ശബ്ദഘോഷങ്ങളുടെ, അല്ലെങ്കില്‍ സെന്‍സേഷന്റെ കുഴപ്പം കാതലായ പലതും ആ ബഹളത്തിനകത്ത് മറഞ്ഞു പോകുമെന്നതാണ്.  ഐടിക്കു തട്ടു കിട്ടുന്ന ചിലതും കഴിഞ്ഞ ദിവസങ്ങളിലെ ബഹളത്തില്‍ മാഞ്ഞു പോയിട്ടുണ്ട്. ഐടിക്കു തട്ടു കിട്ടുന്നതിനു മുന്‍പ് ഈ 'ഐടി ആനമയിലൊട്ടകം' എന്താണെന്നറിയണം. ബാംഗ്ലൂര് പെരുമയും. പലതും ആകസ്മികതകളാണ്. ചരിത്രവും. ഐടി പെരുമയിലെ ആദ്യ ക്രഡിറ്റു പോവണ്ടത്, സായിപ്പിനാണ്. സായിപ്പിനു ശേഷം വന്ന നാടന് സായിപ്പന്മാര്‍ക്കും. ഉന്നത വിദ്യാഭ്യാസം മുക്കാലേ മുണ്ടാണിയും പഠന ഭാഷ ഇംഗ്ലീഷു തന്നെയാക്കി നിലനിര്‍ത്തിയതിന്. ഐടി ലോകത്തെ മാത്രമല്ല ഏതു ലോകത്തെയും രണ്ടായി തിരിക്കാം. ഇംഗ്ലീഷു കൊണ്ടു കഞ്ഞി കുടിക്കാന്‍ പറ്റുന്ന രാജ്യങ്ങളെന്നും അല്ലാത്തവയെന്നും. പഴയ കൊളോണിയലിസ്റ്റ് രാജ്യങ്ങള്‍ ഇംഗ്ലീഷ് സമൃദ്ധമാണ്. കമ്പ്യൂട്ടര്‍ എന്ന ലാഭസാധ്യത പ്രായോഗികമായതും ഇംഗ്ലീഷ് സംസാരിക്കുന്ന പഴയ കോളനി രാജ്യങ്ങളിലാണ്.  സ്വാഭാവികമായും മിക്കവാറും കിടുതാപ്പുകളെല്ലാം ഇംഗ്ലീഷിലായി.  ഇപ്പോഴും ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഗണ്യമായ വിപണികളെല്ലാം ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളാണ്. 

എന്തുകൊണ്ട് ഇന്ത്യയില്‍ ഐറ്റി ഉണ്ടായി എന്നതിനു ഒരുത്തരമേയുളളു. ഏകദേശം ശുഷ്‌കമായ ആഭ്യന്തരവിപണി ഇപ്പോഴും തുടരുമ്പോള്‍ പ്രത്യേകിച്ചും. ഒന്ന് ഇംഗ്ലീഷ് ഭാഷ. രണ്ടാമത്തെ കാരണം ലാഭം.  

എന്തുകൊണ്ട് ഇന്ത്യയില്‍ ഐറ്റി ഉണ്ടായി?
ഭാഷയില്‍ നിന്നു തന്നെ വിപണിയിലേക്കു വരണം. എന്തുകൊണ്ട് ഇന്ത്യയില്‍ ഐറ്റി ഉണ്ടായി എന്നതിനു ഒരുത്തരമേയുളളു. ഏകദേശം ശുഷ്‌കമായ ആഭ്യന്തരവിപണി ഇപ്പോഴും തുടരുമ്പോള്‍ പ്രത്യേകിച്ചും. ഒന്ന് ആദ്യം പറഞ്ഞ സാധനം ഇംഗ്ലീഷ് ഭാഷ. മൈലാപ്പൂര് പട്ടരുടെ സ്ലാംങ്ങാണേലും മല്ലു സ്ലാങ്ങാണേലും കമ്യൂണിക്കേഷന് നടക്കും. രണ്ടാമത്തെ കാരണം ലാഭം.  വിഷയം ലളിതമാണ്. ഐടി ദമ്പതികള്‍ ഓണ്‍സൈറ്റ് പോയെന്നു കരുതുക. ഒരാള്‍ ഇന്ത്യന്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയും രണ്ടാമന്‍ ആ നാട്ടില്‍ താല്‍ക്കാലിക ജീവനക്കാരെ നല്‍കുന്ന ഏതെങ്കിലും ഏജന്‍സി വഴി അതേ ജോലി നോക്കുകയും ചെയ്യുകയാണെന്നു കരുതുക. ഇന്ത്യന്‍ കമ്പനിയില്‍ ജോലി നോക്കുന്ന ആളുടെ നാട്ടിലെ ശമ്പളം ലക്ഷം രൂപയാണെങ്കില്‍ മിക്കവാറും വിസ നിയമങ്ങള്‍ കനിഞ്ഞ് ഓണ്‍ സൈറ്റിലെ ശമ്പളം മൂന്നോ നാലോ ലക്ഷമായിരിക്കും. പൗണ്ടിലോ ഡോളറിലോ ആണ് ചിലവെങ്കിലും. തരക്കേടില്ലാത്ത ശമ്പളം. പക്ഷെ ഏജന്‍സി വഴി ടെംപററി കളിക്കുന്നവന് മണിക്കൂറിനാണ് തച്ച്. ചിലപ്പോള്‍ ഇരട്ടി അല്ലെങ്കില്‍ അതിലുമധികം. താല്ക്കാലിക കരാറുകാരനെ കണ്ണു വെച്ചതല്ല. മറിച്ച് താല്‍ക്കാലികന്‍ ഒരു സൂചനയാണ്.

