Asianet News MalayalamAsianet News Malayalam

ഖനനത്തിൽ മുന്നിൽ ചൈന, റിസർവിൽ യുഎസും: റെക്കോർഡുകൾ തകർത്തിട്ടും ഇന്ത്യക്കാരന് സ്വർണം ഏറെ പ്രിയപ്പെട്ടത് !

ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും, നികുതിയും, സെസുമടക്കം 39,000 രൂപയ്ക്ക് മുകളിൽ നിലവിൽ നൽകേണ്ടി വരും. കഴിഞ്ഞ ഒരു വർഷത്തെ സ്വർണ വിലയിലുണ്ടായ വർധനവ് 49 ശതമാനമായിരുന്നു.

gold influence in world and also Indian market an analysis story by adv abdul nassar
Author
Thiruvananthapuram, First Published Jun 20, 2020, 7:11 PM IST
  • Facebook
  • Twitter
  • Whatsapp

സ്വർണത്തെ ഭംഗിയുള്ള ആഭരണമെന്നതിനേക്കാൾ ബുദ്ധിപരമായ ഒരു നിക്ഷേപം കൂടിയായാണ് ഇന്ത്യൻ സമൂഹം കരുതിപ്പോരുന്നത്. സമൂഹത്തിലെ പദവി ഉയർത്താനും തന്നെക്കുറിച്ചു തന്നെയുള്ള മതിപ്പ് വർധിപ്പിക്കാനും സ്വർണാഭരണം പ്രധാന പങ്ക് വഹിക്കുന്നുവെന്ന് കരുതുന്നവരുടെ എണ്ണം സമൂഹത്തിൽ വളരെക്കൂടുതലാണ്. ഇതിനാൽ തന്നെ വില റെക്കോർഡുകൾ താണ്ടി മുന്നേറിയാലും മനുഷ്യൻ എന്ന സാമൂഹിക ജീവിക്ക് സ്വർണം എന്നും പ്രിയപ്പെട്ട ലോഹമാണ്.  

സ്വർണത്തിനുളള ആവശ്യകത എക്കാലവും ഉയർന്ന് നിൽക്കാൻ കാരണവും ഇതൊക്കെത്തന്നെയാണ്. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട കാലം മുതൽ സ്വർണം കറൻസിയായും, ആഭരണമായും ഉപയോഗിക്കുന്നു. ഒരു ഗ്രാം സ്വർണം 3.2 കിലോമീറ്റർ നീളമുള്ള നൂൽകമ്പിയാക്കി മാറ്റാൻ കഴിയുമെന്നതാണ് ആഭ​രണ വിപണിയിൽ സ്വർണത്തെ എതിരാളികളില്ലാത്ത ശക്തിയായി നിലനിൽക്കാൻ സഹായിക്കുന്നത്.  

സ്വർണത്തിന്റെ ഉയർന്ന വിലയ്ക്ക് കാരണം ഇതിന്റെ ഇത്തരം അപൂർവ്വതകളാണ്. ഭൂമിയുടെ ആവരണത്തിന്റെ ഓരോ ബില്യന്റേയും (0.000000003) മൂന്ന് ഭാഗം മാത്രമാണ് സ്വർണം അഥവാ ഓരോ ആയിരം ടൺ മണ്ണിനും മൂന്ന് ഗ്രാം. ലോകത്ത് ഇന്നുള്ള സ്വർണത്തിന്റെ മൂന്നിൽ 
രണ്ട് ഭാഗവും സ്വർണഖനികളിൽ നിന്നുള്ളതാണ്. ബാക്കി ചരിത്രാതീത കാലം മുതലുള്ള പഴയസ്വർണം, ബാറുകൾ, നാണയങ്ങൾ നിധികൾ എന്നിവയായി സൂക്ഷിക്കപ്പെടുന്നതും കൈമാറിയും രൂപമാറ്റം വരുത്തിയവയുമാണ്.

സ്വർണം ഒരിക്കലും നശിക്കാത്തതിനാൽ ഈജ്പ്ഷ്യൻ അല്ലെങ്കിൽ റോമൻ രാജാവ് ഉപയോഗിച്ച സ്വർണമാവാം കേരളത്തിലെ ഒരു വിവാഹമോതിരത്തിലോ കമ്മലിലോ ഉണ്ടാകുക എന്ന രസകരമായ സാധ്യതയും പരി​ഗണിക്കാം. 

