കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ വാഹനക്കച്ചവടങ്ങൾ ഏറ്റവും കുറച്ചു നടന്ന മാസമായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റ്. അതേപ്പറ്റിയുള്ള ഏറ്റവും പുതിയ കണക്കുകൾ തിങ്കളാഴ്ച പുറത്തുവന്നു. ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമന്റെ വക അതിനുള്ള വിശദീകരണവും പുറത്തുവന്നു, " ജനങ്ങളുടെ മനോഭാവം മാറിയതാണ് കാരണം.." ചെന്നൈയിലെ റിപ്പോർട്ടമാരോട് ധനമന്ത്രി പറഞ്ഞു, " ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് മില്ലേനിയൽസിന് ഇപ്പോൾ ലോണെടുത്ത് കാർ വാങ്ങുന്നതിലൊന്നും താല്പര്യമില്ല. ആ പണം അവർ ഓല,  ഉബർ പോലുള്ള കാർ റെന്റൽ സർവീസുകൾക്കും മെട്രോ ട്രെയിനിനും നൽകുന്നു."

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മർമ്മപ്രധാനമായ ഒരു വ്യവസായമാണ് വാഹനനിർമ്മാണം. രാജ്യത്തെ നിർമ്മാണരംഗത്തുനിന്നുള്ള ജിഡിപിയുടെ അമ്പത് ശതമാനവും വരുന്നത് ഇതിൽ നിന്നാണ്. പതിനഞ്ചു ശതമാനം ജിഎസ്ടി. ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്നതും വാഹനവിപണിയാണ്. 3.7  കോടി പേരാണ് ഇന്ത്യയിൽ ഈ രംഗത്ത് ഉപജീവനം തേടുന്നത്. സിയാമിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 22 വർഷത്തിലേക്കും വെച്ച് ഏറ്റവും വലിയ വില്പനത്തകർച്ചയാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്. ഇതിന് ഏറ്റവും പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് BS 6 പോലുള്ള പാരിസ്ഥിതിക നിയന്ത്രണ മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്ന സർക്കാരിന്റെ നയമാണ്. ഈ മേഖലയിലുണ്ടായ അഭൂതപൂർവമായ മാന്ദ്യത്തിന് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ പല മന്ത്രിമാരും നിരത്തുന്ന അതേ തൊടു ന്യായം, ഇപ്പോൾ ഇന്ത്യയിലേക്കും കടന്നുവന്നിരിക്കുകയാണ് - മില്ലേനിയൽസിനെ പഴിചാരുക.

ആരാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെത്തന്നെ ക്ഷീണത്തിലാക്കിക്കളഞ്ഞ ഈ 'മില്ലേനിയൽസ്'. സത്യത്തിൽ ധനമന്ത്രി ഒരു ട്രെൻഡ് പിന്തുടരുകയാണ് ചെയ്തിരിക്കുന്നത്. നാട്ടിലുള്ള ഒരുവിധം പ്രശ്‌നങ്ങൾക്കെല്ലാം അമേരിക്കൻ രാഷ്ട്രീയക്കാർ സ്ഥിരമായി പഴിചാരുന്ന ബലിമൃഗങ്ങളാണ് ഈ 'മില്ലേനിയൽസ്‌'. അവിടെ സാമ്പത്തികമാന്ദ്യമുണ്ടായാലും, കച്ചവടശൃംഖലകൾ പൊളിഞ്ഞു പാളീസായാലും, ഒക്കെ പഴി കേൾക്കുക മില്ലേനിയൽസിനാണ്. ആരാണീ മില്ലേനിയൽസ് ? സാങ്കേതികമായി പറഞ്ഞാൽ 1981-നും 1996-നും ഇടയിൽ ജനിച്ചവരെയാണ് 'മില്ലേനിയൽസ്' എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ജനറേഷൻ Z നു ശേഷം, ജെനറേഷൻ X നു മുമ്പുള്ള തലമുറയാണ് മില്ലേനിയൽസ് അഥവാ ജനറേഷൻ Y. അമേരിക്കൻ ചരിത്രകാരന്മാരായ വില്യം സ്ട്രോസും നീൽ ഹൊവുമാണ് ഈ 1987 -ൽ ഈ പദം ആദ്യമായി പ്രയോഗിക്കുന്നത്. 'മില്ലേനിയം' എന്ന പദവുമായുള്ള ബന്ധം കടന്നുവരുന്നത് പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യവർഷങ്ങളിൽ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കുന്നവർ എന്ന അർത്ഥത്തിലാണ്.

