തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വായ്പ പലിശനിരക്ക് 0.1 ശതമാനം കുറച്ചു. 8.15 ശതമാനത്തിൽ നിന്ന് 8.05 ശതമാനമായാണ് പലിശ കുറച്ചത്. ഇന്ന് മുതൽ പുതിയ പലിശ നിരക്ക് നിലവിൽ വരും. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവ് വരുത്തിയതിനെ തുടർന്നാണ് എസ്ബിഐയുടെ നടപടി. 

പുതിയതായി ഭവന, വാഹന വായ്പകൾ എടുക്കുന്നവർക്ക് പലിശ കുറച്ചതിന്റെ നേട്ടം കിട്ടും. ഈ വർഷം ആറ് തവണയാണ് എസ്ബിഐ പലിശ കുറച്ചത്. അതോടൊപ്പം സേവിംഗ്സ് അക്കൗണ്ടിലെ നിക്ഷേപത്തിന് നൽകിയിരുന്ന പലിശ കുറച്ചു. ഒരു ലക്ഷം രൂപ വരെ അക്കൗണ്ടിൽ ബാലൻസുണ്ടെങ്കിൽ നൽകിയിരുന്ന പലിശ 3.5 ശതമാനത്തിൽ നിന്ന് 3.25 ശതമാനമായി കുറച്ചു.

വിവിധ കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശയും കുറച്ചിട്ടുണ്ട്. ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശ 10 ബേസിസ് പോയിന്റാണ് കുറച്ചത്. ഒക്ടോബർ 10 മുതൽ ഇത് പ്രാബല്യത്തിലാകും. പണലഭ്യത കൂടിയതിനെ തുടർന്നാണ് എസ്ബി അക്കൗണ്ടിലേയും സ്ഥിരനിക്ഷേപങ്ങളുടേയും പലിശ കുറച്ചത്.