കാസർഗോഡ്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ  ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി നടത്തിയ പ്രകടനത്തില്‍ മുഖ്യമന്ത്രിയേയും പൊലീസിനെയും അസഭ്യംപറഞ്ഞ പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്. കാസര്‍കോട് ജെ.പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഹർത്താൽ ദിനത്തിൽ ബിജെപി സംഘടിപ്പിച്ച പ്രകടനത്തിനിടെ മുൻനിരയിൽ നിന്ന രാജേശ്വരി മുഖ്യമന്ത്രിയേയും പൊലീസിനേയും തെറിവിളിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ കെ ശ്രീകാന്ത് ഉൾപ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തെറി വിളി.

സംഭവത്തിൽ ഡി വൈ എഫ് ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവദാസ് എസ്പി, ഡി ജി പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് ടൗൺ പൊലീസാണ് രാജേശ്വരിക്കെതിരെ കേസെടുത്തത്. കൂടാതെ പ്രകടനത്തിനിടയുണ്ടായ അക്രമസംഭവത്തിൽ നൂറോളം പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.