എന്നാൽ അമേരിക്കൻ ഫെഡറൽ റിസർവ്സ്‌ 2018-ൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് മില്ലേനിയൽസിന്റെ ഉപഭോഗപരമായ തെരഞ്ഞെടുപ്പുകൾ അവരുടെ മുൻതലമുറകളെക്കാൾ ഒട്ടും വ്യത്യസ്തമല്ല എന്നാണ്. തങ്ങളേക്കാൾ കുറഞ്ഞ വേതനത്തിൽ, കുറഞ്ഞ സമ്പാദ്യങ്ങളിൽ, കുറഞ്ഞ സ്വത്തുക്കളാർജ്ജിച്ചുകൊണ്ട് ജീവിച്ചിരുന്ന മുൻതലമുറക്കാരെക്കാൾ ഒട്ടും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളല്ല മില്ലേനിയൽസിന് എന്നാണ്. അവർ കാറുകൾ വാങ്ങാൻ ഇപ്പോൾ ഒട്ടും താത്പര്യമില്ലാത്തത്, അവർക്ക് കാർ ഇഷ്ടമില്ലാത്തതുകൊണ്ടല്ല. കാറുവാങ്ങാനുള്ള പാങ്ങ് അവർക്കില്ലാത്തതുകൊണ്ടാണ്. എല്ലാ മേഖലകളിലെയും വേതനങ്ങൾ മരവിച്ച അവസ്ഥയിലാണ്. ചെലവുകൾ ആകാശവും മുട്ടി പിന്നെയും മേലേക്ക് റോക്കറ്റുപോലെ കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു പൗരന്റെ പ്രാഥമികാവശ്യങ്ങളായ  വീട്, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുള്ള ചെലവുകൾ പലമടങ്ങായി വർധിച്ചിട്ടുണ്ട്.

എന്നാൽ, കേന്ദ്രത്തിലെ  നീതി ആയോഗിന്റെ ചെയർമാൻ അമിതാഭ് കാന്ത് പോലും  ഉബർ ഓല കമ്പനികളെ അങ്ങനെ അടച്ചാക്ഷേപിക്കാൻ തയ്യാറല്ല. ഇരുപതു ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ ഈ രണ്ടു കമ്പനികളും ചേർന്ന് ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ വളരെ രൂക്ഷമാണെന്ന NSSO കണക്കുകൾ വന്ന ഇക്കാലത്ത് ഈ തൊഴിലവസരങ്ങൾ ഏറെ പ്രസക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.

നിർമല സീതാരാമന്റെ കണക്കുകളെ ഊബർ ഓല കാറുകളുടെ പ്രകടനത്തിന്റെ കണക്കുകൾ തന്നെ കാണിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിലും  ജനങ്ങൾ പ്രതിരോധിക്കുന്നുണ്ട്. റെന്റൽ കാറുകളുടെ ദൈനം ദിന റൈഡുകളുടെ എണ്ണത്തിൽ നാമമാത്രമായ വളർച്ചയാണ് കഴിഞ്ഞ ആറുമാസം കൊണ്ട് ഉണ്ടായിട്ടുള്ളത്.  അപ്പോൾ ആളുകൾ ചോദിക്കുന്ന പരിഹാസ ചോദ്യം ഇതാണ്. ഇനി ഊബർ ഓലയെയും തഴഞ്ഞ് ആളുകൾ നടന്നുപോവുകയാണോ  ? അതോ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതുതന്നെ ഇല്ല എന്നാണോ ?

കോൺഗ്രസ് പോലും കിട്ടിയ അവസരം പാഴാക്കാതെ ധനമന്ത്രിയുടെ ഒഴിഞ്ഞ പോസ്റ്റിലേക്ക് ഒരു ഗോളടിച്ചു. ട്രക്കുകളുടെയും ബസുകളുടെയും വില്പന കുറഞ്ഞതിനും മില്ലേനിയൽസ് തന്നെയാണോ ധനമന്ത്രീ കാരണം എന്നാണ് അവർ ചോദിച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ മൗഢ്യത്തെക്കുറിച്ചും ചിലർ സൂചിപ്പിച്ചു. ഇതാണ് കാരണമെന്ന് അറിയാമായിരുന്നിട്ട് ധനമന്ത്രാലയം എന്താണ് ചെയ്തതെന്നും ചിലർ ചോദിച്ചു.

