റാം ബാബു ഒരു ഗ്രാമീണനാണ്. മധ്യപ്രദേശിലെ വിദിഷ ഗ്രാമത്തിലാണ് അയാളുടെ വീട്. ജോലി കൂലിപ്പണി. പാടത്തും പറമ്പിലുമെല്ലാം എന്ത് ജോലിയുമെടുക്കാൻ റാമിനാവും. പക്ഷേ, ഗ്രാമത്തിൽ കൂലി വളരെ മോശമാണ്. പകലന്തിയോളം വെയിലത്ത് അദ്ധ്വാനിച്ചാൽ കയ്യിൽ കിട്ടുന്നത് വെറും 150 രൂപ മാത്രം. അതുകൊണ്ട് എന്താവാനാണ്. വീടിനോട് ചേർന്ന് ഒരു പെട്ടിക്കടകൂടി നടത്തുന്നുണ്ട് റാം. എല്ലാം കൂടി രാപ്പകൽ അദ്ധ്വാനിച്ചിട്ടാണ് ഒരു വിധം രണ്ടറ്റം കൂട്ടിമുട്ടിക്കാനാകുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി ആകെ പ്രശ്നത്തിലാണ് അയാൾ. പെട്ടിക്കടയിലെ വരുമാനം കാര്യമായി ഇടിഞ്ഞിട്ടുണ്ട്. ആരും ഒന്നും വാങ്ങിക്കുന്നില്ല. ഷാംപൂവും സോപ്പും പോലും ഇപ്പോൾ വില്പന നന്നേ കുറഞ്ഞിരിക്കുന്നു." കഴിഞ്ഞ ഒരു മാസം ഞാൻ ആകെ വിറ്റത് മൂന്നു പാക്കറ്റ് ബിസ്‌ക്കറ്റാണ്..." അഞ്ചു രൂപയുടെ പാർലെ ജി ബിസ്ക്കറ്റ് ചൂണ്ടിക്കാണിച്ചുകൊണ്ട് റാം പറയുന്നു. 

അവിടെ നിന്നും അധികം ദൂരെയല്ല നാരൻ. അവിടെ കൃഷിക്കാരനാണ് മോഹർ സിങ്ങ്. മോശമില്ലാത്ത ഒരു വീട്. വിശാലമായ മുറ്റം. മുന്നിൽ കാണുന്ന രണ്ടേക്കർ കൃഷിയിടം അയാൾക്ക് സ്വന്തമാണ്. വീട്ടിനുമുന്നിലെ തൊഴുത്തിൽ പശുക്കൾ വൈക്കോൽ നുണയുന്നു. ആകെ ഒരു സമൃദ്ധിയുടെ പ്രതീതി. മണ്ണുകുഴച്ചുണ്ടാക്കിയ വീട് അടുത്തിടെ വെള്ളവലിച്ചിട്ടുണ്ട്. മകന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയുള്ളൂ. അതാണ് ആകെയൊരു പുതുമോടി. എന്നാൽ, പുറമേക്ക് കാണാൻ എല്ലാം ഐശ്വര്യപൂർണമാണെങ്കിലും, അതല്ല വാസ്തവം. ആകെ പ്രശ്നങ്ങളുടെ നടുവിലാണ് സിങ്ങ്. അഞ്ചു ലക്ഷം രൂപയുടെ ബാങ്ക് ലോണുണ്ട്. സോയാബീനും പരിപ്പുമാണ് കൃഷി. ഇക്കുറി വിളകൾ കൊയ്യാൻ പരുവത്തിൽ ആയപ്പോഴാണ് മഴ കനത്തതും, എല്ലാം അതിൽ ഒലിച്ചുപോയതും. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. പലചരക്കുകടയിലെ പറ്റുപടി ഒരുപാട് കൂടി. പലിശ കൊടുക്കണം എന്ന പരുവത്തിനായി. കഴുത്തറുത്താണ് പലിശ വാങ്ങുന്നത്. 

