ദില്ലി: ഇന്ത്യയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ മാതൃകമ്പനി ആൽഫബെറ്റിന്‍റെ സിഇഒ സുന്ദർ പിച്ചൈ. അഞ്ച് മുതൽ ഏഴ് വർഷം വരെയുള്ള കാലയളവിലായിരിക്കും ഈ നിക്ഷേപം നടത്തുക. ആറാമത് ഗൂഗിൾ ഫോർ വെർച്വൽ മീറ്റിലായിരുന്നു പ്രഖ്യാപനം. ഇക്വിറ്റി ഇൻവെസ്റ്റ്മെന്‍റുകളിലൂടെയും മറ്റ് സ്ഥാപനങ്ങളോട് ചേർന്നുള്ള പദ്ധതികളിലൂടെയുമായിരിക്കും ഈ നിക്ഷേപം. ഇന്ത്യയുടെ ഡിജിറ്റൽ സമ്പത്ത് രംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതായിരിക്കും നിക്ഷേപം,

പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യയെന്ന വീക്ഷണത്തിനുള്ള പിന്തുണയാണിതെന്ന് പിച്ചൈ ട്വീറ്റ് ചെയ്തു. 

പത്ത് ബില്യൺ ഡോളർ നിക്ഷേപമാണ് പിച്ചൈ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭാവിയിലും  രാജ്യത്തിന്‍റെ ഡിജിറ്റൽ ഇക്കോണമിയിലുമുള്ള ഗൂഗിളിന്‍റെ വിശ്വാസത്തിന്‍റെ പ്രതിഫലനമാണ് ഈ നിക്ഷേപമെന്ന് പിച്ചൈ പറഞ്ഞു. ഇന്ന് രാവിലെ പിച്ചൈയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീഡിയോ കോൾ വഴി സംസാരിച്ചിരുന്നു.