"എനിക്ക് വെറും അഞ്ച് മിനിറ്റിൽ വീര്യമേറിയ ബോംബുകൾ ഉണ്ടാക്കാൻ കഴിയും" തീവ്രവാദ സംഘടനയായ ജെമാ ഇസ്ലാമിയയിലെ പ്രധാന അംഗമായിരുന്നു അലി ഫൗസി പറയുന്നു. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്ന ബാലി ബോംബാക്രമണം നടത്തിയത് ഫൗസിയുടെ സഹോദരന്മാരായിരുന്നു. 2002 -ൽ നടന്ന ആ ആക്രമണത്തിൽ 200 -ലധികം പേർ കൊല്ലപ്പെട്ടിരുന്നു.  

ഒരിക്കൽ ഫൗസിയും സഹോദരന്മാരും അഫ്‍ഗാനിസ്ഥാനിലെയും, പലസ്‍തീനിലെയും യുദ്ധങ്ങളുടെ വീഡിയോകൾ മൊബൈൽ ഫോണിൽ കാണാൻ ഇടയായി. കണ്ടപ്പോൾ അതിനോട് വല്ലാത്ത ആകർഷണം തോന്നിയ ഫൗസി ശാന്തമായ സ്വന്തം ഗ്രാമം വിട്ട് തീവ്രവാദ ഗ്രൂപ്പുകളിൽ ചേരാൻ തീരുമാനിച്ചു. "ആളുകൾക്കെതിരെയുള്ള ക്രൂരമായ ആക്രമണത്തിന്റെ വീഡിയോകൾ ഞങ്ങൾ കണ്ടു. മുസ്ലീം ജനതയെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ജിഹാദ് നടത്താനും, ചെറുപ്പത്തിന്‍റെ തിളപ്പിൽ യുദ്ധം ചെയ്യാനും ഞങ്ങൾ ആഗ്രഹിച്ചു" ഫൗസി പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരന്മാർ അഫ്‍ഗാനിസ്ഥാനിലെ മുജാഹിദീനുകൾക്കൊപ്പം യുദ്ധം ചെയ്യാൻ പോയപ്പോൾ, ഫൗസി തെക്കൻ ഫിലിപ്പീൻസിലെ ഇസ്ലാമിക തീവ്രവാദികളുമായി ചേർന്നു. "യുദ്ധത്തിൽ കൊല്ലപ്പെട്ടാൽ ഞാൻ നേരെ സ്വർഗത്തിലേക്ക് പോകുമെന്നും അവിടെ മാലാഖമാരെ കണ്ടുമുട്ടുമെന്നും വിശ്വസിച്ചു. അതാണ് ഞങ്ങളുടെ ഉപദേഷ്ടാക്കൾ എല്ലാ ദിവസവും ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്" അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ സഹോദരന്മാർ അഫ്‍ഗാസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ, വിദേശത്ത് പഠിച്ച കാര്യങ്ങൾ പ്രവൃത്തിയിൽ കൊണ്ടുവരാൻ തുടങ്ങി. 2002 ഒക്ടോബറിൽ, ബാലിയിലെ കുട്ടാ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന നൈറ്റ്ക്ലബ്ബുകളെ ലക്ഷ്യമാക്കി രണ്ട് ബോംബാക്രമണം അവർ നടത്തി. "ആ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ടിവിയിൽ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ധാരാളം മൃതദേഹങ്ങൾ അവിടെയും ഇവിടെയും ചിതറിക്കിടന്നിരുന്നു" ഫൗസി  പറഞ്ഞു. തുടർന്ന് പൊലീസ് ഫൗസിയെയും സഹോദരന്മാരെയും അറസ്റ്റ് ചെയ്‍തു. അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരായ അലി ഗുഫ്രോൺ, അമ്രോസി എന്നിവരെ വധിക്കാനും, മൂന്നാമനായ അലി ഇമ്രോണിനെ ജീവപര്യന്തം ശിക്ഷിക്കാനും കോടതി വിധിച്ചു. ബോംബാക്രമണത്തിൽ തനിക്ക് പങ്കില്ലെന്ന് വാദിച്ച ഫൗസിയെ തീവ്രവാദവുമായി ബന്ധപ്പെട്ട മറ്റ് കുറ്റങ്ങൾക്ക് മൂന്ന് വർഷം ജയിലിൽ അടച്ചു. എന്നാൽ, അതോടെ അദ്ദേഹത്തിന്റെ ജീവിതം പുതിയ ദിശയിലേക്ക് നീങ്ങി.  