ഇനി അടുത്ത വർഷം ഏപ്രിലിൽ മാത്രമേ എന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുള്ളൂ. ഒക്ടോബറിൽ വിതയ്ക്കുന്ന ഗോതമ്പ് അന്നേക്കേ കൊയ്യാൻ പരുവത്തിന് ആവൂ. കഴിഞ്ഞ മാസം സിങ്ങിന്റെ ബൈക്ക് കേടായി. അതൊന്ന് വർക്ക് ഷോപ്പിൽ കേറ്റി നന്നാക്കിയെടുക്കാൻ പോലും പണമില്ല. അതുകൊണ്ടിപ്പോൾ ഇങ്ങോട്ടും  നടന്നാണ് പോക്ക്. കൃഷിയുള്ളതുകൊണ്ട് വീട്ടിൽ ദാലും ഗോതമ്പുമെല്ലാം സ്റ്റോക്കുണ്ട്. അതുകൊണ്ട് വിശപ്പടക്കുന്ന കാര്യത്തിൽ മാത്രം കാര്യമായ മുട്ടില്ലെന്നു പറയാം. ബാക്കി, ഒരു വിധം എല്ലാം തന്നെ ഇപ്പോൾ 'ലക്ഷ്വറി' ആയി മാറി. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഉരുളക്കിഴങ്ങും, പച്ചക്കറിയും ഒക്കെ ചേർത്തുള്ള കറികൾ വെക്കുന്നത്. ബാക്കി ദിവസങ്ങളിൽ ഒക്കെ റോട്ടി-ദാൽ തന്നെ  ശരണം. ടൂത്ത് പേസ്റ്റിനുള്ള പണം ലാഭിക്കാൻ കഴിഞ്ഞമാസം മുതൽ വീട്ടുകാർ ഉമിക്കരി ഉപയോഗിച്ചു തുടങ്ങി. ഇപ്പോൾ ബ്രഷുകൾ ഉപയോഗിക്കാതായി, ഇരുന്നു പൊടിയടിക്കുന്നു. 

വിദിഷയിലും പരിസരത്തുമുള്ള ഒരു വിധം എല്ലാ കുടുംബങ്ങളും 'പിശുക്ക്' ഒരു ജീവിതചര്യയാക്കി മാറ്റിക്കഴിഞ്ഞു. കാശ് കയ്യിൽ വരാത്തതുതന്നെ കാര്യം. വാസനസോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവയൊക്കെ ഒരു നഗരത്തിൽ അത്യാവശ്യം എന്ന് കരുതുന്ന സാധനങ്ങളാണ്. അതൊന്നും ഇല്ലാത്ത ജീവിതത്തെപ്പറ്റി നഗരങ്ങളിൽ കഴിയുന്നവർക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. എന്നാൽ ഗ്രാമങ്ങളിൽ അങ്ങനെ പലതും ഇന്ന് 'ലക്ഷ്വറി' കാറ്റഗറിയിലേക്ക് മാറിയിട്ടുണ്ട്. അതൊന്നും ഇല്ലെങ്കിലും ജീവിക്കാനാകും എന്ന് അവർക്ക് മനസ്സിലായി. 

വിദിഷയിൽ തന്നെ ഒരു ചെറിയ പലചരക്കുകടയുണ്ട്. ചുറ്റുപാടുമുള്ള പന്ത്രണ്ടോളം ഗ്രാമങ്ങൾക്ക് ഏക ആശ്രയമാണ് ആ കട. കഴിഞ്ഞ ഒരു വർഷമായി ഗ്രാമീണരുടെ വാങ്ങൽ ശീലങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടായതായി കടയുടമ ജിതേന്ദ്ര പറയുന്നു. "ബിസ്ക്കറ്റ് മുതൽ സോപ്പുവരെ, വില കൂടുതലുള്ള ബ്രാൻഡുകൾ ഒഴിവാക്കി, കുറഞ്ഞവ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട് എന്റെ കസ്റ്റമേഴ്‌സ്. മുമ്പൊക്കെ, പല വീട്ടുകാരും അഞ്ചു ലിറ്റർ എണ്ണയൊക്കെ ഒന്നിച്ചെടുക്കുമായിരുന്നു. ഇപ്പോൾ അവർ ഒരു ലിറ്ററും രണ്ടുലിറ്ററും ഒക്കെ ആക്കി അത്. പലഹാരങ്ങൾ വീടുകളിൽ പണ്ട് ഇടയ്ക്കിടെ ഉണ്ടാക്കിയിരുന്നതും അവർ വെട്ടിച്ചുരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അണ്ടിപ്പരിപ്പ്, മുന്തിരി, നെയ്യ് തുടങ്ങിയ സാമഗ്രികളുടെ വില്പന കാര്യമായി ഇടിഞ്ഞിട്ടുണ്ട്. ആറുമാസം മുമ്പ് ഞാൻ ഒരു മാസം കൊണ്ടുണ്ടാക്കിയിരുന്ന ലാഭത്തിന്റെ പാതിയായിട്ടുണ്ട് ഇക്കഴിഞ്ഞ മാസത്തേത്..."

