Asianet News MalayalamAsianet News Malayalam

ജിഡിപി വളർച്ചാ നിരക്ക് ഉയർത്താൻ ക്ഷേമ രാഷ്ട്രം ഇല്ലാതാക്കുന്നു, സാമ്പത്തിക വളർച്ചയിൽ പരി​ഗണിക്കാതെ പോകുന്നവ

ഉറപ്പായ തൊഴിലുകൾ ഉള്ളവർ പോലും സംഘർഷങ്ങളിൽപ്പെട്ട് ജീവിത പ്രതിസന്ധിയിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ സ്ഥിര ജോലി ഇല്ലാത്തവരുടെയും സ്വയം തൊഴിൽ ചെയ്യുന്നവരുടെയും കുടുംബങ്ങളെ ജിഡിപി കണ്ടില്ലെന്ന് നടിക്കുന്നു. 

gdp growth projection of India FY 2021-22
Author
Thiruvananthapuram, First Published Apr 14, 2021, 3:34 PM IST

പയോഗിച്ച കാറുകൾ കച്ചവടം നടത്തുന്ന ജോബിനാണ് ആദ്യം വാട്ട്സാപ്പ് ഗ്രൂപ്പിൽ ചോദ്യം കാച്ചിയത്. ഇത് എന്തപ്പാ എല്ലാവരും കൊവിഡ് കഴിഞ്ഞാൽ പിന്നെ പറയുന്നത് ജിഡിപിയുടെ താഴ്ചയും ഉയർച്ചയും കുറിച്ചാണല്ലോ. തുരുതുരാ വന്ന കമന്റുകളിൽ രമേശാണ് കുറിച്ചത്, "മനുഷ്യനില്ലേലും ജിഡിപി ഉണ്ടെന്ന് ആശ്വസിച്ചിരിക്കുകയാണ് ജനമെല്ലാം". കൊവിഡ് ചികിത്സ നടക്കുന്ന ഒരാശുപത്രിയിലെ പി ആർ ഒ ആയ രമേശിനാണ് മിക്കവരുടെയും ലൈക് കിട്ടിയത്. ശരിക്കും രമേശ് പറഞ്ഞതിലും സത്യമുണ്ട്.

ചൈനയെ മറികടക്കും

മൊത്ത ആഭ്യന്തര ഉത്പാദനം എന്ന് കേട്ടാൽ ചാനൽ മാറ്റി പിടിച്ചിരുന്ന ചെറുപ്പക്കാർക്കൊക്കെ ജി ഡി പി യെക്കുറിച്ച് സംസാരിക്കുന്നത് ഇപ്പോൾ ഹരമായിരിക്കുന്നു. ഒരു വർഷം ഓരോ രാജ്യത്തും ഉണ്ടാക്കിയെടുക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ തുകയാണ് ജിഡിപി. മൂന്നുമാസം കൂടുമ്പോൾ കണക്കെടുത്ത് എല്ലാവരെയും അറിയിക്കുന്നു. മുൻപിലത്തെ വർഷത്തെ അപേക്ഷിച്ചു ഈ വർഷത്തെ കണക്കുകൾ ഉയർന്നിരുന്നാൽ അത്ര കണ്ട് സമ്പദ് ഘടന വളരുന്നു എന്ന് കരുതിക്കോണം. വളരുന്ന നിരക്ക് കുറഞ്ഞാൽ  രാജ്യത്ത് പൊതുവെ വളർച്ച ചുരുങ്ങുന്നു എന്നാകും ചർച്ച. കൊവിഡ് ബാധിച്ച 2020-21 സാമ്പത്തിക വർഷത്തിൽ പൂജ്യത്തിന് താഴെ എട്ട് ശതമാനം വരെ ജി ഡി പി ചുരുങ്ങിയതായാണ് വിലയിരുത്തൽ. എന്നാൽ, 2021 ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷം ചൈന പ്രതീക്ഷിക്കുന്ന 7.8 ശതമാനത്തേക്കാൾ ഉയർന്ന 10.5 ശതമാനമെന്ന രണ്ടക്ക വളർച്ച ഉണ്ടാകുമെന്നാണ് റിസർവ്‌ ബാങ്കും കേന്ദ്ര സർക്കാരും ഉറപ്പിച്ചു പറയുന്നത്.