കൂടുതൽ ഖനനം ചൈനയിൽ

സ്വർണം ഖനനം ചെയ്യുന്നത് പല പ്രക്രിയയിലുടെയാണെങ്കിലും അരിച്ചെടുക്കുന്നത് മനുഷ്യ കരങ്ങൾ കൊണ്ടു തന്നെയാണ്. സ്വർണം പാറയെക്കാൾ സാന്ദ്രത കൂടിയതായതിനാൽ വേഗത്തിൽ അരിച്ചെടുക്കാൻ കഴിയുന്നു. ഏറ്റവും കൂടുതൽ സ്വർണം ഖനനം ചെയ്യുന്നത് ചൈനയാണ്... 280 ടൺ വരും ചൈനീസുകളുടെ ഖനനം. സ്വർണം ഖനനം ചെയ്യുന്നതിൽ ഇന്ത്യയ്ക്ക് 11 സ്ഥാനമാണുളളത്. 3.1 ടൺ സ്വർണം മാത്രമാണ് ഇന്ത്യയുടെ ഉൽപാദനം. 

അതിനാലാണ് ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായി മാറാൻ ഇടയായത്. എന്നാൽ, ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ജനങ്ങളുടെ കൈവശമുള്ള രാജ്യം ഇന്ത്യയാണ്, ഇന്ത്യക്കാരുടെ സ്വർണഭ്രമം ഇതിൽ നിന്നുതന്നെ മനസ്സിലായിക്കാണുമെല്ലോ ! 25,000 മുതൽ 30,000 ടൺ വരെ സ്വർണം ഇന്ത്യാക്കാരുടെ കൈവശമുണ്ട്. ലോകത്ത് സ്വർണ ഉപയോഗത്തിന്റെ 28 ശതമാനത്തോളം ഇന്ത്യയിലാണ്. ദേശീയ റിസർവിന്റെ അടിസ്ഥാനത്തിൽ ഭൂരിഭാഗം സ്വർണവും സ്വന്തമാക്കിയിരിക്കുന്നത് അമേരിക്കയാണ്, 4700 ടൺ സ്വർണമാണ് അമേരിക്കയുടെ കരുതൽ ശേഖരത്തിലുളളത്. 

ശുദ്ധമായ സ്വർണം 24 കാരറ്റാണ്, അതായത് 999. ശുദ്ധമായ സ്വർണത്തിൽ ചെമ്പ് ചേർത്താണ് 22 കാരറ്റ് അഥവാ 916 പരിശുദ്ധിയോടെയാണ് സ്വർണാഭരണങ്ങൾ നിർമിക്കുന്നത്. മഞ്ഞലോഹമായ സ്വർണം ഉപയോ​ഗിച്ച് വെള്ള, ചുവപ്പ്, പച്ച, കറുപ്പ് എന്നീ നിറങ്ങളിലും ആഭരണങ്ങൾ നിർമ്മിക്കാം എന്ന പ്രത്യേകയും ഉണ്ട്. തലമുറകളായി കൈമാറി വരുന്ന സ്വർണ നിക്ഷേപത്തിന്റെ കാര്യത്തിലും നമ്മൾ ഇന്ത്യക്കാർ മുൻപന്തിയിലാണ്. സാമൂഹിക നിലയോട് ബന്ധപ്പെട്ട് തലമുറയിൽ നിന്നും തലമുറയിലേക്ക് സ്വർണം പകർന്നു നൽകുന്നത് സാമ്പത്തികമായ കരുത്തും ശക്തിയും സുരക്ഷയുമാണ്.

വിവാഹ ചെലവിലെ സ്വർണ സ്വാധീനം !

ഇന്ത്യൻ സമൂഹത്തിൽ വിവാഹത്തിന് സ്വർണം സമ്മാനമായി നൽകുന്നത് പരമ്പരാഗതമായ ആചാരമാണ്. ഇന്നും വിവാഹ ചെലവിന്റെ 50 -60 % സ്വർണാഭരണത്തിനായാണ് ചെലവിടുന്നത്. ശുഭകരമായ ദിവസങ്ങളിലും ആഘോഷവേളകളിലും ജനങ്ങൾ സ്വർണം വാങ്ങുന്ന പതിവും രാജ്യത്തുണ്ട്. ഇതാണ് ഇന്ത്യൻ സ്വർണാഭരണ വിപണിയെ അതിശക്തമായ നിലയിൽ തുടരാൻ സഹായിക്കുന്ന ഘടകം.

കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്നത് ഓണം തൊട്ടുള്ള ആറ് മാസക്കാലത്താണ്. ഏറ്റവും കൂടുതൽ വിവാഹം നടക്കുന്നതും ഈ കാലയളവിലാണ്. വിഷു, ദീപാവലി, റംസാൻ, ബക്രീദ്, ക്രിസ്മസ്, അക്ഷയ തൃതീയ തുടങ്ങിയ അഘോഷ വേളകളിലും കേരളിയർ സ്വർണം വാങ്ങുന്നു. സമ്മാനങ്ങളുടെ രൂപത്തിൽ സ്വർണാഭരണങ്ങൾ കൈമാറുന്ന പതിവ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതലാണ്. 

കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിലും സ്വർണം കരുത്ത് കാട്ടി. സാധാരണ കാലഘട്ടത്തിലും പ്രതിസന്ധി ഘട്ടത്തിലും ആഘോഷ വേളകളിലും എല്ലാം സ്വർണം അതിന്റെ കരുത്ത് കാട്ടിക്കൊണ്ടേയിരിക്കുന്നു, അതിനാൽ തന്നെ നാൾക്ക് നാൾ സ്വർണ വിപണിയും വലുതാകുകയാണ്. 

റെക്കോർഡുകൾ തിരുത്തി സ്വർണം മുന്നോട്ട്

ഇന്ത്യ -ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി വലിയതോതിൽ കമ്മോഡി‌റ്റി മാർക്കറ്റിൽ ചലനങ്ങളുണ്ടാക്കി. സ്വർണ വില വർധനവിന് ഇത് മറ്റൊരു കാരണമായി. സ്വർണ ഉപയോഗത്തിൽ ലോകത്തിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ചൈനയും ഇന്ത്യയും. അതിനാൽ സംഘർഷം തുടർന്നാൽ പ്രതിസന്ധി കടുക്കും. രാജ്യത്ത് സ്വർണ വില നിലവിൽ റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ്. 

കഴിഞ്ഞ 45 വർഷത്തെ വില നിലവാരം പരിശോധിച്ചാൽ വിലയിൽ സ്വർണത്തിന് 8750% ഓളം വർദ്ധനവാണുണ്ടായിട്ടുള്ളത്. 1975 ൽ സ്വർണ വില ഗ്രാമിന് 50 രൂപയായിരുന്നു. പവൻ വില 400 രൂപ. വർദ്ധനവ് 8700 %.

1990 ൽ ഗ്രാമിന് 312 രൂപ, പവൻ വില 2493. വർദ്ധനവ് 1300 %.
2000 ൽ ഗ്രാം വില 400രൂപ, പവൻ വില 3200 രൂപ.വർദ്ധനവ് 1000 %.
2010 ൽ ഗ്രാം വില 1535 രൂപ, പവൻ വില 12280 വർദ്ധനവ് 185%.
2019 ൽ ഗ്രാം വില 2965 രൂപ, പവൻ വില 23720 രൂപ വർദ്ധനവ് 48%.

ഇന്നത്തെ സ്വർണ വില ഗ്രാമിന് 4,425, പവൻ വില 35,400 രൂപയായി വ്യാപാരം പുരോഗമിക്കുകയും ഉച്ചയ്ക്ക് ശേഷം വീണ്ടും വില വർധിച്ച് സ്വർണ വില ഗ്രാമിന് 4,440 രൂപയായി. പവൻ വില 35,520 രൂപയുമായി. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും, നികുതിയും, സെസുമടക്കം 39,000 രൂപയ്ക്ക് മുകളിൽ നിലവിൽ നൽകേണ്ടി വരും. കഴിഞ്ഞ ഒരു വർഷത്തെ സ്വർണ വിലയിലുണ്ടായ വർധനവ് 49 ശതമാനമായിരുന്നു.

- അഡ്വ എസ് അബ്ദുൽ നാസർ ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറുമാണ്.
 

Follow Us:
Download App:
  • android
  • ios