Asianet News MalayalamAsianet News Malayalam

പ്രോവിഡന്റ് ഫണ്ട് എന്നാൽ എന്ത്? നിക്ഷേപത്തിന്റെ ​ഗുണങ്ങൾ എന്തൊക്കെ; പിഎഫ് നിക്ഷേപ രീതി എങ്ങനെ

ശമ്പളവും ക്ഷാമബത്തയും ഉൾപ്പെടുന്ന അടിസ്ഥാന വേതനത്തിന്റെ 12 ശതമാനം തുകയാണ് ജീവനക്കാർ നിക്ഷേപിക്കേണ്ടത്. ഇതോടൊപ്പം തത്തുല്യമായ തുക തൊഴിലുടമയും നൽകണം.

epf investment detailed article
Author
Thiruvananthapuram, First Published Jul 6, 2021, 9:39 PM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും കല്യാണം തീരുമാനിച്ച വിനുവിന് പലവിധ ചിലവുകളുണ്ടല്ലോ. ജോലി ചെയ്യുന്ന കമ്പനിയിലെ എച്ച്ആർ മാനേജർക്ക് പ്രോവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ അപേക്ഷ നൽകിയത് അത് മുൻകൂട്ടി കണ്ടിട്ടാണ്. ഓഫീസിൽ പ്രോവിഡന്റ് ഫണ്ട് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോ​ഗസ്ഥൻ കൊവിഡ് ക്വാറന്റൈൻ കഴിഞ്ഞ് എത്തിയാലേ അപേക്ഷ പരിഗണിക്കാനാകൂ എന്നാണ് മാനേജർ പറഞ്ഞത്. ഇതെന്താ ഇപിഎഫ്ൻറെ കാര്യങ്ങൾ മറ്റാർക്കും അറിഞ്ഞു കൂടെ എന്ന ചിന്ത ഉണ്ടായത് സ്വാഭാവികം. സംഗതി ശരിയാണ് ഇപിഎഫ് നിബന്ധനകളും നടപടി ക്രമങ്ങളും മിക്കവർക്കും വലിയ പിടിയില്ല.

ഇപിഎഫ് എന്നാൽ

ഇരുപതോ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ ഇപിഎഫ് അഥവാ എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ടിൽ ചേർത്തിരിക്കണമെന്നാണ് ഇന്ത്യയിലെ തൊഴിൽ നിയമം. പ്രൊപ്രൈറ്ററി സ്ഥാപനങ്ങൾ, പാർട്ണർഷിപ്പുകൾ, കമ്പനികൾ എന്നിങ്ങനെ സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഇപിഎഫിൽ അംഗത്വം ലഭിക്കുക. സ്വയം തൊഴിൽ ചെയ്യുന്നവർ, പെൻഷൻ പറ്റിയവർ എന്നിവർ യോഗ്യരല്ല. കേന്ദ്ര സർക്കാർ പിന്തുണ നൽകുന്ന ചെറുകിട നിക്ഷേപങ്ങൾ, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവ പോലെ കേന്ദ്ര സർക്കാരിന്റെ എംപ്ലോയീസ് ഫണ്ട് ഓർഗനൈസഷൻ ആണ് നിക്ഷേപങ്ങൾക്ക് പലിശ തീരുമാനിക്കുന്നത്. നിലവിൽ ഇപിഎഫ് അക്കൗണ്ടിന്റെ നിരക്ക് നിശ്ചയിച്ചിട്ടുള്ളത് 8.5 ശതമാനം പലിശയാണ്. വരും ദിനങ്ങളിൽ ഇത് മാറാം. ചുരുക്കി പറഞ്ഞാൽ സർക്കാർ പിന്തുണയോടെ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ഉറപ്പായ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന ഒരു ദീർഘകാല നിക്ഷേപ പദ്ധതിയും പെൻഷൻ പദ്ധതിയുമാണ് ഇപിഎഫ്.

