Asianet News MalayalamAsianet News Malayalam

പുതുകേരളത്തിന് നാല് നിര്‍ദ്ദേശങ്ങള്‍

“ പുറത്തുനിന്നുള്ളവരുടെ സഹായത്തിന് അപ്പുറം നമ്മുടെ ശക്തി നാം തിരിച്ചറിയണം. നമ്മുടെ നാടിനൊരു കരുത്തുണ്ട്. നമ്മുടെ കേരളം ലോകമെങ്ങും വ്യാപിച്ച് കിടക്കുകയാണ്. എല്ലാവരും ഒരു മാസത്തെ ശമ്പളം നാടിനായി നൽകിയാലോ. ഒറ്റയടിക്ക് നൽകണ്ട. പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം. ഒരു മാസം 3 ദിവസത്തെ വേതനം.”

New Kerala to build a months salary
Author
Thiruvananthapuram, First Published Aug 26, 2018, 3:10 PM IST

ണ്ണുകെട്ടി പ്രകൃതിയെ കാണാതെ,  വികസനമെന്ന് പറ‍ഞ്ഞ് പോയ കേരളമല്ല, ഇനി വരാനിരിക്കുന്നത് പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന കേരളം. എല്ലായിടത്ത് നിന്നും ഉയരുന്നത് ഈ ആശയമാണ്. പക്ഷെ തകർന്നടിഞ്ഞ് ചെളിക്കൂമ്പാരമായി കിടക്കുന്ന കേരളത്തിന് ഉയിർത്തെഴുന്നേൽക്കാൻ വേണ്ടത് ചെറിയ ശ്രമമല്ല, ചെറിയ പണവുമല്ല. ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ആശയം കേരള ജനതയ്ക്ക് മുന്നിൽ വച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന 8 മണിക്കൂർ നീളുന്ന പ്രത്യേക ചർച്ചയിലാണ് മുഖ്യമന്ത്രി ആശയം അവതരിപ്പിച്ചത്. 

നൂറ്റാണ്ടിന്‍റെ പ്രളയത്തെ നേരിടാൻ കരുത്തോടെ ഒരുമിച്ച് നിന്ന ജനത , ഇക്കാര്യത്തിലും ഒരുമിച്ച് നിൽക്കുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ. സോഷ്യൽ മീഡിയയിൽ അടക്കം മുഖ്യമന്ത്രിയുടെ ആശയം ഇതിനോടകം വൈറലായി കഴിഞ്ഞു. ഒരുപാട് പേർ ശമ്പളം നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. അതേസമയം, ആശയം പ്രായോഗിക തലത്തിൽ വിജയമാകാൻ വ്യക്തമായ കാഴ്ചപ്പാടും വിപുലമായ പദ്ധതിയും വേണമെന്നതാണ് വിദഗ്ധരുടെ അഭിപ്രായം. 

1. ഒരുമ കൈവിടരുത്, രാഷ്ട്രീയ വ്യത്യാസം മറക്കണം

പ്രളയത്തിന്‍റെ സമയത്ത് കേരളം ഒറ്റക്കെട്ടായി നിന്നുവെന്നത് വാസ്തവമാണ്. എല്ലാ നാട്ടുകാരും കൈമൈയ് മറന്ന് ഇറങ്ങി. പരസ്പരം കൈകോർത്തു. ഭരണനേതൃത്വം ഉണർന്നു, പ്രതിപക്ഷം ഉണർന്നു, ഓരോ ജനപ്രതിനിധിയും രാഷ്ട്രീയപ്രവർത്തകരും  ഉദ്യോഗസ്ഥരും  എല്ലാപേരും പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു.  ഒരുപരിധിവരെ അത് തുടരുന്നുണ്ട്. പക്ഷെ ദിവസങ്ങൾ കഴിയുന്തോറും ഇതിൽ മാറ്റമുണ്ടാകും.  ഇതിനോടകം വന്ന പല വിവാദങ്ങൾ സൂചനകൾ നൽകിക്കഴിഞ്ഞു.  കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് ഒരു മാസത്തെ ശമ്പളം നൽകണമെങ്കിൽ നാമൊന്നാണെന്ന തോന്നൽ എല്ലാവരിലും ഉണ്ടാകണം. അതിന് രാഷ്ട്രീയത്തിന് അതീതമായുള്ള അഭ്യർത്ഥന ഉണ്ടാകണം.  എത്രയും പെട്ടെന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ഇക്കാര്യത്തിൽ സംയുക്ത പ്രസ്താവന തന്നെ വേണമെന്ന അഭിപ്രായമാണ് ചർച്ചയിൽ പങ്കെടുത്ത പലരും മുന്നോട്ട് വച്ചത്.

2. പലർക്കും കാറിൽ കറങ്ങാനുള്ള അവസരമാകരുത്: ജി. വിജയരാഘവൻ         

സുതാര്യത ഉറപ്പാക്കുകയാണ് നിർണായകം. നൽകുന്ന പണം അർഹരിലേക്ക് എത്തുന്നുവെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമെ ജനങ്ങൾ സർക്കാരിന് പണം നൽകാൻ തയ്യാറാകൂ. മുൻകാല അനുഭവങ്ങൾ ഇക്കാര്യത്തിൽ അത്ര നല്ലതല്ല. സുനാമി അടക്കമുള്ള ദുരന്തങ്ങൾക്ക് ശേഷമുള്ള കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ട്. ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വത്തിന് മേൽ ജനങ്ങൾക്ക് വിശ്വാസ്യതയും കുറവാണ്.

