ഇംഗ്ലണ്ടില്‍നിന്ന് മേഫ്‌ലവര്‍ എന്ന കപ്പലില്‍കയറി കാണാത്ത തീരത്തേക്ക്, പുതിയ ലോകത്തേക്ക് പോകുന്നവരുടെ ലക്ഷ്യം ഇഷ്ടമുള്ള മതം പിന്തുടരാനുള്ള സ്വാതന്ത്ര്യമാണ്. എങ്കിലും അവര്‍ക്കൊപ്പം ചില വിശ്വാസങ്ങളും ആചാരങ്ങളും കടല്‍കടന്ന് പോരുന്നു, അതിലൊന്നാണ് താങ്ക്‌സ്ഗിവിങ്. വിളവെടുപ്പ് കാലത്തെ കാര്‍ഷിക ഉത്സവങ്ങളില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉദയംകൊണ്ടതാണ് താങ്‌സ് ഗിവിങ് ഡേ. അമേരിക്കന്‍ ഐക്യനാടുകളില്‍ ന്യൂ ഇംഗ്ലണ്ടിനും വിര്‍ജീനിയയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഇങ്ങനെ ഒരു ആഘോഷത്തിന് തുടക്കം കുറിച്ചതെന്ന് കരുതപ്പെടുന്നു. നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കയില്‍ താങ്ക്‌സ് ഗിവിങ് ഡേ ആചരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റിന്റെ താങ്ക്‌സ്ഗിവിങ് തുടങ്ങുന്നത് ടര്‍ക്കിക്കോഴിയെ സ്വതന്ത്രമാക്കുന്നതിലൂടെയാണ്. ഇത്തവണ പ്രസിഡന്റ് ട്രംപായതുകൊണ്ട് ആഘോഷങ്ങള്‍ക്കും വ്യത്യാസം വന്നു. നന്ദി എന്ന വാക്കിന് മറ്റൊരു വ്യാഖ്യാനം നല്‍കിയ ട്രംപിനെ കുറിച്ചാണ് ഇവിടെ ചില തമാശകള്‍. ടര്‍ക്കിക്കോഴിയെ പ്രസിഡന്റിന് സമ്മാനിക്കുന്ന പതിവ് തുടങ്ങിയത് 1947ല്‍ ഹാരി ട്രൂമന്റെ കാലത്താണ്. പക്ഷേ മാപ്പാക്കി വിട്ടയക്കുന്ന പതിവ് ഹാരിട്രൂമാന് ഉണ്ടായിരുന്നില്ല. തനിക്ക് സമ്മാനമായി കിട്ടിയ പല ടര്‍ക്കിക്കോഴികളും തീന്‍മേശയിലെത്തിയതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ജോണ്‍ എഫ് കെന്നഡിയാണ് തനിക്ക് കിട്ടിയ ടര്‍ക്കിക്കോഴിയെ, സ്വതന്ത്രയാക്കി വിട്ടയച്ചത്. അതും വധിക്കപ്പെടുന്നതിന് നാലുദിവസംമുമ്പ്. 

ഔദ്യോഗികമായി മാപ്പാക്കുന്ന പതിവ് തുടങ്ങിയത് റോണള്‍ഡ് റെയ്ഗനാണ്. ഇറാന്‍ കോണ്‍ട്ര വിവാദത്തിലെ പ്രതിക്ക് മാപ്പുനല്‍കുമോ എന്ന ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമായിരുന്നു ടര്‍ക്കിക്കോഴിക്ക് മാപ്പുനല്‍കല്‍ എന്നും പറയപ്പെടുന്നുണ്ട്. എന്തായാലും പിന്‍ഗാമിയായ ജോര്‍ജ് എച് ഡബ്ല്യു ബുഷ് അതൊരു പതിവാക്കി. പ്രസിഡന്റ് മാപ്പാക്കുന്ന ടര്‍ക്കിക്കോഴികളെ ഒരു ഫാമിലേക്ക് അയക്കുകയായിരുന്നു ആദ്യത്തെ പതിവ്. പിന്നെയവയെ ഡിസ്‌നിലന്റിലേക്ക് അയക്കാന്‍ തുടങ്ങി, താങ്ക്‌സ്ഗിവിംഗ് ഡേ പരേഡിലും അവ പങ്കെടുത്തു. പ്രത്യേകഭക്ഷണം നല്‍കി വളര്‍ത്തുന്ന ഒരു കൂട്ടം പക്ഷികളില്‍നിന്ന് പ്രസിഡന്റിനായി പക്ഷിയെ തെരഞ്ഞെടുക്കുന്നത് വൈറ്റ് ഹൗസ് നേരിട്ടാണ്. 

