Asianet News MalayalamAsianet News Malayalam

അതിജീവനത്തിന്‍റെ ഉയരങ്ങളിലേക്ക്... 'ഉയരെ'- റിവ്യൂ

സാമൂഹിക ജീവിതത്തില്‍ ഇരയ്ക്ക് വേണ്ടിയുള്ള പേരാട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന പാര്‍വ്വതി, സ്ക്രീനിലും ഇരയാക്കപ്പെടുന്ന പല്ലവി രവീന്ദ്രന്‍റെ അതിജീവനത്തെയാണ് ചിത്രീകരിക്കുന്നത്. 

Uyare malayalam movie review
Author
thiruvananthapuram, First Published Apr 26, 2019, 9:21 PM IST

സാമൂഹികമായ പ്രശ്നങ്ങളായിരുന്നു രാജേഷ് പിള്ളയുടെ സിനിമകളുടെ പ്രമേയം. രാജേഷിന്‍റെ അസോസിയറ്റായിരുന്ന മനു അശോക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമേയവും പിന്‍പറ്റുന്നത് സാമൂഹികമായ വിഷയത്തെ തന്നെയാണ്. വര്‍ത്തമാന ഇന്ത്യന്‍ സമൂഹത്തില്‍ അമ്മ, മകള്‍, സഹോദരി, കാമുകി എന്നിങ്ങനെ എല്ലാ നിലയിലും ഇരയാക്കപ്പെടുന്നത് സ്ത്രീകളാണ്. ആസിഡ് ആക്രമണങ്ങളില്‍ ഇന്ത്യയിലും ലോകത്തും ഓരോ വര്‍ഷവും കൂടിയ നിരക്കാണ് രേഖപ്പെടുത്തുന്നതെന്ന് കണക്കുകള്‍ പറയുന്നു. അതില്‍ തന്നെ പ്രണയ നഷ്ടമോ നിരാസമോ ആണ് ഭൂരിഭാഗം കേസുകളിലും പ്രതിയുടെ മോട്ടിവേഷന്‍. 

Uyare malayalam movie review

നിരന്തരം വേട്ടയാടപ്പെടുന്ന സ്ത്രീ പലപ്പോഴും സാമൂഹികമായ ഒറ്റപ്പെടലുകളെ അതിജീവിക്കുന്നതില്‍ പരാജയപ്പെടുന്നു. ഒറ്റപ്പെടുന്ന ഇര സമൂഹത്തില്‍ നിന്നും വീട്ടില്‍ നിന്നുപോലും ഒഴിവാക്കപ്പെടുന്നുവെന്ന സാമൂഹിക സാഹചര്യത്തിലാണ് മനു അശോകിന്‍റെ ' ഉയരെ'യ്ക്കുള്ള സാമൂഹിക പ്രസക്തി.  ഇത്തരം അക്രമണങ്ങളില്‍ തകരുകയല്ല മറിച്ച് സ്വപ്നങ്ങളോടൊപ്പം ഉയരങ്ങളിലേക്ക് പറക്കുകയാണ്, അതിനുള്ള കരുത്ത് നേടുകയാണ് വേണ്ടതെന്ന് സിനിമ ഉറപ്പിക്കുന്നു.

സാമൂഹിക ജീവിതത്തില്‍ ഇരയ്ക്ക് വേണ്ടിയുള്ള പേരാട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന പാര്‍വ്വതി, സ്ക്രീനിലും ഇരയാക്കപ്പെടുന്ന പല്ലവി രവീന്ദ്രന്‍റെ അതിജീവനത്തെയാണ് ചിത്രീകരിക്കുന്നത്. ഏത് സാമൂഹിക സാഹചര്യത്തിലും ഇരയാക്കപ്പെടുന്ന സ്ത്രീയുടെ മാനസീകാവസ്ഥ ഒന്നായിരിക്കുമെന്നിരിക്കെ യാഥാര്‍ത്ഥ്യങ്ങളെ കോര്‍ത്തിണക്കാന്‍ സാദ്ധ്യമായ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും സംവിധായകനും തിരക്കഥാകൃത്തുക്കളും അതിന് ശ്രമിക്കുന്നില്ല. മറിച്ച് ചില നോട്ടങ്ങള്‍ കൊണ്ട് വാചാലതയെ മറികടക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ പഞ്ച് ഡയലോഗുകള്‍ സിനിമയില്‍ തീരെയില്ലെന്നു പറയാം. 

Uyare malayalam movie review

തുടക്കത്തില്‍ തന്നെ സിനിമയുടെ ക്ലൈമാക്സ് എന്തായിരിക്കുമെന്ന സൂചനകളുണ്ടെങ്കിലും ആദ്യപാദത്തിലെ ചെറിയ ഇഴച്ചില്‍ ഒഴിവാക്കിയാല്‍ പ്രക്ഷകനെ സിനിമയുടെ കൂടെ കൊണ്ടുപോകുന്നതില്‍ സംവിധായകന്‍ വിജയിക്കുന്നു. ഫ്ലാഷ് ബാക്ക് സീനുകള്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നതിനാല്‍ പ്രക്ഷേകനെ ബോറടിപ്പിക്കാതെ കൊണ്ടുപോകാന്‍ ടേക്ക് ഓഫിന്‍റെ സംവിധായകന്‍ മഹേഷ് നാരായണന്‍റെ എഡിറ്റിങ്ങിന് കഴിയുന്നുണ്ട്. കേള്‍വിക്ക് അലോസരമാകാത്തെ ഗോപീസുന്ദറിന്‍റെ ബിജിയെം കഥയ്ക്കും സിനിമയ്ക്കുമൊപ്പം സഞ്ചരിക്കുന്നു. 

2019 ആയില്ലേ ഇനിയെങ്കിലും നമ്മുടെ സൌന്ദര്യ സങ്കല്പങ്ങള്‍ മാറേണ്ടതല്ലേയെന്ന് നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടോവിനോയുടെ വിശാല്‍ പറയുന്നിടത്തെ നിറഞ്ഞ കൈയടികള്‍ പ്രക്ഷേകനെ സിനിമയോടടുപ്പിക്കുന്നതിന്‍റെ സൂചനയാണ്. തന്‍റെ ഭാഗം മനോഹരമാക്കിയ ടോവിനോയോടൊപ്പം തന്നെ നെഗറ്റീവ് റോളില്‍ ആസിഫും നന്നായിട്ടുണ്ട്. എങ്കിലും സിനിമ പൂര്‍ണ്ണമായും പാര്‍വ്വതിയെന്ന നായികയിലൂടെയാണ് കടന്നുപോകുന്നത്. സാമൂഹിക ജീവിതത്തില്‍ ഇരയ്ക്കൊപ്പം നിന്നതിന് സിനിമാ മേഖലയില്‍ നിന്ന് പാര്‍ശ്വവത്ക്കരിക്കപ്പെട്ട പാര്‍വ്വതിക്ക് പല്ലവിയിലൂടെ ഗംഭീര തിരിച്ചുവരവാണ് ഉയരെ നല്‍കിയിരിക്കുന്നതെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയാം. 

Uyare malayalam movie review

പ്രണയം, ജീവിതത്തിലേക്ക് കടക്കുന്നതിനിടെയില്‍ ഇരുവര്‍ക്കുമിടയിലുണ്ടാകുന്ന ഈഗോ അതുവരെയുള്ള ബന്ധത്തെപോലും അപ്രസക്തമാക്കി ശത്രുവെന്ന നിലയിലേക്ക് വളരുകയും ഇരയാക്കപ്പെട്ടിട്ടും വീണ്ടും വീണ്ടും അക്രമിക്കപ്പെടുന്നിടത്ത് ആണ്‍ബോധത്തെ തന്നെ സംവിധായകന്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്നു.  കുട്ടിക്കാലത്തെ സ്വപ്നത്തിന്‍റെ യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് കാമുകന്‍ തനിലേല്‍പ്പിക്കുന്ന ആഴത്തിലുള്ള മുറിവില്‍ നിന്ന് സ്വപ്നത്തിന്‍റെ പൂര്‍ത്തികരണത്തിലേക്ക് കടക്കുന്ന ഇരയുടെ കഥയാണ് ഉയരെ എന്ന് പറയാം. പാര്‍വ്വതി, ആസിഫ്, ടോവിനോ എന്നിവര്‍ക്കൊപ്പം സിദ്ധിഖ്, അനാര്‍ക്കലി മരിക്കാര്‍, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ് തുടങ്ങിയവരും തങ്ങളുടെ റോളുകള്‍ നന്നായിതന്നെ ചെയ്തിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios