനേഷണത്തില്‍ X ക്രോമസോമില്‍ കൂടുതല്‍ ജനിതകവ്യത്യാസങ്ങള്‍ കണ്ടെത്തി. ഇത് വിരല്‍ചൂണ്ടുന്നത് കൂടുതല്‍ പങ്കാളിയുമായുള്ള ബന്ധങ്ങളിലൂടെയായിരുന്നു മനുഷ്യചരിതം കടന്നുപോയതെന്നാണ്. തുല്യ അനുപാതത്തില്‍ പുരുഷനും സ്ത്രീയും ഇണകളെ തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഇങ്ങനെയൊരു ജനിതകവ്യത്യാസം വരുമായിരുന്നില്ല.

നമ്മുടെ ബന്ധുവായ പഴമീച്ചകളിലും ഇതേ ജനിതകപാറ്റേണ്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ ഡിഎന്‍എയുമായി 99 ശതമാനവും പങ്കിടുന്ന ബോനോബോ, ചിമ്പാന്‍സി തുടങ്ങിയ ആള്‍ക്കുരങ്ങുകളിലെ സവിശേഷതകള്‍ മുന്‍നിര്‍ത്തിയും ഇതിനെ പഠനവിധേയമാക്കുന്നു. മനുഷ്യരെ പോലെ നാക്ക് കൊണ്ടുള്ള ചുംബനവും ഓറല്‍ സെക്‌സും ചെയ്യുന്ന ഏക ജന്തുവര്‍ഗ്ഗമാണ് ബോനോബോകള്‍. ചിമ്പന്‍സികളുടെ സാമൂഹ്യജീവിതം മനുഷ്യരുടെ സാമൂഹികജീവിതവുമായി കാര്യമായ സാദൃശ്യം കാണാം. നമുക്ക് 23 ജോഡി ക്രോമസോമുകളും ആള്‍കുരങ്ങുകള്‍ക്ക് 24 ജോഡി ക്രോമസോമുകളുമാണുള്ളത്. പരിണാമഘട്ടങ്ങളിലൊന്നില്‍ പൂര്‍വ്വിക ആള്‍ക്കുരങ്ങിലെ 2 ക്രോമസോമുകള്‍ ടെലോമിയറുകളില്‍ സംയോജിപ്പിക്കപ്പെട്ടത് കൊണ്ടായിരുന്നു ഇന്നത്തെ മനുഷ്യരിലേക്ക് വഴിതെളിക്കുന്ന രണ്ടാം ക്രോമസോമിന്റെ പരിണാമം സംഭവിച്ചത്. (ഓരോ ക്രോമസോമുകളുടെയും അറ്റത്ത് ന്യൂക്ലിക്ക് ആസിഡുകള്‍ക്ക് കാരണമായ ന്യൂക്ലിയോടൈഡുകളുടെ ആവര്‍ത്തനം നടക്കുന്ന സ്ഥലമാണ് ടെലോമിയര്‍. തൊട്ടടുത്തുള്ള ക്രോമസോമുകളുടെ തെറ്റായ സംയോജനത്തില്‍ നിന്ന് സംരക്ഷണമേകുന്നത് ടെലോമിയറാണ്).

മറ്റൊരാളുടെ ഇണയില്‍ ആകൃഷ്ടരാവുന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് തെറ്റുപറ്റിയെന്നല്ല

3. ഔട്ട് ഓഫ് ഏദന്‍
നരവംശശാസ്ത്രം, പരിണാമജീവശാസ്ത്രം, എത്തോളജി എന്നിവയില്‍ നിന്ന് ബഹുലൈംഗികത്വത്തിന് തെളിവുകളുടെ നീണ്ട നിര തന്നെ അവതരിപ്പിക്കുന്ന പുസ്തകമാണ് 'ഔട്ട് ഓഫ് ഏദന്‍: ദി സര്‍പ്രൈസിങ്ങ് കൊണ്‍സീക്വന്‍സസ്'. 

ഒന്നിലധികം ഇണകള്‍ എന്ന സ്വാഭാവിക പ്രവണതയെ മറികടക്കാനുള്ള കെല്‍പ്പ് മനുഷ്യമസ്തിഷ്‌കത്തിനുള്ളതിനാല്‍ ഒരു പരിധി വരെ ഏകപതീപത്‌നിത്വവുമായി മുന്നോട്ടു പോവുന്നുവെന്നാണ് ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്. ഒരേ സമയം ഒന്നിലധികം പെണ്‍ ഇണകളെ തേടുന്ന പുരുഷലോകത്തെയും ആണ്‍ ഇണകളെ തേടുന്ന സ്ത്രീലോകത്തെയും ഇവിടെ അനാവരണം ചെയ്യുന്നു. നിങ്ങളുടെ ഇണയെ അല്ലാതെ മറ്റൊരാളുടെ ഇണയില്‍ ആകൃഷ്ടരാവുന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് തെറ്റുപറ്റിയെന്നല്ല, മറിച്ച് വ്യവസ്ഥിതിയില്‍ എപ്പോഴോ കടന്നുകൂടിയ കുഴപ്പം മാത്രമാണതെന്ന് പുസ്തകം അഭിപ്രായപ്പെടുന്നു. 