"പൊലീസ് എന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയത്. അവർ എന്നെ പീഡിപ്പിച്ചിരുന്നുവെങ്കിൽ എന്റെ അടുത്ത ഏഴു തലമുറകൾ ഇന്തോനേഷ്യൻ സർക്കാരിനെതിരെ പോരാടിയേനെ. മുൻപ് ഞാൻ പൊലീസിനെ വെറുത്തിരുന്നു. അവരെ പിശാചായിട്ട് കാണാനാണ് ഞങ്ങളെ അവിടെ പഠിപ്പിച്ചത്. എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ല എന്ന് മനസ്സിലാക്കിയപ്പോൾ, എന്റെ കാഴ്‍ച്ചപ്പാട് പൂർണ്ണമായും മാറ്റാൻ ഞാൻ തയ്യാറായി" അദ്ദേഹം പറഞ്ഞു. അവിടെ വച്ച് തന്റെ സംഘം നടത്തിയ ബോംബാക്രമണത്തിന്റെ ഇരകളെയും അദ്ദേഹം കണ്ടുമുട്ടി. "ഞാൻ കരഞ്ഞു. ഞങ്ങൾ തകർത്ത ജീവിതങ്ങൾ കണ്ട് എന്‍റെ ഹൃദയം നീറിപ്പിടഞ്ഞു. അതോടെ ഒരു യുദ്ധ പടയാളിയിൽ നിന്ന് ഞാൻ സമാധാനത്തിന്റെ ഒരു യോദ്ധാവായി മാറി'' ഫൗസി പറഞ്ഞു.

സായാഹ്ന പ്രാർത്ഥനകൾ മുഴങ്ങുമ്പോൾ, ആ ഗ്രാമത്തിലുള്ള പ്രധാന പള്ളിയുടെ അടുത്തൊരിടത്ത് ആളുകൾ ഒത്തുകൂടുന്നു. ആളുകളെ തീവ്രവാദത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ 2016 -ൽ ഫൗസി സ്ഥാപിച്ച 'സർക്കിൾ ഓഫ് പീസി'ന്റെ ഓഫീസിന് തൊട്ടടുത്താണ് ഈ സ്ഥലം. ആ സായാഹ്ന ഒത്തുകൂടലുകളിൽ പലപ്പോഴും പങ്കെടുക്കുന്നത് പൊലീസും, തീവ്രവാദ കുറ്റകൃത്യങ്ങളിൽ ജയിലിൽ കഴിഞ്ഞവരും, ബോംബാക്രമണത്തിന്റെ ഇരകളും ഒക്കെയായിരിക്കും. ഇരകൾ തങ്ങളുടെ അനുഭവങ്ങൾ പറയുമ്പോൾ എല്ലാവരും കണ്ണീരോടെ ആ വേദനയെക്കുറിച്ച് കേട്ടിരിക്കും. സ്റ്റേജിന്റെ ഒരു വശത്തുള്ള സ്ക്രീനിൽ ഇന്തോനേഷ്യയിലെ എല്ലാ ബോംബാക്രമണങ്ങളുടെയും അനന്തരഫലങ്ങൾ ഒരു ഗ്രാഫിക് വീഡിയോ വഴി പ്രദർശിപ്പിച്ചു കൊണ്ടിരിക്കും.      

ആ സദസിലെ ഒരാൾ 33 -കാരനായ സുലിയ മഹേന്ദ്രയാണ്. ഫൗസിയുടെ സഹോദരനായിരുന്ന അമ്രോസിയയുടെ മകനാണ് മഹേന്ദ്ര. അമ്രോസി, ബാലി ബോംബാക്രമണത്തിൽ പങ്കെടുക്കുമ്പോൾ അവൻ കുട്ടിയായിരുന്നു. വിചാരണവേളയിൽ യാതൊരു പശ്ചാത്താപവും കാണിക്കാതിരുന്ന അമ്രോസിയെ മാധ്യമങ്ങൾ "പുഞ്ചിരിക്കുന്ന കൊലയാളി" എന്നാണ് വിളിച്ചിരുന്നത്. എന്നാൽ, ഈ ഒത്തുകൂടലിൽ ഒരുദിവസം പിതാവ് നടത്തിയ ബോംബാക്രമണത്തിലെ ഇരകളെ അദ്ദേഹം കണ്ടുമുട്ടി. മഹേന്ദ്ര അവരെ അഭിവാദ്യം ചെയ്‍തു. അവരെ കെട്ടിപ്പിടിച്ച് ക്ഷമിക്കണം എന്നാവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. "എന്നോട് ക്ഷമിക്കണം. ഞാൻ തെറ്റുകാരനായതുകൊണ്ടല്ല. പക്ഷേ, അദ്ദേഹം എന്റെ പിതാവായിരുന്നു. അദ്ദേഹം ചെയ്തതിന്റെ ഫലം അനുഭവിച്ചത് നിങ്ങളാണ്. ക്ഷമ ചോദിക്കിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്, എന്റെ പിതാവിനുവേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു" മഹേന്ദ്ര പറഞ്ഞു. "സ്വന്തം കുടുംബം നോക്കുന്നവനാണ് യഥാർത്ഥ ജിഹാദി. എന്റെ ഗതി എന്റെ കുട്ടികൾക്ക് വരരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്റെ കുഞ്ഞും എന്നെപ്പോലെ അച്ഛനില്ലാതെ കഷ്ടപ്പെടുമെന്നോർത്തപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എന്റെ വഴി അതല്ലെന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു" അദ്ദേഹം പറഞ്ഞു.

ഫൗസി ഇതുപോലെയുള്ള അനേകം പേർക്ക് പുതിയൊരു തിരിച്ചറിവും, പ്രതീക്ഷയുമാണ്. പലരും അദ്ദേഹത്തെ ഒരു കാഫിറായിട്ടാണ് കാണുന്നതെങ്കിലും, 2016 മുതൽ അദ്ദേഹത്തിന് ചുരുങ്ങിയത് 96 പേരെയെങ്കിലും ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ജയിലിൽ നിന്ന് മോചിതരായ അവർ പലരും ഇപ്പോൾ ജോലി ചെയ്‍ത് കുടുംബത്തോടൊപ്പം സന്തോഷമായി കഴിയുന്നു. "ഇത് ഒട്ടും എളുപ്പമല്ല. കാരണം ഞാൻ  ആളുകളുടെ വികാരങ്ങളും ചിന്തകളുമായാണ് സംവദിക്കുന്നത്. പലപ്പോഴും അവരെ പറഞ്ഞ് മനസ്സിലാക്കാൻ പ്രയാസമാണ്. ഞങ്ങളുടെ കൂട്ടത്തിൽ നിന്നുള്ള ഡസൻ കണക്കിന് ആളുകളാണ് സിറിയയിലെയും ഇറാഖിലെയും ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നത്. കുറച്ചുനാൾ മുമ്പ് ഐ‌എസിലെ ഒരു അംഗത്തെ പൊലീസ് ഇവിടെ തടഞ്ഞുവച്ചിരുന്നു. അതിനാൽ തീവ്രവാദ ഗ്രൂപ്പുകൾ ഇപ്പോഴും ഇവിടെ നിലനിൽക്കുന്നുണ്ട്, അവർ ഇന്തോനേഷ്യയെ ഭീഷണിപ്പെടുത്തുന്നു.” അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനും അസഹിഷ്ണുതയ്ക്കും എതിരായ പോരാട്ടത്തിലാണ് ഫൗസി ഇപ്പോൾ. മുഴുവൻ സമൂഹവും ഈ പോരാട്ടത്തിൽ ചേർന്നാൽ ഈ യുദ്ധത്തിൽ വിജയിക്കാനാകുമെന്ന് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  ഇനി  വരുന്ന തലമുറയ്ക്ക് സമാധാനം നിറഞ്ഞ ഒരു ജീവിതം നൽകാൻ വേണ്ടിയിട്ടെങ്കിലും നമ്മൾ ഇതിനെതിരെ അണിചേരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   

(കടപ്പാട്: ബിബിസി)