മില്ലേനിയൽസ് ശ്വസിക്കുന്നത് കൂടുതലാണ്, അതുകൊണ്ട് ഇനി ആളുകൾക്ക് താമസിയാതെ ശ്വാസം മുട്ടിത്തുടങ്ങും എന്നുവരെ പരിഹസിച്ചു ചിലർ. എന്തിന്, അവർ ബോയ്‌കോട്ട് മില്ലേനിയൽസ് എന്നൊരു ഹാഷ് ടാഗ് കാമ്പെയ്ൻ വരെ നടത്തി.

കാര്യം മില്ലേനിയൽസ് നിമിത്തമാണോ അല്ലയോ എന്നത് വ്യക്തമല്ല എങ്കിലും ഓട്ടോ സെക്ടറിൽ കടുത്ത മാന്ദ്യമാണ്. ഓഗസ്റ്റിലെ വീഴ്ച 31.57 ആണ്. കഴിഞ്ഞ 22  വർഷത്തേതിൽ വച്ച് ഏറ്റവും മോശം. പ്രൊഡക്ഷൻ കുറയ്ക്കാനും ജോലികൾ വെട്ടിക്കുറയ്ക്കാനും ഷോറൂമുകൾ അടച്ചുപൂട്ടാനും വരെ വാഹനക്കമ്പനികൾ ഇപ്പൾ നിർബന്ധിതരാണ്.

വാഹന മേഖലയിലെ പ്രതിസന്ധിക്ക് ഒരു പ്രധാന കാരണം BS 6 മാനദണ്ഡങ്ങൾ നിർബന്ധമാക്കിയതാണ്. നഗരങ്ങളിൽ കാറുകളുടെ എണ്ണം വര്ധിക്കുന്നതിനനുസരിച്ച് പാർക്കിങ് സൗകര്യങ്ങൾ കൂടിയിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ കാരണം കാറുകളുടെ നിർമ്മാണച്ചെലവിലും കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇന്ധനവില കൂടിയത് 15  ശതമാനത്തോളമാണ്. ഇങ്ങനെ ഒരു കാർ വാങ്ങുന്നതിനെ വിപരീതമായി സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഒന്നിച്ച് വന്നതാണ് വിപണിയിൽ കാർ റെന്റൽ സർവീസുകൾക്ക് പുരോഗതിയുണ്ടാകാൻ കാരണമായത്. മോശം റോഡുകൾ കാരണം കാറുകളുടെ ആയുസ്സു കുറഞ്ഞതും ആളുകളെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. അങ്ങനെ പല കാരണങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിട്ടാണ് ആളുകൾ വാഹനങ്ങൾ സ്വന്തമാക്കുന്നത് കുറച്ച് പകരം താൽക്കാലികമായി ഉബർ ഓല തുടങ്ങിയ സംവിധാനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയത്. പറഞ്ഞുവന്നത്, ഇത് മനുഷ്യർ ചിന്തിക്കുന്നതിൽ വന്ന മാറ്റമാണ്, അതിനു പിന്നിൽ വളരെ വലിയ യാഥാർഥ്യങ്ങളുണ്ട്. പിന്നെ ഇപ്പോൾ പണം കയ്യിലുള്ളവരിൽ ഭൂരിഭാഗവും ഈ മില്ലേനിയൽ തലമുറയിൽ പെട്ടവരായതുകൊണ്ട്, പഴി അവരിലേക്ക് ചെന്ന് എന്നുമാത്രം.

ഉബർ, ഓല തുടങ്ങിയ സംവിധാനങ്ങളും  വാഹനവിപണിയിൽ അവ ചെലുത്തുന്ന സ്വാധീനവും ഇനിയങ്ങോട്ട് തുടരുക തന്നെ ചെയ്യും. അതിനെക്കൂടി പരിഗണിച്ചുകൊണ്ടുള്ള നയങ്ങൾ രൂപീകരിക്കാൻ സർക്കാരും വാഹനക്കമ്പനികളും തയ്യാറാവുക എന്ന ഒരു പരിഹാരം മാത്രമേ ഇപ്പോൾ വാഹന വിപണിയെ ആകെ ഗ്രസിച്ചിരിക്കുന്ന ഈ മാന്ദ്യത്തെ മറികടക്കാൻ മുന്നിലുള്ളൂ. അതവർ എങ്ങനെ സാധിക്കും എന്നത് കാത്തിരുന്നു കാണാം.