അതേ സമയം, മുമ്പ് നല്ല ക്വാളിറ്റിയുള്ള സാധനങ്ങൾ മാത്രം വാങ്ങിയിരുന്നവർക്ക്, ഇപ്പോൾ കുറഞ്ഞ സാധനങ്ങൾ ചോദിച്ചു വാങ്ങുന്നത്  വല്ലാത്ത കുറച്ചിലും ആണ്. അവർ അതൊക്കെ പറമ്പിലെ ജോലിക്കാർക്ക് എന്നും പറഞ്ഞാണ് ഇപ്പോൾ വാങ്ങുന്നത്. എന്നാൽ അതിന്റെ ഉപയോക്താക്കൾ അവരവർ തന്നെ ആയിരിക്കും. കഴിഞ്ഞ ആറുമാസത്തിനിടെ,  പത്തു രൂപയ്ക്ക് മുകളിലുള്ള എല്ലാ സാധനങ്ങളുടെയും വിൽപ്പന വല്ലാതെ കുറഞ്ഞു.

FMCG സെക്ടറിലെ ഈ മാന്ദ്യത്തിന്റെ ആദ്യലക്ഷണങ്ങൾ തിരിച്ചറിഞ്ഞത് മൊത്തക്കച്ചവടക്കാരാണ്. ഗ്രാമങ്ങളിലെ ചെറു ഷോപ്പുകളിലേക്ക് സ്റ്റോക്ക് സപ്ലൈ ചെയ്യുന്നത് ഇവരാണ്. കഴിഞ്ഞ കുറേ മാസങ്ങളായി കടക്കാരിൽ നിന്നും വളരെ കുറഞ്ഞതുകയ്ക്കുള്ള സാധനങ്ങൾക്കുള്ള ഓർഡർ മാത്രമേ വരുന്നുള്ളൂ.  ജെയിൻ സാമാന്യം തരക്കേടില്ലാത്ത രീതിയിൽ മൊത്തക്കച്ചവടം നടത്തിപ്പോന്നിരുന്നു. നിത്യം 70,000 രൂപയ്ക്കുള്ള കച്ചവടം നടന്നിരുന്നു. എന്നാൽ, അത് മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ടിപ്പോൾ. മൂന്നു ഫീൽഡ് ഏജന്റുമാരുണ്ട് ജെയിനിന്. അന്നേദിവസം പകൽ മുഴുവൻ പലചരക്കുകടകൾ കേറിയിറങ്ങിയിട്ടും അവർക്ക് കാര്യമായ ഒരു ഓർഡർ പോലും തരപ്പെട്ടില്ല. പലചരക്കു കടക്കാർക്ക് ആർക്കും തന്നെ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യാൻ താത്പര്യമില്ല. എങ്ങനെ പോയാലും 300  പെട്ടിയോളം വാസനസോപ്പ് വിറ്റിരുന്നതാണ്. അത് 30  പെട്ടിയായി ചുരുങ്ങി കഴിഞ്ഞ മാസം.

പാർലെ ജിയുടെ റീജിയണൽ ഹോൾ സെയിലറാണ് രാജൻ ജെയിൻ. അദ്ദേഹം പറയുന്നത് ബിസ്കറ്റുകളിൽ തന്നെ പ്രീമിയം സെഗ്മെന്ററിലുള്ളതിന്റെ വില്പന കാര്യമായി ഇടിഞ്ഞിട്ടുണ്ട്. കുറഞ്ഞ വിലയുടേത് ഇപ്പോഴും വിറ്റുപോവുന്നുണ്ട്. ഏകദേശം 20  ശതമാനത്തോളം ഇടിവ് തന്റെ കച്ചവടത്തിലുണ്ടായതായി അദ്ദേഹം സമ്മതിക്കുന്നു. 

മാന്ദ്യം ബാധിച്ചിരിക്കുന്നത് കച്ചവടക്കാരെ മാത്രമല്ല. പ്രൈവറ്റ് സ്‌കൂൾ നടത്തുന്ന യോഗേന്ദ്ര റാണ, തന്റെ സ്‌കൂളിന് വേണ്ടി നിക്ഷേപിച്ചത് 15  കോടി രൂപയാണ്. എന്നാൽ അദ്ദേഹത്തിന്റെ സ്‌കൂളിൽ പഠിക്കുന്ന 700 വിദ്യാർത്ഥികളിൽ പാതിയും കർഷക കുടുംബത്തിൽ നിന്നുള്ളവരാണ്. അവരിൽ മിക്കവരുടെയും കഴിഞ്ഞ രണ്ടു ടേമിലെയും ഫീസ് കുടിശ്ശികയാണ്. ഫീസ് കൊടുക്കാൻ ശേഷിയില്ലാതെ പലരും സ്‌കൂളിൽ നിന്ന് ടിസി വാങ്ങി ചെലവുകുറഞ്ഞ സ്‌കൂളുകളിലേക്ക് മാറി. 