താല്‍ക്കാലികന് അത്രയും ശമ്പളമെങ്കില്‍ സ്ഥിരക്കാരന് എന്തു ശമ്പളമായിരിക്കും. വെറുതെയൊരു കണക്കിനു വേണ്ടി ഒരു എട്ടുലക്ഷമെന്നു കരുതുക. അമേരിക്കയിലോ ഇംഗ്ലണ്ടിലോ എട്ടു ലക്ഷം കൊടുക്കുന്ന സ്ഥിരം ജീവനക്കാരനു പകരം, അതേ ജോലി ഇന്ത്യയിലേക്കു ഔട്ട് സോഴ്‌സു ചെയ്യുകയാണെങ്കില്‍ ഒരു ലക്ഷം ശമ്പളം കൊടുക്കുന്ന നാലു പേരെ അപ്പോയിന്റ് ചെയ്യാം. ബാക്കി ലാഭം വെണ്ടറോടൊപ്പം വീതിച്ച് പുട്ടടിക്കാം. ഇതാണ് ഐടി ലോജിക്ക്. അല്ലെങ്കില്‍ അതു മാത്രമാണ് ലോജിക്ക്. ലാഭം എന്ന രണ്ടക്ഷരം. അതുകൊണ്ടാണ് ഐടി കടലു കടന്നു ബാംഗ്ലൂരു ലാന്റ് ചെയ്തത്. അടുത്തതെന്തിനു ബാംഗ്ലൂര്? ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല നഗരം. കൊളോണിയലിസ്സം കുറെ അവശേഷിക്കുന്ന സ്ഥലം. സ്റ്റീക്കു കഴിക്കാന്‍ പണ്ടു പുരാതന കാലത്തും കോശീസുണ്ടാരുന്നു. പബ്ബുകളു വേറെയും. ഔട്ട് സോഴ്‌സ് ചെയ്യുന്ന ക്ലയന്റെന്ന ദൊരയ്ക്ക് ദുരയ്ക്കും,  ഇടയ്ക്കു സന്ദര്‍ശിക്കാന് കാലാവസ്ഥ കൊണ്ടും കള്‍ച്ചറു കൊണ്ടും ഏകദേശം സഹിക്കാവുന്ന സ്ഥലം. 

എല്ലാവരും വിജയിക്കുന്ന ഒരു രീതിക്കു നടന്നു പോവുകയായിരുന്നു. അപ്പഴാണ് പുതിയ സെന്‍സേഷനുകളിലാ ശബ്ദം മുങ്ങിപ്പോയത്. ശബ്ദമെന്നു പറഞ്ഞു കൂട. ഒരു മുളക്കത്തിന്റെ ആരംഭം.

