പട്ടയത്തിനു വേണ്ടി അപേക്ഷ നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ആയിരക്കണക്കിനു പേര്‍ ഇപ്പോഴും ഇടുക്കിയിലുണ്ട്.  അര്‍ഹരായ മുഴുവന്‍ ഭൂ ഉടമകള്‍ക്കും ഉപാധി രഹിത പട്ടയം എന്നത് ഇടതു മുന്നണിയുടെ പ്രധാന വാഗ്ദാനമായിരുന്നു.  ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഓഗസ്റ്റില്‍ റവന്യൂ മന്ത്രി ഇടുക്കിയിലെത്തിയിരുന്നു. 

നാലു മാസത്തിനു ശേഷം പുരോഗതി വിലയിരുത്താനാണ് മന്ത്രി വീണ്ടുമെത്തിയത്.  ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഇല്ലെന്നാണ് യോഗത്തില്‍ നിന്നും മന്ത്രിക്ക് മനസ്സിലായത്.  കൂടുതല്‍ സമയം വേണമെന്ന് ഉദ്യോഗസ്ഥരും അവശ്യപ്പെട്ടു.  എന്നാല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. 

കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ പട്ടയങ്ങളിലെ ഉപാധികള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഇടയില്ലെന്നാണ് മന്ത്രിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന.

സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന റീ സര്‍വേ നടപടികള്‍ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഉടന്‍ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു