ഇംഗ്ലണ്ടിലെ തിർസ്‍ക് മ്യൂസിയത്തിന്റെ ഒതുങ്ങിയ കോണിൽ ഒരു ഓക്ക് കസേര തൂക്കിയിട്ട നിലയിൽ കാണാം. അറ്റകുറ്റപ്പണികൾക്കിടയിലോ, വൃത്തിയാക്കുന്നതിനിടയിലോ പോലും ആരും അതിൽ ഇരിക്കാതിരിക്കാൻ മ്യൂസിയം അധികൃതർ പ്രത്യേകം ശ്രദ്ധിക്കുന്നു. മ്യൂസിയത്തിന്റെ ഈ നിലപാടിനെതിരെ നിരവധി അഭ്യർത്ഥനകളും, നിയമനടപടികളും, ഭീഷണിയും ഉണ്ടായിട്ടുപോലും, 30 വർഷത്തിനിടയിൽ ഒരിക്കൽ പോലും അതിൽ ഇരിക്കാൻ അധികൃതർ ആരെയും അനുവദിച്ചിട്ടില്ല. കേൾക്കുമ്പോൾ വിചിത്രമായി തോന്നാം. എന്നാല്‍, ആ ശപിക്കപ്പെട്ട കസേരയിൽ ആരെങ്കിലും ഇരുന്നാൽ അയാൾ മരണപ്പെടുമെന്ന വിശ്വാസത്തെ തുടര്‍ന്നാണത്രെ മ്യൂസിയത്തിന്‍റെ ഈ നടപടി. അതുകൊണ്ടുതന്നെ അബദ്ധവശാൽ ആരും പോയി ഇരിക്കരുതെന്ന് കരുതിയാണ് അത് ഉത്തരത്തിൽ തൂക്കിയിട്ടിരിക്കുന്നത്. 'മരണക്കസേര' എന്നാണ് അത് അറിയപ്പെടുന്നത്.    

കസേരയെ ചുറ്റിപ്പറ്റിയുള്ള അവിടുത്തുകാരുടെ വിശ്വാസം ഇതാണ്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഡാനിയൽ അവെറ്റി എന്ന കള്ളനോട്ട് കച്ചവടക്കാരൻ കിർക്ക്ബി വിസ്കെ എന്ന ചെറിയ പട്ടണത്തിലേക്ക് താമസം മാറി. ആ ഗ്രാമം ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു വിദൂര പ്രദേശമായിരുന്നു. അതുകൊണ്ട് തന്നെ അയാളുടെ കുറ്റകൃത്യങ്ങൾക്ക് അനുയോജ്യമായ സ്ഥലമായിരുന്നു അത്. അവിടെ അയാൾ ഒരു പഴയ ഫാം വാങ്ങി. എന്നിട്ട് തന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായരീതിയിൽ അതിനെ മാറ്റിയെടുത്തു. അതിൽ അയാൾ ഒരു വലിയ ഭൂഗർഭ മുറി പണിയുകയും, വളരെ ശക്തമായ ലോക്കിംഗ് സംവിധാനം സ്ഥാപിക്കുകയും ചെയ്‍തു. തുടർന്ന് ആ വീടിന് 'ഫാം ഡാനോട്ടി ഹാൾ' എന്ന് പുനർനാമകരണം ചെയ്‍തു.  

അവെറ്റിക്ക് എലിസബത്ത് എന്ന ഒരു മകളുണ്ടായിരുന്നു. അവൾ തോമസ് ബസ്ബി എന്ന ഒരു വ്യക്തിയെ വിവാഹം ചെയ്‍തു. താമസിയാതെ ബസ്‌ബിയും അവെറ്റിയുടെ കൂടെ ചേർന്നു കള്ളനോട്ടിന്റെ ബിസിനസ്സിൽ ഏർപ്പെട്ടു. ബസ്‌ബി ഒരു മദ്യപാനി കൂടിയായിരുന്നു. ബസ്‌ബിയും എലിസബത്തും ഒരു പ്രാദേശിക സത്രത്തിൽ താമസിച്ചുപോന്നു. മദ്യപാനത്തിന്റെ പേരിലാകാം, ഒരിക്കൽ അവെറ്റിയും ബസ്‌ബിയും തമ്മിൽ വലിയ ഒരു തർക്കത്തിൽ ഏർപ്പെട്ടു. അവെറ്റി ബസ്ബിയുടെ പ്രിയപ്പെട്ട കസേരയിലിരുന്ന് അയാളുമായി വഴക്കിട്ടുകൊണ്ടിരുന്നു.  

കുറെ നേരത്തെ തർക്കത്തിനൊടുവിൽ അവെറ്റി വീട്ടിലേയ്ക്ക് തിരിച്ചുപോയി. പക്ഷേ ബസ്ബിയുടെ കോപം അപ്പോഴുമടങ്ങിയില്ല. അന്നുരാത്രി ബസ്ബി അവെറ്റിയുടെ വീട്ടിലെത്തി ചുറ്റികകൊണ്ട് അയാളുടെ തല അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് ബസ്ബി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും, 1702 -ൽ അയാളെ തൂക്കിലേറ്റുകയും ചെയ്‌തു. എന്നാൽ തൂക്കിലേറുന്നതിന് മുൻപായി അയാൾ ഒരു കാര്യം പറഞ്ഞു. തന്റെ പ്രിയപ്പെട്ട കസേരയിൽ ഇരിക്കുന്ന എല്ലാവരേയും തേടി മരണമെത്തുമെന്ന താക്കീതായിരുന്നു അത്. വധശിക്ഷയ്ക്ക് ശേഷം സത്രത്തെ 'ബസ്ബി സ്റ്റൂപ്പ് ഇൻ' എന്ന് പുനർനാമകരണം ചെയ്‌തു. ബസ്ബിയുടെ ആത്മാവ് ആ പഴയ സത്രത്തിൽ അലഞ്ഞു നടക്കുന്നതായി ആളുകൾ വിശ്വസിച്ചു. പ്രാദേശിക വിശ്വാസമനുസരിച്ച്, ഈ കസേര മിക്ക സീരിയൽ കില്ലർമാരേക്കാളും കൂടുതൽ ആളുകളെ കൊന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. (ഒരു കണക്ക് പ്രകാരം, 60 -ൽ പരം പേര്‍ അതിൽ ഇരുന്നശേഷം മരണപ്പെട്ടിട്ടുണ്ട്).

മരണക്കസേരയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആദ്യത്തെ മരണം 1894 -ലാണ് നടക്കുന്നത്. ചിമ്മിനി വൃത്തിയാക്കുന്ന ഒരാൾ ഒരു സായാഹ്നത്തിൽ ആ കസേരയിൽ ഇരുന്നു തന്റെ സുഹൃത്തിനോടൊപ്പം മദ്യപിക്കുകയുണ്ടായി. എന്നാൽ, ആ രാത്രി അയാൾ വീടെത്തിയില്ല. പിറ്റേന്ന് രാവിലെ ബസ്ബിയെ തൂക്കിക്കൊന്ന അതേ കഴുമരത്തിൽ തൂങ്ങിമരിച്ച നിലയിൽ അയാളെ കണ്ടെത്തി. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന് വിധിക്കപ്പെട്ടുവെങ്കിലും, 1914 -ൽ അയാളുടെ സുഹൃത്ത് പറഞ്ഞത് അയാളെ ആരൊക്കെയോ ചേർന്ന് കൊള്ളയടിച്ചശേഷം  കൊലപ്പെടുത്തിയെന്നാണ്. എന്നിരുന്നാലും, കസേരയിൽ ഇരിക്കാൻ ധൈര്യപ്പെട്ട പലരും ഇങ്ങനെ താമസിയാതെ മരണപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. ഒടുവിലായി മരണപ്പെട്ടത് മദ്യവിൽപ്പനശാലയിൽ നിന്നുള്ള ഒരു ഡെലിവറി ബോയി ആയിരുന്നു. കസേരയെ കുറിച്ചുള്ള കഥകൾ കേട്ട അയാൾ അതിൽ കഴമ്പുണ്ടോ എന്ന് പരീക്ഷിച്ചുനോക്കാൻ തന്നെ തീരുമാനിച്ചു. നിലവറയിൽ ഉപേക്ഷിക്കപ്പെട്ട ആ കസേരയിൽ അയാൾ ഇരുന്നു. അന്ന് തന്നെ ഒരു വാൻ അപകടത്തിൽ അയാൾ മരിക്കുകയും ചെയ്‌തു. കസേര ഇനി അവിടെ സൂക്ഷിക്കുന്നത് അപകടമാണെന്ന് തോന്നിയ സത്രമുടമ 1978 -ൽ അത് തിർസ്‍ക് മ്യൂസിയത്തിലേക്ക് സംഭാവന ചെയ്‍തു. 

കൊത്തിയെടുത്ത മരം കൊണ്ടുള്ള വെറുമൊരു ഫർണിച്ചറിന് ആളെക്കൊല്ലാനുള്ള ശക്തിയുണ്ടാവാന്‍ ഏതായാലും സാധ്യതയില്ല. ആ മരണങ്ങളെല്ലാം തികച്ചും ആകസ്‍മികമായിരിക്കാനാണ് സാധ്യത. അല്ലെങ്കില്‍ ഇതെല്ലാം ആരുടെയെങ്കിലും ഭാവനയിൽ വിരിഞ്ഞ ഒരു കെട്ടുകഥ മാത്രമായിരിക്കാം. ഏതായാലും ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് അത് ഇന്നും മ്യൂസിയത്തിന്റെ കോണിൽ ഒരു നിഗൂഢതയായി നിലനിൽക്കുകയാണ്.