ക്ഷേമം കുറച്ചുള്ള ജിഡിപി കൂട്ടൽ

ത്രസിപ്പിക്കുന്ന ജിഡിപി വളർച്ചയിൽ ഒളിഞ്ഞിരിക്കുന്ന ഒരു കാരണം വിവിധ സബ്സിഡി ആനുകൂല്യങ്ങൾ കുറഞ്ഞു വരുന്നത് കൂടിയാണ്. പാചക വാതകം, പെൻഷൻ തുടങ്ങി വിവിധ ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി, ചോർച്ച കൂടാതെ അർഹതപ്പെട്ടവർക്ക് മാത്രം നേരിട്ട് നൽകുന്നത് മൂലമാണ് സബ്‌സിഡി ചെലവ് കുറയുന്നതെന്നാണ് സർക്കാർ വാദം. മൊത്തത്തിൽ സബ്സിഡികൾ കുറയ്ക്കുന്നത് പൊതു നയമായി മാറിയിട്ടുണ്ട്. വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ഒന്നൊന്നായി കുറച്ച് കൊണ്ടുവരുന്നതിനായി ഇതിനോടകം പാസ്സാക്കിയ പല നിയമങ്ങളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ജീവിതം മൈനസ് സന്തോഷം

ജിഡിപിയിൽ എന്തൊക്കെ കൂട്ടണം കിഴിക്കണം എന്നൊക്കെ അടുത്തിടെ പരിഷ്‌ക്കരിച്ചു. എന്നാൽ, കൊവിഡുയർത്തിയ വെല്ലുവിളികളിൽ ജീവിതത്തിൽ നിന്ന് സന്തോഷം ചോർന്ന് പോയവരുടെ കണക്കുകൾ എന്തുചെയ്യണമെന്ന് ആർക്കും നിശ്ചയമില്ല. ഉയരുന്ന ആത്മഹത്യാ കണക്കുകളും അസ്വാഭാവിക മരണങ്ങളും സമൂഹത്തിൽ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകും. ഉറപ്പായ തൊഴിലുകൾ ഉള്ളവർ പോലും സംഘർഷങ്ങളിൽപ്പെട്ട് ജീവിത പ്രതിസന്ധിയിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ സ്ഥിര ജോലി ഇല്ലാത്തവരുടെയും സ്വയം തൊഴിൽ ചെയ്യുന്നവരുടെയും കുടുംബങ്ങളെ ജിഡിപി കണ്ടില്ലെന്ന് നടിക്കുന്നു. മനുഷ്യ മനസ്സുകളിലെ സന്തോഷം കൂടി അളവുകോലാക്കുന്ന പുതിയ വളർച്ചാ മാനദണ്ഡങ്ങൾ നമുക്കും വേണം.

പരിസ്ഥിതിയും പടിക്ക് പുറത്ത്

ഉയരുന്ന ചൂടും കടുക്കുന്ന വേനലും കാലം തെറ്റി പെയ്യുന്ന അതിതീവ്ര മഴയും ഒക്കെ കൂടി മനുഷ്യന് മനസ്സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയിലായി പ്രകൃതി. വളർച്ചാ നിരക്ക് എങ്ങിനെയും ഉയർത്താനുള്ള ഉത്പാദനവും നിർമ്മാണങ്ങളും നടത്തി നടത്തിയാണ് പ്രകൃതിയെ ഈ കോലത്തിലാക്കിയത്. പരിസ്ഥിതിയെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  സാമ്പത്തിക വളർച്ച നിരക്കുകളാണ് നമുക്കുവേണ്ടത്.

കല, സംസ്കാരം

സാംസ്കാരിക പൈതൃകവും സാമൂഹിക മൂല്യങ്ങളും മറ്റും "വിലമതിക്കാനാവാത്ത" കാരണത്താൽ പണക്കണക്കിൽ പറയാനാകില്ലല്ലോ. എണ്ണം കണക്കാക്കാനാവാത്തത്ര കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും കലാമൂല്യമുള്ള സൃഷ്‌ടികളും ആവിഷ്ക്കാരങ്ങളും ജിഡിപിയിൽ കാണില്ല. രാജ്യത്തിൻറെ വളർച്ചയും തളർച്ചയും കണക്കാക്കുമ്പോൾ സമൂഹത്തിന്റെ സ്വന്തം മൂലധനത്തെ എങ്ങിനെ ഒഴുവാക്കാനാകും?

-സി എസ് രഞ്ജിത്, പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ് ലേഖകൻ-

Follow Us:
Download App:
  • android
  • ios