ഏക പതിപത്‌നിത്വത്തെ വ്യവസ്ഥിതിയില്‍ കടന്നുകൂടിയ Bug എന്നാണ് പ്രമുഖ പരിണാമശാസ്ത്രജ്ഞനും വാഷിംഗ്ടണ്‍ സര്‍വ്വകലാശാല പ്രൊഫസറുമായ ദാവീദ് ബരാഷ് വിശേഷിപ്പിക്കുന്നത്. ഇതിലെ തെറ്റും ശരിയും സാമൂഹ്യശാസ്ത്രത്തിന്റെ കണ്ണില്‍ കൂടി വേണം വിലയിരുത്താന്‍. പ്രകൃതി ഇങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാത്രമാണ് പറഞ്ഞത്.

ഇണയെ വിട്ടു കൊടുക്കാനുള്ള മൃഗഭയമാണ് സ്ത്രീയെ പൊതിഞ്ഞു കെട്ടി സൂക്ഷിക്കുന്ന നിയമങ്ങളിലേക്ക് പോലും സമൂഹത്തെ നയിച്ചത്

4. സെക്ഷ്വല്‍ ഡിമോര്‍ഫിസം 
പാരമ്പര്യമായി അല്ലെങ്കില്‍ ജനിതക ഘടകത്തിലെ ക്രമമനുസരിച്ച് സംഭവിക്കുന്ന ആണും പെണ്ണും തമ്മില്‍ കാഴ്ച്ചയിലുള്ള വ്യത്യാസത്തെ (നിറം, ആകൃതി, വലിപ്പം, രൂപഘടന) സെക്ഷ്വല്‍ ഡിമോര്‍ഫിസം എന്ന് വിളിക്കുന്നു. പ്രത്യുല്‍പ്പാദനവിജയമെന്ന മത്സരത്തിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിനെ ഈ ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. 

മതപുസ്തക കഥകള്‍ തൊട്ട് ഇങ്ങോട്ടുള്ള നമ്മുടെ സമൂഹത്തില്‍ കാണുന്ന, ഒരു പുരുഷന് മറ്റൊരു പുരുഷനോടുള്ള യുദ്ധാസക്തിക്ക് പിന്നില്‍ ലൈംഗികപങ്കാളി എന്ന 'പ്രശ്‌നം' നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ഇണയെ വിട്ടു കൊടുക്കാനുള്ള മൃഗഭയമാണ് സ്ത്രീയെ പൊതിഞ്ഞു കെട്ടി സൂക്ഷിക്കുന്ന നിയമങ്ങളിലേക്ക് പോലും സമൂഹത്തെ നയിച്ചത്. തന്റെ പങ്കാളിയെ മറ്റൊരാള്‍ കൊണ്ടുപോവുമോ എന്ന ഗോത്രഭയം മതനിയമങ്ങളായി ഇന്നും പ്രബലമതങ്ങളില്‍ ശക്തമായി നിലനില്‍ക്കുന്നത് കാണാം.

ഒരൊറ്റ ഇണ എന്ന സങ്കല്‍പ്പം ഈ അടുത്ത കാലത്ത് മാത്രം വന്നതാണെന്നാണ് പരിണാമജീവശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍

5. പങ്കാളികള്‍ക്ക് വേണ്ടിയുള്ള മത്സരം
ഒരേ ജീവിവര്‍ഗ്ഗങ്ങളിലെ പെണ്ണും ആണും പ്രായപൂര്‍ത്തിയാവുന്ന കാലയളവിലെ വ്യത്യാസം പോലും ഇതില്‍ സ്വാധീനഘടകമാവുന്നുണ്ട്. പ്രായപൂര്‍ത്തിഘട്ടത്തില്‍ ഇഷ്ടപ്പെടുന്നവരെ സ്വന്തമാക്കുന്ന മത്സരത്തില്‍ ഇന്നും ഓരോരുത്തരും എതിരാളികളെ നേരിടുന്നുണ്ട്. മാനസികമായി അവരുമായി കടുത്ത യുദ്ധം തന്നെ ഓരോരുത്തരും നയിക്കുന്നു. പിറകിലേക്ക് പോവുന്തോറും ഇതിന്റെ കാഠിന്യം കൂടുതലായിരുന്നു. ജീവലോകത്തും ഇതേ കിടമത്സരം കണ്ടെത്തിയിട്ടുണ്ട്. തന്നെക്കാള്‍ പ്രായം കൂടിയവരുമായി ഇണയെ സ്വന്തമാക്കുന്നതില്‍ മത്സരിക്കുന്ന ചെറുപ്രായക്കാരായ സീലുകളെ മുതിര്‍ന്ന സീലുകള്‍ തല്ലിക്കൊല്ലാറുണ്ട്. പഴയകാല കേളീഗൃഹങ്ങളുടെ വലിപ്പവുമായി ഇത് താരതമ്യസൂചനകള്‍ തരുന്നു. (പണ്ട് ഒന്നിലധികം പങ്കാളികളെ സ്വന്തമാക്കി പാര്‍പ്പിക്കുന്ന 'സുരക്ഷിത'സ്ഥലത്തെയാണ് കേളീഗൃഹമെന്ന് ഉദ്ദേശിച്ചത്).

