ദില്ലി: കൊവിഡിനെ തുടർന്ന് ഏപ്രിൽ, മെയ് മാസങ്ങളിൽ ആകെ 4.19 ലക്ഷം തൊഴിലുകൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ കണക്ക്. മെയ് മാസത്തിൽ 3.18 ലക്ഷവും ഏപ്രിൽ മാസത്തിൽ ഒരു ലക്ഷം തൊഴിലുകളും മാത്രമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

മെയ് 2019 ൽ 3.10 ലക്ഷവും 2018 ൽ 3.88 ലക്ഷം തൊഴിലുകളും സൃഷ്ടിക്കപ്പെട്ടിരുന്നു. മെയ് മാസത്തിൽ 2,79,023 തൊഴിലാളികൾ ഇപിഎഫ് പദ്ധതിയുടെ ഭാഗമായി. എന്നാൽ 236213 പേർ പദ്ധതിയിൽ നിന്ന് വിട്ടുപോയി. നേരത്തെ വിട്ടുപോയ 275979 പേർ വീണ്ടും പദ്ധതിയുടെ ഭാഗമായി.

പുതുതായി പദ്ധതിയിൽ ചേർന്നവരിൽ അധികവും 29-35 വയസ് പ്രായമുള്ളവരാണ്. 18-21 പ്രായക്കാരും 22-25 പ്രായക്കാരും 26-28 വയസുകാരുമാണ് പിന്നിലുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, തമിഴ്‌നാട്, തെലങ്കാന, ഹരിയാന സംസ്ഥാനങ്ങളിലാണ് കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടത്.

ഏപ്രിൽ മാസത്തെ ആകെ എൻറോൾമെന്റിലെ കണക്ക് ഇപിഎഫ്ഒ തിരുത്തി. 133080 എന്നത് 100825 ആക്കി. 2019 ൽ ഏപ്രിൽ മാസത്തിൽ 4.99 ലക്ഷം തൊഴിലും 2018 ൽ 4.86 ലക്ഷം തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്.