സൗദിയില്‍ കഴിയുന്ന ബലൂചിസ്ഥാനികള്‍ക്ക് ജോലി കണ്ടെത്തുക, വിദേശത്ത് നിന്നുള്ള പുതിയ റിക്രൂട്ട്മെന്റിനു പകരം സൗദിയില്‍ ഉള്ളവര്‍ക്ക് തന്നെ ജോലി നല്‍കുക തുടങ്ങിയവയാണ് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ ലക്ഷ്യം. മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശപ്രകാരം ബലൂചിസ്ഥാനികള്‍ക്ക് ജോലി നല്‍കിയാല്‍ നിതാഖാതില്‍ പ്രത്യേക ഇളവ് അനുവദിക്കും. നാല് ബലൂചിസ്ഥാനികളെ ജോലിക്ക് വെച്ചാല്‍ നിതാഖാതില്‍ ഒരു വിദേശ തൊഴിലാളിയായി മാത്രമേ കണക്കാക്കുകയുള്ളൂ. ഇതുപ്രകാരം ഒരു വിദേശ തൊഴിലാളിയെ ജോലിക്ക് വെക്കുന്ന സ്ഥാനത്ത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാല് ബലൂചിസ്ഥാനികളെ ജോലിക്ക് വെക്കാം.

നിയമലംഘനങ്ങളുടെ പേരില്‍ സൗദിയില്‍ നിന്ന് നാടുകടത്തപ്പെടുന്ന വിദേശികളില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരാണ് ബാലൂചിസ്ഥാനികള്‍. നാടു കടത്തല്‍ ശിക്ഷയില്‍  ഇളവുള്ള ഫലസ്തീനികള്‍,ബര്‍മക്കാര്‍, തുര്‍ക്ക്മെനിസ്ഥാനികള്‍ എന്നിവര്‍ക്കും നിതാഖാതില്‍ നേരത്തെ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ഗണത്തില്‍ പെടുന്ന തൊഴിലാളികളുടെ എണ്ണം ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആകെ തൊഴിലാളികളുടെ എണ്ണത്തിന്റെ പകുതിയില്‍ കൂടാന്‍ പാടില്ല.

പകുതിയില്‍ കൂടുതലുള്ള ഓരോ തൊഴിലാളിയെയും മറ്റു വിദേശ തൊഴിലാളികളെ പോലെ കണക്കാക്കും. അര നൂറ്റാണ്ടോളമായി സൗദിയില്‍ താമസിക്കുന്നവരാണ് പല ബലൂചിസ്ഥാന്‍ സ്വദേശികളും. ഇവരില്‍ സൗദി പൌരത്വം നേടിയവരും, ബലൂചിസ്ഥാന്‍ പൌരന്മാര്‍ എന്ന നിലയില്‍ ഇഖാമ ലഭിച്ചവരും, പാകിസ്താന്‍ പൌരത്വം ഉള്ളവരും ഉണ്ട്. സൗദിയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ബലൂചിസ്ഥാന്‍കാര്‍ താമസിക്കുന്നുണ്ട്.