ഇവ പരിണാമജീവശാസ്ത്രത്തിന്റെ കണ്ണിലൂടെ വിലയിരുത്തുമ്പോള്‍ സ്ത്രീകള്‍ കൂടുതല്‍ ലൈംഗികപങ്കാളിയെ തേടുകയെന്നത് പരിണാമപരമായി അധിക സമ്പാദനം തേടുകയെന്നതാണ്. അളവ് കുറഞ്ഞതോ, അപര്യാപ്തമായതോ, ജീവനക്ഷമമല്ലാത്തതോ ആയ പുരുഷബീജം എന്ന പ്രശ്‌നത്തില്‍ നിന്നുള്ള രക്ഷാപദ്ധതിയാണ് സ്ത്രീകള്‍ ഒന്നിലധികം ആണുങ്ങളെ തേടുകയെന്നതിലെ ജനിതകലക്ഷ്യം. ബഹുലൈംഗികത്വമുള്ള ജീവജാലങ്ങളിലെല്ലാം ആണുങ്ങള്‍ കൂടുതല്‍ കരുത്തുള്ളവരും കയ്യേറ്റക്കാരനുമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ കോപ്പിയെടുക്കുക, കൂടുതല്‍ സ്ത്രീകളില്‍ സന്താനോല്‍പ്പാദനം നടത്തുക എന്ന പരിണാമത്തിലെ പാരിതോഷികം അവര്‍ക്ക് നേടാനാവുന്നു.

ഒരൊറ്റ ഇണ എന്ന സങ്കല്‍പ്പം ഈ അടുത്ത കാലത്ത് മാത്രം വന്നതാണെന്നാണ് പരിണാമജീവശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. സമീപകാല മനുഷ്യചരിത്രത്തില്‍ ഒന്നിലധികം ഇണകളുള്ള സ്ത്രീപുരുഷരീതി ഒരു ആചാരം പോലെ നിലനിന്നിരുന്നു. നീണ്ടുപോയാല്‍ വായനക്കാര്‍ക്ക് ബോറടിക്കുമെന്നതിനാല്‍ തല്‍ക്കാലം അതിലേക്ക് കടക്കുന്നില്ല.

എന്തുകൊണ്ട് ഏകലൈംഗികപങ്കാളിയെന്ന ഘടനയിലേക്ക് മനുഷ്യവംശമെത്തി ?
മസ്തിഷ്‌ക്കത്തിലെ ഹൈപ്പോത്തലാമസ് പുറപ്പെടുവിക്കുന്ന ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ ഇതില്‍ നല്ലൊരു പങ്കുവഹിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ 'വേലിചാടുന്നവരെ' തടയുന്നുണ്ട്. 

ഓക്‌സിടോസിനെ 'ആലിംഗന ഹോര്‍മോണ്‍', സദാചാരഹോര്‍മോണ്‍'' എന്നൊക്കെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നതിന് കാരണങ്ങളിലൊന്ന് ഇതാണ്. മസ്തിഷ്‌ക്കത്തിലെ ന്യൂറോ കെമിക്കലുകള്‍ നമ്മുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഡോപ്പമൈന്‍, വസോപ്രസിന്‍, ഒപ്പിയോഡ്‌സ് തുടങ്ങിയ നമ്മുടെ തലച്ചോറിലെ കെമിക്കലുകളും നമ്മുടെ സ്വഭാവങ്ങളില്‍ സവിശേഷ പങ്ക് വഹിക്കുന്നു.

ഏകലൈംഗിക പങ്കാളിയെന്ന സങ്കല്‍പ്പത്തില്‍ മറ്റുള്ളതിനെ അപേക്ഷിച്ച് വലിയ അളവില്‍ ജനാധിപത്യസ്വഭാവമുണ്ട്.