ഐടി സ്ഥാപനങ്ങളെന്താണ് ചെയ്യുന്നത്?
ഇനി ഈ ഐടി സ്ഥാപനങ്ങളെന്താണ് ചെയ്യുന്നത്? സായിപ്പിനു എഞ്ചുവടിയറിയില്ല. ഈരണ്ടു നാലു നാല്‍ രണ്ടെട്ടെന്നു പാടിപ്പതിഞ്ഞിട്ടില്ല. കാല്‍ക്കുലേറ്ററിനും കമ്പ്യൂട്ടറിനും മുമ്പ് വിരലു തന്നെ ശരണം.പോക്കറ്റില്‍ കാശുളളവന് ടെക്‌നോളജി ജീവിതം കൂടുതല്‍ എളുപ്പമാക്കാനാണ്. കംപ്യൂട്ടറു വന്നപ്പോഴും അതു തന്നെ സംഭവിച്ചു. പെട്ടിക്കടക്കാരു മുതല്‍ വന്‍ കോര്‍പ്പറേഷനുകള്‍ വരെ കമ്പ്യൂട്ടറിലേക്കു മാറി. സ്വന്തമാവശ്യത്തിനുളള പ്രോഗ്രാമുകളായി.  2000 എന്നൊരു വര്‍ഷം വരുമെന്നൊരു മുന്‍കാഴ്ച മിക്കവാറും പ്രോഗ്രാമുകളില്ലാതെ പോയി. അവിടെ തുടങ്ങിയതാണ് ഇന്ത്യന്‍ ബാംഗ്ലൂര്‍ ഐടിയുടെ ശുക്രന്‍. സായിപ്പിനു സ്വന്തം ഭാഷയില്‍ സംസാരിക്കാം. ചിലവും കുറവ്. ആ ചിലവ് കുറവ് സ്വന്തം നാട്ടിലും കിട്ടാനുളള കളികളിലൊന്നു മാത്രമായിരുന്നു ശശി ബാബു ഒക്കെ പോലെ പല പേരിലറിയപ്പെടുന്ന വിസകള്‍. ഫലം ഓടനാവട്ടത്തും കുമ്പനാട്ടും കമ്പളങ്ങിലൂമെല്ലാം അമ്മച്ചിമാരു അയല്‍മതിലേ ചാരി നിന്നു പറഞ്ഞു. മകനേ, അല്ലേല്‍ മകളേ അങ്ങമേരിക്കേ പോയേക്കുവാ. അവനങ്ങ് എക്‌സപര്‍ട്ടല്ലിയോ. സായിപ്പൊക്കെ അവന്റടുത്ത് വന്നല്ലിയോ പഠിക്കുന്നേ..

സത്യം ലളിതമാണ്. നേരത്തെ പറഞ്ഞ ലാഭം കൂട്ടാനുളള ശ്രമം. മുറുക്കന്‍ കടയാണേലും ബാങ്കാണെങ്കിലും വെണ്ടറുടെ ജോലിക്കാരനെക്കുറിച്ചു കമ്പനി വേവലാതിപ്പെടേണ്ട. അവനു വേണേ ഉണ്ണാം ഉടുക്കാം കിടക്കാം. ഒട്ടും ദയനീയമല്ല സ്ഥിതി. അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്നുമല്ല താമസം.  നല്ല ശമ്പളം കിട്ടുന്ന നല്ല ലൈഫ് സ്‌റ്റൈലുളളവരാണ് ഓണ്‍ സൈറ്റില്‍ പോകുന്ന എല്ലാവരും. ഒന്നു രണ്ടോണ്‍ സൈറ്റു കഴിയുമ്പോള്‍ മിക്കവാറും ജനം ഒന്നോ രണ്ടോ വീടും വാങ്ങും. പക്ഷെ തദ്ദേശീയ തത്തുല്യനുമായി താരതമ്യം ചെയ്യുമ്പോള്‍ പാതിയോളം. അല്ലെങ്കില്‍ പാതിയില്‍ താഴെ. കമ്പനിക്കു ലാഭം. കാര്യം ചിലവ് കുറവ്, അയക്കുന്ന കമ്പനിക്കു സന്തോഷം. കാര്യം നല്ല ലാഭം, അയക്കപ്പെടുന്നവന് ലാഭം, കാര്യം ഡോളറിലോ പൗണ്ടിലോ ഒന്നോ രണ്ടോ ഇരട്ടി പണം.  കാര്യങ്ങള്‍ ലളിതസുന്ദരമായി നേരത്തെ പറഞ്ഞ പോലെ എല്ലാവരും വിജയിക്കുന്ന ഒരു രീതിക്കു നടന്നു പോവുകയായിരുന്നു. അപ്പഴാണ് പുതിയ സെന്‍സേഷനുകളിലാ ശബ്ദം മുങ്ങിപ്പോയത്. ശബ്ദമെന്നു പറഞ്ഞു കൂട. ഒരു മുളക്കത്തിന്റെ ആരംഭം.

ഒന്നു കൂടെ ചെവി വട്ടം പിടിച്ചാലൊരു മുദ്രാവാക്യം വിളി കേള്‍ക്കാം.  ക്വിറ്റ് അമേരിക്ക. അല്ലെങ്കില്‍ അമേരിക്കക്കാരുടെ സ്വദേശി പ്രസ്ഥാനം. മണ്ണിന്റെ മക്കള്‍ വാദത്തോളമെത്തിയില്ലെങ്കിലും മുളപൊട്ടിത്തുടങ്ങി.