ഇതിനുള്ള പരിഹാരം ഡോ. ജി. വിജയരാഘവൻ ചർച്ചയിൽ മുന്നോട്ടുവച്ചു. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമല്ല, വിദഗ്ധർക്ക് മുൻകൈയുള്ള സമിതികൾ വേണം ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ.  പത്തംഗ സമിതിയെ ഇതിനായി നിയോഗിച്ചാൽ അതിൽ LDF,UDF,NDA കക്ഷികളിൽ നിന്ന് ഓരോരുത്തരും, രണ്ട് മുൻഉദ്യോഗസ്ഥരും  മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ബാക്കി അഞ്ച് പേരും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ വിദഗ്ധരാകണമെന്നാണ് ജി.വിജയരാഘവന്‍റെ നിർദ്ദേശം. കുറേപ്പേർക്ക് കാറിൽ കറങ്ങാനുള്ള അവസരമായി ഇത് മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3. വിശദമായ വിവരശേഖരണം നടത്തണം:  സി.ജെ. ജോർജ്   

പദ്ധതി വിജയിക്കാൻ അദ്യം വേണ്ടത് വിശദമായ ഒരു ഡാറ്റാ ബാങ്കാണെന്ന അഭിപ്രായം സി.ജെ. ജോർജ് മുന്നോട്ട് വച്ചു. കേന്ദ്രസർക്കാർ, അന്താരാഷ്ട്ര ഏജൻസികൾ, വ്യക്തികൾ... ആരിൽ നിന്നും സഹായം കിട്ടാൻ കൃത്യമായ വിവരങ്ങളാണ് വേണ്ടത്.  ഓരോ വീടിനും ഉണ്ടായ നാശനഷ്ടങ്ങളുടെ വരെ കണക്ക് വെബ്സൈറ്റിൽ ലഭ്യമാക്കാൻ കഴിയണം.  ഈ വിവരങ്ങൾ വച്ചുകൊണ്ട് വേണം സ്പോൺസർമാരെ തേടാൻ. സഹായിക്കാൻ കഴിയുന്നവരെ ഇതിൽ നിന്ന് കണ്ടെത്താൻ പ്രവാസികൾ അടക്കമുള്ളവർക്ക് കഴിയണം. അത് മാത്രം പോര, നൽകുന്ന ഓരോ സഹായത്തിനും ഉണ്ടാകുന്ന നടപടികളും അപ്പപ്പോൾ അവർക്ക് അറിയാൻ കഴിയണം. ഇത്തരത്തിൽ സുതാര്യമായി പോയാൽ മാത്രമേ സഹായം നൽകുന്നവരുടെ വിശ്വാസ്യത നമുക്ക് നേടിയെടുക്കാൻ കഴിയൂ, സിജെ ജോർജ് പറയുന്നു.

4. സമയബന്ധിതമായി നടക്കണം: മുഹമ്മദ് ഹനീഷ് IAS

പദ്ധതികൾ സമയബന്ധിതമായി നടക്കണമെന്നതാണ് മുഹമ്മദ് ഹനീഷ്  ഐഎഎസ് മുന്നോട്ടുവച്ച പ്രധാന നിർദ്ദേശം. സുനാമി പുനരധിവാസം പോലെയാകരുത് ഇതെന്ന് അദ്ദേഹവും ആവർത്തിച്ചു. അടുത്ത ഒന്നരവർഷത്തിൽ നടത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന കൃത്യമായ രേഖ ഉണ്ടാക്കണം. നാല് , അഞ്ച് വർഷത്തിൽ നടപ്പിക്കാലാക്കാനുള്ള ദീർഘകാല പദ്ധതിരേഖകളും തയ്യാറാക്കണം. അഞ്ച് വർഷത്തിനുളളിൽ പുതിയ കേരളത്തിന്‍റെ നിർമ്മാണം സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.  

വിദഗ്ധർ ചൂണ്ടിക്കാട്ടിയ  കാര്യങ്ങൾ കൂടി പരിഗണിച്ച് വിദഗ്ധമായ രൂപരേഖയോടെ നടപ്പിലാക്കാനായാൽ മുഖ്യമന്ത്രിയുടെ ആശയത്തിലൂടെ ചെറുതല്ലാത്ത തുക സമാഹരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയും. ഇപ്പോൾ തന്നെ കേരളത്തിന്‍റെ  പൊതുകടം രണ്ട് ലക്ഷം കോടി രൂപയാണ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇറക്കാൻ പോകുന്ന ബോണ്ടുകൾ, വിദേശ ഏജൻസികളിൽ നിന്ന് സ്വീകരിക്കുന്ന വായ്പകൾ എല്ലാം ദീർഘകാല അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് ബാധ്യതയാണ്. അങ്ങനെ നോക്കുമ്പോൾ  ഈ ആശയത്തിലൂടെ എത്ര കോടി രൂപ സമാഹരിക്കാൻ കഴി‌ഞ്ഞാലും അത് വലിയ നേട്ടം തന്നെയാകും. 
 

Follow Us:
Download App:
  • android
  • ios