6. ഏകപങ്കാളിത്വ ഹോര്‍മോണ്‍
പ്രേയറി എന്ന വിഭാഗത്തില്‍ പെട്ട എലികള്‍ ഒരൊറ്റ പങ്കാളിയുമായി ജീവിതകാലം മുഴുവന്‍ കഴിയുന്നവരാണ്. ഇണ അല്ലാത്ത ഏതെങ്കിലും പെണ്‍ എലികള്‍ ആണ്‍ എലിയെ സമീപിച്ചാല്‍ ആക്രമിച്ച് ഓടിക്കുന്ന പതിവും ഈ ജന്തുവിഭാഗത്തിനുണ്ട്. മസ്തിഷ്‌ക ഹോര്‍മോണായ വാസോപ്രസിന്‍ ഈ എലികള്‍ക്ക് ഇങ്ങനെയൊരു സവിശേഷസ്വഭാവം കിട്ടാനുള്ള പങ്കുവഹിക്കുന്നതായി കണ്ടെത്തി. 'ലൈംഗിക അച്ചടക്കമില്ലാത്ത' എലികളില്‍ വാസോപ്രസിന്‍ പ്രയോഗിച്ച് പരീക്ഷിച്ചപ്പോള്‍ അവര്‍ മര്യാദരാമന്മാരായി മാറുകയുണ്ടായി. 

പക്ഷികളാവട്ടെ, മൃഗങ്ങളാവട്ടെ  മനുഷ്യരാവട്ടെ, ഏകലൈംഗികപങ്കാളിയില്‍ നിന്ന് ബഹുലൈംഗികപങ്കാളിയിലേക്കുള്ള മാറ്റത്തിനുള്ള സാധ്യതകള്‍ ശാസ്ത്രം ഇതിന്റെ അടിസ്ഥാനത്തില്‍ വിവരിച്ചുതരുന്നു. അങ്ങനെ ചേക്കേറാന്‍ ശ്രമിക്കുന്ന പങ്കാളിയെ തടയുന്നത് നമ്മുടെ മസ്തിഷ്‌ക്കത്തില്‍ ഹാര്‍ഡ്വയേഡായി കിടക്കുന്ന പരസ്പര സ്വാര്‍ത്ഥത, ഭയം എന്നിവ കൂടിയാവുമ്പോള്‍ സാധ്യതകള്‍ പിന്നെയും മങ്ങുന്നു. ന്യൂറോ കെമിക്കലുകളുടെ അളവിലുള്ള കളികളാകയാല്‍ നമ്മള്‍ മാത്രം നല്ലവര്‍ ബാക്കിയുള്ളവര്‍ മോശമെന്ന് ആക്ഷേപിക്കുന്നവര്‍ക്ക്, ഇക്കാര്യങ്ങളില്‍ വീണ്ടുവിചാരമുണ്ടാവുന്നത് നന്നായിരിക്കും.

മനുഷ്യവംശം എങ്ങനെ ഏകലൈംഗികപങ്കാളി സമ്പ്രദായത്തിലേക്ക് എത്തിയെന്നതിനുള്ള ഉത്തരം ഇപ്പോഴും വ്യക്തമായി ലഭിച്ചിട്ടില്ല. മസ്തിഷ്‌ക്കത്തില്‍ ഹാര്‍ഡ്വയേഡായി കിടക്കുന്ന പരസ്പര സ്വാര്‍ത്ഥത, ഭയം, സന്താനങ്ങള്‍ക്ക് തുടര്‍ച്ചയായി ലഭിക്കേണ്ട മാതാപിതാക്കളുടെ പരിചരണം, പ്രസവ പ്രശ്‌നങ്ങളിലെ നിസ്സഹായാവസ്ഥ തുടങ്ങിയവയാവാം കാരണമെന്ന് കരുതപ്പെടുന്നു. 

സാമൂഹ്യപരമായ നോക്കുമ്പോള്‍ ഏകലൈംഗിക പങ്കാളിയെന്ന സങ്കല്‍പ്പത്തില്‍ മറ്റുള്ളതിനെ അപേക്ഷിച്ച് വലിയ അളവില്‍ ജനാധിപത്യസ്വഭാവമുണ്ട്. ചരിത്രപരവും സാംസ്‌കാരികവുമായി ബഹുലൈംഗികതയിലേക്ക് പോവാന്‍ സാധിക്കുന്നത് കൂടുതല്‍ 'ശക്തിയും' 'ആകര്‍ഷകത്വ'വുമുള്ളവര്‍ക്കായിരിക്കും. മത്സരം താരതമ്യേന ഇല്ലാത്ത, ദുര്‍ബലര്‍ക്ക് കൂടുതല്‍ എളുപ്പമുള്ള രീതിയായതിനാല്‍ സമൂഹം ഏകലൈംഗികതയെ ആശ്ലേഷിച്ചതാവാം.
 

Follow Us:
Download App:
  • android
  • ios