തിരുവനന്തപുരം: രാജ്യത്തേക്കുളള സ്വർണ ഇറക്കുമതി ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ 94 ശതമാനം ഇടിഞ്ഞു. 688 മില്യൺ ഡോളറായാണ് ഇറക്കുമതി ഇടിഞ്ഞത് (5160 കോടി രൂപ). 2019 -20 ലെ സമാന കാലയളവിൽ മഞ്ഞലോഹത്തിന്റെ ഇറക്കുമതി 11.5 ബില്യൺ ഡോളറായിരുന്നു (ഏകദേശം 86250 കോടി രൂപ).

വെള്ളി ഇറക്കുമതി 45 ശതമാനം ഇടിഞ്ഞ് 575 മില്യൺ ഡോളറായി (4300 കോടി രൂപ). സ്വർണം, വെള്ളി ഇറക്കുമതിയിലുണ്ടായ ഇടിവ് രാജ്യത്തിന്റെ വ്യാപാര കമ്മി 2020-21 ഏപ്രിൽ മുതൽ ജൂൺ വരെയുളള കാലയളവിൽ 9.12 ബില്യൺ ഡോളറായി ചുരുക്കാൻ സഹായിച്ചു. കഴിഞ്ഞ വർഷം സമാന കാലയളവിൽ ഇത് 45.96 ബില്യൺ ഡോളറായിരുന്നു.

വ്യാപാര കമ്മി കുറയുന്നതുമൂലം ജനുവരി- മാർച്ച് കാലയളവിൽ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് മിച്ചം 0.6 ബില്യൺ ഡോളറായി. മുൻ വർഷം സമാന കാലയളവിൽ ഇത് 4.6 ബില്യൺ ഡോളറോ അല്ലെങ്കിൽ ജിഡിപിയുടെ 0.7% മോ ആയിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മുതൽ സ്വർണ ഇറക്കുമതി വളർച്ചാ സൂചിക താഴേക്കായിരുന്നു. 

ജ്വല്ലറി വ്യവസായത്തിനായിട്ടാണ് രാജ്യത്തേക്ക് സ്വർണ ഇറക്കുമതി പ്രധാനമായും നടത്തുന്നത്. ലോകത്തെ എറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 800- 1000 ടൺ സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ഇടിഞ്ഞെങ്കിലും ആഭ്യന്തര മാർക്കറ്റിൽ പഴയ സ്വർണ വിൽപന വർദ്ധിച്ചത് ജുവല്ലറി വ്യവസായത്തിന് അനുകൂല ഘടകമാണ്.