പല വീടുകളിലും ഭക്ഷണത്തിലെ വിഭവങ്ങൾ വല്ലാതെ ചുരുങ്ങിയിരിക്കുന്നു.  പ്രാതലുകളിൽ വെറും ചപ്പാത്തിയും കട്ടൻ കാപ്പിയും മാത്രമാണ് ഇവിടെയുള്ള പല വീടുകളിലെയും ഭക്ഷണം. പച്ചമുളകും കൂട്ടി റോട്ടി തന്നെ ഉച്ചയ്ക്കും രാത്രിയിലും ഒക്കെ പലപ്പോഴും. പെരും മഴയത്ത് ചോർന്നൊലിക്കുന്ന വീടുകൾ അറ്റകുറ്റപ്പണി തീർക്കാനുള്ള പണം പോലും മിച്ചം പിടിക്കാൻ അവർക്കാവുന്നില്ല.  

തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി കർഷക കുടുംബങ്ങൾക്ക് ആറായിരം രൂപയുടെ വാർഷിക സഹായം പ്രഖ്യാപിച്ചിരുന്നല്ലോ. അത് ഇതുവരെ പൂർണ്ണമായും വിതരണം ചെയ്യപ്പെട്ടിട്ടില്ല. മുമ്പൊക്കെ മധ്യപ്രദേശിലെ കർഷകർ തങ്ങളുടെ പെണ്മക്കളെ വിവാഹം ചെയ്തയക്കുമ്പോൾ കാറും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളുമൊക്കെ കൊടുത്തയക്കുമായിരുന്നു. ഇന്ന് അതൊക്കെ, വിളവ് എത്രകണ്ടു നന്നായാലും ആലോചിക്കാൻ പോലുമാവാത്ത കാര്യങ്ങളാണ്. കർഷകർക്ക് അവരുടെ വിളകൾക്ക് നല്ല വിലകിട്ടാത്തതാണ് പ്രധാന കാരണം. പലരും ലക്ഷങ്ങൾ വിലമതിക്കുന്ന ധാന്യങ്ങൾ ഗോഡൗണുകളിൽ കൂട്ടിയിട്ടിരിക്കുകയാണ്.  എന്നെങ്കിലും ആ ധാന്യങ്ങൾക്ക് അർഹിക്കുന്ന വില കിട്ടും എന്ന ഒരൊറ്റ പ്രതീക്ഷപ്പുറത്ത്. 

ഇന്ത്യയിലെ മധ്യവർഗ്ഗത്തെയും, കൃഷികൊണ്ട് ഉപജീവനം നടത്തുന്ന സാധാരണക്കാരെയും ഒക്കെ ഗ്രസിച്ചിരിക്കുന്നത് ഒരു തരം 'കുചേല' മനോനിലയാണ്. തങ്ങൾ ദരിദ്രരാണ് തങ്ങളുടെ കയ്യിൽ നീക്കിയിരുപ്പൊന്നുമില്ല എന്ന ബോധം അവരെ ആവേശിച്ചിരിക്കുകയാണ്. അത് അവരുടെ ഓരോ പ്രവൃത്തികളെയും സ്വാധീനിക്കുന്നു. അപ്പോൾ അവർക്ക് പത്തുരൂപയുള്ള സാധനം പോലും ഏറെ വിലപിടിപ്പുള്ളതായി, ഒരു ലക്ഷ്വറിയായി അനുഭവപ്പെടുന്നു. ചെലവുകളെ അവർ അത്യാവശ്യം, ആവശ്യം, ആഗ്രഹം, അത്യാഗ്രഹം എന്ന് തരം തിരിച്ച് കണ്ടുതുടങ്ങിയിരിക്കുന്നു. ആദ്യത്തെ രണ്ടു വിഭാഗങ്ങളിൽ ഉള്ള ചെലവുകൾ മാത്രമേ ചെയ്യാൻ മനസ്സുണ്ടാകുന്നുള്ളൂ അവർക്ക്. പണ്ട് ആവശ്യമായിരുന്നവ പലതും ഇന്ന് ആഗ്രഹങ്ങളുടെയും അത്യാഗ്രഹങ്ങളുടെയും പട്ടികയിലേക്ക് നീങ്ങിക്കഴിഞ്ഞു. അത് തന്നെയാണ് വിപണിയിൽ മാന്ദ്യമായി പ്രതിഫലിക്കുന്നതും. ജനമനസ്സിനെ ബാധിച്ചിരിക്കുന്ന ഈ കുചേലയോഗം എന്ന് നീങ്ങുന്നുവോ അന്ന് മാത്രമേ നമ്മുടെ നാടിന്  ഈ സാമ്പത്തിക തകർച്ചയിൽ നിന്ന് ഒരു പുരോഗതിയുണ്ടാകൂ. 

കടപ്പാട് : ലൈവ് മിന്റ്