കേരളത്തിൽ തെരുവുനായയുടെ ആക്രമണം അനുദിനം വർധിച്ചു വരികയാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെവിടെയും ഇത് തന്നെയാണ് സ്ഥിതി. ലോകത്ത് ഏറ്റവുമധികം മനുഷ്യർ റാബിസ് ബാധിച്ച് മരിക്കുന്നത് ഇന്ത്യയിലാണ്. എന്താണ് അതിന്റെ പ്രധാന കാരണം? തെരുവുകളിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ തന്നെ. വ്യക്തമായ ശാസ്ത്രീയ മാർഗ്ഗങ്ങൾ വഴി മാലിന്യം നല്ല രീതിയിൽ സംസ്‍കരിക്കാൻ സാധിച്ചാൽ ഈ പ്രശ്‌നം ഒഴിവാക്കാം. തായ്‌വാനിലെ തലസ്ഥാന നഗരമായ തായ്‌പേയ് അതിന് ഉത്തമ ഉദാഹരണമാണ്. അവിടെ തെരുവുകളിൽ പേരിന് മാത്രമേ ഉളളൂ ചവറ്റുകുട്ടകൾ. മാലിന്യത്തിന്റെ അളവ് തീരെ കുറവാണ് എന്നതാണ് അതിന്റെ കാരണം. എങ്ങനെ അവർ ഇത് സാധിച്ചെടുത്തു? 

20 വർഷങ്ങൾക്ക് മുമ്പ് വരെ ഇതായിരുന്നില്ല അവിടത്തെ സ്ഥിതി. സാമ്പത്തിക പുരോഗതിയിലേക്ക് കുതിച്ചുകയറുന്ന രാജ്യങ്ങളായ ഹോങ്കോങ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നിവയ്‌ക്കൊപ്പം തായ്‌വാനുമുണ്ടായിരുന്നു. എന്നാൽ, ആ സാമ്പത്തിക വിജയത്തിനുവേണ്ടി അവർ വലിയ വിലകൊടുക്കേണ്ടി വന്നു. 1979 -ൽ തായ്‌വാൻ ഒരു ദിവസം 8,800 മെട്രിക് ടൺ ഖരമാലിന്യങ്ങൾ പുറംതള്ളുമായിരുന്നു. 1990 ആയപ്പോഴേക്കും ഇത് 18,800 ടണ്ണിലെത്തി. 1992 -ൽ പിന്നെയും ഇത് 21,900 ടണ്ണിൽ എത്തിനിന്നു. ഒടുവിൽ ലോകം തായ്‌വാനെ 'മാലിന്യ ദ്വീപ്' എന്ന് വിളിക്കാൻ തുടങ്ങി.  

ശേഖരിച്ച മാലിന്യത്തിന്റെ 90 ശതമാനവും സർക്കാരിന് വേണ്ടരീതിയിൽ സംസ്‍കരിക്കാൻ കഴിയാതെ മണ്ണിൽ തന്നെ ഉപേക്ഷിക്കപ്പെട്ടു. വാണിജ്യപരവും വ്യാവസായികവുമായ മാലിന്യങ്ങൾ മൂലം ദ്വീപിന്റെ മിക്കവാറും എല്ലാ ലാൻഡ്‌ഫില്ലുകളും നിറഞ്ഞു. ഏകദേശം മൂന്ന് വർഷത്തോളം ഇതേ സ്ഥിതി തുടർന്നു. പ്രദേശത്തിന്റെ മാലിന്യ നിർമാർജന പ്രതിസന്ധിയെ നേരിടാൻ സർക്കാറിന് കഴിയാത്തതിനാൽ ആളുകൾ തെരുവിൽ പ്രതിഷേധത്തിനിറങ്ങി. ഒടുവിൽ പ്രതിഷേധം കനക്കുകയും, പൊലീസും ജനങ്ങളും തമ്മിലുള്ള സംഘട്ടനത്തിലേയ്ക്ക് അത് നീങ്ങുകയും ചെയ്‍തു. വായു മലിനീകരണവും, ഭൂഗർഭജല മലിനീകരവും, രോഗങ്ങളും മൂലം ജനങ്ങൾ പൊറുതിമുട്ടി. ഒടുവിൽ പ്രകോപിതരായ അവർ കാര്യങ്ങൾ സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചു.  