നിക്ഷേപം നിർബന്ധം

ശമ്പളവും ക്ഷാമബത്തയും ഉൾപ്പെടുന്ന അടിസ്ഥാന വേതനത്തിന്റെ 12 ശതമാനം തുകയാണ് ജീവനക്കാർ നിക്ഷേപിക്കേണ്ടത്. ഇതോടൊപ്പം തത്തുല്യമായ തുക തൊഴിലുടമയും നൽകണം. ഉടമയുടെ വിഹിതത്തിൽ 8.33 ശതമാനം എംപ്ലോയീസ് പെൻഷൻ സ്‌ക്കിമിലേക്കാണ് വരവ് വയ്ക്കുക. ബാക്കി 3.67 ശതമാനവും ജീവനക്കാർ നൽകുന്ന 12 ശതമാനവും കൂടി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കും. എംപ്ലോയീസ് ഡെപ്പോസിറ്റ്‌ ലിങ്ക്ഡ് ഇൻഷുറൻസ് പദ്ധതിയിൽ ശമ്പളത്തിന്റെ 0.5 ശതമാനവും അഡ്മിനിസ്‌ട്രേറ്റീവ് ചിലവുകൾക്കായി ഒരു തുകയും തൊഴിലുടമയിൽ നിന്ന് ലഭിക്കും. ഉദാഹരണത്തിന് 15,000 രൂപ ശമ്പളം പറ്റുന്ന ഒരാൾക്ക് സ്വന്തം വിഹിതം 1800 രൂപയും തൊഴിലുടമ എംപ്ലോയീസ് പെൻഷൻ സ്‌ക്കിമിലേക്ക് അടക്കുന്ന 1,250 രൂപ കിഴിച്ച്‌ മൊത്തത്തിൽ 2350 രൂപയാണ് മാസം തോറും ഇപിഎഫ് അക്കൗണ്ടിൽ വരുന്നത്. ഈ തുകക്ക് മാസം തോറും പലിശ കണക്ക് കൂട്ടുമെങ്കിലും വർഷാവസാനം മാത്രമേ അക്കൗണ്ടിൽ വരവ് വയ്ക്കൂ. തൊഴിലുടമയുടെ വിഹിതം ഉറപ്പിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർക്ക് സ്വന്തം നിലയിൽ 12 ശതമാനത്തിന് മുകളിൽ നിക്ഷേപം കൂട്ടാം. വോളൻറ്റെറി പ്രോവിഡന്റ് ഫണ്ട് എന്നാണ് ഇതിന് പറയുക. 20 ജീവനക്കാരിൽ താഴെയുള്ള സ്ഥാപനങ്ങൾ, ചില പ്രത്യേക ഫാക്ടറികൾ, ജോലി കിട്ടി മൂന്നു വർഷം വരെയുള്ള വനിതകൾ തുടങ്ങിയവർക്ക്‌ നിർബന്ധ നിക്ഷേപത്തിൽ 10 ശതമാനം, 8 ശതമാനം എന്നിങ്ങനെ ഇളവും നൽകുന്നുണ്ട്.

നികുതി നൽകേണ്ടാത്ത ഉയർന്ന വരുമാനം

മറ്റു നിക്ഷേപങ്ങങ്ങളിൽ നിന്ന് വ്യത്യസ്ഥമായി അടയ്ക്കുന്ന വിഹിതം, ലഭിക്കുന്ന പലിശ, പിൻവലിക്കുന്ന തുക ഇവ മൂന്നും ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. വോളൻറ്റെറി പ്രോവിഡന്റ് ഫണ്ട് ഉൾപ്പെടെ 2.5 ലക്ഷത്തിന് മുകളിൽ ഒരു സാമ്പത്തിക വർഷത്തിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് ആദായനികുതി നൽകേണ്ട. 2021 ഏപ്രിൽ മുതൽ ഇതിന് മുകളിലുള്ള നിക്ഷേപങ്ങൾക്കും അതിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്കും നികുതി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മാസം തോറും ഏതാണ്ട് 20,800 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ബാധകമാകില്ല. നിലവിൽ ലഭിക്കുന്ന 8.5 ശതമാനം വാർഷിക പലിശ വിപണിയിലെ ഏറ്റവും ഉയർന്ന വരുമാനവുമാണ്.

അത്യാവശ്യത്തിന് ഉപകരിക്കും

അടിയന്തര ഘട്ടത്തിൽ നിബന്ധനകൾക്ക് വിധേയമായി നിക്ഷേപം പിൻവലിച്ച് ഉപയോഗിക്കാൻ സാധിക്കുമെന്ന മെച്ചവുമുണ്ട്. 58 വയസ്സ് എത്തിയവർക്കാണ് നിക്ഷേപം പൂർണ്ണമായും പിൻവലിക്കാൻ അർഹത.

 പോർട്ടലും ആപ്പും

ഓരോ നിക്ഷേപകനും യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ എന്ന തനത് തിരിച്ചറിയൽ നമ്പർ ലഭിക്കുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ സേവാ പോർട്ടൽ വഴി നെറ്റിലൂടെ നിക്ഷേപ വിവരങ്ങൾ നേരിട്ട് കാണാം. പണം പിൻവലിക്കൽ ഉൾപ്പെടെയുള്ള സേവനങ്ങളും ലഭിക്കും. ഉമാംഗ് മൊബൈൽ ആപ്പ് വഴി മാത്രമല്ല ഹ്രസ്വ സന്ദേശങ്ങളിലൂടെയും നിക്ഷേപകർക്ക് അപ്പപ്പോൾ തങ്ങളുടെ അക്കൗണ്ട് നിരീക്ഷിക്കാം.

 

-സി എസ് രഞ്ജിത്, പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ് ലേഖകൻ-

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios