ദില്ലി: സെപ്റ്റംബര്‍ പാദത്തില്‍ ഗ്രാമീണ ഇന്ത്യയുടെ ഉപഭോഗം ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തി. രാജ്യത്തിന്‍റെ നഗര പ്രദേശങ്ങളെക്കാള്‍ വളര്‍ച്ചയില്‍ ഗ്രാമീണ ഇന്ത്യ പിന്നിലാണ്. കഴിഞ്ഞ ദിവസം നെല്‍സണ്‍ പുറത്തുവിട്ട വിപണി ഗവേഷണ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. 

കൃഷി, മഴയുടെ ക്രമത്തിലുണ്ടായ വലിയ മാറ്റം തുടങ്ങിയവയാണ് ഗ്രാമീണ ഇന്ത്യയെ തളര്‍ത്തിയത്. പ്രധാനമായും ഉത്തരേന്ത്യയിലാണ് പ്രതിസന്ധി രൂക്ഷം. എഫ്എംസിജി സെക്ടറിന് കൂടുതല്‍ പണം ചെലവാക്കുന്നത് ഗ്രാമീണ ഇന്ത്യയാണ്. സെക്ടറിന്‍റെ 36 ശതമാനവും ഗ്രാമീണ ഇന്ത്യയുടെ ആവശ്യകതയില്‍ നിന്നുണ്ടാകുന്നതാണ്.

ഇന്ത്യയുടെ നഗര പ്രദേശങ്ങളെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം അധിക വളര്‍ച്ചയാണ് ഗ്രാമീണ ഇന്ത്യ എല്ലായിപ്പോഴും പ്രകടിപ്പിക്കാറുളളത്. ജൂലൈ- സെപ്റ്റംബര്‍ കാലത്തെ ഉപഭോഗ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമാണ്. 2018 ലെ മൂന്നാം പാദത്തിലെ വളര്‍ച്ചാ നിരക്ക് 20 ശതമാനമായിരുന്നു. 2018 മൂന്നാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് 14 ശതമാനമായിരുന്നത് ഈ വര്‍ഷം സമാന കാലയളവില്‍ വെറും എട്ട് ശതമാനം മാത്രമാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഗ്രാമീണ ഉപഭോഗ വളര്‍ച്ചാ നിരക്ക് നഗര വളര്‍ച്ച നിരക്കിനെക്കാള്‍ പിന്നില്‍ പോകുന്നത്.