ഇതൊക്കെ ചരിത്രം. ഇനി ട്രംപിന്റെ താങ്ക്‌സ്ഗിവംഗ് വിശേഷങ്ങളിലേക്കാണ്. ചെലവിന്റെ കാര്യത്തില്‍ ഒബാമയെ കുറ്റംപറഞ്ഞിരുന്ന ട്രംപ് എല്ലാ കാര്യത്തിലെയും പോലെ ജനങ്ങളുടെ നികുതിപ്പണമെടുത്ത് താങ്ക്‌സഗിവംഗ് ഡേ ആര്‍ഭാടമാക്കി. മാറാലഗോയിലായിരുന്നു ആഘോഷം. ടര്‍ക്കിക്കോഴിയെ മാപ്പുനല്‍കി വിട്ടയച്ച ട്രംപ് മാറാലാഗോയിലേക്ക് പറന്നു, വന്‍തുക നല്‍കി അംഗത്വം സ്വന്തമാക്കിയവര്‍ക്കൊപ്പം ആഘോഷം ഗംഭീരമാക്കി. 

എല്ലാ പ്രസിഡന്റുമാര്‍ക്കും ചില പതിവുകളുണ്ടായിരുന്നു. ജോര്‍ജ് ബുഷ് 2003ല്‍ ഇറാഖിലെത്തി സൈനികര്‍ക്കൊപ്പമാണ് താങ്ക്‌സ്ഗിവിംഗ് വിരുന്നില്‍ പങ്കെടുത്തത്. അതോടെ ഇറാഖിലെത്തുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റുമായി അദ്ദേഹം. മറ്റ് വര്‍ഷങ്ങളില്‍ കുടുംബത്തോടൊപ്പം ചെലവഴിച്ചു, പല പ്രസിഡന്റുമാരും ക്യാംപ് ഡേവിഡിലാണ് ഒതുങ്ങിക്കൂടിയത്. ഒബാമ  തനിക്കിഷ്ടപ്പെട്ട പൈ എന്ന പലഹാരവുമായി വൈറ്റ്ഹൗസിലും, ചില വര്‍ഷങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. പക്ഷേ കോടീശ്വരനായ ട്രംപിന് അതൊന്നും പരിചയമില്ല, ക്യാമ്പ് ഡേവിഡ് തീരെയും പഥ്യവുമല്ല. അതുകൊണ്ട് ഫ്‌ളോറിഡയിലെ വിന്റര്‍ വൈറ്റ്ഹൗസ് എന്നറിയപ്പെടുന്ന  മാറാലാഗോയിലേക്ക് പറന്നു. 

ജിവിതത്തിലെ എല്ലാറ്റിനും നന്ദിപറയുന്ന ദിവസമാണ് താക്‌സ്ഗിവിംഗ്. 1863ല്‍, ഒരുപാട് ചോരചിന്തിയ ആഭ്യന്തരയുദ്ധത്തിനിടെ പ്രസിഡന്റ് ഏബ്രഹാം ലിങ്കണാണ് ഈ ദിവസം ദേശീയ അവധിദിനമായി പ്രഖ്യാപിച്ചത്. ജീവിച്ചിരിക്കുന്നതിന് നന്ദിപറയുന്ന, മുറിവുകളുണക്കുന്ന, തെറ്റുകള്‍ക്ക് മാപ്പുചോദിക്കുന്ന ഒരു ദിവസം.  

