റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎംഎം കോണ്‍ഗ്രസ് ആര്‍ജെഡി മഹാസഖ്യം അധികാരമുറപ്പിച്ചു. മഹാസഖ്യം 47 സീറ്റുകളില്‍ മുന്നിലാണ്. ബിജെപിക്ക് 26 സീറ്റുകളില്‍ മാത്രമേ മുന്നേറ്റമുള്ളു. 30 സീറ്റില്‍ ആധിപത്യം ഉറപ്പിച്ച ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജെഎംഎം നേതാവ് ഹേമന്ത് സോറനായിരിക്കും മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 

ഝാര്‍ഖണ്ഡില്‍  ബിജെപിക്ക് കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്.  വ്യക്തമായ ഭൂരിപക്ഷത്തോടെ  ജെഎംഎം കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യം അധികാരത്തിലേയ്ക്ക് എത്തുകയാണ്.  മുഖ്യമന്ത്രി രഘുബര്‍ദാസും മന്ത്രിമാരും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും തോറ്റത് ബിജെപിക്ക് ഇരട്ടിപ്രഹരമായി. 

പൗരത്വമടക്കമുള്ള  വിഷയങ്ങള്‍  പ്രധാന പ്രചാരണ വിഷയമാക്കിയ ഝാര്‍ഖണ്ഡിൽ പരാജയപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ആദിവാസി മേഖലകള്‍ ബിജെപിയെ കൈവിട്ടു. രഘുബര്ദാസ് ഭരണത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും വോട്ടര്‍മാര്‍ ഏറ്റെടുത്തു  . ഒറ്റയ്യക്ക് മല്‍സരിക്കാനുള്ള തീരുമാനവും തിരിച്ചടിയായി . 65 ലധികം സീറ്റ് നേടി ഒറ്റയ്ക്ക് അധികാരത്തിലെത്താമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍.  

മുഖ്യമന്ത്രി രഘുബര്‍ദാസ് മല്‍സരിച്ച ജംഷഡ്പൂര്‍ ഈസ്റ്റില്‍ തോറ്റത് മന്ത്രിസഭാ അംഗമായിരുന്ന സരയൂ റോയിയോടാണ്.  പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും ജനവിധി മാനിക്കുന്നതായും രഘുബര്‍ദാസ് പ്രതികരിച്ചു.

 സംസ്ഥാന വിഷയങ്ങളിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണമെന്ന കോണ്‍ഗ്രസ് ജെഎഎം തന്ത്രംമാണ് ഝാര്‍ഖണ്ഡില്‍ ഫലിച്ചത്. മല്‍സരിച്ച രണ്ടുമണ്ഡലങ്ങളിലും ഹേമന്ത് സോറന്‍ ജയിച്ചു.. അടുത്ത ദിവസം തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനമാകും. ഝാര്‍ഖണ്ഡിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് പ്രതി‍ജ്‍ഞ ചെയ്യാനുള്ള ദിവസമാണ് തനിക്ക് ഇതെന്ന് ഹേമന്ത് സോറന്‍ പ്രതികരിച്ചു.