Asianet News MalayalamAsianet News Malayalam

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്കും കുടുംബത്തിനും നേരെ ആക്രമണം; പ്രതികളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

പന്തീരങ്കാവ് സ്വദേശികളായ ആറംഗ സംഘം പ്രതിമകൾ വാങ്ങാനെത്തി. വിലയെച്ചൊല്ലി തർക്കമായതോടെ പ്രതിമ നൽകാൻ ശിവലാൽ തയ്യാറായില്ല. പ്രകോപിതരായ യുവാക്കൾ ആക്രമണം നടത്തുകയായിരുന്നു

കോഴിക്കോട്: കൊയിലാണ്ടിയിൽ ഇതരസംസ്ഥാനകാരനായ പ്രതിമ നിർമ്മാണ തൊഴിലാളിക്കും കുടുംബത്തിനും നേരെ ആക്രമണം. പ്രതിമ വാങ്ങാനെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. അക്രമികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

രാജസ്ഥാൻ സ്വദേശികളായ ശിവലാൽ, ഭാര്യ ധനി, മക്കളായ ഇന്ദർ, കൈലാസ്, ബന്ധുവായ ബാബുലാൽ എന്നിവർക്കാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ആറംഗ സംഘം പ്രതിമകൾ വാങ്ങാനെത്തി. വിലയെച്ചൊല്ലി തർക്കമായതോടെ പ്രതിമ നൽകാൻ ശിവലാൽ തയ്യാറായില്ല. പ്രകോപിതരായ യുവാക്കൾ ആക്രമണം നടത്തുകയായിരുന്നെന്ന് ശിവലാൽ പറയുന്നു. വിൽപ്പനക്ക് വച്ചിരുന്ന പ്രതിമകളും അടിച്ചു തകർത്തു.

നാട്ടുകാർ എത്തിയാണ് അക്രമികളെ കീഴടക്കിയത്. പന്തീരാങ്കാവ് സ്വദേശികളായ സുധീഷ്, സജിത്ത്, ഷിബിൻ ലാൽ, അർജുൻ, ജിഷ്ണു, പ്രദീപൻ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാട്ടുകാരുടെ കയ്യേറ്റത്തിൽ യുവാക്കൾക്കും പരിക്കുണ്ട്. ശിവലാലും കുടുംബവും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 20 വ‌ർഷത്തിലധികമായി ഇവർ കൊയിലാണ്ടിയിൽ പ്രതിമ വിൽപ്പന നടത്തിവരികയാണ്. ശിവലാലിന്റെയും കുടുംബത്തിന്റെയും മൊഴിരേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.