മഞ്ചേശ്വരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷവും തുടർന്ന പൊട്ടിത്തെറി മഞ്ചേശ്വരത്തെ പ്രചാരണത്തെ ബാധിക്കാതിരിക്കാനുള്ള മുൻകരുതലിലാണ് മുസ്ലിംലീഗ് നേതൃത്വം. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും നേതാക്കളേയും നേരിട്ട് കണ്ട് പിന്തുണ ഉറപ്പാക്കാനാണ് സ്ഥാനാർത്ഥിയുടെ നീക്കം.

പുറമേ കാര്യമായി പ്രകടമല്ലെങ്കിലും മഞ്ചേശ്വരത്തെ ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും സ്ഥാനാർത്ഥി പ്രഖ്യാപനം ഇപ്പോഴും ദഹിച്ചിട്ടില്ല. സംസ്ഥാന നേതൃത്വവുമായി വിഷയം ചർച്ചചെയ്ത് പ്രാദേശിക വികാരം തുടർന്നെങ്കിലും പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രം തെരഞെടുപ്പ് പ്രവർത്തനങ്ങൾക്കിറങ്ങിയാൽ മതിയെന്നാണ് തീരുമാനം. ഓരോ വോട്ടും നിർണായകമായ തെരഞെടുപ്പിൽ പ്രദേശിക നേതാക്കളെ പൂർണമായും കൂടെ നിർത്താതെ മുന്നോട്ട് പോകാനാവില്ലെന്ന് ലീഗ് നേതൃത്വന് ഉറപ്പുണ്ട്. പ്രശ്നം കൂടുതൽ വഷളാകാതെ നോക്കാനാണ് നിർദേശം.

പി.കെ കുഞാലിക്കുട്ടിക്കാണ് തെരഞെടുപ്പ് മേൽനോട്ട ചുമതല. മഞ്ചേശ്വരത്തെ നേതാക്കളിൽ പലരുമായും നേരിട്ട് ബന്ധമുള്ള കുഞാലിക്കുട്ടിയുടെ സാനിധ്യം പ്രശ്നപരിഹാരത്തിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ. എതിർപ്പുള്ള നേതാക്കളെ പ്രത്യേകം കണ്ട് പിന്തുണ ഉറപ്പിക്കാനാണ് നീക്കം. ഇതിന് ശേഷമെ പ്രചാരണം തുടങ്ങൂ.