ആ വാര്‍ത്തകള്‍ പറയുന്നതെന്ത്?
സൂക്ഷിച്ചു നോക്കിയാലൊരു വാര്‍ത്തയുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ തദ്ദേശീയരെ റിക്രൂട്ട് ചെയ്യാന്‍ തത്രപ്പെടുന്നു. തത്രപ്പെടാന്‍ കഷ്ടപ്പെടാന്‍ സമയമോ സൗകര്യമോ ഇല്ലാത്തപ്പോള്‍ കമ്പനികള്‍ തന്നെ ഏറ്റെടുക്കുന്നു. ഒന്നു കൂടെ ചെവി വട്ടം പിടിച്ചാലൊരു മുദ്രാവാക്യം വിളി കേള്‍ക്കാം.  ക്വിറ്റ് അമേരിക്ക. അല്ലെങ്കില്‍ അമേരിക്കക്കാരുടെ സ്വദേശി പ്രസ്ഥാനം. മണ്ണിന്റെ മക്കള്‍ വാദത്തോളമെത്തിയില്ലെങ്കിലും മുളപൊട്ടിത്തുടങ്ങി. വിസ നിയന്ത്രണം കര്‍ശനമായിത്തുടങ്ങുന്നു. അല്ലെങ്കില്‍ അങ്ങനെയൊന്നുണ്ടാവുമെന്നു മേഖല പ്രതീക്ഷിക്കുന്നു.  ഗള്‍ഫുകാരുടെ അല്‍്പാംശം വരില്ലെങ്കിലും ഗണ്യമാണ് ഓണ്‍ സൈറ്റില്‍ നിന്നുളള റെമിറ്റന്‍സുകളും. കമ്പനികള്‍ക്ക് പ്രാദേശികരെ നിയമിച്ചും കൂടുതല്‍ ചിലവു കുറഞ്ഞ രാജ്യങ്ങളിലേക്കു തൊഴില്‍ പറിച്ചു നട്ടുമൊക്കെ മാനേജ് ചെയ്യാം. പറ്റിയില്ലെങ്കില്‍ എന്നത് മറ്റൊരു  പ്രതിസന്ധിയിലേക്ക് വഴി തുറക്കുന്നു. ഓണ് സൈറ്റു ജീവിതങ്ങള്‍ ലൈഫ് സ്‌റ്റൈലു നിശ്ചയിച്ചിരുന്ന നഗരങ്ങള്‍ ബാംഗ്ലൂരും പൂനെയുമൊക്കെ പ്രതിസന്ധിയിലാകും. 

കൂടുതല്‍ കൂടുതല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങള്‍ ഐടിയിലേക്കെത്തുന്നുവെന്ന കഴുത്തറപ്പന്‍ മത്സരം വേറെയും. ഇപ്പോഴേറ്റവുമധികം ഐടി ട്രന്‍ഡിങ്ങ് ആയ രാജ്യങ്ങളിലൊന്ന് ദക്ഷിണാഫ്രിക്കയും ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കുന്ന ആഫ്രിക്കന് രാജ്യങ്ങളുമാണ്. കോളനി ഭാഷ സ്പാനിഷും പോര്‍ച്ചുഗീസും ഫ്രഞ്ചുമൊക്കെയായിരുന്ന രാജ്യങ്ങളും ഓട്ടപ്പന്തയത്തിനു തയ്യാറെടുക്കുന്നുണ്ട്. മിക്കവാറും പടിഞ്ഞാറന്‍ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ചൈനക്കാരാണെന്നത് ഭാവി എങ്ങോട്ടാണ് പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയും കൂടെയാണ്. ഭാഷാ ബോധങ്ങളെക്കാള്‍ വലുത് കച്ചവടമാണെന്നു തിരിച്ചറിയുന്നവരില്‍ യൂറോപ്യന്‍ രാജ്യങ്ങളുമേറെയുണ്ട്. ബ്രക്‌സിറ്റ് യുകെയിലേക്കുളള വാതിലുകള്‍ക്ക് പാതിയടച്ചു. കടുത്ത വിസ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. അല്ലെങ്കില് പൈപ്പ് ലൈനിലുണ്ട്. അമേരിക്കയുടെ നയം വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങുന്നു. ലാഭത്തെക്കാള്‍ വലുത് സുരക്ഷയും നിലനില്‍പുമാണെന്ന നവചിന്തകളും എയറിലുണ്ട്. പലവിധം യഥാര്‍ത്ഥമോ കപടമോ ആയ അഭിമാനബോധങ്ങള്‍ ലോകത്തെല്ലായിടത്തും ഏകദേശം ഒരേ സമയത്താണുയിര്‍ക്കുന്നത്. ശലഭത്തിന്റെ ചിറകടി പോലെന്തോ ഒന്ന്. ചിലപ്പോള്‍ വ്യക്തമായതും ചിലപ്പോള്‍ അവ്യക്തമായതുമായ എന്തോ ഒന്ന്.

ക്വിറ്റ് അമേരിക്ക പലതും പറയുന്നുണ്ട്. പറഞ്ഞും പറയാതെയും.