ദില്ലി: കൈകൾ അണുവിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്ന ഹാന്റ് സാനിറ്റൈസറിന്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിനെതിരെ കേന്ദ്രസർക്കാർ. ഈ തീരുമാനം ഇറക്കുമതിക്കാർക്ക് മാത്രമേ ഉപകാരപ്പെടൂ എന്നും പ്രാദേശിക ഉൽപ്പാദകർക്ക് ഗുണം ചെയ്യില്ലെന്നുമാണ് കേന്ദ്രസർക്കാരിന്റെ വാദം.

സോപ്പ്, ആന്റി ബാക്ടീരിയൽ ലിക്വിഡ് എന്നിവ പോലുള്ള ഉൽപ്പന്നമാണ് ഹാന്റ് സാനിറ്റൈസറും എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. അതിനാൽ തന്നെ 18 ശതമാനം നികുതി സ്ലാബിലാണ് ഇതും ഉൾപ്പെടുക. രാസപദാർത്ഥങ്ങൾ അടക്കം ഹാന്റ് സാനിറ്റൈസറിന്റെ അസംസ്കൃത വസ്തുക്കളും 18 ശതമാനം നികുതി സ്ലാബിലാണ്. 

സാനിറ്റൈസറിന്റെ നികുതി നിരക്ക് കുറച്ചാൽ അത് അന്തിമ ഉൽപ്പന്നത്തിന്റെ മുകളിൽ മാത്രമായിരിക്കും. അസംസ്കൃത വസ്തുക്കളുടെ നികുതി കുറയില്ല. അതിനാൽ തന്നെ പ്രാദേശിക ഉൽപാദകരെ സംബന്ധിച്ച് ഇത് വലിയ ബാധ്യതയാകും സൃഷ്ടിക്കുകയെന്നും കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടു.

ഏറെ നാളായി ഈ ആവശ്യം സർക്കാരിന് മുന്നിൽ വാണിജ്യ മേഖലയിൽ നിന്നുള്ളവർ ഉന്നയിക്കുന്നുണ്ട്. എന്നാൽ, 18 ശതമാനം നികുതി തന്നെ ഈടാക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെ ഇനി ഈ തീരുമാനം അംഗീകരിക്കുക മാത്രമാണ് ഉൽപ്പാദകരുടെ മുന്നിലെ വഴി. അതല്ലെങ്കിൽ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കേണ്ടി വരും.