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പക്ഷേ അക്കാര്യത്തില്‍ കുറേ പഠിക്കാനുണ്ടെന്നാണ് കുറേയധികം പേരുടെ പക്ഷം. ഉദാഹരണമായി അവര്‍ പറയുന്നത് പ്രസിഡന്റിന്റെ അടുത്തകാലത്തെ ട്വീറ്റുകളാണ്. എല്ലാറ്റിന്റേയും വിഷയം നന്ദിതന്നെയാണ്. കുറേനാളായി തനിക്ക് നന്ദി പറയാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുകയായിരുന്നു പ്രസിഡന്റ്. 

ചൈനയില്‍ തടവിലായിരുന്ന ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങളായ വിദ്യാര്‍ത്ഥികളെ മേചിപ്പിക്കാന്‍ മുന്‍കൈയെടുത്തത് ട്രംപാണ്, തനിക്കവര്‍ നന്ദിപറയേണ്ടതല്ലേ എന്നായി ട്രംപിന്റെ ട്വീറ്റ്. അങ്ങനെ അവര്‍ നന്ദിപറഞ്ഞു. അതിലൊരാളിന്റെ അച്ഛന്‍ അതുവേണ്ടിയിരുന്നോ എന്നുചോദിച്ചതിന് വൈറ്റ്ഹൗസല്ല താനാണ് മോചനം സാധ്യമാക്കിയത് എന്ന് വ്യക്തമാക്കിയ പ്രസിഡന്റ് സംശയമുന്നയിച്ച ആളെ നന്ദികെട്ട വിഡ്ഡി എന്നും വിളിച്ചു, ഇതും ട്വീറ്റിലൂടെത്തന്നെ ആയിരുന്നു. 

സ്വയം നന്ദിപറയുന്ന രീതി ട്രംപ് വളരെമുമ്പേ  തുടങ്ങിയതാണ്. തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം നന്ദിപറഞ്ഞുകൊണ്ട് നടത്തിയ സംസ്ഥാനസന്ദര്‍ശനം അവസാനിപ്പിച്ചത് സ്വയം നന്ദിപറഞ്ഞുകൊണ്ടാണ്. ജനം അതാഘോഷിച്ചു. ധാന്യങ്ങളുടെ വിലക്കുറവില്‍തുടങ്ങി, പൂച്ചക്കുട്ടിയുടെ മുറമുറുപ്പിനുവരെ ട്രംപിന്റെ 'താങ്ക്‌സ് ഡോണള്‍ഡ്' പ്രത്യക്ഷപ്പെട്ടു. 

ഒസാമ ബിന്‍ ലാദനെകൊന്നതിന് സ്വയം നന്ദി പറയുന്നില്ലേ എന്നായി ട്വീറ്റുകള്‍. 2010ല്‍ ഒബാമയാണ് ഈ വിധി നേരിട്ടത്. പക്ഷേ അത് എല്ലാ ദുരന്തങ്ങള്‍ക്കും ഉത്തരവാദിയായി ഒബാമയെ ക്രൂശിക്കുന്നതായിരുന്നു. അതൊക്കെ കടത്തിവെട്ടി പോവുകയാണിപ്പോള്‍ ട്രംപ്. നന്ദി എന്ന വാക്കിന് വ്യത്യസ്തമായ നിര്‍വചനം തന്നെ നല്‍കിയ പ്രസിഡന്റ് എന്നറിയപ്പെടുന്നു ഇപ്പോള്‍ ട്രംപ്. 

ഇത്തരത്തിലെ വിശേഷണങ്ങള്‍ പുത്തരിയല്ലാതായിരിക്കുന്നു അമേരിക്കന്‍ പ്രസിഡന്റിന്. തുടക്കമിട്ടത് ട്വീറ്റിംഗ് പ്രസിഡന്റായാണ്., ട്വീറ്റിന്റെ അക്ഷരങ്ങളുടെ എണ്ണം കൂട്ടിയത് ഇത്രയും പ്രയോജനപ്പെടുത്തുന്ന ഒരാള്‍ വേറെയില്ല എന്നായിരുന്നു അതിനെക്കുറിച്ച് ഒടുവിലുണ്ടായ ഒരു തമാശ. അങ്ങനെ അമേരിക്കന്‍ പ്രസിഡന്റ് കേന്ദ്രകഥാപാത്രമായ തമാശകള്‍ ഓരോദിവസവും കൂടിവരികയാണ്....