ദില്ലി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽധനം 8.22 ബില്യൺ ഡോളർ ഉയർന്ന് ആദ്യമായി അര ട്രില്യൺ കടക്കുന്നു. ജൂൺ 5 ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ധനം 501.70 ബില്യൺ ഡോളറായി ഉയർന്നു. ഇത് വിദേശ കറൻസി ആസ്തിയിൽ വൻ വർധനവിന് കാരണമായി. 

മൊത്തം കരുതൽ ധനത്തിന്റെ പ്രധാന ഭാഗമായ വിദേശ കറൻസി ആസ്തി 8.42 ബില്യൺ ഡോളർ ഉയർന്ന് 463.63 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു. ആകാശവാണിയുടെ ന്യൂസ് സർവീസ്സ് ഡിവിഷനാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ആഴ്ച, കരുതൽ ധനം 3.44 ബില്യൺ ഡോളർ ഉയർന്ന് 493.48 ബില്യൺ ഡോളറായിരുന്നു. എന്നാൽ, സ്വർണ്ണ ശേഖരത്തിന്റെ ആകെ മൂല്യം കുറയുകയാണ്. സ്വർണ്ണ ശേഖരം 329 ദശലക്ഷം ഡോളർ കുറഞ്ഞ് 32.352 ബില്യൺ ഡോളറായി മാറി. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ഇന്ത്യയുടെ പ്രത്യേക ഡ്രോയിംഗ് അവകാശം 10 ദശലക്ഷം ഡോളർ ഉയർന്ന് 1.44 ബില്യൺ ഡോളറായി. രാജ്യത്തിന്റെ കരുതൽ ധനം (reserve position) 120 ദശലക്ഷം ഡോളർ ഉയർന്ന് 4.28 ബില്യൺ ഡോളറായി.