ഒടുവിൽ, ജപ്പാനിലും, ദക്ഷിണ കൊറിയയിലും, യൂറോപ്പിലും മാലിന്യ സംസ്‍കരണത്തിനായി എന്തെല്ലാം ചെയ്യുന്നുവെന്ന് പഠിക്കാൻ സർക്കാർ തീരുമാനിച്ചു. എൻ‌ജി‌ഒ -കളിലൊന്നായ ഹോംമേക്കേഴ്‌സ് യുണൈറ്റഡ്, പരിസ്ഥിതി സംരക്ഷണ ഏജൻസിയോട് മുനിസിപ്പൽ റീസൈക്ലിംഗ് സംവിധാനം ആരംഭിക്കാൻ ആഹ്വാനം ചെയ്‍തു. തായ്‌വാനിലെ മുനിസിപ്പാലിറ്റി മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാനും കമ്പോസ്റ്റുവളമാക്കാനും സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു.   

അവസാനം, നിയമനിർമ്മാതാക്കൾ 1998 -ൽ മാലിന്യ നിർമാർജ്ജന നിയമം പാസാക്കി. അങ്ങനെ പ്രദേശം വൃത്തിയാക്കുന്ന ഒരു പദ്ധതിക്ക് സർക്കാർ രൂപം നൽകി. ഈ നിയമനിർമ്മാണം പുനരുപയോഗത്തിനും മാലിന്യങ്ങൾ കുറയ്ക്കുന്നതിനും പ്രാധാന്യം നൽകി. ഇപ്പോൾ, തായ്‌വാനിലെ റീസൈക്ലിംഗ് നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. പിന്നാലെ രണ്ടാമത്തെ പദ്ധതിയും അവർ നടപ്പാക്കി. അത് തായ്‌വാനിലെ പൊതു മാലിന്യക്കൂമ്പാരങ്ങൾ ഇല്ലാതാക്കുക എന്നതായിരുന്നു. പൊതു ചവറ്റുകുട്ടകളിൽ മാലിന്യം തള്ളുന്നത് നിർത്തി, സർക്കാരിന്റെ മാലിന്യ ശേഖരണ ട്രക്കുകൾ പതിവായി ആളുകളിൽ നിന്ന് മാലിന്യം ശേഖരിച്ചു. ഇത് ആളുകളിൽ കൂടുതൽ അവബോധം ഉണ്ടാക്കി. ചവറ്റുകുട്ടകൾ കുറയുകയും,  ട്രക്കുകൾക്കായി കാത്തിരിക്കുകയും ചെയ്‍തപ്പോൾ ആളുകൾ മാലിന്യ നിർമാർജ്ജനത്തെ കുറിച്ച് കൂടുതലായി ചിന്തിക്കാൻ തുടങ്ങി. 

അങ്ങനെ ആളുകൾ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന സാധനങ്ങൾ വാങ്ങാൻ ശ്രദ്ധിച്ചു.   ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് തായ്‌പേയ് പൂർണമായും ബിൻ-ഫ്രീ അല്ല. പക്ഷേ, എണ്ണത്തിൽ വളരെ കുറവാണ് അത്. 2.7 ദശലക്ഷം നിവാസികളുള്ള അവിടെ 1,500 ആളുകൾക്ക് ഒരു ചവറ്റുകുട്ട വീതമാണ് ഉള്ളത്.  പൗരന്മാരുടെ ഉപഭോഗ ശീലങ്ങളും, പരിസ്ഥിതിയുടെ മാറ്റങ്ങളും രാജ്യത്തെ മാലിന്യ സംസ്‍കരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.