ബംഗലൂരു: ശ്രീനിവാസ ഗൗഡ എന്ന പേര് ഇപ്പോള്‍ ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ട്രെന്‍റിംഗുകളില്‍ നിറയുകയാണ്. ദക്ഷിണ കന്നഡ ജില്ലയില്‍ 'കമ്പള' എന്ന പോത്തോട്ട മത്സരത്തിലെ സൂപ്പര്‍ താരമാണ് വര്‍ഷങ്ങളായി ശ്രീനിവാസ ഗൗഡ. ഇപ്പോള്‍ 28 വയസുള്ള ഗൗഡ തന്‍റെ 21മത്തെ വയസിലാണ് കമ്പളയിലേക്ക് എത്തുന്നത്. മുഡബിദ്രിയിലെ 'കമ്പള അക്കാദമിയിലെ' ആദ്യത്തെ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ഇദ്ദേഹം.തെക്കന്‍ കര്‍ണാടകയിലെ മൂഡബിദ്രി സ്വദേശിയാണ് ശ്രീനിവാസ്. ഉഴുതുമറിച്ച ചെളിക്കണ്ടത്തിലൂടെ പായുന്ന പോത്തുകളെ തളിക്കുന്ന ശ്രീനിവാസ ഗൗഡ ഉസൈന്‍ ബോള്‍ട്ടിന്‍റെ ലോക റെക്കോഡ് മറികടന്നു എന്ന റിപ്പോര്‍ട്ടിന് മുന്‍പ് തന്നെ പ്രദേശികമായി ഒരു സൂപ്പര്‍ഹീറോ തന്നെയായിരുന്നു.

2017-18 സീസണില്‍ ശ്രീനിവാസ ഗൗഡ  'കമ്പള' മത്സരങ്ങളില്‍ നിന്നും 28 മെഡലുകള്‍ നേടിയിരുന്നു. വ്യക്തിഗത ചാമ്പ്യനും ഇദ്ദേഹമായിരുന്നു. ഈ സീസണില്‍ ഇതുവരെ 29 മെഡലുകള്‍  ശ്രീനിവാസ നേടി കഴിഞ്ഞു. ഒരു സീസണില്‍ പോത്തോട്ടത്തില്‍ നിന്നും ശ്രീനിവാസ ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷം രൂപവരെ ഉണ്ടാക്കുന്നു എന്നാണ് കണക്ക്.

എന്നാല്‍ ഉസൈന്‍ ബോള്‍ട്ടുമായി തന്നെ താരതമ്യം ചെയ്യുന്നത് ശ്രീനിവാസ അംഗീകരിക്കുന്നില്ല. കഴിഞ്ഞ ദിവസം വാര്‍ത്ത ഏജന്‍സി എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസ ഇത് വ്യക്തമാക്കുന്നു. എന്നെ ഉസൈന്‍ ബോള്‍ട്ടുമായി താരതമ്യം ചെയ്യുന്നുണ്ട്, അദ്ദേഹം ലോക ചാമ്പ്യനാണ്, ഞാന്‍ ചെളിയുള്ള പാടത്ത് ഓടുന്നയാളും. ചിലപ്പോള്‍ ബോള്‍ട്ട് ഓടുന്ന സ്ഥലത്ത് എനിക്കും, ഞാന്‍ ഓടുന്ന സ്ഥലത്ത് ബോള്‍ട്ടിനും പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചെന്ന് വരില്ലെന്നും ശ്രീനിവാസ പറയുന്നു.

റെക്കോര്‍ഡ് വേഗത്തില്‍ കമ്പള ഓട്ടമല്‍സരം പൂര്‍ത്തിയാക്കിയ ശ്രീനിവാസ് ഗൗഡയ്ക്ക് സായി സെലക്ഷനുള്ള അവസരമൊരുങ്ങുകയാണ്. കമ്പള ഓട്ട മല്‍സരത്തില്‍ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി ശ്രീനിവാസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരഞ്ഞെടുക്കപ്പെട്ടത്. 28കാരനായ ശ്രീനിവാസ് 142 മീറ്റര്‍ കമ്പള ഓട്ടം 13.42 സെക്കന്‍റുകള്‍ക്കുള്ളിലാണ് പൂര്‍ത്തിയാക്കിയത്. കര്‍ണാടകയുടെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടുള്ള മല്‍സരമാണ് കമ്പള. 

ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകള്‍ക്കൊപ്പമാണ് മത്സരാര്‍ത്ഥി ഓടുന്നതാണ് കമ്പള ഓട്ടം. നിര്‍മാണത്തൊഴിലാളിയായ ശ്രീനിവാസിന്‍റെ മിന്നുന്ന പ്രകടനം ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തിലാണെന്നായിരുന്നു ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. 140 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയ വേഗം കണക്കുകൂട്ടിയാല്‍ നീറുമീറ്റര്‍ ദൂരം 9.55 സെക്കന്‍റില്‍ ശ്രീനിവാസ് പൂര്‍ത്തിയാക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കളുടെ കണക്ക്. ഇത് ലോകചാമ്പ്യനായ ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡിനേക്കാള്‍  0.03 സെക്കന്‍റ് മുന്നിലാണ്.